ആത്മാവിൽ അലിഞ്ഞു ചേർന്ന ഭൂതകാലാർദ്രതയുടെ സ്മരണയും, ഭൂമി വരണ്ടുണങ്ങുമ്പോഴും സ്നേഹത്തിന്റെ ഉറവുകൾ ബാക്കിയുണ്ട് എന്ന ഓർമ്മപ്പെടുത്തലുമാണ് മലയാളിക്ക് വിഷു. ഉള്ളുരുക്കം മുഴുവൻ പൊന്നുരുക്കും പോലത്തെ പൂക്കളായൊരുക്കുന്ന കണിക്കൊന്നയാണതിന്റെ കൊടിപ്പടം. മലയാളത്തിന്റെ ഏറ്റവും മുഖ്യമായ പുരാവൃത്തം ഓണത്തെ സംബന്ധിച്ചതാണെങ്കിലും വിഷുവും ഒട്ടും അപ്രധാനമല്ല.
”പൊന്നു വയ്ക്കേണ്ടിടത്തൊരു
പൂവ് മാത്രം വച്ചു
കൺ തുറന്നു കണി കണ്ടു
ധന്യരായോർ നമ്മൾ” (ഒഎൻവി-എന്തിന് വീണ്ടും പൂക്കുന്നു) എന്ന കവിതയിൽ തന്നെയുണ്ട് വിഷുക്കണിയുടെ മൂല്യം.
രാവും പകലും തുല്യദൈർഘ്യത്തോടെയുള്ള ദിവസം എന്നാണ് മേടം ഒന്നിലെ വിഷുവിന്റെ അർത്ഥം. ശ്രീകൃഷ്ണൻ നരകാസുരനെ കൊന്ന ദിവസത്തിന്റെ ഓർമ്മയെന്നും, നേരാംവണ്ണം ഉദിക്കാനും പ്രകാശിക്കാനും അനുവദിക്കാതെ സൂര്യനെ തടഞ്ഞ രാവണനെ കൊന്ന് ശ്രീരാമൻ സൂര്യനെ സ്വതന്ത്രനാക്കിയതിന്റെ ഓർമ്മ എന്നും വിഷുവിന്റെ പിന്നിൽ കഥകളുണ്ട്. പക്ഷേ ശ്രീകൃഷ്ണന്റെ കഥയ്ക്കാണ് മേൽക്കൈ എന്നാണ് കണി വയ്ക്കുന്ന ഉരുളിയോട് ചേർന്ന, പീലി ചൂടിയ, മഞ്ഞപ്പട്ടുടുത്ത രൂപം സാക്ഷ്യപ്പെടുത്തുന്നത്. ഈ കഥകളൊക്കെ പശ്ചാത്തലത്തിൽ ഉണ്ടെങ്കിലും അന്നം ബ്രഹ്മമാണ് എന്നതിനെയും അധ്വാനിച്ചുണ്ടാക്കുന്ന അന്നമാണ് ഏറ്റവും വലിയ കണി എന്നതിനെയും മഹത്വപ്പെടുത്തുന്നതാണ്, ഓട്ടുരുളിയിൽ കാന്താരി മുതൽ ചക്ക വരെയുള്ള ഭക്ഷണസാധനങ്ങൾ നിരത്തിവച്ചുള്ള കണികാണൽ.
മാനവജീവിതത്തെ ആമൂലാഗ്രം സ്വാധീനിച്ചു നില്ക്കുന്ന ഇത്തരം കാര്യങ്ങൾ, ജീവിതഗന്ധിയായ സാഹിത്യത്തിൽ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികമാണ്. വിഷുവിനെപ്പറ്റി മലയാളത്തിൽ പല കവികളും എഴുതിയിട്ടുണ്ട്. കേരളത്തിന്റെ ഗ്രാമീണപരിസ്ഥിതിയുമായും കാർഷികസംസ്കാരവുമായും ബന്ധം പുലർത്തുന്നവയാണവയിൽ ഏറെയും. കുമാരനാശാന്റെ ശ്രീബുദ്ധചരിതത്തിന്റെ നാലാം ഖണ്ഡത്തിൽ, സകല ചരാചരങ്ങൾക്കും ദണ്ഡമകറ്റുന്ന സിദ്ധാർത്ഥ രാജകുമാരൻ ലോകസേവനത്തിനായി പോകുന്നു എന്ന് പറയുന്നിടത്താണ് സാന്ദർഭികമായി അദ്ദേഹം കണിക്കൊന്നയെപ്പറ്റി പറയുന്നത്. വിഷുവിനെക്കുറിച്ച് നേരിട്ട് പരാമർശമില്ലെങ്കിലും
”നല്ല തങ്കത്താലിമാല പോൽ തൂങ്ങീതു
ഫുല്ലമാം പൂങ്കുല കൊന്നമരങ്ങളിൽ”
എന്ന വരികളിൽ ചിത്തിര മാസത്തിലെ പ്രകൃതിഭംഗിയുടെ ദൃശ്യവത്ക്കരണം കൃത്യമാണ്.
“തൂക്കിയിട്ടുണ്ടിതാ മഞ്ഞക്കൈലേസുകള്‍
പൂക്കണിക്കൊന്നതൻ കൊമ്പുകളിൽ” എന്ന് വള്ളത്തോളിന്റെ ‘വിഷുക്കണി’ എന്ന കവിതയിൽ വായിക്കുമ്പോൾ കാല്പനികഭാവനയെന്നാൽ അന്തമില്ലാത്ത ഭാവനയെന്നല്ലാതെ എന്തു പറയാൻ!
”നന്നായ് വെളിച്ചം വിതച്ചീടുമങ്ങയെ
നിർന്നിദ്രമായ് കണികാണുന്നേരം
എൻ നയനത്തിനീ പൊൻമണി മാലയും
കൊന്നപ്പൂമാലയുമൊന്നുപോലെ.”
കൊടും ചൂടിലും പൊന്നുരുകും പോലെ നില്‍ക്കുന്ന വിഷുക്കാലത്തെ വർണിക്കാതിരിക്കാൻ ഏത് കവിക്ക് കഴിയും. എന്നാൽ ഒരു കവി നിരന്തരമായി വിഷുവിനെക്കുറിച്ചെഴുതുകയും ആ കവിതകളിൽ അവിശ്വസനീയമാം വിധം വൈവിധ്യം പുലരുകയും ചെയ്യുമ്പോൾ അതിൽ വെറും കൗതുകത്തിൽ കവിഞ്ഞ് എന്തോ ഉണ്ടെന്ന് നമുക്ക് മനസിലാകും. വൈലോപ്പിള്ളിയാണ് ആ കവി. വിഷുവിനെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയ കവിയും അദ്ദേഹമാണ്. കേരളത്തിന്റെ ഗ്രാമഭംഗിയും കർഷക ജീവിതവും വൈലോപ്പിള്ളിക്കവിതകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കാർഷിക ജീവിതവൃത്തിയുമായി ബന്ധപ്പെട്ട സാംസ്കാരികഅന്തർധാര വൈലോപ്പിള്ളിക്കവിതകളിൽ സജീവമാണ്.
“എങ്ങാനുമുണ്ടോ വെട്ടം ചുറ്റുമീയുൾനാട്ടിലെൻ
ചങ്ങാതിമാർ തൻ ഗേഹമിപ്പൊഴുമിരുട്ടിൽ താൻ”
എന്ന് വിഷുക്കണിയിൽ അദ്ദേഹമെഴുതുമ്പോൾ അത്, വിഷുവിനപ്പുറം വിശാലമായ മാനവികതയുടെ ആകാശത്തേക്കുയർന്നു നില്‍ക്കുന്നു. ഇരുട്ട് വെട്ടം, ഗേഹം തുടങ്ങിയവ വളരെ ശക്തിയുള്ള കാവ്യബിംബങ്ങളാണ്. വർത്തമാനകാലസങ്കീർണതകൾ മനുഷ്യസമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകളെപ്പറ്റിയുള്ള, ഒരു കവിഹൃദയത്തിന്റെ ആശങ്കയാണത്. കവിയുടെ ശക്തി മനസിലാക്കുന്നത് കാവ്യബിംബങ്ങളിൽ നിന്നാണ്. വായനക്കാരിലേക്ക് നേരിട്ട് സംവദിക്കുന്നവയാണല്ലോ കാവ്യബിംബങ്ങൾ.
”വരട്ടെ ദുരിതങ്ങൾ കേരളത്തിനു മേലും
ചിരിക്കാൻ മറക്കാതെയിരിക്കാൻ കഴിഞ്ഞെങ്കിൽ”
എന്നും
”ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ
ഉഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം”
എന്നും മറ്റും അതിജീവനപാഠങ്ങൾ ഹൃദിസ്ഥമായിട്ടുള്ള കവിക്ക് വിഷുക്കൊന്ന ഉത്തമ ബിംബമാണ്. ഉളളു ചുട്ടുരുകുമ്പോഴും പൊൻപൂങ്കുല കാട്ടി ചിരിച്ചു നില്‍ക്കാൻ ത്രാണിയുള്ള കൊന്നമരം ചില്ലകൾ വിടർത്തുന്നത് പ്രത്യാശയുടെ ആകാശത്തിലേക്കാണ്. അതു കൊണ്ടു തന്നെയാണദ്ദേഹം ഉറപ്പിച്ചു പറയുന്നത്
”ഏത് ധൂസരസങ്കല്പങ്ങളിൽ വളർന്നാലും
ഏത് യന്ത്രവത്കൃതലോകത്തിൽ പുലർന്നാലും
മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും”
എന്ന്.
എത്ര വിഷുക്കണി കണ്ടിട്ടും എത്ര ഓണമുണ്ടിട്ടും ചൈത്രമാസത്തിലെ പൊന്നുപോലത്തെ പോക്കുവെയിലിൽ മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റയുടെ നിഷ്കളങ്ക നിർവൃതി ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞില്ല എന്ന വിലാപമാണ് അക്കിത്തത്തിന്റെ ‘വിഷുത്തലേന്ന്’ എന്ന കവിത.
‘കൊന്നമരങ്ങളിൽ സ്വർണം വിളയുന്ന പുണ്യകാലങ്ങളിൽ
ചൈത്രത്തിൽ മൂളുന്ന പൊന്നൊളിപ്പോക്കുവെയിലോളത്തിൽ
മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ
കണ്ടു വിഷുക്കണിയെത്ര ഞാനോണവു-
മുണ്ടു പലകുറിയെന്നിട്ടും
നിന്നിൽ തുടിക്കുമീ നിഷ്കളനിർവൃതി
യെന്നിൽ തിളച്ചുമറിഞ്ഞില്ല.
ഏതൊരാഘോഷത്തിൻ്റെയും ആത്മാവിറയുക എന്നത് വർത്തമാനകാലത്ത് പലപ്പോഴും അപ്രാപ്യമായിപ്പോകുന്നു എന്ന സത്യം ഇവിടെ സൂചിപ്പിക്കപ്പെടുന്നു.
വിഷുആഘോഷത്തിന്റെ അർത്ഥവും പ്രസക്തിയും എന്തെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ബാലാമണിയമ്മയുടെ ‘വിഷു’, ‘വെള്ളിനാണ്യം’ എന്നീ കവിതകൾ.
”മുറ്റത്തു നീളെ മുന്നാണ്ടിൻ നിറകുടം
പൊട്ടിപ്പടക്കങ്ങളായ് തെറിക്കെ
അച്ഛനടുത്തെത്തി നന്മ നേർന്നെൻ കൈയിൽ
വച്ചു തന്നോരു വെള്ളിനാണ്യം.
കൂട്ടുകാർ പുച്ഛിച്ചു; സൂക്ഷിച്ചു വയ്ക്കാനല്ലിഷ്ടങ്ങൾ നേടാനാണിക്കൈനീട്ടം”
( വെള്ളിനാണ്യം )
”അടഞ്ഞ കണ്ണിനെ തുറക്കവെ മുന്നിൽ
മുടങ്ങാതെ നിന്നോരഭീഷ്ടദർശനം
തളികൾ ഭൂവിൽ വരങ്ങൾ ഒട്ടൊട്ടു
ചുളി പടരുമെൻ മുഖം മുകരത്തിൽ
കണിത്തിരികൾക്ക് പിറകിലായ് കാലം
കനത്ത ഭിത്തി മേൽ പതിച്ച മുദ്രകൾ”
(വിഷു )
പെന്നോണവും പൂത്തിരുവാതിരയും വിഷുപ്പുലരിയും വിരുന്നൊരുക്കിയ കവിമനസായിരുന്നു പി കുഞ്ഞിരാമൻ നായരുടേത്.
”പൂന്തേൻ കുടമണി മാമ്പൂങ്കുളിർമണ
മേറ്റും കാറ്റേ വീട്ടിൽ വാ
ഊഞ്ഞാൽപ്പടികളിലാടുമിലഞ്ഞി-
പ്പൂവിൻ തങ്കച്ചെപ്പു തുറന്നു
ഇടതൂർന്നിടയും മുല്ലക്കാടിൻ
പരിമളമൊഴുകും ചോലയിൽ നീന്തി
മണിയറ പൂകിയ കൊന്നപ്പൂവിൻ
കനകക്കുന്നിൽ കളിയാടി”
(വിഷുപ്പക്ഷിയുടെ പാട്ട്)
അത്രമേൽ സ്വന്തമായ ഒരാളോട് പറയുമ്പോലെയാണ് കാറ്റിനോട്, വീട്ടിലേക്ക് വരാൻ പറയുന്നത്. കേരളത്തിന്റെ ഋതുകാലമഹിമ ഈ വരികളിലുണ്ട്. ഇലഞ്ഞിപ്പൂവിനെ തങ്കച്ചെപ്പാക്കുന്നതും മുല്ലപ്പൂമണത്തിന്റെ പുഴയൊഴുക്കുന്നതും കൊന്നപ്പൂങ്കുലകളെ കനകക്കുന്നാക്കുന്നതും ആ മഹിമയുടെ തെളിച്ചമാണ്.
പുതിയ കാലത്തെ കവികളിൽ ചിലരും വിഷുവിനെയും കണിക്കൊന്നയെയും വ്യത്യസ്തമായ കാഴ്ചകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
”ഇന്നലെ കണ്ട കണിമലരി
ഇന്നു പുലർച്ചെ കരിഞ്ഞു പോയി
ഇന്നലെ കത്തിച്ച പൂത്തിരി തൻ കമ്പി
കാലിൽ തുളച്ചു കേറി”
എന്ന് പറയുന്ന മോഹനകൃഷ്ണൻ കാലടി, വിഷു എന്ന സങ്കല്പത്തെ വൈകാരികതയ്ക്ക് പുറത്ത് നിർത്തി അകാല്പനികമാക്കി മാറ്റിയിരിക്കുന്നു.
”കണികാണുവാനാരുമില്ലാതെ വന്നാലുമീ
കണിക്കൊന്നമേൽ സ്വർണക്കിങ്ങിണി വിരിയുമോ?”
എന്ന് ആശങ്കപ്പെടുന്ന പി എം പള്ളിപ്പാട് എന്ന കവി, മനോഹരമായ പൂർവകാലാനുഭവങ്ങളിൽ പലതിനും വരുംകാലത്തുണ്ടാകാൻ പോകുന്ന അപചയത്തെയാണ് സൂചിപ്പിക്കുന്നത്. കൈവെടിഞ്ഞവയെച്ചൊല്ലി കണ്ണീരോ, പോയ് മറഞ്ഞവയെച്ചൊല്ലി നെടുവീർപ്പോ ഒക്കെ ഇതിൽ നിന്ന് വായിച്ചെടുക്കാം
ഇഷ്ടവധുവായ ഭൂമിയെ സൂര്യൻ അണിയിച്ച ചിത്രപടകഞ്ചുകം വലിച്ചു കീറി ആ മാറത്ത് ക്രൂരതയുടെ നഖമുദ്രകൾ ഉണ്ടാക്കിയത് ഭൂമിയുടെ മക്കളായ മനുഷ്യർ തന്നെയാണ്. ഋതുക്കളുടെ ക്രമമൊക്കെ എന്നേ തെറ്റി. എന്നിട്ടും വിഷുക്കാലമെത്തുമ്പോൾ ഉള്ളിലെ തിരയിളക്കത്തെ തടുക്കാനാവാത്ത കണിക്കൊന്നയുടെ ആത്മാലാപമാണ് അയ്യപ്പപ്പണിക്കരുടെ,
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എന്ന വരികളിൽ നമ്മൾ കേട്ടത്. ഭൂമിയുടെ മാറിലേല്പിച്ച, ക്രൂരനഖമുദ്രകളുടെ കുറ്റബോധം ഉള്ളിൽ തിളയ്ക്കുന്ന ഇന്നത്തെ മനുഷ്യന്റെ ചോദ്യമാകാം ഒഎൻവിയുടെ, ‘എന്തിനിന്നും പൂത്തു’ എന്ന കവിത.
”എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകൾ തൻ തുള്ളികൾ വറ്റാതെ!”
വറ്റാത്ത നന്മകൾ ഇന്നും ശേഷിക്കുന്നതിന്റെ അടയാളമത്രേ പൂത്തുലഞ്ഞ കണിക്കൊന്ന. കള്ളൻചക്കേട്ടു… കണ്ടാ മിണ്ടണ്ട… കൊണ്ടെത്തിന്നോട്ടെ’ എന്ന്, വിഷുപ്പക്ഷിയുടെ പാട്ടിനെ നമ്മൾ വ്യാഖ്യാനിക്കുന്നതും വറ്റാത്ത ആ നന്മ കൊണ്ടാണ്. നല്ലതു തന്നെ വരട്ടെ. സുഗതകുമാരിയുടെ ‘വിഷുപ്പുലരി‘യിൽ അവസാനിപ്പിക്കാം.
”നല്ലോണം നല്ലോണം കണ്ടോളൂ…
നല്ലതു തന്നെ വരുമല്ലോ
കൺമിഴിച്ചിങ്ങനെ നിന്നാലോ
കുഞ്ഞിക്കൈയിങ്ങോട്ടു കാണട്ടെ
അമ്മയിക്കൈയിലൊരുമ്മ വയ്ക്കാം
പിന്നൊരു തൂവെള്ളിത്തുട്ടുവയ്ക്കാം”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.