21 November 2024, Thursday
KSFE Galaxy Chits Banner 2

വൃശ്ചികത്തിലെ പൂരാടം

Janayugom Webdesk
March 3, 2024 8:52 am

ഫേസ്ബുക്കിലെ ബർത്ഡേ വിഷസിലൂടെ കണ്ണോടിക്കുകയായിരുന്നുമീര. പലരും ചടങ്ങ് തീർക്കാൻ എന്നപോലെ രണ്ടു വാക്ക്. ഹാപ്പി ബര്‍ത്ഡേ, ചിലർ മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ. അലസമായി ടൈപ്പ് ചെയ്ത അക്ഷരങ്ങൾ. ഇവരിൽ എത്ര പേരാണ് തന്റെ പിറന്നാളിന് കാത്തിരിക്കുന്നത്? അല്ലെങ്കിൽ തന്റെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നത്?
പക്ഷേ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു തന്റെ മുത്തശ്ശി, മീര ഓർത്തു. അന്നത്തെ പിറന്നാളിന് വാഴയിലയുടെ മണമായിരുന്നു. അതിൽ പകർന്ന പ്രഥമന്റെ മധുരമായിരുന്നു.
പിറന്നാൾ ദിവസം കാലത്തെ ഉണരണം. മുത്തശ്ശിക്കത് നിർബന്ധമാണ്. മുത്തശ്ശി അതിരാവിലെ ഉണരും, ചേർത്തുനിർത്തി നെറ്റിയിൽ ഉമ്മ തരും. പിന്നെ എണ്ണയും പയറുപൊടിയും തോർത്തും ഇഞ്ചയും താളിയും മാറാനുള്ള വസ്ത്രങ്ങളുമായി അമ്പലക്കുളത്തിലേക്ക്. വൃശ്ചികത്തിലാണ് തന്റെ പിറന്നാൾ. മരംകോച്ചുന്ന മഞ്ഞുള്ള മാസം. എങ്കിലും അന്നത്തെ ദിവസം അമ്പലക്കുളത്തിലാവും കുളി. കുളത്തിന്റെ ഒരു ഭാഗത്ത് അയ്യപ്പൻ മാരുടെ കുളിയും ശരണം വിളിയും കേൾക്കാം.
മുത്തശ്ശി തന്നെ കുളിപ്പിക്കും പുതിയ വസ്ത്രം ധരിപ്പിക്കും. അമ്പലത്തിൽ കൊണ്ടുപോയി പ്രാർത്ഥിപ്പിക്കും. വഴിപാടുകൾ കഴിപ്പിക്കും. പിന്നെ പ്രസാദവും വാങ്ങി വീട്ടിലേക്ക്. 

വൃശ്ചികത്തിലെ പൂരാടം അന്നാട്ടുകാർക്കൊക്കെ പരിചിതമാണ്. കുട്ടികൾക്കെല്ലാം തന്റെ വീട്ടിലാണ് അന്ന് ഉച്ചയൂണ്.
മുത്തശ്ശി തന്റെ കൈയും പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ആരെങ്കിലും ചോദിക്കും
ദേവകിയേടത്തിയേ… മീര കുട്ടിക്കിത് എത്രയാ വയസ്?
മുത്തശ്ശി ഒന്നും മിണ്ടില്ല. പിറന്നാൾ ദിവസം ആരും വയസ് ചോദിക്കുന്നത് മുത്തശ്ശിക്ക് ഇഷ്ടമല്ല.
ഒരിക്കൽ തന്റെ പതിമൂന്നാം പിറന്നാളിന് മുത്തശ്ശി പടിഞ്ഞാറെ വീട്ടിലെ മജീദിനെ ശാസിച്ചതോർമ്മയുണ്ട്.
”ഇയ്യ് എത്രയിലാ കുട്ടിയെ പഠിക്കണേ?”
വഴിയിൽ വച്ച് മജീദ് ചോദിച്ചു.
”എട്ടാം ക്ലാസിൽ.”
താൻ പറഞ്ഞു.
”അന്നെ കൊടുക്കാറായല്ലോ പെണ്ണേ. ആലോചന ഒന്നും ഇല്ലേ ദേവക്യേടത്തിയേ?”
മജീദ് ചോദിച്ചു.
”ഫ” മുത്തശ്ശി ഒരാട്ടായിരുന്നു.
പിന്നെ പറഞ്ഞതൊന്നും തനിക്ക് ഓർമ്മയില്ല പക്ഷേ ഒന്നുറപ്പാണ് മജീദിന് അന്ന് കണക്കിന് കിട്ടി.
മുത്തശ്ശി എന്തിനാണ് മജീദിനോട് അത്രമാത്രം ദേഷ്യപ്പെട്ടത് എന്ന് താൻ ഓർക്കാറുണ്ട്.
മാടുകളെപോലെ പെൺകുട്ടികളെ പിടിച്ചു കൊടുക്കുന്ന രീതി തന്റെ നാട്ടിൽ അന്ന് പതിവായിരുന്നല്ലോ. എട്ടും പൊട്ടും തിരിയാത്ത പെൺകിടാങ്ങൾ മണിയറയിലെ ഇരുട്ടിനിടയിൽ ശ്വാസം മുട്ടിയത് ജീവിതം എന്തെന്നറിയുമ്പോഴേക്കും അമ്മമാരായത്. 

ബാല്യം എന്നത് അവർക്ക് ക്ഷണ നേരത്തെ കിനാവ് മാത്രം. കൗമാര സ്വപ്നങ്ങൾ അവർക്ക് ഇല്ലായിരുന്നു. താൻ പഠിക്കാൻ പോകുമ്പോൾ തന്റെ കൂട്ടുകാർ കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത് വഴിയോരത്ത് കാത്തുനിന്നത് ഓർമ്മയുണ്ട്. എട്ടാം ക്ലാസിലെ പ്രിയ കൂട്ടുകാരി ആമിനയുടെ മകൻ ഇപ്പോൾ ഡിഗ്രിക്കാണ്. അവളുടെ ഗൾഫുകാരൻ പുതിയാപ്ലയെ കാണാൻ ഞങ്ങൾ കൂട്ടുകാരികൾ പോയത് ഓർമ്മയുണ്ട്. ആമിനയുടെ വാപ്പയോളം പ്രായം ഉണ്ടായിരുന്നു പുതിയാപ്ലക്ക്. അതുകണ്ട് അമ്മ കരഞ്ഞത് താൻ ഇന്നും ഓർക്കുന്നു.
താൻ പിന്നെയും ഒരുപാട് പഠിച്ചു. പക്ഷേ പഠനത്തിനൊന്നും ജീവിതത്തിൽ ഒരു പ്രാധാന്യവും ഇല്ലെന്ന് പലപ്പോഴും തോന്നും. ഇന്ന് നഗരത്തിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബത്തിലെ മരുമകളാണ് താൻ. ബിസിനസിൽ ഭർത്താവിന്റെ തിരക്കുകളുടെ ഭാരം കുറയ്ക്കുന്ന പ്രിയപത്നി. പക്ഷേ ഇപ്പോൾ ഭാരം തന്റെ തലയ്ക്ക് താങ്ങാവുന്നതിലും അധികമാണ്. വിറ്റു വരവുകളുടെയും ലാഭനഷ്ടങ്ങളുടെയും കണക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതം ആരും കാണുന്നേയില്ല.
എങ്കിലും ഇന്ന് തനിക്ക് ഒരാഗ്രഹം. ഒരു പ്രഥമനുണ്ടാക്കണം. സഹായത്തിനു വരുന്ന സ്റ്റെല്ലയും തനിക്കൊപ്പം കൂടി. സുധിയേട്ടന് പ്രഥമൻ വലിയ ഇഷ്ടമാണ്. താൻ ഉണ്ടാക്കുന്ന പ്രഥമന് മുത്തശ്ശിവയ്ക്കുന്ന പ്രഥമനോളം രുചി പോരാ. മുത്തശ്ശിക്ക് എല്ലാത്തിനും പ്രത്യേകം കണക്കുകളുണ്ട്. അമ്മയെപ്പോലും അക്കാര്യത്തിൽ അടുപ്പിക്കാറില്ല. അമ്മ സഹായത്തിന് ചെന്നാൽ പറയും,
”യ്യ്ങ്ങട് മാറി നിൽക്കെന്റെ കല്യാണ്യേ… ന്റെ കുട്ടീടെ പൊറന്നാളിന് പായസം ഞാനന്നെ വച്ചാലേ ശര്യാവൂ.”
അമ്മ ഒന്നും മിണ്ടില്ല കറികൾ വയ്ക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കും. അല്ലെങ്കിലുംമൗനം ആയിരുന്നല്ലോ എന്നും അമ്മയുടെ ആയുധം. അതോ അച്ഛന്റെ ഗംഭീര ശബ്ദത്തിനിടയിൽ അമ്മയുടെ നേർത്ത ശബ്ദം കേൾക്കാതെ പോയതോ? അറിഞ്ഞുകൂടാ…
എങ്കിലും ആ മൗനത്തിനിടയിൽ തന്നോടുള്ള ഒരുപാട് സ്നേഹം അമ്മ ഒളിപ്പിച്ചുവച്ചിരുന്നു. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ ഇന്ന് മക്കളോട് പോലും തനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ കഴിയാറില്ല. അതിനിടയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അച്ഛനെയും അമ്മയെയും താൻ ബോധപൂർവം മറക്കുന്നു.
ഒരിക്കലും മുത്തശ്ശിയെ പിരിയേണ്ടി വരില്ല എന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പക്ഷേ അധികം വൈകാതെ അതൊരു തെറ്റിദ്ധാരണയാണെന്ന് മീര തിരിച്ചറിഞ്ഞു, വേദനയോടെ.
ഡിഗ്രി പഠനത്തിന് പാലക്കാട് പ്രശസ്തമായ ഒരു കോളജിലേക്ക് തന്നെ പറിച്ചു നട്ടപ്പോൾ അവിടെ വേരുറയ്ക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. പുസ്തകവും ബാഗുകളുമായി പടിയിറങ്ങുമ്പോൾ നിറകണ്ണുകളോടെ മുത്തശ്ശി ഉണ്ടായിരുന്നു ഉമ്മറത്ത്. പക്ഷേ അത് ജീവിതത്തിലെ ഏറ്റവും വലിയ വേർപിരിയലിന്റെ ആരംഭം ആകുമെന്ന് അന്ന് തിരിച്ചറിഞ്ഞതേയില്ല.
പിന്നെ പഠനത്തിന് തിരക്കുകൾക്കിടയിൽ മുത്തശ്ശിയെ മറന്നു, മുത്തശ്ശിയുടെ കാത്തിരിപ്പുകളെ മറന്നു. കൂട്ടുകാരായിരുന്നു പിന്നത്തെ ലോകം. പക്ഷേ പാതി വഴിയിൽ വച്ച് യാത്ര പറയുന്ന കൂട്ടുകാരും ഒരു വേദനയായി.
അതിനിടയിൽ എപ്പോഴാണ് താൻ ശ്യാമിനെ ഇഷ്ടപ്പെട്ടത് അറിഞ്ഞുകൂടാ. അല്ലെങ്കിൽ തന്നെ ഓർമ്മവച്ച കാലം മുതൽ ആ ഇഷ്ടം ഉള്ളിൽ തന്നെ ഇല്ലേ. ഇന്നും…? 

വീട്ടിലെ കാര്യസ്ഥന്റെ മകൻ. അച്ഛൻ കേട്ടതേ എതിർത്തു. അഗ്നിയെരിയുന്ന അച്ഛന്റെ കണ്ണുകൾക്ക് മുന്നിൽ അമ്മ ചൂളി നിന്നു. മുത്തശ്ശിക്ക് ശ്യാമിനെ ഇഷ്ടമായിരുന്നു. പക്ഷേ…
അച്ഛൻ പെട്ടെന്നാണ് ബ്രോക്കർ ശിവരാമൻ നായരെ കൊണ്ട് തനിക്ക് കല്യാണാലോചനകൾ കൊണ്ടുവന്നത്.
തൃശ്ശൂരു നിന്നും വന്ന ആലോചനയായിരുന്നു സുധിയേട്ടന്റെത്. അച്ഛന് ആ ആലോചന നന്നെ ബോധിച്ചു. എംബിഎ കാരൻ, ഇട്ടു മൂടാൻ സ്വത്തുള്ള ഒറ്റ മകൻ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ശ്യാമിനെ മറന്നു മറ്റൊരാളുടെ ഭാര്യയായി. തന്റെ മനസ്സിന്റെ വേദന ഏറ്റെടുത്തത് മുത്തശ്ശിയാണ്. ആ വേദന താങ്ങാത്തതിനാലാവണം ആ കൊല്ലം തുലാമാസത്തിൽ മുത്തശ്ശി പോയി. വൃശ്ചികത്തിലെ പൂരാടത്തിന് കാത്തു നിൽക്കാതെ.
കാറിന്റെ ശബ്ദം കേട്ടപ്പോഴാണ് സുധിയേട്ടൻ ഇതുവരെ വന്നില്ലല്ലോ എന്നോർത്തത്.
വാതിൽ തുറന്നതും മനം മടുപ്പിക്കുന്ന മദ്യത്തിന്റെ ഗന്ധം മൂക്കിൽ തുളഞ്ഞു കയറി.
”നീ ഫുഡ് കഴിച്ചോ?”
സുധിയേട്ടൻ ചോദിച്ചു.
”ഇല്ല, സുധിയേട്ടൻ വരാൻ കാത്തിരുന്നു.”
”നീ കഴിച്ചിട്ട് കിടക്ക് എനിക്ക് വല്ലാത്ത ക്ഷീണം, ബിസിനസ് മീറ്റിങ്. അല്പനേരം ഞാനൊന്നു കിടക്കട്ടെ.”
”പ്രഥമൻ ഉണ്ടാക്കീട്ട്ണ്ട്.”
താൻ ആരോടെന്നില്ലാതെ പറഞ്ഞു.
”എന്താ വിശേഷിച്ച്… ?”
”ഇന്ന് വൃശ്ചികത്തിലെ പൂരാടം.”
അയാൾ സ്റ്റെയർകെയ്സ് കയറി പോകുന്നത് നോക്കി നിൽക്കുന്നതിനിടയിൽ മുഖത്തൊലിച്ചിറങ്ങിയ കണ്ണുനീർ യാന്ത്രികമായി തുടച്ചു കളഞ്ഞു മീര. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.