‘ഒരിക്കൽ വഖഫ്, എപ്പോഴും വഖഫ്’ എന്ന അലിഖിത നിയമത്തിനു കീഴില്‍ ഇന്ത്യയില്‍ ഒമ്പത് ലക്ഷത്തിലധികം ഏക്കർ ഭൂമിയുണ്ട്. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം വഖഫ് ഭൂമിയിലാണ് എന്നവകാശപ്പെട്ട ഓള്‍ ഇന്ത്യ യുണെെറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി ബദറുദ്ദീൻ അജ്മലിനെ കുറ്റപ്പെടുത്താനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘ചെങ്കാേലി‘ന് ഒരു വെല്ലുവിളിയാണത്. രാജ്യത്തുടനീളമുള്ള വഖഫ് ഭൂമി മുഴുവനും ഒറ്റ ഭൂപ്രദേശമായിരുന്നെങ്കിൽ, ഒരു പ്രത്യേക വഖഫ് രാജ്യം തന്നെ പ്രഖ്യാപിക്കാനാകും. പക്ഷേ, വഖഫ് രാജ്യത്തിനായി പാർലമെന്റ് കെട്ടിടം പണിയേണ്ട ആവശ്യമില്ല. കാരണം വഖഫ് സ്വത്തുക്കൾ ഇന്ത്യയുടെ നീളത്തിലും പരപ്പിലുമായി ചിതറിക്കിടക്കുകയാണ്. അതിൽ നദികൾ, തടാകങ്ങൾ, കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, നീരുറവകൾ, മലകൾ, കുന്നുകൾ, നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ ‘കബര്‍സ്ഥാനുകളും’ ഏക്കർ കണക്കിന് മസ്ജിദ് ഭൂമികളും. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനും മുസ്ലിങ്ങൾക്ക് അല്ലാഹുവിന്റെ ഔദാര്യത്തിൽ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുകയാണെന്ന് ബദ്‌റുദ്ദീൻ അജ്മൽ മാത്രമല്ല, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സമാജ്‌വാദി പാർട്ടിയുടെ അബു ആസ്മിയും ആരോപിക്കുന്നു. എന്തിനാണ് വഖഫ് ബോർഡ് ഭേദഗതി ബിൽ 2024? തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വോട്ടർമാരെ ധ്രുവീകരിക്കാനാണോ? എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്.
മുസ്ലിം സ്ത്രീകളുടെ വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് മോഡി സർക്കാർ മുത്തലാഖ് നിയമം കൊണ്ടുവന്നത്. അത് പൂർണമായും വിജയിച്ചില്ല. വഖഫ് ബോർഡ് നിയമത്തിന്റെ നിലവിലെ അവസ്ഥയിൽ നിന്ന് പ്രയോജനം ലഭിക്കുന്ന മുസ്ലിങ്ങളെയും അല്ലാത്ത മുസ്ലീങ്ങളെയും വേർതിരിക്കാനും വിഭജിക്കാനുമുള്ളതാണ് വഖഫ് ബോർഡ് ഭേദഗതി ബിൽ 2024. ബിജെപിക്ക് മുസ്ലിം വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള നരേന്ദ്ര മോഡിയുടെ മറ്റൊരു ശ്രമവുമാണിത്. ഇസ്ലാമിലെ വിഘടിത വിഭാഗങ്ങൾക്ക് വഖഫ് ആനുകൂല്യങ്ങൾ ലഭിക്കണമെന്നും ഒരു ദിവസം അവര്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും മോഡി ആഗ്രഹിക്കുന്നു. പക്ഷേ അത് വിജയിക്കാനിടയില്ല. വഖഫ് വോട്ടെടുപ്പ് പരിഗണനകൾക്ക് അതീതമാണ്. അത് ഇന്ത്യയുടെ ക്രമാനുഗതമായ വിനിയോഗവുമായി ബന്ധപ്പെട്ടതും നിത്യേന പുരോഗമിക്കുന്ന പ്രക്രിയയുടെ ഭാഗവുമാണ്. അതിന്റെ അനന്തരഫലങ്ങൾ ഏതാനും ചില ലക്ഷ്യങ്ങൾ മാത്രമേ നേടിയിട്ടുള്ളൂ. വിഭജനത്തിന് ശേഷം എല്ലാ മുസ്ലിങ്ങളും പാകിസ്ഥാനിലേക്ക് ട്രെയിൻ കയറിയില്ല. പലായനം ചെയ്തവരുടെ വീടും സ്ഥലവും ഇവിടെ ഒഴിഞ്ഞുകിടന്നു.
മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ വിഭജനം. പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ് വിഭാഗങ്ങളുടെ വീടുകളും ഭൂമിയും ഇന്ത്യയിൽ നിന്നെത്തുന്ന മുസ്ലിങ്ങൾക്ക് നൽകിയപ്പോൾ, അതേ തത്വം ഇവിടെ പ്രയോഗിക്കപ്പെട്ടില്ല. ഇന്ത്യയിൽ അവശേഷിച്ചവരില്‍ ‘മതേതര മുസ്ലിങ്ങളും’ ഉണ്ടായിരുന്നു. മിക്കവാറും ഒഴിഞ്ഞുപോയവരുടെ സ്വത്തുക്കളും വഖഫ് ബോർഡിന് ലഭിച്ചു. ബദ്‌റുദ്ദീൻ അജ്മലും അസദുദ്ദീൻ ഒവൈസിയും പാർലമെന്റ് ഹൗസും ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഉൾപ്പെടെ ഡൽഹിയുടെ 60ശതമാനവും വഖഫ് ഭൂമിയാണെന്ന് അവകാശവാദമുന്നയിക്കുന്നു. എംപിമാർ വാടക നൽകണമെന്നാണ് സമാജ്‌വാദി പാർട്ടിയുടെ അബു ആസ്മി ആവശ്യപ്പെട്ടത്.
‘പീസ് പാർട്ടി‘യുടെ ഷദാബ് ചൗഹാൻ പറഞ്ഞത് “വിഷമിക്കേണ്ട, ഞങ്ങൾ വാടക ഒഴിവാക്കും” എന്നാണ്. ലളിതമായി പറഞ്ഞാൽ, ഇസ്ലാമിക നിയമത്തിന് കീഴിൽ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന ഏതൊരു വസ്തുവിനെയും വഖഫ് എന്ന് സൂചിപ്പിക്കുന്നു. ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അതിന്റെ ഉടമാവകാശം അപ്രസക്തമാകും. ഈ പ്രശ്നം പരിഹരിക്കാനാണ് ബില്ലിലെ ഭേദഗതികൾ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏകദേശം 30 വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലാണ് ഒമ്പത് ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍. ഇതിന്റെ മൂല്യം ഏതാണ്ട് 1.2 ലക്ഷം കോടി രൂപയാണ്. റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയായി വഖഫ് ബോർഡുകൾ മാറി. വഖഫ് സ്വത്താണോ സർക്കാർ ഭൂമിയാണോ എന്ന കാര്യത്തിൽ ജില്ലാ കളക്ടറെ മധ്യസ്ഥനാക്കാനാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. 1995ലെ നിയമത്തിൽ വഖഫ് ട്രിബ്യൂണലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. ഈ അധികാരം സ്വത്ത് തട്ടിയെടുക്കാൻ നിക്ഷിപ്ത താല്പര്യക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. മുസ്ലിം അവാന്തരവിഭാഗങ്ങളായ ബൊഹ്റകൾക്കും അഗാഖാനികൾക്കുമായി പ്രത്യേക ബോർഡ് രൂപീകരിക്കാനും, വഖഫ് ബോർഡുകളിൽ ഷിയ, സുന്നി, ബൊഹ്‌റ, അഗാഖാനി എന്നിവർക്ക് പ്രാതിനിധ്യം നൽകാനും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ നിയമിക്കുന്ന ഓഡിറ്റർ മുഖേന ഏത് വഖഫിന്റെയും ഓഡിറ്റിന് നിർദേശം നൽകാനുള്ള അധികാരം കേന്ദ്രത്തിന് ലഭിക്കുക എന്നതും നിയമനിർമ്മാണം ലക്ഷ്യമിടുന്നു. (ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.