“വഴി തടയുന്നോരേയിവിടെ വീരപഴശി ജീവിച്ച ഊർജമുണ്ട് ടിപ്പു സുൽത്താന്റെ കുതിരക്കുളമ്പടി ശബ്ദം കേൾക്കാം നമുക്ക്…. തളരാത്ത വീര്യമുള്ള ജനതയുണ്ടിവിടെ, പൂർവ സംസ്കാരത്തിൻ ശിലാലിഖിതങ്ങളുണ്ടിവിടെ” കവി ടി കെ ഹരിദാസന്‍ വയനാടിനെക്കുറിച്ച് ഈ കവിതാശകലം കുറിച്ചു.
സംസ്കാരത്തിന്റെ ശിലാലിഖിതങ്ങൾ ഉൾച്ചേർന്ന പോരാട്ടത്തിന്റെ, സഹനത്തിന്റെ തീഷ്ണതയുടെ കുതിരക്കുളമ്പടികൾ ഉച്ചൈസ്തരം ഉദ്ഘോഷിച്ച മണ്ണാണ് വയനാട്. ആ നാടിന്റെ രോദനം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. പ്രളയദുരന്തത്തില്‍ പെട്ടുപോയ അനേകായിരങ്ങള്‍ക്കുമുമ്പില്‍ നാടകമാടിയ പ്രധാനമന്ത്രിയും അനുചരന്‍മാരും ദുരിതാശ്വാസമായി ഒരു നയാപൈസ നല്‍കാതെ കേരള ഭൂമിയെ വഞ്ചിച്ചു.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഇരുണ്ട അരാജകത്വ രാഷ്ട്രീയത്തിനെതിരായ ജനാധിപത്യ — മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വിധിയെഴുത്താവണം ഉപതെരഞ്ഞെടുപ്പിലെ വിരലമർത്തൽ. വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും കറുത്ത പതാക ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് അരങ്ങേറുന്നത്. അവരുടെ ഉറ്റചങ്ങാതിമാരായി കെ സുധാകരനും വി ഡി സതീശനും നയിക്കുന്ന യുഡിഎഫും മാറുന്നു.
തെരഞ്ഞെടുപ്പ് വാണിഭം ബിജെപി കൗശലപൂർവം നടപ്പാക്കുന്നുണ്ട്. കോടാനുകോടി രൂപ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി ജനാധിപത്യ പ്രക്രിയയെ ആസൂത്രിതമായി അട്ടിമറിക്കുവാനുള്ള ഫാസിസ്റ്റ് അജണ്ട രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മഞ്ചേശ്വരത്തും വയനാട്ടിലും കൊട്ടാരക്കരയിലും പത്തനംതിട്ടയിലും കോടികൾ ഒഴുകിയെത്തി. രണ്ട് ഹെലികോപ്റ്ററുകളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പാറിപ്പറന്നത് കോടികളുടെ പണപ്പെട്ടിയുമായാണ്. കൊടകരയിൽ ധർമ്മരാജൻ കൊണ്ടുവന്ന കോടികളുടെ പിന്നാമ്പുറക്കഥകൾ ഇപ്പോൾ പുറത്തുവരുന്നു. ബിജെപി ഓഫിസ് സെക്രട്ടറി, ചാക്കിൽ കൊണ്ടുവന്ന കോടാനുകോടികളെക്കുറിച്ച് വെളിപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരു കോടി കയ്യിട്ടുവാരിയെന്നും ഓഫിസ് സെക്രട്ടറി പറഞ്ഞു.
വസ്തുതകൾ വെളിപ്പെടുത്തിയപ്പോള്‍ ഓഫിസ് സെക്രട്ടറിയായിരുന്ന സതീശൻ ബിജെപി നേതാക്കൾക്ക് ചായ വാങ്ങുന്നവൻ മാത്രമായി മാറി. ചായ വാങ്ങിക്കൊടുക്കുന്നത് അപമാനമായി കാണുന്ന കേരളത്തിലെ ബിജെപി നേതാക്കൾ റെയിൽവേ സ്റ്റേഷനിൽ ചായവിറ്റുനടന്നു എന്ന് മേനി നടിക്കുന്ന ‘ചായ് കാ ഭായ് ’ എന്ന നരേന്ദ്ര മോഡിയുടെ വാചാടോപം അല്പമാത്രമെങ്കിലും ഓർമ്മിക്കണം. സംസ്ഥാന പ്രസിഡന്റാകാൻ എനിക്കെന്താണ് അയോഗ്യത എന്ന് ചോദിക്കുന്ന ശോഭാ സുരേന്ദ്രൻ കലഹവിപ്ലവം ഉയർത്തുകയാണ്. സംസ്ഥാന അധ്യക്ഷന്റെ മാറിടത്തിലേക്ക് ശരങ്ങൾ തൊടുക്കുകയാണ് ശോഭാ സുരേന്ദ്രൻ. കലഹം കനകത്തിന്റെ പേരിൽ മൂർച്ഛിക്കുകയാണ്; അധികാരസ്ഥാനത്തിലേക്കുള്ള കനകമോഹം.
‘കനകം മൂലം കലഹം കാമിനി മൂലം കലഹം’ എന്നതന്വർത്ഥമാക്കുന്ന വിധം ബിജെപിയിൽ കലഹം മൂർച്ഛിക്കുകയാണ്. ഞാൻ ദുർഗയായിരിക്കില്ല, കാളിയായി മാറും എന്ന് അലറിയ ശോഭാ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷയാവാൻ താൻ പരമയോഗ്യ എന്ന് പ്രഖ്യാപിക്കുക വഴി ആ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങളുടെ തിരശീല മറനീക്കി വെളിപ്പെടുകയാണ്.
കോടികളുടെ കുംഭകോണമാണ് കൊടകരയിൽ അരങ്ങേറിയത്. മഞ്ചേശ്വരത്തും കോടികളുടെ കളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അരങ്ങേറ്റപ്പെട്ടു. വയനാട്ടിൽ ദളിത് നേതാവായ സി കെ ജാനുവിന് കോടികൾ വിതരണം ചെയ്യുന്നതിൽ മുൻകൈ പ്രവർത്തനം നടത്തിയതും സുരേന്ദ്രനായിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായി. ദൃശ്യമാധ്യമങ്ങളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും പണമൊഴുക്കിന്റെ അധമരാഷ്ട്രീയം വെളിച്ചത്തുവന്നു. പണാധിപത്യം ജനാധിപത്യപ്രക്രിയയിൽ അധിനിവേശം നടത്തുന്നതിന്റെ ദുരൂഹ അജണ്ടയാണ് തെരഞ്ഞെടുപ്പ് അട്ടിമറി രാഷ്ട്രീയത്തിലൂടെ വ്യക്തമാകുന്നത്. ഭരണഘടനയും മതനിരപേക്ഷ മാനവിക മൂല്യങ്ങളും പണാധിപത്യത്തിലൂടെ തമസ്കരിക്കുകയാണ് ഫാസിസ്റ്റ് അജണ്ടകൾ പിൻപറ്റുന്ന അരാജക ശക്തികളുടെ കറുത്തകരങ്ങൾ. അവര്‍, ഭരണഘടന അനുവദിക്കുന്ന പൗരാവകാശത്തെയും മതനിരപേക്ഷ ബോധത്തെയും ജീവിക്കാനുള്ള ജനതയുടെ അവകാശങ്ങളെയും ക്രൂരമായി വേട്ടയാടുന്ന ഫാസിസ്റ്റ് പ്രവണതയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വയനാട്ടിലും ചേലക്കരയിലും പാലക്കാടും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വര്‍ഗീയ ഫാസിസത്തിനും കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരായ അതിശക്തമായ വിധിയെഴുത്താകണം. സംഘ്പരിവാറിന്റെ ശാഖകള്‍ക്ക് താന്‍ കാവലൊരുക്കിയെന്ന് പരസ്യപ്രസ്താവന നടത്തിയ കെ സുധാകരനും മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ ഛായാചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രണമിക്കുകയും ചെയ്ത വി ഡി സതീശനും നയിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ബിജെപിയുടെ ബി ടീമായാണ് വര്‍ത്തിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരവും ഒരേ ശബ്ദവും ഒരേ താളവുമാണിവിടെ.
2019ല്‍ അമേഠിയിലെ പരാജയഭീതിയില്‍ വയനാട്ടില്‍ മത്സരിക്കാനിറങ്ങിയ രാഹുല്‍ ഗാന്ധി എത്ര തവണ വയനാട്ടില്‍ വന്നൂ? വയനാട്ടിലെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുവാന്‍ എംപി ഉണ്ടായിരുന്നില്ല. ഇത്തവണ റായ്ബറേലിയില്‍ നിന്നു മത്സരിച്ചു വിജയിച്ചപ്പോള്‍ വയനാടിനെ കയ്യൊഴിഞ്ഞു. പകരം സഹോദരി പ്രിയങ്കയെ അവതരിപ്പിച്ചു. നമ്മുടെ മാധ്യമങ്ങള്‍ പ്രിയങ്കയുടെ സൗന്ദര്യപ്രഭയെയും കുടുംബമഹിമയെയും കുറിച്ച് നിരന്തരം വിവരിക്കുകയും എഴുതുകയും ചെയ്യുന്നു. വയനാട്ടിലെ സാധാരണ മനുഷ്യരെക്കുറിച്ച്, അവരുടെ വിഹ്വലതകളെക്കുറിച്ച് എഴുതുവാനും പറയുവാനും വലതുപക്ഷ മാധ്യമങ്ങള്‍ക്കാവുന്നില്ല.
ഉഗ്രപ്രളയത്തിന്റെയും ഉരുള്‍ദുരന്തത്തിന്റെയും ഇരകളായ വയനാട്ടിലെ പാവം മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കുവാന്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നില്ല. വിരുന്നുകാരനെപ്പോലെ വയനാടിന്റെ എംപിയായിരുന്ന രാഹുല്‍ഗാന്ധിയുടെ സഹോദരിയും വിരുന്നുകാരിയായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ തെളിഞ്ഞിരിക്കുന്നു. പ്രചരണത്തിനു പോലും നാലോ, അഞ്ചോ ദിനങ്ങള്‍മാത്രം വയനാട്ടില്‍ വന്ന പ്രിയങ്ക ഏങ്ങനെ വയനാട്ടിലെ കര്‍ഷക — ആദിവാസി അവശജനവിഭാഗങ്ങളുടെ ശബ്ദമുയര്‍ത്തും.
കര്‍ഷക പ്രക്ഷോഭത്തിന്റെ തീഷ്ണഭൂമിയാണ് വയനാട്. ആദിവാസി സമൂഹത്തിന്റെ ഉജ്വലപോരാട്ടവും വയനാട്ടിലെ മുത്തങ്ങയില്‍ അരങ്ങേറി. എ കെ ആന്റണി കേരള മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അതിക്രൂരമായാണ് ഭരണകൂട മര്‍ദനോപകരണങ്ങളാല്‍ ആദിവാസി പ്രക്ഷോഭത്തെ നേരിട്ടത്. സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും വേട്ടയാടി. ജോഗി എന്ന മനുഷ്യന്‍ ധീരരക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. ഈ ക്രൂര പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയവരാണ് വയനാടിനെ ഉന്മുഖമാക്കുമെന്ന പരിഹാസ്യത അവതരിപ്പിക്കുന്നത്.
കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിര സമരനായകനായ സത്യന്‍ മൊകേരി തെരഞ്ഞെടുപ്പില്‍ ജനവിധി തേടുമ്പോള്‍ സൗന്ദര്യമഹിമയ്ക്കും കുടുംബാധിപത്യത്തിനുമല്ല പ്രസക്തി. കര്‍ഷക ജനതയ്ക്കൊപ്പം, സാധാരണ മനുഷ്യരാശിക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തിനൊപ്പം ജനത നിലയുറപ്പിക്കും. പാലക്കാടും ചേലക്കരയിലും ബിജെപി — കോണ്‍ഗ്രസ് അതിഗൂഢ ബാന്ധവത്തിനെതിരെയും മതനിരപേക്ഷ മനസുകള്‍ വിധിയെഴുതും. വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണുനീര്‍ കാണാത്ത, രോദനം കേള്‍ക്കാത്ത ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മാനവശക്തി ശബ്ദിക്കാതിരിക്കുന്നതെങ്ങനെ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.