23 January 2026, Friday

ലളിത് മോഡി ഒരുക്കിയ ജന്മദിനാഘോഷത്തില്‍ വിജയ് മല്ല്യയും പങ്കെടുത്തതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2025 1:16 pm

അറുപത്തിമൂന്നാം ജന്മദിനം ലണ്ടനില്‍ ആഘോഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ഒരുക്കിയ വിരുന്നില്‍ പിടികിട്ടാപ്പുള്ളിയും വ്യവസായിയുമായ വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മെയ് ഫെയറിലെ മാഡോക്സ് ക്ലബ്ബിലായിരുന്നു ആഘോഷം.കെയ്ക്ക് മുറിക്കുന്നതിന്റേയും അതിഥികളോടൊപ്പം നൃത്തം ചെയ്യുന്നതിന്റേയും വീഡിയോകള്‍ ലളിത് മോഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഈ നൈറ്റ് ക്ലബ്ബില്‍ ഒരു ടേബിളിലെ ഭക്ഷണത്തിന് ഏകദേശം 1.18 ലക്ഷം രൂപ ചെലവ് വരും. ഹാപ്പി ബര്‍ത്‌ഡേ, ലളിത്. കിംഗ് ഓഫ് സ്‌മൈല്‍സ് എന്ന വരി ആവര്‍ത്തിക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ഒരു ജന്മദിന ഗാനം വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.

സുഹൃത്തുക്കള്‍ക്കും ഡിസ്‌കോ ലൈറ്റുകള്‍ക്കും ആഘോഷ അലങ്കാരങ്ങള്‍ക്കുമിടയില്‍ മോഡി പാര്‍ട്ടി ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനൊപ്പം ജിവിത പങ്കാളി റിമോ ബൗറിക്ക് നന്ദി പറഞ്ഞ് ഒരു കുറിപ്പും ലളിത് മോഡി പങ്കുവെച്ചിട്ടുണ്ട്. എന്റെ ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം മനോഹരമായ ഒരു വീക്കെന്‍ഡ് പാര്‍ട്ടി. എന്റെ പ്രിയപ്പെട്ടവളേ, നീ എനിക്കായി മനോഹരമായൊരു പാര്‍ട്ടിയാണ് സംഘടിപ്പിച്ചത്-ലളിത് മോഡി കുറിച്ചു. ഇതിന് മുമ്പ് ജൂലായില്‍ ലണ്ടനിലെ ഒരു ആഡംബര സ്വകാര്യ ചടങ്ങില്‍ മോഡിയും മല്യയും ഫ്രാങ്ക് സിനത്രയുടെ മൈ വേ എന്ന ഗാനം ആലപിക്കുന്ന വീഡിയോ ചര്‍ച്ചയായിരുന്നു.

മോഡി തന്റെ വാര്‍ഷിക സമ്മര്‍ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച ഈ കരോക്കെ രാത്രി അദ്ദേഹത്തിന്റെ ലണ്ടനിലെ വസതിയിലാണ് സംഘടിപ്പിച്ചത്. വിദേശത്ത് നിന്ന് എത്തിയവര്‍ ഉള്‍പ്പെടെ 310‑ല്‍ അധികം അതിഥികള്‍ ഇതില്‍ പങ്കെടുത്തു. ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ പങ്കെടുത്തവരില്‍ ഉണ്ടായിരുന്നു. മനോഹരമായ സായാഹ്നത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം മോഡിക്കും മല്യക്കും ഒപ്പമുള്ള ഒരു ഫോട്ടോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.