23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 11, 2023
March 18, 2023
March 15, 2023
March 15, 2023
March 14, 2023
March 9, 2023
March 8, 2023
March 5, 2023

മാലിന്യ സംസ്കരണം: സമഗ്രപദ്ധതി ആവിഷ്കരിക്കണം

സത്യന്‍ മൊകേരി
വിശകലനം
March 15, 2023 4:30 am

മാലിന്യം മനുഷ്യജീവിതത്തെ ദുഃസഹമാക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഇപ്പോള്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റ്. രാജ്യത്തിന് മാതൃകയായി ഒട്ടേറെ മേഖലയില്‍ കേരളം ഉയര്‍ന്നുവന്നിട്ടുണ്ട്. വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന നിലയില്‍ വിവിധ മേഖലകളില്‍ കേരളം കെെവരിച്ച നേട്ടങ്ങളില്‍ നമു‌ക്ക് അഭിമാനിക്കാവുന്നതാണ്. അതിന് നേതൃത്വം നല്കിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വിവിധ ഘട്ടങ്ങളിലായി അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റുകളുമാണ്. കേരള മോഡല്‍ വികസനം രാജ്യത്ത് ചര്‍ച്ചാവിഷയമായി. കേരളം നടപ്പാക്കിയ ബദല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായി ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നുണ്ട്. അത്തരം സന്ദര്‍ഭത്തിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രധാനപ്പെട്ട വിഷയമായി ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ബ്രഹ്മപുരം പ്ലാന്റ് 110 ഏക്കര്‍ സ്ഥലത്താണ് സ്ഥാപിച്ചത്. കൊച്ചി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും സംഭരിച്ച് സംസ്കരിക്കുക എന്ന ലക്ഷ്യം വച്ചാണ് ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം നല്കിയത്. അത് പൂര്‍ണമായും പരാജയപ്പെട്ടു. കേരളത്തെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ‘ക്ലീന്‍ കേരള’ പദ്ധതിക്ക് രൂപം നല്കിയപ്പോള്‍ എവിടെയാണ് അടിതെറ്റിയതെന്ന് സൂക്ഷ്മമായ പരിശോധന നടത്തണം. ആധുനിക കാലത്ത് മാലിന്യ നിര്‍മ്മാര്‍ജനം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതുപോലെ, ഒരുപക്ഷെ അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യമായി മാലിന്യം സംസ്കരിക്കുന്ന വിഷയം മാറിയിട്ടുണ്ട്. അത് മുന്നില്‍ക്കണ്ടുതന്നെ കേരളത്തില്‍ മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയതാണ്.

ഉറവിടങ്ങളില്‍ത്തന്നെ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ആവശ്യമായ സാമൂഹ്യാവബോധം വളര്‍ത്തിക്കൊണ്ട് വരുന്നതിനായി നിരവധി പ്രചരണങ്ങള്‍ സംസ്ഥാനത്ത് നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രയത്നങ്ങള്‍ക്ക് പിന്നില്‍ ജനങ്ങള്‍ അണിനിരക്കുകയും ചെയ്തതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന വിപുലമായ ക്യാമ്പയിനും ശ്രദ്ധിക്കപ്പെട്ടു. അതിനൊന്നും ഫലം കാണാന്‍ കഴിഞ്ഞില്ല എന്നതാണ് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കൊച്ചി നഗരത്തില്‍ നിന്നും വളരെയകലെ അല്ലാത്ത ബ്രഹ്മപുരത്ത് കൊച്ചി കോര്‍പറേഷന്റെ കെെവശമുള്ള സ്ഥലത്താണ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചി കോര്‍പറേഷന്‍ കൂടാതെ അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, നഗരസഭകളുടെ പരിധിയില്‍ നിന്നും ചേരാനല്ലൂര്‍, കുമ്പളങ്ങി, വടവുകോട്, പുത്തന്‍ കുരിശ് പഞ്ചായത്തുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ബ്രഹ്മപുരത്ത് സംസ്കരിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും 306 ടണ്‍ മാലിന്യമാണ് എത്തിച്ചേരുന്നത്. അതില്‍ 206 ടണ്‍ ജെെവവും 100 ടണ്‍ അല്ലാത്തതുമായ മാലിന്യമാണ്. ഒരു ദിവസം 32 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യം മാത്രമാണ് ബ്രഹ്മപുരത്ത് ഇപ്പോള്‍ ഉള്ളത്. ദിവസം എത്തുന്ന മാലിന്യങ്ങളില്‍ 274 ടണ്‍ വീതം മാലിന്യവും സംസ്കരിക്കാതെ ദിവസംതോറും കുമിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ഉറവിടത്തില്‍ നിന്നും മാലിന്യം വേര്‍തിരിക്കുന്നതിനുള്ള കാഴ്ചപ്പാടോടെ പദ്ധതിക്ക് രൂപം നല്കുന്നതില്‍ വിജയം കെെവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ കാരണം എന്താണ്? ഇതൊക്കെ പരിശോധിക്കപ്പെടണം. ജെെവം, പ്ലാസ്റ്റിക്ക്, ഇതര ഖര മാലിന്യങ്ങള്‍ ഇവ ഉറവിടത്തില്‍ നിന്നും വേര്‍തിരിച്ച് പ്രത്യേകം ബാഗുകളിലാക്കി, സംസ്കരിക്കുന്ന കേന്ദ്രത്തില്‍ എത്തിക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികളുടെ ലക്ഷ്യം കെെവരിക്കുന്നതിന് തടസം ഉണ്ടാക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ബ്രഹ്മപുരം നമുക്ക് പാഠമാകണം


ഇതോടൊപ്പം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തെക്കുറിച്ചും ആഴത്തിലുള്ള പരിശോധനയും പരിഹാരവും ഉണ്ടാകണം. മാലിന്യ നിര്‍മ്മാര്‍ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്. അത് നിര്‍വഹിക്കുവാന്‍ അവരെ പ്രാപ്തമാക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്തം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്കി, പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സജ്ജരാക്കുകയാണ് വേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുമായി ഏറെ അടുത്തു പ്രവര്‍ത്തിക്കുന്ന ഭരണ സ്ഥാപനങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സദാസമയം ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ജനസമ്മതിയുള്ള ജനപ്രതിനിധികളുമാണ്. മാലിന്യവിമുക്തമായ കേരളത്തെ രൂപപ്പെടുത്തുന്നതിനായി രൂപം നല്കിയ ഹരിത കര്‍മ്മസേന അവരുടെ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ്. അവരെ വിശ്വസിക്കാതെ അവരുടെ മുകളിലൂടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിശ്വസിക്കാതെ, അവരെ പ്രാപ്തരാക്കി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കാതെ കേന്ദ്രീകൃതമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നില്ല. ബ്രഹ്മപുരത്തെ അനുഭവത്തില്‍ നിന്നും പഠിക്കാന്‍ തയാറാകണം. വന്ന വീഴ്ചകള്‍ എന്തൊക്കെയാണ്? എന്താണ് പരിഹാരം? ഇതൊക്കെ ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. അത്തരം നടപടികളിലൂടെ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം. നിരവധി ദിവസങ്ങളായി കൊച്ചി നഗരം വിഷപ്പുകയാല്‍ നിറഞ്ഞിരിക്കുകയാണ്. വിഷപ്പുക ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് നഗരവാസികള്‍. രോഗികളും വൃദ്ധജനങ്ങളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഇതിനകം വന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്.

കൊച്ചി നഗരത്തില്‍ നിന്നും പലരും രക്ഷപ്പെടുകയാണ്. ഓടിപ്പോകാന്‍ ഇടം ഉള്ളവര്‍ക്കേ അതിന് കഴിയൂ. ഇടമില്ലാത്തവര്‍ എന്തുചെയ്യും. ശ്വാസംമുട്ടി വാവിട്ട് കരയുന്ന ജനങ്ങളാണ് കൊച്ചിയിലുള്ളത് എന്നത് ഓര്‍ക്കണം. ശാശ്വതമായ പരിഹാരം എന്താണ് എന്ന് ചിന്തിക്കണം. ഹെെക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട ഹെെക്കോടതി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതോടെ വിഷയം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനവും ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഈ വിഷയത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് ഹെെക്കോടതി ആരാഞ്ഞിട്ടുണ്ട്. പോരായ്മകള്‍ എവിടെയാണ് ഉണ്ടായത് എന്ന് അതിലൂടെ മനസിലാക്കാന്‍ കഴിയും. മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്റ്റിക് സംസ്കരിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയില്ല, ആധുനിക യന്ത്രസംവിധാനങ്ങള്‍ ഇല്ലാതെ പോയി, വെെദ്യുതി ഉല്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചില്ല, മാലിന്യം സൂക്ഷിക്കാനുള്ള ഇടമാക്കി മാത്രം ബ്രഹ്മപുരത്തെ മാറ്റി, ആവശ്യമായ ഉയരത്തില്‍ പ്ലാന്റ് നിര്‍മ്മിച്ചില്ല, പദ്ധതി നടത്തിപ്പില്‍ ആവശ്യമായ നിരീക്ഷണവും പരിശോധനയും നടത്തിയില്ല, അഴിമതികള്‍ ഉണ്ടായി തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ വിവിധ വിഭാഗം ജനങ്ങളും പത്രങ്ങളും ബഹുമാനപ്പെട്ട ഹെെക്കോടതിയും ഇതിനകം പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തുറന്ന മനസോടെ പരിശോധിക്കണം. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ ഗൗരവത്തോടെ കാണണം. കേരളത്തിലെ സാംസ്കാരിക‑സാമൂഹ്യ മേഖലയിലെ നിരവധി പ്രമുഖര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഗൗരവമേറിയതാണ്. പ്രൊഫസര്‍ എം കെ സാനു, സിനിമാനടന്‍ മമ്മൂട്ടി, കഥാകൃത്ത് ടി പത്മനാഭന്‍ തുടങ്ങി നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ വേദനകളാണ് പ്രകടിപ്പിച്ചത്. അതൊക്കെ കേരളത്തിലെ ജനങ്ങളുടെ ദുഃഖങ്ങളും പ്രതിഷേധങ്ങളുമാണ്. തെറ്റുകളും പോരായ്മകളും പരിഹരിച്ച് മുന്നോട്ടുപോകാനാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള നടപടികള്‍ വെെകാതെ ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.