19 May 2024, Sunday

വേണം സമഗ്ര വന്യജീവി നിയമം

സജി ജോണ്‍
April 28, 2022 7:00 am

കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ രാജ്യത്ത് മനുഷ്യ‑വന്യജീവി സംഘർഷം വർധിച്ചു വരികയാണ്. കേരളവും അതിൽനിന്ന് ഒട്ടും ഭിന്നമല്ല. മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തി, അത്തരം 10,000ൽ അധികം സംഘർഷങ്ങളാണ് 2020–21 വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യജീവി ആക്രമണത്തിൽ നിരാലംബരായി മാറുന്നവർക്ക് ആശ്വാസം നല്കുന്നതിനുമുള്ള കർമ്മപദ്ധതികൾക്ക് മുന്തിയ പരിഗണന ആവശ്യമാണ്. സംസ്ഥാന സർക്കാരുകൾക്ക് അതിനാവശ്യമായ സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാരിനും ഉത്തരവാദിത്തമുണ്ട്. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിങ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ, 2021 ജനുവരിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. എന്നാൽ, 2021 ലെ വന്യജീവി (സംരക്ഷണം) നിയമ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ, വർധിച്ചുവരുന്ന മനുഷ്യ‑വന്യജീവി സംഘർഷം സംബന്ധിച്ച് കാര്യമായ നിർദേശങ്ങളൊന്നും ഉൾക്കൊള്ളിക്കാഞ്ഞത് വിമർശനത്തിന് ഇടയാക്കി. കഴിഞ്ഞ ഏപ്രിൽ 21ന്, ശാസ്ത്ര സാങ്കേതിക, വനം, പരിസ്ഥിതി മന്ത്രാലയത്തിനായുള്ള സ്റ്റാന്റിങ് കമ്മിറ്റി, ഭേദഗതി ബിൽ സംബന്ധിച്ച റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചപ്പോൾ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. മനുഷ്യ‑വന്യജീവി സംഘർഷത്തിന് ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം കാണുന്നതിന്, വിദഗ്‌ധർ ഉൾപ്പെട്ട ഒരു പ്രത്യേക ഉപദേശകസമിതിയെ നിയമിക്കണമെന്നാണ് കമ്മിറ്റി സർക്കാരിനോട് നിർദേശിച്ചിട്ടുള്ളത്. മനുഷ്യ‑വന്യജീവി സംഘർഷം ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി വളർന്നുവരുന്ന സാഹചര്യത്തിൽ, അതു ഫലപ്രദമായി നേരിടുന്നതിന് നിയമ പിൻബലം ഉണ്ടാകേണ്ടതാവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. വനം-വന്യജീവി വകുപ്പ് അടുത്തകാലത്ത് വ്യക്തമാക്കിയിട്ടുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ, 34,875 വന്യജീവി ആക്രമണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവഴി 1,233 മനുഷ്യ ജീവനുകൾ നഷ്ടമാകുകയും 6,803 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മധ്യ‑ഉത്തര വനമേഖലകളിലാണ് കൂടുതൽ ആക്രമണം ഉണ്ടായിട്ടുള്ളതെങ്കിലും സംസ്ഥാനം മുഴുവനും മനുഷ്യ‑വന്യജീവി സംഘർഷം നിലനിൽക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാട്ടാനയുടെ ആക്രമണമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. കാട്ടുപന്നി ആക്രമണങ്ങളും കുരങ്ങുശല്യവും തൊട്ടുപിന്നിലുണ്ട്. കടുവയും പുലിയും പാമ്പുകളുമാണ് കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെമേൽ കൂടുതൽ ആക്രമണം നടത്തിയിട്ടുള്ളത്. വന്യജീവി ആക്രമണംമൂലം ഇതേ കാലയളവിൽ വിളനാശം നേരിട്ട കർഷകർ അന്‍പതിനായിരത്തോളമാണ്. ഇതിൽ പതിനയ്യായിരത്തോളം കർഷകരുടെ വാഴത്തോട്ടങ്ങളാണ് ആക്രമിക്കപ്പെട്ടത്. കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമാണ് വൻതോതിൽ കൃഷിവിളകൾ നശിപ്പിക്കുന്നത്. കാട്ടുപന്നികളുടെ ആക്രമണം കേരളത്തിൽ വലിയ തോതിൽ വർധിച്ചിട്ടുള്ളത് ആശങ്കപ്പെടുത്തുന്നുണ്ട്. നിയന്ത്രണങ്ങൾക്കു വിധേയമായി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന്, സംസ്ഥാന സർക്കാർ തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള പരിമിതമായ അധികാരം ഉപയോഗിച്ച് താല്‍ക്കാലിക ഉത്തരവ് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കാട്ടുപന്നിയുടെ ആക്രമണം നിയന്ത്രിക്കുന്നതിന് ഇതൊട്ടും പര്യാപ്തമല്ലെന്നതാണ് വസ്തുത.


ഇതുകൂടി വായിക്കാം; ഇന്ന് ലോക ഭൗമദിനം; ഭൂമിക്കായി കൈകോർക്കാം


എന്നാൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്, അവയെ വന്യജീവികളുടെ സംരക്ഷിത കവചത്തിൽ നിന്നും ഒഴിവാക്കണമെന്ന കേരള സർക്കാരിന്റെ നിർദേശം, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രണ്ടാം തവണയും തള്ളുകയായിരുന്നു. കാട്ടുപന്നികൾ കൊന്നൊടുക്കപ്പെട്ടാൽ, അവയെ വേട്ടയാടി ജീവിക്കുന്ന കടുവയും പുലിയും ഇരതേടി വനത്തിനു പുറത്ത് ജനവാസ മേഖലകളിലേക്ക് കടക്കുവാനും അതുവഴി കന്നുകാലികൾ കൂടുതലായി ആക്രമിക്കപ്പെടുവാനുമുള്ള സാധ്യതയാണ് കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്നത്. മനുഷ്യ‑വന്യജീവി സംഘർഷം വന്യജീവികളുടെ നിലനില്പിനു ഭീഷണിയാകുന്നതും പ്രധാനപ്പെട്ട വസ്തുത തന്നെയാണ്. താമസത്തിനും മറ്റാവശ്യങ്ങൾക്കുമായി വന്യജീവികളുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് മനുഷ്യ‑വന്യജീവി സംഘർഷത്തിനടിസ്ഥാനം. സംരക്ഷിത വനമേഖലകളിലേക്ക് തോട്ടവിളകൾ ഉൾപ്പെടെയുള്ള കൃഷി വ്യാപിക്കുന്നതും അത്തരം പ്രദേശങ്ങളിൽ ഏകവിള കൃഷിസമ്പ്രദായങ്ങൾ അനുവർത്തിക്കപ്പെടുന്നതും വനാതിർത്തി പ്രദേശങ്ങൾ വളർത്തുമൃഗങ്ങളുടെ മേച്ചിൽപ്പുറങ്ങളായി മാറ്റപ്പെടുന്നതും നഗരവികസനത്തിനായി വനമേഖലകൾ കയ്യേറുന്നതുമെല്ലാം മനുഷ്യ‑വന്യജീവി സംഘർഷത്തിന്റെ ആക്കം വർധിപ്പിക്കുകയാണ്. സാമൂഹ്യനീതിക്കും അടിസ്ഥാന വികസനത്തിനും മുൻഗണന നൽകുമ്പോൾത്തന്നെ, പാരിസ്ഥിതിക നീതിയും നാം ഉറപ്പാക്കേണ്ടതുണ്ട്. ഭവനരഹിതരുടെ പുനരധിവാസം ഏറ്റവും മുൻഗണന അർഹിക്കുന്ന ഒരു സാമൂഹ്യപ്രശ്‍നം തന്നെയാണ്. എന്നാൽ, അത്തരം പുനരധിവാസങ്ങൾ വന്യജീവികളുടെ നിലവിലെ ആവാസ മേഖലകളിലേക്ക് കടന്നുകയറുന്നത് അപകടകരമാണ്. അതുപോലെ, പരിസ്ഥിതി ലോലപ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനം, അവിടത്തെ ജന്തുജാലങ്ങൾക്കുമേൽ ഒരുവിധത്തിലുമുള്ള അധിനിവേശവും സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മികച്ച വനസംരക്ഷണ നയം പിന്തുടരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ, നമ്മുടെ വനങ്ങളിലെ വന്യജീവി സാന്നിധ്യം ഗണ്യമായി ഉയർന്നത്, മനുഷ്യ‑വന്യജീവി സംഘർഷം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഡെറാഡൂണിലെ ഇന്ത്യൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും പെരിയാർ ടൈഗർ കൺസെർവേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പഠനപ്രകാരം, നമ്മുടെ വനാന്തരങ്ങളിൽ നിന്നും സസ്യഭുക്കുകളായ വന്യജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഭക്ഷണം തേടിയിറങ്ങുന്നത്, വനങ്ങളിൽ തീറ്റപ്പുല്ലിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതുകൊണ്ടാണ്. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന വിദേശ അധിനിവേശ സസ്യങ്ങളാണ്, വനങ്ങളിലെ തനത് പുൽവർഗങ്ങളുടെ നാശത്തിനു കാരണമായിട്ടുള്ളത്. ഒപ്പം, നമ്മുടെ നാടിന് ഒട്ടും യോജിച്ചതല്ലാത്ത അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ വൃക്ഷങ്ങൾ വനമേഖലകളോടു ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ നട്ടുവളർത്തിയതും വന ആവാസ വ്യവസ്ഥകളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 2018ൽ തന്നെ, അക്കേഷ്യയുടെയും യൂക്കാലിപ്റ്റസിന്റെയും നട്ടുവളർത്തൽ കേരള സർക്കാർ അവസാനിപ്പിക്കുകയും പ്രകൃതിജന്യ വനങ്ങളായി ഈ പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അതേസമയം, വനമേഖലയോടു ചേർന്ന് കൃഷിയിടങ്ങൾ രൂപപ്പെട്ടതും അവിടെ ഏകവിള കൃഷിസമ്പ്രദായങ്ങൾ അവലംബിക്കപ്പെടുന്നതും മനുഷ്യ‑വന്യജീവി സംഘർഷം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത്തരം സംഘർഷങ്ങൾ കുറയ്ക്കുവാൻ സഹായകമായ വിളകളിലേക്കും കൃഷിരീതികളിലേക്കും തിരിയുവാൻ കർഷകസമൂഹത്തെ ബോധവാന്മാരാക്കേണ്ടത് അത്യാവശ്യമാണ്.


ഇതുകൂടി വായിക്കാം; ഇന്ന് ലോക ഭൗമദിനം; ഭൂമിക്കായി കൈകോർക്കാം


മനുഷ്യ — വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ നയരൂപീകരണവും സുസ്ഥിരമായ കർമ്മപദ്ധതികളും നമുക്കാവശ്യമായി വന്നിരിക്കുന്നു. ഇതു കണക്കിലെടുത്ത്, സംസ്ഥാന വനം വകുപ്പു തയാറാക്കിയിട്ടുള്ള സമഗ്രപദ്ധതി ഇപ്പോൾ അന്തിമ അംഗീകാരത്തിനായി സർക്കാരിന്റെ പരിഗണനയിലാണ്. പൊതുജനങ്ങളുടെയും ബന്ധപ്പെട്ട മറ്റെല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചതിനു ശേഷമാണ് വനംവകുപ്പ് ഇതു സംബന്ധിച്ച കർമ്മപദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ജീവഹാനിയും പരിക്കും ഏൽക്കുന്ന സാഹചര്യങ്ങളിൽ മെച്ചപ്പെട്ട അടിയന്തര സഹായം ലഭ്യമാക്കൽ, ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യമൃഗങ്ങൾ എത്തപ്പെടാതിരിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കൽ, വന്യജീവി ആക്രമണം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ എസ്എംഎസ്, ജിപിഎസ് തുടങ്ങിയവ ഉപയോഗിച്ചുള്ള മുന്നൊരുക്കങ്ങൾ, ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ സംവിധാനം, ജനജാഗ്രതാ സമിതികൾ, വിള ഇൻഷുറൻസ്, വനാതിർത്തികളോട് ചേർന്നുള്ള കൃഷി മേഖലകളിൽ മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനു സഹായകമായ കൃഷിരീതികൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയുള്ള നിർദേശങ്ങളാണ് വനംവകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്. മനുഷ്യ‑വന്യജീവി സംഘർഷം, പാർശ്വവൽക്കരിക്കപ്പെട്ട, ജീവിക്കുവാൻ മറ്റു മാർഗങ്ങളില്ലാത്ത, ഒരു ജനസമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. വന്യജീവി ആക്രമണത്തിനു വിധേയമാകുന്നവരിൽ കൂടുതലും സംഘർഷ മേഖലകളിൽ അധിവസിക്കുകയും കൃഷിയും കന്നുകാലി പരിപാലനവും ജീവിതമാർഗമായി കൊണ്ടുനടക്കുകയും ചെയ്യുന്ന പാവപ്പെട്ട കർഷകരാണ്. തങ്ങളുടെ ജീവനു നേരിടുന്ന ഭീഷണിക്കു പുറമെ, കൃഷിക്കും വളർത്തു മൃഗങ്ങൾക്കുമെതിരെ നിത്യേനയുള്ള ആക്രമണമാണ് ഇവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഏതാണ്ട് 30–40 ശതമാനം വരെ വിളനാശം, വന്യജീവി ആക്രമണംമൂലമാണ് ഉണ്ടാകുന്നത്. രാജ്യത്തെ 11 സംരക്ഷിത മേഖലകളിൽ അടുത്ത കാലത്തു നടത്തിയ ഒരു സർവേയിൽ കണ്ടത്, വന്യജീവി ആക്രമണങ്ങളിൽ ഏതാണ്ട് 71 ശതമാനം കുടുംബങ്ങളും വലിയ തോതിൽ കൃഷിനാശം നേരിടേണ്ടി വരുന്നുവെന്നാണ്. വന്യജീവി ആക്രമണംമൂലം കൃഷിനാശം നേരിടുന്ന മുഴുവൻ കർഷകർക്കും മെച്ചപ്പെട്ട നഷ്ടപരിഹാരം യഥാസമയം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സംഘർഷ മേഖലകളിൽ, ഏകവിള കൃഷി സമ്പ്രദായങ്ങളിൽ നിന്നും മിശ്രവിളകളിലേക്കും ഔഷധസസ്യ കൃഷികളിലേക്കുമൊക്കെ കഴിയുന്നത്ര മാറുവാൻ കർഷകർക്ക് പ്രോത്സാഹനവും സഹായവും നൽകണം. സംഘർഷ സാധ്യതാ പ്രദേശങ്ങളിലെ എല്ലാ വിളകളും ഇൻഷുർ ചെയ്യുന്നതിനുള്ള അവസരവും അതിനുവേണ്ട സഹായവും കർഷകർക്ക് ലഭ്യമാക്കാൻ കഴിയണം. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ബിമാ യോജന വിള ഇൻഷുറൻസ് പദ്ധതി ഇപ്പോഴത്തെ നിലയിൽ അതിനു പര്യാപ്തമല്ല. പദ്ധതിയിൽ സംസ്ഥാന സർക്കാരിനു വഹിക്കുവാൻ കഴിയുന്ന പ്രീമിയം നിരക്ക് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനം കൈക്കൊള്ളുമെന്നാണ് വനംവകുപ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. ചുരുക്കത്തിൽ, സംസ്ഥാനത്ത് മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനു വേണ്ടിയുള്ള പുതിയ കർമ്മ പരിപാടികൾ നടപ്പിലാക്കുമ്പോൾ, കർഷക സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. ജനജാഗ്രതാ സമിതികൾ, വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ തുടങ്ങിയ ജനകീയ കൂട്ടായ്മകളിൽ കർഷകർക്കു മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.