22 November 2024, Friday
KSFE Galaxy Chits Banner 2

വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവ്

Janayugom Webdesk
October 20, 2022 5:00 am

ഐതിഹാസിക സമരങ്ങളുടെ പാരമ്പര്യവും വിപുലമായ ജനകീയ അടിത്തറയുടെ പിൻബലവും ഉള്ള ആന്ധ്രപ്രദേശിലെ വിജയവാഡയിൽ സിപിഐ 24ാം പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രവർത്തനമാരംഭിച്ച കാലഘട്ടം മുതൽ ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്നവരെല്ലാം ഉറ്റുനോക്കുന്നതായിരുന്നു സിപിഐയുടെ പാർട്ടി കോൺഗ്രസുകൾ. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ ഭാവി ഭാഗധേയം എങ്ങനെയായിരിക്കണമെന്ന് ദിശാമുഖം നൽകിയ പാർട്ടി കോൺഗ്രസുകൾ ആയിരുന്നു ആദ്യകാലത്തേത്. അക്കാലത്ത് പൂർണസ്വരാജ് എന്ന മുദ്രാവാക്യം ആദ്യമായി ഉന്നയിച്ചുകൊണ്ട് ഭാരത സ്വാതന്ത്ര്യ സമര പോരാട്ടത്തെ പ്രോജ്ജ്വലിപ്പിക്കുന്നതിന് സിപിഐയുടെ തീരുമാനങ്ങൾക്ക് സാധ്യമായി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും അതാതു സന്ദർഭങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തിയും ആഗോള സംഭവവികാസങ്ങൾ പരിഗണിച്ചും വരുംകാല രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിൽ സിപിഐ എക്കാലവും വേറിട്ടുനിന്നു. അതുകൊണ്ട് തന്നെ ഓരോ സിപിഐ പാർട്ടി കോൺഗ്രസുകളും ചരിത്രത്തിന്റെ ഭാഗമായി.

 


ഇതുകൂടി വായിക്കു; ഇടതുപക്ഷത്തിന് നിര്‍വഹിക്കുവാനുള്ളത് ചരിത്ര ദൗത്യം


 

2014ൽ ബിജെപി അധികാരത്തിൽ എത്തിയതിനു ശേഷം അടുത്തവർഷം, 2015ൽ പുതുച്ചേരിയിൽ ചേർന്ന സിപിഐയുടെ 22ാം പാർട്ടി കോൺഗ്രസിലാണ് ആ സർക്കാരിനെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തിയുള്ള നിലപാട് പ്രഖ്യാപിച്ചത്. രാജ്യത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയതോടെ സാധാരണമായൊരു ഭരണമാറ്റമല്ല സംഭവിച്ചിരിക്കുന്നതെന്ന് വിലയിരുത്തിയ പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ്, രാജ്യം ഫാസിസ്റ്റ് ഭരണത്തിന്റെ ഭീഷണിയിലാണെന്ന മുന്നറിയിപ്പും മോഡി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന ആഹ്വാനവും നല്‍കിയിരുന്നു. എന്നുമാത്രമല്ല ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെതിരെ വിശാലമായ ഇടതു-മതേതര-ജനാധിപത്യ ശക്തികളുടെ ഐക്യം വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 2018ല്‍ കൊല്ലത്ത് നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസും അതേ നിലപാടാണ് പ്രഖ്യാപിച്ചത്. ഇരു പാര്‍ട്ടികോണ്‍ഗ്രസുകളിലെയും വിലയിരുത്തലുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് മോഡി സര്‍ക്കാരിന്റെ പിന്നീടുള്ള കാലത്തെ ഓരോ നടപടികളും തെളിയിച്ചുകൊണ്ടിരുന്നു. അതിനെതിരെ പ്രാദേശികവും രാജ്യവ്യാപകവുമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലുള്ള മതേതര-ജനാധിപത്യ‑ഇടതു പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെട്ടില്ല.

അതുകൊണ്ടുതന്നെ മോഡി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തുന്നതിന് അവസരമുണ്ടായി. 2014ല്‍ നിന്ന് 2019ലെത്തുമ്പോള്‍ ബിജെപിക്ക് വോട്ട് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും വര്‍ധനയാണുണ്ടായത്. എന്നാല്‍ രാജ്യത്തെ വോട്ടര്‍മാരിലെ ഭൂരിപക്ഷവും ബിജെപിക്കല്ല വോട്ടുചെയ്തത്. 37.36 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്. വോട്ട് ചെയ്തവരിലെ 62 ശതമാനത്തിലധികം അവര്‍ക്കെതിരായിരുന്നുവെന്നര്‍ത്ഥം. മതേതര-ജനാധിപത്യ‑ഇടതു പ്രസ്ഥാനങ്ങളുടെ കൂട്ടായ്മക്ക് മോഡി സര്‍ക്കാരിനെ പുറത്താക്കുവാന്‍ കഴിയുമെന്ന സിപിഐ നിലപാട് ശരിവയ്ക്കപ്പെടുകയായിരുന്നു ഇതിലൂടെ. ഈ പശ്ചാത്തലത്തിലാണ് സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടന്നത്. കോവിഡ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലധികം വൈകിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നതെങ്കിലും രാജ്യത്തെ സങ്കീര്‍ണവും വ്യത്യസ്തവുമായ രാഷ്ട്രീയ സാഹചര്യങ്ങളെ ഇഴകീറി പരിശോധിച്ചുകൊണ്ട് രാജ്യത്തിന്റെ നിലനില്പിനും ഭാവിക്കും വേണ്ടി കേന്ദ്രഭരണത്തില്‍ നിന്ന് ബിജെപിയെ തൂത്തെറിയണമെന്ന ആഹ്വാനവുമായാണ് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ കൊടിയിറങ്ങിയത്. ബിജെപിയെ പുറത്താക്കുന്നതിനായി ജനാധിപത്യ‑മതേതര-ഇടതു ശക്തികളുടെ വിശാലമായ ഐക്യവേദി വളര്‍ത്തിക്കൊണ്ടുവരണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

 


ഇതുകൂടി വായിക്കു;  വിവിധ ഭാഷകള്‍, ഇരുപതിലധികം പ്രസിദ്ധീകരണങ്ങള്‍; 30 പ്രതിനിധികള്‍


 

ഈ ലക്ഷ്യം നേടുന്നതിന് ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. എല്ലാത്തിനുമപ്പുറം സിപിഐയുടെ അടിത്തറ വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന സ്വയംവിമര്‍ശനപരമായ വിലയിരുത്തലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായി. ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും അതിലൂടെ പാര്‍ട്ടിയുടെ സ്വാധീനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും വേണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. രാജ്യത്തെ തകര്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കും മതേതര-ജനാധിപത്യ‑ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ക്കുമെതിരെ വിപുലമായ ബഹുജന സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങളും ജനകീയ പ്രശ്നങ്ങളിലെ ഇടപെടലുകളുമായി നിറഞ്ഞ സാന്നിധ്യമുള്ള പാര്‍ട്ടിയാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ബോധ്യപ്പെടുത്തുന്നു. ഗോദി മീഡിയയുടെ വ്യാജ പ്രചാരണ കോലാഹലങ്ങള്‍ക്കിടയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലായിടത്തും പാര്‍ട്ടി ശക്തമായ അടിത്തറയോടെ നിലനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് അടിവരയിടുന്നു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ വിപുലമായ ജനകീയ അടിത്തറ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കംകുറിച്ച് നടന്ന മഹാറാലി. സുപ്രധാനമായ രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും കടമകളും ഏറ്റെടുത്താണ് വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. അതുകൊണ്ടുതന്നെ സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവാകുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.