5 January 2025, Sunday
KSFE Galaxy Chits Banner 2

വയോജന കമ്മിഷൻ സ്വാഗതാർഹം

Janayugom Webdesk
November 30, 2024 5:00 am

പുതിയ കാലത്ത് സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് വയോ ജനസംഖ്യയിലെ വർധനയും അവരുടെ സംരക്ഷണവും. 1961ൽ ജനസംഖ്യയിൽ ആറ് ശതമാനത്തോളമായിരുന്നു ഇവരുടെ പങ്കാളിത്തമെങ്കിൽ 2010 അവസാനത്തോടെ 16 ശതമാനത്തിനടുത്തെത്തി. രണ്ട് വർഷം മുമ്പത്തെ ശരാശരി കണക്കനുസരിച്ച് 20 ശതമാനമായി എണ്ണം ഉയർന്നു. 2030ഓടെ കേരളത്തിൽ വയോജനങ്ങള്‍ 30 ശതമാനമാകുമെന്നാണ് നിഗമനം. സമൂഹത്തിലെ വലിയ വിഭാഗമായി വയോജനങ്ങൾ പരിണമിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്നതും ജനസംഖ്യ കുറഞ്ഞിരുന്നതുമായ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇവരുടെ ക്ഷേമവും പരിചരണവും സർക്കാരുകളുടെയും സമൂഹത്തിന്റെയാകെയും ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. നമ്മുടെ സാമൂഹ്യ ഘടന കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബ സാഹചര്യങ്ങളിലേക്ക് മാറിയതോടെ ഒറ്റപ്പെടലും പ്രായാധിക്യവും അനുബന്ധരോഗങ്ങളും വല്ലാതെ അലട്ടുന്ന വിഭാഗമാണിവർ. ബാല്യം മുതൽ ഒരു ഘട്ടം വരെ രക്ഷിതാക്കളുടെ പരിചരണം ലഭിക്കുകയും പിന്നീട് സ്വന്തമായി നിലനിൽക്കുവാൻ സാധിക്കുകയും ചെയ്യുന്ന പ്രായം പിന്നിട്ട്, വാര്‍ധക്യത്തിലെത്തുന്നതോടെ കടുത്ത അവഗണന നേരിടേണ്ടിവരുന്നു. തങ്ങളുടെ അധ്വാനശേഷിയും പ്രായോഗിക ബുദ്ധിയും സർഗ വൈഭവങ്ങളും സമൂഹത്തിനും സ്വന്തം കുടുംബത്തിനുമായി വിനിയോഗിച്ചവരായിരുന്നു അവർ. ഇത് മനസിലാക്കി ഈ വിഭാഗങ്ങളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. അതിൽ സുപ്രധാനമായ ഒന്നായി വയോജന കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 

ഇതിനകംതന്നെ സംസ്ഥാനത്ത് നിരവധി പദ്ധതികൾ വയോജന ക്ഷേമത്തിനായി നിലവിലുണ്ട്. ആരുടെയും തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതുമായ മുതിർന്ന പൗരന്മാർക്ക് അടിയന്തര വൈദ്യസഹായം നൽകുക, കെയർഗിവറുടെ സേവനം ലഭ്യമാക്കുക, പുനരധിവാസം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമാക്കി വയോരക്ഷാ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. 300ലധികം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. അനാഥരാക്കപ്പെടുന്ന മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ 17 വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങളിലായി 1,200ലധികം പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇതിന് പുറമേ സർക്കാർ ഗ്രാന്റോടുകൂടി വിവിധ സംഘടനകളുടെ കീഴിലായി ഇരുനൂറോളം സ്ഥാപനങ്ങളുമുണ്ട്. 12,000ത്തിലധികം പേരെ ഇവിടെ താമസിപ്പിക്കാൻ സാധിക്കും. കിടപ്പുരോഗികൾക്കുള്ള വൃദ്ധസദനം, ഓർമ്മത്തോണി, ഡിമെൻഷ്യ സൗഹൃദ കേരളം, മാനസികോല്ലാസവും ആരോഗ്യപരിരക്ഷയും ഒരുക്കിയുള്ള വയോമിത്രം തുടങ്ങിയ നിരവധി പദ്ധതികൾ സമൂഹത്തിലെ മുതിർന്ന പ്രായക്കാരോടുള്ള കടമയുടെ ഭാഗമായി സർക്കാർ തലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. ഇതോടൊപ്പം തന്നെ വയോജനങ്ങളെ ബാധിക്കുന്ന പരാതികൾ പരിഗണിക്കുന്നതിന് റവന്യു ഡിവിഷൻ തലത്തിൽ മെയിന്റനൻസ് ട്രിബ്യൂണലുകളും പ്രവർത്തിക്കുന്നു. എങ്കിലും പ്രശ്നങ്ങളുടെ പരിഹാരത്തിനും പരാതികളിൽ ആവശ്യമായ നടപടിയെടുക്കുന്നതിനും സർക്കാരിലേക്ക് നിർദേശങ്ങൾ നൽകുന്നതിനുമായി സ്വതന്ത്രാധികാരമുള്ള സംവിധാനം ഉണ്ടാകണമെന്ന ആവശ്യം നിലവിലുണ്ട്. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ഉൾപ്പെടെ മുതിർന്ന പൗരന്മാരുടെ സംഘടനകൾ ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായാണ് വയോജന കമ്മിഷൻ സ്ഥാപിതമാകാൻ പോകുന്നത്. 

നേരത്തെ തന്നെ എൽഡിഎഫ് ഈ വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. അതാണ് ഇപ്പോൾ ഓർഡിനൻസിലൂടെ യാഥാർത്ഥ്യമാകുന്നത്. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാർഗനിർദേശങ്ങൾ നൽകുക, സഹായിക്കുക, പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് സാധ്യമാക്കുക, നിയമസഹായം ആവശ്യമുള്ളിടത്ത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക തുടങ്ങിയവയാണ് കമ്മിഷന്റെ ഉത്തരവാദിത്തങ്ങളെന്നാണ് മനസിലാക്കാനാകുന്നത്. സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായി നിലവിൽതന്നെ വിവിധ കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ, യുവജനങ്ങൾ, സ്ത്രീകൾ, മറ്റ് പാർശ്വവൽകൃത വിഭാഗങ്ങൾ എന്നിവർക്കെല്ലാം കമ്മിഷനുകൾ നിലവിലുണ്ട്. പരമ്പരാഗത സംവിധാനങ്ങള്‍ക്ക് പുറമേ ഇത്തരം കമ്മിഷനുകൾ ഉണ്ടായതിന്റെ ഫലമായി ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ജനസംഖ്യയിലെ വലിയ വിഭാഗമായ വയോജനങ്ങൾക്കുവേണ്ടി ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത് തികച്ചും സ്വാഗതാർഹമാണ്. എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുകയെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ മറ്റൊരുദാഹരണം കൂടിയാണിത്. നിലവിലുള്ള വയോജന ക്ഷേമ പദ്ധതികൾ വിപുലമാക്കുന്നതിനും അതിന്റെ നേട്ടം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും അതോടൊപ്പം ഈ വിഭാഗങ്ങൾ നേരിടുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള സ്വതന്ത്ര സംവിധാനമായി വയോജന കമ്മിഷൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.