24 September 2024, Tuesday
KSFE Galaxy Chits Banner 2

ആലപ്പുഴ ബീച്ചില്‍ തിരമാലക്കൊത്ത് ഉയരുന്ന പാലം

ഡാലിയ ജേക്കബ്
ആലപ്പുഴ
January 18, 2022 9:16 pm

തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിങ്പാലം ആലപ്പുഴ ബീച്ചിൽ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പാലം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും. തുറമുഖ വകുപ്പിന്റെ അനുമതിയോടെ തൃശൂർ സ്വദേശികളായ നാല് യുവ സംരംഭകർ ആരംഭിച്ച സ്വകാര്യ കമ്പനിയാണ് ഫ്ലോട്ടിംഗ് പാലം രംഗത്തെത്തിച്ചിരിക്കുന്നത്. 

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെൻസിറ്റി പോളി എത്തലിൻ (എച്ച്ഡിപിഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമാണം. രണ്ടുമീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്. ഇത്തരം പാലങ്ങൾ വിദേശരാജ്യങ്ങളിലും ആൻഡമാൻ, ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിലും മാത്രമാണ് ഉള്ളത്. നീലനിറത്തിലെ ചതുരാകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ബ്ലോക്കിന്റെ ഓരോ വശത്തെയും കൊളുത്തുകൾ സംയോജിപ്പിച്ചും അവയുടെ മുകളിൽ കൈവരികൾ സ്ഥാപിച്ചുമാണ് പാലം തീർക്കുന്നത്. തിരയിൽ ഇളകുന്നപാലത്തിന് ഒരേ സമയം 1000 പേരെ ഉൾക്കൊള്ളാനാകുമെന്ന് സംരംഭകൻ പിബി നിഖിൽ ജനയുഗത്തോട് പറഞ്ഞു.

പാലത്തിന് ഒരുസ്ക്വയർ മീറ്ററിൽ 350 കിലോഗ്രാം ഭാരം വരെ താങ്ങാൻ കഴിയുന്ന ബ്ലോക്കുകളാണുള്ളത്. ആകെ 356 സ്ക്വയർമീറ്റർ ദൂരത്തിലുള്ള പാലത്തിന് ഒരുലക്ഷത്തിന് മുകളിൽ കിലോഗ്രാം ഭാരം താങ്ങാൻ ശേഷിയുണ്ട്. സുരക്ഷ മുൻനിർത്തി വശങ്ങളിൽ കൈവരികളുമുണ്ടാകും. കടലിലേക്ക് ഇറങ്ങുന്ന ഭാഗത്ത് നിർമിക്കുന്ന പ്ലാറ്റ്ഫോമിലിരുന്ന് കടൽ കാഴ്ചയും ആസ്വദിക്കാം. ഒരാൾക്ക് 200 രൂപ എന്ന നിരക്കാണ് കമ്പനി പരിഗണിക്കുന്നത്. 50 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന പാലത്തിൽ തുടക്കത്തിൽ രാവിലെ 10 മുതൽ രാത്രി ഏഴുവരെ ഒരേസമയം 100പേർക്ക് പ്രവേശനം അനുവദിക്കും. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, റിങ്, ഡ്രൈവർമാർ, റസ്ക്യൂ ബോട്ട് എന്നിവയുണ്ടാകും. ഫ്ലോട്ടിങ് പാലത്തിന്റെ നിർമാണരീതി നേരിൽ കാണാൻ നിരവധി പേരാണ് ആലപ്പുഴയിൽ എത്തുന്നത്. 

തൃശൂർ സ്വദേശികളായ പി ബി നിഖിൽ, പി ടി റോബിൻ, വിഷ്ണുദാസ്, ആൽവിൻ എന്നീ യുവസംരംഭകരുടെ നേതൃത്വത്തിൽ പിറവിയെടുത്ത ക്യാപ്ചർ ബേയ്സ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് എന്ന ആശയം കൊണ്ടുവന്നത്. തുറമുഖ വകുപ്പുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലാഭത്തിന്റെ 15 ശതമാനം വിഹിതം സർക്കാരിനുള്ളതാണ്. അടുത്ത ഒരു വർഷം ഫ്ലോട്ടിംഗ് പാലം ആലപ്പുഴ ബീച്ചിലുണ്ടാവും. തുടർന്ന് മറ്റ് ജില്ലകളിലെ തീരങ്ങളിലുമെത്തും. ആലപ്പുഴ എം എൽ എ പി പി ചിത്തരഞ്ജൻ, മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു, പോർട്ട് ഓഫീസർമാരായ അശ്വനി പ്രതാപ്, എബ്രഹാം കുര്യൻ എന്നിവർ നൽകിയ പിന്തുണയാണ് ആദ്യ അവസരം ആലപ്പുഴയിൽ ലഭിക്കാൻ കാരണമെന്ന് സംരംഭകർ പറയുന്നു. 

ENGLISH SUMMARY:Wave ris­ing bridge at Alap­puzha beach
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.