23 December 2024, Monday
KSFE Galaxy Chits Banner 2

ആദിവാസിയെ കൊന്നവരെ എന്തുചെയ്തു?

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
February 3, 2022 5:33 am

ആദിവാസി മധുവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ ഹാജരാകേണ്ട സർക്കാർ അഭിഭാഷകൻ എത്താഞ്ഞതിനെ തുടർന്ന് കോടതി ഉന്നയിച്ച ചോദ്യം ശ്രദ്ധേയമാണ്. ‘എവിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ?’

രണ്ടായിരത്തിപ്പതിനെട്ട് ഫെബ്രുവരിയിൽ നടന്നതാണ് സാക്ഷരകേരളത്തെ ഞെട്ടിച്ച ഹീനമായ ആ കൊലപാതകം. ആ കാലത്തുതന്നെ ഇതേ പംക്തിയിൽ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. അവർണ വിഭാഗത്തിലുള്ളവരെ കൊലപ്പെടുത്തുന്നത് സവർണ സംസ്കാരമാണെന്ന് അന്നിവിടെ പറഞ്ഞിരുന്നു. അതേ വിഷയത്തിൽ നാലാം വർഷത്തിൽ കുറിപ്പെഴുതേണ്ടിവരുന്നത് സങ്കടകരമായ കാര്യമാണ്. പക്ഷേ എഴുതാതെ വയ്യല്ലോ. ഇതുവരെയും ആദിവാസി മധുവിന്റെ കൊലപാതകികളെ ശിക്ഷിച്ചിട്ടില്ല.

ആദിവാസിക്ക് ജീവിതം നിഷേധിച്ച അവർ ജാമ്യജീവിതം ആസ്വദിച്ച് യഥേഷ്ടം വിഹരിക്കുന്നു! കോടതി വിചാരണയ്ക്കൊ മന്ത്രിസഭായോഗത്തിനു പോലുമോ കോവിഡ് തടസമല്ല. ഓൺലൈനിലൂടെ ഇതെല്ലാം നടക്കുന്നുണ്ട്. കല്യാണം പോലും ഓൺലൈനിലൂടെ നടന്നുകഴിഞ്ഞു. ഓൺലൈൻ സിറ്റിങ്ങിൽ തന്നെയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.


ഇതുകൂടി വായിക്കൂ:  മധുവിന്റെ മരണം: നീതി ഉറപ്പാക്കണം


പല തരത്തിലുമുള്ള ചൂഷണങ്ങൾക്ക് ആദിവാസി സമൂഹം ഇരയാകുന്നു എന്നത് ഇന്ന് പരക്കെ അറിയാവുന്ന കാര്യമാണ്. ചൂഷണം സംബന്ധിച്ച കഥാകാവ്യങ്ങൾ വരെ അട്ടപ്പാടിയിലെ ആദിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഡോ. എസ് ആർ ചന്ദ്രമോഹനൻ ശേഖരിച്ച് പൊതു സമൂഹസമക്ഷം എത്തിച്ചിട്ടുണ്ട്. അതിലൊരു കഥ ഇങ്ങനെയാണ്. ആദിവാസികൾക്ക് സൗജന്യമായി വീട് നിർമ്മിച്ചു കൊടുക്കാൻ സർക്കാർ ഉത്തരവാകുന്നു. കാമ്പേ എന്നു പേരുള്ള ഒരു ഗ്രാമസേവകനാണ് ഗൃഹനിർമ്മാണത്തിന്റെ ചുമതലയുള്ളത്. അയാൾ മാരിയെന്ന സുന്ദരിയായ ആദിവാസി വിധവയിൽ വിവാഹവാഗ്ദാനം കൊടുത്ത് ഭ്രൂണോല്പാദനം നടത്തുന്നു. പിന്നെ പരമ രഹസ്യമായി സ്ഥലംമാറ്റം സംഘടിപ്പിച്ചു കടക്കുന്നു. വഞ്ചിതയായ മാരിയുടെ വിലാപഗാനമാണ് ലാലെ ലാലെ ലാലേ എന്ന വായ്ത്താരിയോടെ ആരംഭിക്കുന്നത്.

പൂതാരെന്ന ഊരിലെ കാമ്പേ/താഴെയുള്ള പ്ലാവിലേ കാമ്പേ/ആളുകല്ലു വഴിയിലേ കാമ്പേ/ചങ്ങലപ്പാലം കെട്ട്വോ കാമ്പേ/അവിടന്നും പോയോ നീ കാമ്പെ/കഴുത്തറുത്ത് ഞാൻ മരിക്കും കാമ്പേ… ആ ആദിവാസിപ്പാട്ടിന്റെ ചില വരികളുടെ ഏകദേശ മലയാളം ഇങ്ങനെയാണ്. നമ്മുടെ കണ്ണീർ ഗ്രന്ഥികൾ ചുരന്നു പോകുന്ന അനുഭവകഥാഗാനം.

ഇത്തരം വഞ്ചനയുടെയും അതിക്രമങ്ങളുടെയും വാർത്തകൾ തിരുനെല്ലിയെന്നോ അട്ടപ്പാടിയെന്നോ ഭേദമില്ലാതെ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഇരുളഭാഷയിൽ സംപ്രേഷണം ചെയ്യുന്ന അട്ടപ്പാടി ടെലിവിഷൻ എന്ന പ്രാദേശികചാനൽ ആദിവാസികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തെക്കുറിച്ച് ഇപ്പോൾ പുറംലോകത്തെ അറിയിക്കുന്നുണ്ട്. നീതി എത്ര അകലെയാണ്. അനീതി എത്ര അടുത്താണ്!


ഇതുകൂടി വായിക്കൂ:  മധുരമനോഹര മനോജ്ഞ മര്‍ദ്ദനം!


മധുവിന്റെ ദാരുണമായ അന്ത്യം കേരളത്തിലെ ചിത്രകാരന്മാരെയും കവികളെയും നാടകക്കാരെയും കഥാകാരന്മാരെയും ചെറുസിനിമക്കാരെയും പ്രസംഗകരെയും മാധ്യമപ്രവർത്തകരെയുമെല്ലാം പ്രചോദിപ്പിച്ചു. മധുവിന്റെ ചിത്രം മലയാളിയുടെ മനസിൽ പതിഞ്ഞു. മധുവിന്റെ പെങ്ങൾക്ക് ജോലികിട്ടിയ കാര്യം പോലും കേരളം അറിഞ്ഞു. കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കാൻ കഴിഞ്ഞില്ലെന്ന കാര്യത്തിൽ ഉണ്ടാകേണ്ട പ്രതിഷേധം മാത്രം പിറവി കൊണ്ടില്ല.

ഒടുവിൽ കോടതി ഉണർന്നിരിക്കുന്നു. അത്രയും സന്തോഷവും സുരക്ഷിതത്വവും തോന്നുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഇക്കാര്യത്തിൽ ഇടപെട്ടതാണ്. മധുവിന്റെ കൊലപാതകക്കാര്യത്തിൽ നിയമസഹായം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. മമ്മൂട്ടിയുടെ പ്രതിനിധി അട്ടപ്പാടിയിലെ ആദിവാസി ഊരിലെത്തുമെന്നും വാർത്തയുണ്ട്. അത്രയും നല്ലത്. ആദിവാസികളടക്കമുള്ള പാവം കേരളീയർ ഊണുകാശും ബീഡിക്കാശും മാറ്റിവച്ചാണ് താരങ്ങളുടെ ഇടിപ്പടം കാണാൻ തറ ടിക്കറ്റെങ്കിലും എടുത്തത്. ആ പണമൊക്കെ ബലാൽഭോഗ ക്വട്ടേഷനുകൊടുക്കുന്ന മിന്നും പൊൻതാരങ്ങളുള്ള ഇക്കാലത്ത് ആദിവാസി മധുവിനെ കരുണയോടെ കാണുന്ന നിയമബിരുദധാരികൂടിയായ മമ്മൂട്ടിയെ അഭിനന്ദിക്കുന്നു. എംജിആറിനാണ് ഈ തിരിച്ചറിവ് നേരത്തെയുണ്ടായത്.

ഇനിയെങ്കിലും നിയമജ്ഞാനികൾ ഉണർന്ന് പ്രവർത്തിക്കുമെന്നു കരുതാം. ഫ്രാങ്കോപ്പിതാവ് പ്രതിയായ കേസിലെ വിധിയെത്തുടർന്ന് വല്ലാതെ മങ്ങിപ്പോയ സർക്കാർഭാഗ സംവിധാനത്തിന്റെ പ്രതിച്ഛായ തെളിയാൻ ഈ കേസ് ഇടയാവട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.