ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്സി മരിച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇറാൻ പ്രസിഡന്റായി പരിഷ്കരണവാദിയായ മസൂദ് പെസെഷ്‍കിയാന്‍ വിജയിച്ചിരിക്കുന്നു. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിന്തള്ളിയാണ് ഇബ്രാഹിം റെയ്സിയുടെ പിൻഗാമിയായി പെസെഷ്‍കിയാൻ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. മൂന്ന് കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതിൽ പെസെഷ്‍കിയാന് 53.3 ശതമാനം വോട്ടാണ് ലഭിച്ചത്. അസേരി, പാഴ്സി, കുർദിഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന പെസെഷ്‍കിയാൻ വളരെ വർഷങ്ങൾക്കുശേഷം പടിഞ്ഞാറൻ ഇറാനിൽ നിന്നെത്തുന്ന പ്രസിഡന്റാണ്.
ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ വർഷങ്ങൾ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പെസെഷ്‍കിയാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇറാന്റെ വിദേശനയത്തിൽ പ്രായോഗിക സമീപനം സ്വീകരിക്കുമെന്നും നിർബന്ധിത ശിരോവസ്ത്ര നിയമത്തിന്റെ കാർക്കശ്യത്തിൽ ഇളവ് വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖൊമേനിയുടെ അടുത്ത അനുയായി ആയിരുന്ന ഇബ്രാഹിം റെയ്സിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിയാനത്തെയാണ് പെസെഷ്‍കിയാന്റെ വിജയം പ്രതിനിധീകരിക്കുന്നത്. ഇബ്രാഹിം റെയ്സി സ്ത്രീകളുടെ വസ്ത്രധാരണത്തിന് കർശന വ്യവസ്ഥകൾ നടപ്പിലാക്കുകയും മുടങ്ങിക്കിടക്കുന്ന ആണവകരാർ ചർച്ചകളിൽ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
വടക്കുപടിഞ്ഞാറൻ ഇറാനിലെ മഹബാദിൽ 1954 സെപ്റ്റംബർ 29നാണ് അസേരി-കുരദിഷ് ദമ്പതികളുടെ മകനായി പരിഷ്കരണവാദിയും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായ പെസെഷ്‍കിയാന്റെ ജനനം. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കൂടിയാണ് അദ്ദേഹം. ഇറാൻ‑ഇറാഖ് യുദ്ധകാലയളവിൽ അദ്ദേഹം യുദ്ധമുന്നണിയിലേക്ക് ആരോഗ്യ സംഘങ്ങളെ അയക്കുകയുണ്ടായി. 2013ലും 2021ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നുവെങ്കിലും ജയിച്ചില്ല. 1994ൽ വ്യക്തിപരമായ ഒരു ദുരന്തത്തെ അദ്ദേഹം അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ഒരു കാറപകടത്തിൽ മൂന്ന് മക്കളെ അദ്ദേഹത്തിനൊപ്പം തനിച്ചാക്കി ഭാര്യയും മകളും മരിച്ചതായിരുന്നു ദുരന്തം.
പ്രസിഡന്റ് റെയ്സിയുടെ അപകട മരണത്തിന് ശേഷം മുൻ പ്രസിഡന്റ് മുഹമ്മദ് ഖതാമിയുടെ നേതൃത്വത്തിലുള്ള പരിഷ്കരണവാദി സംഘം രാഷ്ട്രീയമായ ഒറ്റപ്പെടലിൽ നിന്ന് പുറത്തുകടക്കുകയും പെസെഷ്‍കിയാനെ പിന്തുണയ്ക്കുന്നതിന് സന്നദ്ധമാകുകയും ചെയ്തു. കൂടുതൽ സഹിഷ്ണുതയുള്ള, പ്രത്യേകിച്ച് വിഭിന്ന മതവിഭാഗങ്ങളെയും വംശീയ പാശ്ചാത്തലവുമുള്ള വിഭാഗങ്ങളെ പരിഗണിക്കുന്ന സർക്കാരിനെ പ്രതീക്ഷിച്ച എല്ലാവരും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയുണ്ടായി. പ്രാർത്ഥിക്കാത്ത ആളുകള്‍ പോലും തന്നെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു പ്രസിഡൻഷ്യൽ സംവാദത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നത്. എന്നിരുന്നാലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ നിലപാട് അദ്ദേഹത്തിന് ചില എതിരാളികളിൽ നിന്നുള്ള വിദ്വേഷ ആക്രമണത്തിന് കാരണമായി. മറ്റ് രാജ്യങ്ങൾ, അല്ലെങ്കിൽ സംസ്കാരങ്ങളോട് അനിഷ്ടമോ മുൻവിധിയോ പ്രകടിപ്പിക്കുന്ന വിദ്വേഷമാണ് അവരുടേത്. വിദേശികൾ അല്ലെങ്കിൽ ഇതര വിഭാഗങ്ങളോട് ശത്രുതാപരമായ മനോഭാവങ്ങളെയാണ് ഈ വിദ്വേഷം പ്രതിഫലിപ്പിക്കുന്നത്.
മസൂദ് പെസെഷ്‌കിയാൻ ഇറാന്റെ ഒമ്പതാമത് പ്രസിഡന്റായി ഓഗസ്റ്റ് ആദ്യം പാർലമെന്റ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വാർത്തകള്‍ വന്നിട്ടുള്ളത്. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓഗസ്റ്റ് നാലിനോ അഞ്ചിനോ നടക്കുമെന്നും മന്ത്രിമാരെ പാർലമെന്റ് അംഗീകാരത്തിനായി സമർപ്പിക്കാൻ 15 ദിവസത്തെ സമയമുണ്ടെന്നും പാർലമെന്ററി അധ്യക്ഷ ബോർഡ് അംഗം മൊജ്തബ യോസെഫി പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ (ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാനിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നയാൾ ചുമതല ഏൽക്കുന്നതിന് മുമ്പായി പാർലമെന്റ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് തെരഞ്ഞെടുക്കപ്പെട്ടയാളെ അംഗീകരിച്ചതിന് ശേഷമാകും സത്യപ്രതിജ്ഞ. പ്രസിഡന്റെന്ന നിലയിൽ സർക്കാരിലെ രണ്ടാമത്തെ ഉന്നത സ്ഥാനത്തിനും ആഭ്യന്തര വിദേശ നയങ്ങളിൽ അഭിപ്രായത്തിനും അവസരമുണ്ടാകും. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനുള്ള അധികാരവും അദ്ദേഹത്തിനായിരിക്കും. എങ്കിലും പൊലീസിൽ അദ്ദേഹത്തിന് നിയന്ത്രിത അധികാരങ്ങളേയുള്ളൂ. കൂടാതെ സൈന്യത്തിലും പ്രത്യയശാസ്ത്ര വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി (ഐആർജിസി)ലും തീരെ അധികാരമില്ല. ഇവ നേരിട്ട് സുപ്രീം കോടതിയോടാണ് ബാധ്യതപ്പെട്ടിരിക്കുന്നത്. പരമോന്നത നേതാവ് നിശ്ചയിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തവും പെസെഷ്‌കിയാനായിരിക്കും.
പെസെഷ്‌കിയാന്റെ വിജയത്തോട് ഇറാനികൾ സമ്മിശ്ര പ്രതികരണമാണ് നടത്തിയിരിക്കുന്നത്. തങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പര്യാപ്തനായ വിദ്യാസമ്പന്നനായ ഒരു പ്രസിഡന്റിനെയായിരുന്നു ആവശ്യമെന്ന് ടെഹ്റാനിൽനിന്നുള്ള 40കാരനായ അബോൽഫസൽ എന്ന ആർക്കിടെക്ട് പറഞ്ഞു. പുതിയ പ്രസിഡന്റ് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ മസിയാർ ഖോസ്രാവി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ സർക്കാരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ ഇടപഴകൽ രീതിയാണ് ആളുകൾ അദ്ദേഹത്തിന് വോട്ടുചെയ്യാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
യാഥാസ്ഥിതികർ തന്നെയാണ് പല സർക്കാർ സ്ഥാപനങ്ങളെയും നയിക്കുന്നത് എന്നതിനാൽ പെസെഷ്‍കിയാന് നിർണായകമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റാണ് ഒരു പ്രധാന സ്ഥാപനം. അവിടെ യാഥാസ്ഥിതികരും തീവ്ര യാഥാസ്ഥിതികരുമാണ് ആധിപത്യം പുലർത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ പങ്കെടുത്ത പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് രണ്ടാംഘട്ടത്തിൽ ജലീലിയെ പിന്തുണച്ചിരുന്നു. തീവ്ര യാഥാസ്ഥിതികരായ രണ്ടുപേർ ആദ്യഘട്ടത്തിൽതന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങി ജലീലിയെ പിന്തുണച്ചിരുന്നു.
ഹിജാബ്, മറ്റ് ആശയപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുകയെന്നത് പ്രസിഡന്റിന്റെ നിയന്ത്രണത്തിന് പുറത്താണെന്നും അത് മതപരമായ വിഷയമാണെന്നുമുള്ള ശക്തമായ അഭിപ്രായവും പെസെഷ്‍കിയാൻ നേരിടുന്നുണ്ട്. ആഭ്യന്തരവും സാർവദേശീയവുമായ സാമൂഹ്യ സാംസ്കാരിക അവകാശങ്ങൾ നേടിയെടുക്കുന്നതിൽ പെസെഷ്‍കിയാന് മുന്നിൽ വെല്ലുവിളികൾ ഏറെയാണെന്ന് അന്താരാഷ്ട്ര പ്രശ്നപരിഹാര സമിതിയിലെ അലി വാസ് മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്. വ്യവസ്ഥയോട് പൊരുത്തപ്പെടുന്നെങ്കിൽ മാത്രമേ പെസെഷ്‌കിയാന് ആണവ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുകയുമുള്ളൂ. 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ യുഎസും യൂറോപ്പും വർഷങ്ങളായി സ്തംഭിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇറാന്റെ വിദേശ നയത്തിൽ അടിസ്ഥാനപരമായി മാറ്റം ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു.
ഇസ്രയേലും ടെഹ്റാന്റെ സഖ്യകക്ഷിയായ ഹമാസും തമ്മിൽ ഗാസയെ സംബന്ധിച്ചുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഇറാൻ പിന്തുണയുള്ള മറ്റ് പങ്കാളികൾ സിറിയ, ലെബനൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളും അതിന്റെ ഭാഗമാണ്. ഇതെല്ലാംകൊണ്ട് ഇറാന്റെ മിസൈൽ ശേഷി കുറയ്ക്കുകയോ ചെറുത്തുനില്പിനെ പിന്തുണയ്ക്കുന്നത് നിർത്തുകയോ ചെയ്യില്ലെന്നും വിലയിരുത്തപ്പെടുന്നു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.