23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 15, 2024
September 17, 2024
July 25, 2024
July 12, 2024
July 8, 2024
April 2, 2024
March 24, 2024
March 24, 2024
February 29, 2024

രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചു; വിലയക്കയറ്റം നിയന്ത്രിക്കാനെന്ന് വിശദീകരണം

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2022 11:36 am

‘ഇന്ത്യ ലോകത്തെ ഊട്ടും’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അന്താരാഷ്ട്ര സമൂഹത്തിന് വാഗ്ദാനം നല്കി ഒരുമാസം തികയും മുമ്പ് രാജ്യത്തു നിന്നുള്ള ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി.
റഷ്യ‑ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് ലോകത്താകമാനമുണ്ടായ ഭക്ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയിൽ നിന്ന് ആവശ്യത്തിന് ഗോതമ്പ് രാജ്യങ്ങൾക്ക് നല്കുമെന്ന് കഴിഞ്ഞമാസം മോഡി പ്രഖ്യാപിച്ചത്. എന്നാൽ പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റം നിയന്ത്രിക്കാൻ രാജ്യത്തെ എല്ലാത്തരം ഗോതമ്പും കയറ്റുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി വിദേശ വ്യാപാര ഡയറക്ടറേറ്റ് ഉത്തരവിറക്കി.

ഏപ്രിൽ മാസത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ടു വർഷത്തെ ഉയർന്ന നിലയിൽ എത്തിയിരുന്നു. ഇന്ധനത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും ഉയർന്ന വിലയാണ് കാരണമായത്. ഗോതമ്പിന്റെ വില രാജ്യത്ത് 15–20 ശതമാനം വർധിച്ചു. ആഗോള ഗോതമ്പ് വിപണി വില 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഗോതമ്പുല്പന്നങ്ങളുടെ വിലയും വർധിക്കുകയാണ്. ഇത് പിടിച്ചു നിർത്താനാണ് ഡിജിഎഫ്‍ടിയുടെ നടപടി. അതേസമയം സവാള കയറ്റുമതിക്ക് നിയന്ത്രിത തോതിൽ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സവാള കയറ്റുമതി നിരോധിച്ചിരുന്നു. ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
ഗോതമ്പ് ഉല്പാദകരിൽ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ ഗോതമ്പ് വില ഉയരുന്ന സാഹചര്യത്തിൽ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന ആവശ്യം വർധിച്ചുവരികയാണ്. അതിനിടയിൽ കയറ്റുമതി നിരോധിച്ച നടപടി കർഷകർക്ക് ദോഷകരമായിരിക്കും. ഭക്ഷ്യധാന്യത്തിന്റെ പ്രധാന കയറ്റുമതിക്കാരായ റഷ്യയും ഉക്രെയ്‍നും തമ്മിലുള്ള യുദ്ധം മൂലം ആഗോള ഗോതമ്പ് വിപണിയിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കാമെന്നായിരുന്നു ഗോതമ്പു കർഷകരുടെ പ്രതീക്ഷ.

2022–23ൽ 10 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ശ്രമിച്ചത്. മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‍ലന്റ്, വിയറ്റ്നാം, തുർക്കി, അൾജീരിയ, ലെബനൻ എന്നീ രാജ്യങ്ങളിലേക്ക് വ്യാപാര പ്രതിനിധി സംഘങ്ങളെ അയയ്ക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞിരുന്നു. എന്നാൽ പഞ്ചാബിലെയും ഹരിയാനയിലെയും വിളവ് കുറവു കാരണം ഈ സീസണിൽ രാജ്യത്തെ ഗോതമ്പ് ശേഖരം 44ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശേഖരിച്ച 28.8 ദശലക്ഷം ടൺ ഇത്തവണ 16.2 ദശലക്ഷം ടണ്ണായി കുറഞ്ഞു. അതേസമയം ഈ വർഷം 963,000 ടൺ ഗോതമ്പ് കയറ്റുമതി നടത്തുകയും ചെയ്തു. അതിനിടെയാണ് നിയന്ത്രണം.

അതേസമയം നിരോധന ഉത്തരവ് ഇറക്കിയ മേയ് പതിമൂന്നിന് മുമ്പുള്ള, ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് ഉള്ളവർക്ക് കയറ്റുമതി അനുവദിക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇനി ഗോതമ്പു കയറ്റുമതി അനുവദിക്കുകയെന്നും ഡയറക്ടറേറ്റിന്റെ അറിയിപ്പിൽ പറയുന്നു.

Eng­lish Summary:Wheat exports banned in the coun­try; Expla­na­tion to con­trol inflation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.