15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

വിഷൻ 2031; മുന്നേറ്റമാണ് കേരള മോഡല്‍: മുഖ്യമന്ത്രി

നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പ്
Janayugom Webdesk
തിരുവനന്തപുരം
February 15, 2026 10:18 pm

മുന്നേറ്റമാണ് കേരള മോഡലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതപൂർണ ജീവിതം നയിച്ചവരായിരുന്നു മഹാഭൂരിപക്ഷം. ആ അവസ്ഥയില്‍ നിന്ന് ഇന്ന് ഏറെ മാറി. ഈ മുന്നേറ്റമാണ് കേരള മോഡലെന്നും പഠന വിഷയമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിഷൻ 2031 നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പാണെന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മാതൃക പക്ഷെ അവിടെ അവസാനിക്കുന്നില്ല. പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ നാം നമ്മെത്തന്നെ നവീകരിച്ചുകൊണ്ട് പുതിയ മാതൃകകളുണ്ടാക്കുകയാണ്. ആ ശൃംഖലയിലെ അടുത്ത കണ്ണിയാണ് നവകേരള നിർമ്മിതി.
ഇതുവരെയുണ്ടായ ഇടതുപക്ഷ ഭരണങ്ങളുടെ തുടർച്ചയായിരിക്കെത്തന്നെ പുതിയ ഒരു കുതിച്ചു ചാട്ടത്തെ കുറിക്കുന്നതു കൂടിയാണ് നവകേരള നിർമ്മിതി എന്ന അടുത്ത ഘട്ടം. അതിനുതകുന്ന വിധമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു യോഗമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2031ല്‍ കേരളം രൂപപ്പെട്ടിട്ട് 75 വര്‍ഷമാകും. അന്നത്തെ കേരളം എങ്ങനെ ആയിരിക്കണമെന്നും ആ കേരളത്തിന്റെ വികസനവുമാണ് ‘വിഷൻ 2031’ പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം വിഷൻ 2031മായി ബന്ധപ്പെട്ട് 33 സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഈ കോൺഫറന്‍സ് നടക്കുന്നത്.

ഐടി മേഖലയുടെ വ്യവസായ വികസനത്തിൽ നേരത്തെ കേരളത്തെ പറ്റി ചില തെറ്റായ പ്രചാരണങ്ങളുണ്ടായിരുന്നു. അത് മാറ്റിയെടുക്കാൻ നമുക്ക് സാധിച്ചു. ടെക്നോളജി പാർക്കുകൾ വികസിച്ചു, ഐടിയും ഐടി അനുബന്ധ സേവനങ്ങളിലും തൊഴിൽവർധിച്ചു. സ്റ്റാർട്ടപ്പുകൾക്ക് പൊതുസ്ഥാപനങ്ങളും നവോത്ഥാന സംവിധാനങ്ങളും പിന്തുണ നൽകി. ശക്തമായ വിദ്യാഭ്യാസ സംവിധാനവും നൈപുണ്യമുള്ള ബിരുദധാരികളെ സൃഷ്ടിക്കുന്ന ശേഷിയുമാണ് ഐടി വളർച്ചയുടെ അടിസ്ഥാനം. കൃത്രിമ ബുദ്ധി, ഡാറ്റാ ശാസ്ത്രം, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ പുരോഗമന സാങ്കേതിക മേഖലകളിലേക്ക് കടന്നുചെല്ലുകയും സാങ്കേതികവിദ്യാ അസമത്വം വർധിപ്പിക്കാതെ സമൂഹത്തിന് സേവനം ഉറപ്പാക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഭാവി. മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ വികസനം സാധ്യമാകൂ. മതേതരത്വം എന്നത് കേരളത്തിൽ വെറുമൊരു ആശയമല്ല, മറിച്ച് ജനങ്ങളുടെ ജീവിതരീതിയാണ്. വികസന പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. വികസന പ്രവർത്തനങ്ങളിൽ കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സംരംഭകർ തുടങ്ങി എല്ലാവരുടെയും സഹകരണം ആവശ്യമാണ്. കേരളത്തിലെ പൊതുനയ രൂപീകരണം ദീർഘകാലമായി ആശയവിനിമയത്തിലൂടെയാണ് നടന്നത്. വിഷൻ 2031 ആ പാരമ്പര്യം തുടരും. അറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്‌വ്യവസ്ഥയും നീതിയുക്തമായ സമൂഹവുമാണ് 2031ലെ കേരളത്തിനായി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യ സിവില്‍ സപ്ലെെസ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായ ചടങ്ങില്‍ നൊബേൽ ജേതാവ്‌ പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റൊമീള ഥാപ്പർ എന്നിവർ ഓൺലൈനായി സംസാരിച്ചു. പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷാവേശ്‌, ക്യൂബയിലെ ഹവാന പ്രവിശ്യ സർക്കാർ അംഗം അയ്‌മീ അലെയാന്ദ്ര ഡയസ്‌ നെഗ്രിൻ, ലോക ഭക്ഷ്യ പുരസ്കാര ജേതാവ്‌ ഡോ. ശകുന്തള ഹരക്‌സിങ്‌ തിൽസ്റ്റെഡ്‌, മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ, ചീഫ്‌ സെക്രട്ടറി എ ജയതിലക്‌, പ്ലാനിങ്‌ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്‌ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.