26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 6, 2024
June 29, 2024
September 21, 2023
March 20, 2023
December 6, 2022
November 8, 2022
October 31, 2022
October 11, 2022
June 28, 2022
June 24, 2022

തണുപ്പുകാല പ്രതിരോധ ഭക്ഷണം എന്തെല്ലാം..

Anu Mathew
Dietitian SUT Hospital, Pattom
December 8, 2021 4:14 pm

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങള്‍ക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കൂടാതെ കോവിഡ് കാലമായതിനാല്‍ പ്രതിരോധശക്തി ഏറ്റവും കൂടുതല്‍ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം മുതല്‍ ആസ്ത്മ വരെയുള്ള രോഗങ്ങളെ നേരിടാനും ശരീരത്തെ സജ്ജമാക്കിയിരിക്കണം. ഇതിനെല്ലാം വേണ്ടി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഉദാ: പഴങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, നട്‌സ്, മുഴുധാന്യങ്ങള്‍, ഒപ്പം ചില സുഗന്ധ വ്യജ്ഞനങ്ങളും. കടുംനിറത്തിലുള്ള (പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്) പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആന്റീഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. (ഉദാ: തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്) കടല്‍ വിഭവങ്ങള്‍, ചീര, പയര്‍, നട്‌സ് എന്നീ സിങ്ക് അടങ്ങിയ ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് വര്‍ദ്ധിപ്പിക്കുന്നു. അയണ്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ഇലക്കറികള്‍, പാല്‍, മുട്ട, ചീസ്, കടല എന്നിവയും ഉള്‍പ്പെടുത്തണം.

ശരീര ഊഷ്മാവ് ഉയര്‍ത്താം

തണുപ്പുകാലത്ത് ശരീരോഷ്മാവ് ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗണ്‍ റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. തണുപ്പുകാലമാണെങ്കിലും ദാഹം കൂടുതല്‍ തോന്നിയില്ലെങ്കിലും 1.5 — 2 ലിറ്റര്‍ വെള്ളം കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീന്‍ ടീ, ഇഞ്ചിയും പുതിനയും തേനും ചേര്‍ന്ന ചായ, കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത പാല്‍ എന്നിവയും കുടിയ്ക്കാം. അത്താഴത്തിന് മുമ്പ് വെജിറ്റബിള്‍ സൂപ്പ്, ചിക്കന്‍ സൂപ്പ് എന്നിവ കഴിക്കുന്നതും ഉന്മേഷം നല്‍കും.

വ്യായാമവും ഉറക്കവും പ്രധാനം

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വൈറ്റമിന്‍ ഡി ഉറപ്പു വരുത്തും. യോഗ, പ്രാണയാമം, സൂര്യ നമസ്‌കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കും. അര മണിക്കൂര്‍ ലഘു വ്യായാമവും ഏഴ് മണിക്കൂര്‍ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തില്‍തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തുക. സ്വയം ചികിത്സയും വീട്ടു ചികിത്സയും പലപ്പോഴും അപകടം വിളിച്ചു വരുത്തും.

ENGLISH SUMMARY:What is win­ter food?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.