
സമ്പൂര്‍ണ ബജറ്റ് ബില്ലിനൊച്ചൊല്ലി ഇലോണ്‍ മസ്കും ട്രംപുമായുള്ള പോരാട്ടം കടുക്കുന്നു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിനായി പ്രചാരണം നടത്തുകയും ചരിത്രത്തിലെ ഏറ്റവും വലിയ കടവര്‍ധനവിന് ഇടയാക്കുന്ന ബില്ലിന് വോട്ട് ചെയ്യുകയും ചെയ്ത ഓരോ കോണ്‍ഗ്രസ് അംഗങ്ങളും ലജ്ജിച്ച് തലതാഴ്ത്തണമെന്ന് മസ്ക് പറഞ്ഞു. അടുത്ത വര്‍ഷം ഇവര്‍ പ്രെെമറിയില്‍ തോല്‍ക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബില്ലിനെ ‘കടം അടിമത്ത ബില്‍’ എന്ന് വിശേഷിപ്പിച്ച ഇലോണ്‍ മസ്ക് ബില്‍ പാസാക്കിയാല്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും ഭീഷണി മുഴക്കി. ജനങ്ങളുടെ ശബ്ദമാകുന്ന ഒരു പാര്‍ട്ടി നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പുതിയ ബില്‍ സാധാരണക്കാരായ അമേരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് മസ്കിന്റെ വാദം. ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നാണ് ബില്ലിലൂടെ വ്യക്തമാകുന്നത്. പോര്‍ക്കി പിഗ് പാര്‍ട്ടിയെന്നാണ് ഭരണകക്ഷിയെ മസ്ക് വിമര്‍ശിച്ചത്. ജനങ്ങളുടെ ശബ്ദമാകുന്ന ഒരു പാര്‍ട്ടി നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയ്ക്കും ഊര്‍ജ ഉല്പാദനരംഗത്തും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ ധനസഹായം ആവശ്യപ്പെടുന്ന, എന്നാല്‍ ആരോഗ്യ, പോഷകാഹാര പദ്ധതികളിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍. നികുതി, ആരോഗ്യസംരക്ഷണം, അതിര്‍ത്തി സുരക്ഷ തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നാലിനു മുമ്പ് സെനറ്റില്‍ ബില്‍ പാസാക്കാനാണ് നീക്കം. അതേസമയം, മസ്കിനെതിരെ കടുത്ത ഭാഷയിൽ തിരിച്ചടിച്ച് ട്രംപും രംഗത്തെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലുടനീളം തന്നെ മസ്ക് പിന്തുണച്ചിരുന്നു. യുഎസിന്റെ ചരിത്രത്തിൽ മറ്റാരാളേക്കാളും ഗവൺമെന്റ് സബ്സിഡി കിട്ടിയത് മസ്കിനാണ്.
സബ്സിഡി ഇല്ലായിരുന്നെങ്കിൽ മസ്ക് റോക്കറ്റ് ഉണ്ടാക്കില്ല, സാറ്റലൈറ്റ് ലോഞ്ചും നടത്തില്ലായിരുന്നു; ഇവിയും നിർമിക്കില്ലായിരുന്നു. കമ്പനി പൂട്ടി മസ്ക് തിരികെ സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടിവന്നേനെ. അമേരിക്കയ്ക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നു എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. മസ്കിനു കിട്ടിയ സബ്സിഡികളെ കുറിച്ച് ‘ഡോജ്’ അന്വേഷിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഗവൺമെന്റിനെ ചെലവുചുരുക്കലിൽ സഹായിക്കാനായി രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ (ഡോജ്) മേധാവിയായിരുന്നു മസ്ക്. ഡോജിൽ തന്റെ കാലാവധി അവസാനിച്ചെന്ന് വ്യക്തമാക്കി മസ്ക് പിന്നീട് പടിയിറങ്ങി. പിന്നാലെ അദ്ദേഹം ട്രംപിനെതിരെ ആരോപണങ്ങളുന്നയിച്ചതോടെയാണ് ഭിന്നത പുറത്തായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.