കൈവശഭൂമിക്ക് പട്ടയം അനുവദിക്കാനായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട ചീമേനി വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റൻറിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസർ കണ്ണൂർ കരിവെള്ളൂരിലെ കെ. വി. സന്തോഷ് (47), വില്ലേജ് അസിസ്റ്റൻറ് മാതമംഗലം പുറക്കുന്നിലെ കെ. സി. മഹേഷ് (45) എന്നിവരെയാണ് കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ. വി. വേണുഗോപാലിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചീമേനി മണ്ടച്ചംവയൽ സ്വദേശിയായ വീട്ടമ്മയിൽ നിന്നും കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് ഇവരെ കുടുക്കിയത്.
നിർധനകുടുംബാംഗമായ ഈ വീട്ടമ്മ പൂർവികരിൽ നിന്നും ലഭിച്ചതും കൈവശം വച്ച് അനുഭവിച്ച് വരുന്നതുമായ ചീമേനി വില്ലേജിലെ 51 സെൻറ് ഭൂമിയ്ക്ക് 2019 വരെ കരമൊടുക്കി വന്നിരുന്നു. ഇവരുടെ കുടുംബം 70 വർഷമായി തെങ്ങും റബറും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ 2019ൽ കമ്പ്യൂട്ടറൈസ്ഡ് ചെയ്തപ്പോൾ പ്രസ്തുത വസ്തുവിന്റെ രേഖകൾ കൈമോശം വന്നതിനാൽ പരാതിക്കാരിയ്ക്ക് വില്ലേജ് ഓഫീസിൽ ഹാജരാക്കുവാൻ സാധിച്ചില്ല. തുടർന്ന് ഭൂമിയുടെ കരം വില്ലേജ് ഓഫീസിൽ സ്വീകരിക്കാതായി. ഈ പ്രശ്നം പരിഹരിക്കാനായി ഈ വീട്ടമ്മയുടെ പിതാവ് 2019 മുതൽ വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഓരോരോ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി അയക്കുകയായിരുന്നു പതിവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. നാലുമാസം മുന്പാണ് ഇദ്ദേഹം മരണപ്പെടുന്നത്. തുടർന്ന് രണ്ട് മാസം മുമ്പ് ചീമേനി വില്ലേജ് ഓഫീസറായ സന്തോഷിനെ സമീപിച്ച് പരാതിക്കാരി അപേക്ഷയും പല തവണ കയറിയിറങ്ങിയിട്ടും കരമൊടുക്കി കൊടുക്കുകയും ചെയ്തില്ല. തുടർന്ന് കഴിഞ്ഞയാഴ്ച വില്ലേജ് ഓഫീസിൽ ചെന്ന പരാതിക്കാരിയോട് രേഖകൾ ഇല്ലെങ്കിലും കരമടച്ച് നൽകാണെന്നും അതിന് ഒന്നരലക്ഷം രൂപ കൈക്കൂലി നൽകണമെന്നുംവില്ലേജ് ഓഫീസർ സന്തോഷും വില്ലേജ് അസിസ്റ്റൻറ് മഹേഷും ചേർന്ന് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതനായ കിടപ്പുരോഗിയായ 13കാരൻ മകനും ഡിഗ്രി വിദ്യാർഥിനിയായ മകളുമുള്ള തൻറെ കുടുംബത്തിൽ കൂലിപ്പണിക്കാരനായ ഭർത്താവിൻറെ വരുമാനമാണ് ഉപജീവനമാർഗമെന്നും അത്രയും തുക നൽകാൻ നിവൃത്തിയില്ലെന്നും വീട്ടമ്മ പറഞ്ഞു. തുടർന്ന് പല പ്രാവശ്യം സംസാരിച്ചതിനെ തുടർന്ന് 25,000 രൂപയെങ്കിലും നൽകിയാൽ കരമൊടുക്കി കൊടുക്കാമെന്ന് വില്ലേജ് ഓഫീസർ പരാതിക്കാരിയോട് പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഈ വീട്ടമ്മ വിവരം സ്ഥലത്തെ കൃഷി ഓഫീസറോട് പറഞ്ഞപ്പോഴാണ് വിജിലൻസിനെ വിവരമറിയിക്കാൻ നിർദേശിച്ചത്. തുടർന്ന് വിജിലൻസ് ഡിവൈഎസ്പി കെ. വി. വേണുഗോപാലിനെ അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഒാടെ വില്ലേജ് ഒാഫീസിലെത്തി ആദ്യ ഗഡുവായ10, 000 രൂപ വില്ലേജ് അസിസ്റ്റൻറായ മഹേഷിനെ ഏൽപിക്കുകയും മഹേഷ് ഈ തുക വാങ്ങി സന്തോഷിനെ ഏല്പിക്കുകയും ചെയ്ത നേരം മിന്നൽ വേഗത്തിലെത്തിയ വിജിലൻസ് സംഘം ഇരുവരേയും അറസ്റ്റു ചെയ്യുകയാണുണ്ടായത്. അഴിമതിനിരോധനനിയമപ്രകാരം ജാമ്യം ലഭിക്കാത്ത 7 എ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ആറുമാസം മുതൽ അഞ്ചുവർഷം പിഴയോട് കൂടിയ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അറസ്റ്റ് ചെയ്ത പ്രതികളെ തലശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
12 വർഷമെങ്കിലും കൈവശം വെച്ച് കൃഷി ചെയ്യുന്ന ഭൂമിക്ക് പട്ടയം നൽകാമെന്നാണ് ചട്ടം. ഇതുസംബന്ധിച്ച് അപേക്ഷ നൽകുന്പോൾ അന്വേഷിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകുകയാണ് വില്ലേജ് അധികൃതരുടെ ജോലി. ഈ റിപ്പോർട്ട് തയാറാക്കാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. കയ്യൂർ‑ചീമേനി, കോടോം-ബേളൂർ, പടന്ന എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള പരാതികൾ വ്യാപകമായി ഉയരുന്നുണ്ടെന്നും എന്നാൽ ജനങ്ങളുടെ പേടി മൂലമാണ് ഇത്തരക്കാർ പലപ്പോഴും രക്ഷപെടുന്നതെന്ന് കെ. വി. വേണുഗോപാൽ പറഞ്ഞു. ഡിവൈഎസ്പിയെ കൂടാതെ ഗസറ്റഡ് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ, ഇൻസ്പെക്ടർ സിബി തോമസ്, എസ്ഐമാരായ പി. പി. മധു, ശശിധരൻപിള്ള, എഎസ്ഐമാരായ സതീശൻ, സുഭാഷ് ചന്ദ്രൻ, ശ്രീനിവാസൻ തുടങ്ങിയവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
ENGLISH SUMMARY: Village officer and assistant arrested for taking bribe
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.