18 December 2024, Wednesday
KSFE Galaxy Chits Banner 2

സിനിമാലോകത്തെ വിന്‍സിയുടെ ‘രേഖ’

web desk
July 21, 2023 8:56 pm

രേഖ സിനിമ ഇറങ്ങി കുറച്ചു നാളുകൾക്ക് ശേഷം അതിന്റെ നായിക വിൻസി അലോഷ്യസ് ഒരു പോസ്റ്റ് ഇട്ടിരുന്നു. “വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്ത സിനിമയാണ്. നിങ്ങളുടെ കയ്യിലാണ്. ഉള്ള ഷോസ് കാണാൻ ശ്രമിക്കണം… ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല.. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.” മാസങ്ങൾ പിന്നിട്ടു. സിനിമ ഒടിടിയിൽ ഇറങ്ങി. സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളും അഭിനന്ദനങ്ങളും നിറഞ്ഞു. ചർച്ച ചെയ്യപ്പെട്ടു. ഇന്നലെ ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് വിൻസി അലോഷ്യസിനു ലഭിച്ചു. വിൻസിക്ക് ആദ്യമായി ലഭിക്കുന്ന സ്റ്റേറ്റ് അവാർഡ് ആണിത്.

കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

പ്രണയം അതിസുന്ദരമായ വികാരമാണ്. കൺമുന്നിൽ ഉള്ളതെല്ലാം അതിസുന്ദരമെന്ന് തോന്നിക്കുന്ന ഒരു സുന്ദര വികാരം. അത്തരമൊരു പ്രണയകാവ്യവുമായി എത്തി പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് കൊണ്ടെത്തിക്കുന്ന ചിത്രമാണ് രേഖ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടൈറ്റിൽ കഥാപാത്രമായ രേഖ ആയിട്ടെത്തിയത് വിൻസി അലോഷ്യസായിരുന്നു. ഇടയ്ക്ക് എപ്പോഴോ രേഖയുടെ മനസിൽ പ്രണയത്തിന്റെ പൂമൊട്ടുകകൾ വിരിയുന്നു. മനസ്സ് മുഴുവൻ അർജുൻ എന്നയാളോടുള്ള പ്രണയം മാത്രമായി രേഖ ഒതുങ്ങുന്നു. ഒടുവിൽ വഞ്ചന തിരിച്ചറിയുമ്പോൾ രേഖയിലുണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ആകെ തുക.

വ്യത്യസ്തയുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടാറുള്ള വിൻസി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സ്ത്രീത്വത്തിന് മുൻതൂക്കം നൽകി ഒരുക്കിയിട്ടുള്ള രേഖ വെള്ളിത്തിരയിലെത്തുന്നത് വ്യത്യസ്തയുളള പ്രമേയവുമായിട്ടാണ്. രേഖ എന്ന ടൈറ്റിൽ കഥാപാത്രം ആധുനിക സ്ത്രീത്വത്തിന്റെ പ്രതീകമാകുകയാണിവിടെ. മറ്റ് സ്ത്രീകഥാപാത്രങ്ങൾ ദുർബലമാകുമ്പോൾ നിർഭയത്തോടെ മുന്നേറാൻ രേഖയ്ക്ക് കഴിയുന്നു. ഒരു നിമിഷത്തിന്റെ ട്വിസ്റ്റിലാണ് ചിത്രത്തിന്റെ ഗതി മാറി ഒഴുകുന്നത്. രേഖ എന്ന സ്ത്രീ കടന്നു പോകുന്ന മനോവികാരങ്ങൾ വിൻസിയുടെ കൈകളിൽ ഭദ്രമായിരുന്നു.

Eng­lish Sam­mury: Vin­cy Alosh­ious clinched the award for the best actress for her per­for­mance in ‘Rekha’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.