23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 24, 2023
September 18, 2023
September 3, 2023
August 25, 2023
August 15, 2023
July 27, 2023
July 27, 2023
July 21, 2023
July 5, 2023
July 2, 2023

വിനോബ ഭാവെയുടെ സ്മരണയെയും ‘നമോ’ എന്ന അല്പത്തം വിഴുങ്ങുമോ

web desk
തിരുവനന്തപുരം
April 29, 2023 7:10 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചുരുക്കപ്പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പണം ചെലവിട്ട് സ്ഥാപിച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനം നരേന്ദ്ര മോഡി തന്നെ ഉദ്ഘാടനം ചെയ്തു. ‘നമോ’ മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്റ് നാഗർ ഹവേലിയിലെ സിൽവാസ നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡാമൻ ആന്റ് ദിയു ദ്വീപ് മേഖലയിലാണ് സിൽവാസ. 1952ൽ ഇവിടെ സ്ഥാപിതമായ കോട്ടേജ് ഹോസ്പിറ്റൽ എന്നറിയപ്പെട്ടിരുന്ന സിൽവാസയിലെ ശ്രീ വിനോബ ഭാവേ സിവിൽ ഹോസ്പിറ്റല്‍ ‘നമോ’ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമെന്ന നിലയിലാണ് ഇപ്പോഴേ ‘നമോ’ വാദികള്‍ പ്രചരിപ്പിക്കുന്നത്.

അഹിംസയുടെയും മനുഷ്യാവകാശങ്ങളുടെയും ഇന്ത്യൻ വക്താവായിരുന്നു വിനോബ ഭാവെ എന്നറിയപ്പെടുന്ന വിനായക് നരഹരി ഭാവെ. പലപ്പോഴും ആചാര്യ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം ഭൂദാൻ പ്രസ്ഥാനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ അധ്യാപകനായും മഹാത്മാഗാന്ധിയുടെ ആത്മീയ പിൻഗാമിയായും കണക്കാക്കപ്പെടുന്ന ആ തത്ത്വചിന്തകന്റെ പേരിലുള്ള സ്ഥാപനത്തെ വികസിപ്പിക്കുക എന്ന ദേശീയ ദൗത്യം ഏറ്റെടുക്കാതെ, അതിനെ മറയ്ക്കാന്‍ പാകത്തില്‍ സ്വന്തം പേരില്‍ സ്മാരകം പണിയുക എന്ന അല്പത്തമാണ് കാണിച്ചതെന്ന് പറയാതിരിക്കാനും വയ്യ.

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ പണം കൊടുത്ത് രൂപപ്പെടുത്തിയ ആസൂത്രണ തട്ടിപ്പുകളിലൊന്നായിരുന്നു നരേന്ദ്ര മോഡിയുടെ ‘നമോ’ എന്ന വിളിപ്പേര്. മോഡിക്ക് ആരാധകരെ സൃഷ്ടിക്കാനും ‘നമോ’ എന്നത് ഭാരതത്തിന്റെ വികസനമന്ത്രമാണെന്ന് പ്രചരിപ്പിക്കാനുമുള്ള ദൗത്യം വന്‍ തുകയ്ക്ക് ഏറ്റെടുത്ത കോര്‍പറേറ്റ് ഇവന്റ് മാനേജ്മെന്റുകള്‍ പല കേന്ദ്ര പദ്ധതികളുടെയും പേര് ‘നമോ’ എന്നാക്കി മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. നമോ ടിവി ഈവിധമുള്ള ഇവരുടെ സംഭാവനയാണ്. അതിനിടെ 2022 സെപ്റ്റംബറില്‍ അഹമ്മദാബാദിലെ എംഇടി മെഡിക്കല്‍ കോളജിന്റെ പേര് ‘നരേന്ദ്രമോഡി മെഡിക്കല്‍ കോളജ്’ എന്നാക്കി മാറ്റിയിരുന്നു. ഗുജറാത്തിലെ മണിനഗര്‍ നഗരസഭയാണ് ഈയൊരു തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചതാണെന്ന് അതിനെ പറഞ്ഞുവയ്ക്കാം. എന്നാല്‍ താന്‍ പ്രധാനമന്ത്രിയായ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്ന് 203 കോടി രൂപ അനുവദിച്ച് നിര്‍മ്മിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ സ്ഥാപനത്തിന് തന്റെ തന്നെ ചുരുക്കപ്പേര് നല്‍കാന്‍ നരേന്ദ്ര മോഡി നിശ്ചയിച്ചത് രാജ്യം വീണ്ടും ചര്‍ച്ചചെയ്യുകയാണ്.

2019 ജനുവരിയിലാണ് ‘നമോ’ പദ്ധതിക്ക് സിൽവാസയില്‍ തറക്കല്ലിട്ടത്. ഡാമൻ ആന്റ് ദിയു മേഖലയിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യം. സിൽവാസയിലെ 14.48 ഏക്കർ വിസ്തൃതിയിലാണ് കാമ്പസ്. ഒരു മെഡിക്കൽ കോളജ് കെട്ടിടം, 24×7 സെൻട്രൽ ലൈബ്രറി, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, വിദ്യാർത്ഥികൾക്കും ഇന്റേണുകൾക്കുമുള്ള ഹോസ്റ്റലുകൾ, ഗവേഷണ ലാബുകൾ, അനാട്ടമി മ്യൂസിയം, ക്ലബ് ഹൗസ് എന്നിവയാണ് ഇവിടെയുള്ളത്. 177 മെഡിക്കൽ വിദ്യാർത്ഥികളുടെ വാർഷിക ഇൻടേക്ക് കപ്പാസിറ്റിയാണ് സ്ഥാപനത്തിനുള്ളത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവിൽ 650 കിടക്കകളുള്ള വിനോബ ഭാവെ ആശുപത്രിയെ ‘നമോ’ വിഴുങ്ങുമെന്നതാണ് ആശങ്ക. അഹിംസയെയും മനുഷ്യാവകാശങ്ങളെയും നിരന്തരം ധ്വംസിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ അതിന്റെ വക്താമായിരുന്ന ദേശീയ നേതാവ് വിനോബ ഭാവെയുടെ സ്മരണയെ ‘നമോ’ സൂത്രംകൊണ്ട് മൂടുമെന്ന് ഉറപ്പ്.

 

Eng­lish Sam­mury: Namo Med­ical Insti­tute Inau­gu­rat­ed Vino­ba Bhave Civ­il Hos­pi­tal area in Union ter­ri­to­ry Dadra & Nagar Daman and Diu

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.