5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

March 6, 2024
January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 22, 2023
September 20, 2023
September 4, 2023

ശൈഥില്യത്തിന്റെ പെരുമ്പറകള്‍

Janayugom Webdesk
June 30, 2023 4:45 am

ഒരഭിമുഖത്തിൽ, യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ പത്രപ്രവർത്തകൻ ക്രിസ്റ്റ്യൻ അമൻപൂരിയോട് പറഞ്ഞു. “പ്രധാനമന്ത്രി മോഡിയുമായി ഒരു സംഭാഷണം നടന്നാൽ ഞാൻ പറയും, നിങ്ങൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെങ്കിൽ ഇന്ത്യ ഒരു ഘട്ടത്തിൽ ശിഥിലമാകും.” ഒബാമ മാത്രമല്ല, യുഎസിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ പൊതുജനവും മനുഷ്യാവകാശ സംഘടനകളും മതന്യൂനപക്ഷങ്ങളോടുള്ള മോഡി ഭരണകൂടത്തിന്റെ മനോഭാവവും മനുഷ്യാവകാശങ്ങളുടെ നിഷേധവും ആവർത്തിച്ച് ചോദ്യം ചെയ്തു. വ്യാപകമായ പ്രതിഷേധം മോഡിയുടെ അമേരിക്കൻ സന്ദർശനത്തിലെ കരിനിഴലായി. “രാജ്യത്ത് വലിയ ആന്തരിക സംഘർഷങ്ങൾ ഉണ്ടായാൽ എന്താണ് സംഭവിക്കുന്നതെന്ന് കാലങ്ങളായി നാം കാണുകയാണ്,” ഭിന്നത വളരുമ്പോൾ അത് മുസ്ലിങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും ബാധിക്കുമെന്നും തിരിച്ചറിയണം, ഒബാമ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒബാമ അടക്കമുള്ളവരുടെ ആശങ്കകളും രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് ന്യൂനപക്ഷങ്ങളെയും താഴ്ന്നജാതിയിലുള്ളവരെയും ഒഴിവാക്കാനുള്ള ശ്രമങ്ങളും പുതിയതല്ല. 2017 ഡിസംബർ രണ്ടിന്, ഇന്ത്യാ സന്ദർശന വേളയിൽ, രാജ്യത്ത് വംശീയമായ വിഭജനം തടയണമെന്ന് മോഡിയോട് ഒബാമ വ്യക്തമാക്കിയിരുന്നു.

ഒബാമയുടെ അഭിപ്രായത്തിൽ പ്രസിഡന്റുമാരോ പ്രധാനമന്ത്രിമാരോ അല്ല, പൗരന്മാർക്കാണ് ജനാധിപത്യത്തിൽ കൂടുതൽ പ്രാധാന്യം. വിഭാഗീയമായ ചേരിതിരിവുകൾക്ക് ഇരയാകില്ല എന്ന് ജനങ്ങൾ ദൃഢനിശ്ചയം ചെയ്താൽ സമാനമായ കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയക്കാർ കരുത്താർജിക്കും. ഇന്ത്യയിലെ വിഭാഗീയ സാഹചര്യങ്ങൾ വിദേശങ്ങളിൽ വിമർശനത്തിന് വിധേയമാകുമ്പോൾ, വിഭാഗീയതയുടെ അപകടങ്ങളെക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നൽകിയത് ജവഹർലാൽ നെഹ്രുവായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് ഏറെ മുമ്പായിരുന്നു നെഹ്രുവിന്റെ മുന്നറിയിപ്പ്. 1927ൽ നെഹ്രു “ഇന്ത്യക്കായൊരു വിദേശനയം” എന്ന ലേഖനത്തിൽ മതപരമായ സഹിഷ്ണുതയുടെയും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് എഴുതി. ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും സഹവർത്തിത്വത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമായത് സാമ്പത്തികമോ മതപരമോ ആയ കാരണങ്ങളാണോ എന്നതിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സുസ്ഥിരതയെക്കുറിച്ച് നെഹ്രു മറ്റൊരു മുന്നറിയിപ്പ് നൽകി. മതസമൂഹങ്ങൾ സ്വത്വത്തിന്റെ പേരിൽ ആവർത്തിച്ച് പീഡിപ്പിക്കപ്പെട്ടാൽ ഇന്ത്യ അപകടത്തിലാകും. 1930 മേയ് 15 ന് അദ്ദേഹം എഴുതി. “ഒരു ന്യൂനപക്ഷത്തെ അടിച്ചമർത്താനോ അല്ലെങ്കിൽ ഭൂരിപക്ഷ വഴികളോട് പൊരുത്തപ്പെടാൻ നിർബന്ധിതരാക്കുകയോ ചെയ്യുന്നിടത്തോളം ഒരു രാജ്യത്തിനും സ്ഥിരതയോ സന്തുലിതാവസ്ഥയോ കൈവരിക്കാനാകില്ല.


ഇതുകൂടി വായിക്കൂ: ഏകീകൃത സിവിൽകോഡ് മോഡിയുടെ ക്ഷുദ്രബുദ്ധി


ഇന്ത്യയുടെയും യൂറോപ്പിലെ പല രാജ്യങ്ങളുടെയും ചരിത്രം ഇക്കാര്യം ആവർത്തിച്ച് തെളിയിക്കുന്നുമുണ്ട്.” “സ്വന്തം വഴികളിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതിനപ്പുറം ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ കൂടുതൽ ഉറപ്പുള്ള മറ്റൊരുമാർഗമില്ല, “അടിച്ചമർത്തി ഒരിക്കലും വിജയിക്കാനാവില്ല, അദ്ദേഹം പറഞ്ഞു. അവർ വിലമതിക്കുന്നത് “നഷ്ടപ്പെടുമോ എന്ന ഭയം” അതിനെ കൂടുതൽ “പ്രിയപ്പെട്ടത്” എന്ന തോന്നലിലെത്തിക്കും. അടിച്ചമർത്തൽ തന്ത്രങ്ങൾ ന്യൂനപക്ഷങ്ങളെ കൂടുതൽ “സ്വയം ബോധമുള്ളവനും അവർ വിലമതിക്കുന്നവയെ മുറുകെ പിടിക്കാൻ ദൃഢനിശ്ചയമുള്ളവരും” ആക്കിത്തീർക്കും. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ “സ്വന്തം” എന്ന് കരുതുന്ന കാര്യങ്ങൾ മുറുകെ പിടിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ അത് അതിന്റെ മൂല്യം കുറയ്ക്കുമെന്നും നെഹ്രു വിശദീകരിച്ചിരുന്നു. മോഡിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഒബാമ ഉയർത്തിയ ആശങ്കകൾ നെഹ്രു പറഞ്ഞതിൽ നിന്ന് വേറിട്ടതല്ല. 1947 ഒക്ടോബർ 15 ന് മുഖ്യമന്ത്രിമാർക്കെഴുതിയ കത്തില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗമായ മുസ്ലിം ന്യൂനപക്ഷത്തിന് അവർ ആഗ്രഹിച്ചാലും മറ്റെവിടെയെങ്കിലും പോകാൻ കഴിയില്ല എന്ന അടിസ്ഥാന വസ്തുത ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും ജനാധിപത്യ ഇന്ത്യയിൽ പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുനൽകുക എന്നതായിരുന്നു സ്വതന്ത്രഭാരതത്തിന്റെ പ്രഖ്യാപനം.

ഇക്കാര്യത്തില്‍ പരാജയപ്പെട്ടാൽ അത് “ജീർണിച്ച വ്രണം സൃഷ്ടിക്കും, അത് രാഷ്ട്രത്തെ വിഷലിപ്തമാക്കുകയും നശിപ്പിക്കുകയും ചെയ്യും” മുന്നറിയിപ്പ് നൽകാൻ നെഹ്രു മറന്നില്ല. നെഹ്രുവിന്റെ മുന്നറിയിപ്പുകൾ ഒബാമയിലൂടെ ഇന്ത്യക്കാരെയും അമേരിക്കക്കാരെയും ഓർമ്മിപ്പിക്കുമ്പോൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ സൂചനയാവുകയാണ്. ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്കും മറ്റുള്ളവർക്കും തുല്യ പരിഗണന ഉറപ്പാക്കേണ്ടത് എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യമാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതിലൂടെ സംരക്ഷിക്കപ്പെടും. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഭൂരിപക്ഷവാദികളും തീവ്രഹിന്ദുത്വ ശക്തികളും ന്യൂനപക്ഷ വംശഹത്യക്ക് (മണിപ്പൂരിൽ വംശവേട്ട അവസാനിക്കുന്നില്ല) മുന്നിട്ടിറങ്ങിയിരിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണാഹ്വാനങ്ങളാൽ സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കുന്നു. ഇതെല്ലാം ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്നു. കോളനി ഭരണത്തിൽ നിന്ന് മോചനം നേടി രാഷ്ട്രനിർമ്മാണത്തിന്റെ രൂപീകരണ ഘട്ടത്തിൽ ഇന്ത്യ നേരിട്ട വെല്ലുവിളികൾ ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യയെ ശിഥിലമാക്കുന്ന സംഭവവികാസങ്ങളുടെ അപകടകരമായ കാറ്റ് വീണ്ടും വീശുകയാണിപ്പോൾ.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.