ഇന്ത്യൻ ജനതയുടെ ഏറ്റവും ബൃഹത്തായ സാമൂഹ്യസുരക്ഷാ പദ്ധതിയായ എൽഐസി കടുത്ത വെല്ലുവിളിനേരിടുന്നു. എൽഐസിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പാടെ അട്ടിമറിച്ചുകൊണ്ട് സ്വകാര്യമേഖലയ്ക്ക് കടന്നുവരാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എൽഐസിയുടെ ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തുകയും രാജ്യത്തെ ഏറ്റവും സുപ്രധാനമായ ധനകാര്യസ്ഥാപനം പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറ്റപ്പെടുകയും ചെയ്യും. ഇതിനാവശ്യമായ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നു. ഈ നടപടികൾ പൂർത്തിയാകുന്നതോടെ സ്വതന്ത്രഭാരതത്തിലെ മഹത്തായ ധനകാര്യസ്ഥാപനം പൂർണമായും കുത്തകകളുടെ നിയന്ത്രണത്തിലാവുകയും ജനങ്ങളുടെ സാമൂഹ്യസുരക്ഷ എന്ന എൽഐസിയുടെ അടിസ്ഥാനലക്ഷ്യം തകരുകയും ചെയ്യും. രാജ്യത്തെ വൻകിട കുത്തക കമ്പനികളും സ്ഥാപനങ്ങളും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ നടപടി നിക്ഷേപകർക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവും സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു. സാമൂഹ്യക്ഷേമപദ്ധതികളിലൂടെ ജനക്ഷേമം പ്രതീക്ഷിക്കുന്ന തൊഴിലാളി സംഘടനകൾ സർക്കാരിന്റെ നീക്കത്തെ ശക്തിയായി അപലപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ധനകാര്യസ്ഥാപനമായ എൽഐസിയുടെ ഘടനതന്നെ തകർക്കപ്പെടുമെന്നുമാത്രമല്ല സർക്കാരിന്റെ സാമ്പത്തികരംഗത്തെ കമ്മി കുറച്ച് നേട്ടത്തിനുവേണ്ടിയുള്ള കച്ചവടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാട്ടി. എൽഐസി രൂപീകരണത്തിലൂടെ രാജ്യം ലക്ഷ്യമിട്ട അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ള വിനാശകരമായ നീക്കമാണെന്ന അതിനിശിതമായ വിമർശനങ്ങളും സാമ്പത്തികരംഗത്തെ പല പ്രമുഖരും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമഗ്രമായ വ്യവസായ വികസനത്തിനും സാമൂഹ്യപുരോഗതിക്കും എൽഐസിക്ക് മഹത്തായ പങ്കുവഹിക്കാൻ കഴിഞ്ഞു. പ്രസ്തുത നടപടി “വിത്തെടുത്തു കുത്തുന്ന വിനാശകരമായ നടപടിയാണെന്നുവരെ” ആക്ഷേപിക്കപ്പെട്ടു. എൽഐസി രാജ്യത്തിന്റെ കിരീടത്തിലെ ഒരു രത്നക്കല്ലാണെന്ന് മുൻ ധനകാര്യമന്ത്രി പി ചിദംബരവും ഇന്ത്യൻ കമ്പനികളിൽ സുപ്രധാനമായ ഒരു സ്ഥാപനമാണ് എൽഐസിയെന്ന് എൻഡിഎ മുന്നണി മന്ത്രിസഭയിലെ ധനമന്ത്രി ജെയ്റ്റ്ലിയും അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷമായി എൽഐസിയെ സ്വകാര്യവല്ക്കരിക്കാനുള്ള തിരക്കിട്ട നടപടികൾ സർക്കാർ സ്വീകരിച്ചുവരികയായിരുന്നു. 2020–21ലെ ബജറ്റ് പ്രസംഗത്തിൽ നിർമ്മലാ സീതാരാമൻ സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും ചെയ്തു. കാര്യക്ഷമത വർധിപ്പിക്കാനും സുതാര്യത ഉറപ്പുവരുത്താനും മാത്രമല്ല പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ വലിയ ഊർജം പകരാനും സ്വകാര്യവല്ക്കരണം സഹായിക്കുമെന്നാണ് സർക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. ഈ വാദഗതികളെ തള്ളിക്കളഞ്ഞുകൊണ്ട് ട്രേഡ് യൂണിയനുകൾ യുക്തിഭദ്രമായ വാദം മുന്നോട്ടുവച്ചു. എൽഐസിയുടെ കാര്യക്ഷമതയുടെ മാനദണ്ഡം ഇൻഷുറൻസ് ക്ലെയിമും പദ്ധതിയിൽ അംഗങ്ങളായവരുടെ ബോണസും സമയബന്ധിതമായി തീർപ്പുകല്പിക്കുന്നതിലുമാണ് ഇൻഷുറൻസ് കമ്പനിയുടെ കാര്യക്ഷമത തെളിയിക്കേണ്ടത്. ഈ പ്രവർത്തനങ്ങളിൽ എൽഐസി ദേശീയനിലവാരത്തിലെന്നല്ല സാർവദേശീയ നിലവാരത്തിലും അംഗീകാരം നേടി. ഇതോടെ എൽഐസിയെ സ്വകാര്യവല്ക്കരിക്കാൻ സര്‍ക്കാര്‍ നിരത്തിയ എല്ലാ ന്യായവാദങ്ങളും അടിസ്ഥാനരഹിതമാണെന്നും തെളിഞ്ഞു. ലോകത്ത് ഏറ്റവും ശക്തമായ യുവനിരയുള്ള തൊഴിലാളിവർഗം ഇന്ത്യയിലാണെന്നു മനസിലാക്കിയ വിദേശരാജ്യങ്ങൾ 1991 മുതൽ ഇന്ത്യയിലെ ഇൻഷുറൻസ് മേഖല വിദേശ ഏജൻസികൾക്കായി തുറന്നിടണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങി.
അമേരിക്ക ഒരു ഘട്ടത്തിൽ ഈ വിഷയത്തിൽ ഇന്ത്യാ ഗവൺമെന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദേശരാജ്യങ്ങളിലെ ഇൻഷുറൻസ് കമ്പനികൾക്കായി ഇന്ത്യയുടെ വാതിൽ തുറന്നിടുന്ന പ്രശ്നം അതിരൂക്ഷമായ സന്ദർഭത്തിൽ നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രി മൻമോഹൻസിങ് ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തി ഒരു റിപ്പോർട്ട് നൽകാൻ മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ആർ എൽ മൽഹോത്രയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 1994ൽ മൽഹോത്ര സർക്കാരിന് റിപ്പോർട്ടു സമർപ്പിച്ചു. വിദേശരാജ്യങ്ങളിലെ ഇൻഷുറൻസ് കമ്പനികൾക്കും ഇൻഷുറൻസ് മേഖല തുറന്നുകൊടുത്തുകൊണ്ട് ഈ മേഖലയിൽ സ്വകാര്യവല്ക്കരണത്തിന് തുടക്കം കുറിക്കാൻ മൽഹോത്ര കമ്മിറ്റി ശുപാർശ ചെയ്തു. എൽഐസിയുടെ മൂലധനനിക്ഷേപം അഞ്ച് കോടിയിൽനിന്ന് 200 കോടിരൂപയാക്കി വർധിപ്പിക്കാനും സർക്കാരിന്റെ ഓഹരി 50 ശതമാനം നിരക്കിലാക്കി കുറയ്ക്കാനും കമ്മിറ്റി നിർദേശിച്ചു. 1999ൽ സർക്കാർ ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു. പ്രസ്തുത നിയമം ഭേദഗതിചെയ്തുകൊണ്ട് “ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്ന്റ് അതോറിറ്റി ഓഫ് ഇന്ത്യ” എന്ന നിയമം പാസാക്കി. ഇന്ന് ഇന്ത്യയിൽ ഇൻഷുറൻസ് മേഖലയിൽ 23 കമ്പനികൾ പ്രവർത്തിക്കുന്നു. 1956 ജനുവരി 19ന് സർക്കാർ ഓർഡിനൻസിലൂടെ ഇൻഷുറൻസ് മേഖല ദേശസാൽക്കരിക്കപ്പെട്ടു. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ചൂഷണത്തിൽനിന്ന് പോളിസി പങ്കാളികളെ രക്ഷിക്കാൻ വേണ്ടിയായിരുന്നു സർക്കാരിന്റെ ഈ തീരുമാനം. ഇതിനെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് സർക്കാർ നൽകിയ വിശദീകരണം ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്. ഇൻഷുറൻസ് എന്നാൽ സാമ്പത്തിക അടിത്തറയാണ്, സാമൂഹ്യസുരക്ഷയാണ്. ഈ രണ്ടു ലക്ഷ്യവും ഫലപ്രദമായി നടപ്പിലാക്കേണ്ടത് സർക്കാരാണ്. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് സഹായകരമായിട്ടാണ് സർക്കാർ ഈരംഗത്ത് കടക്കുന്നത്. ഗ്രാമീണമേഖലയുടെ വികസനത്തിന് വ്യവസായവൽക്കരണവും അനിവാര്യമാണ്. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കാനും ഇൻഷുറൻസ് മേഖലയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സഹായകരമായിത്തീരും. സമ്പത്ത് ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കുന്നത് തടയേണ്ടതുണ്ട്. പ്രത്യേകിച്ച് “സോഷ്യലിസ്റ്റ് പാറ്റേൺ ഓഫ് സൊസൈറ്റി’ എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താനും ഇൻഷുറൻസ് മേഖലയുടെ ദേശസാല്ക്കരണം അനിവാര്യമാണ്. ഈ ന്യായവാദങ്ങൾ നിരത്തിയാണ് സർക്കാർ ഇൻഷുറൻസ് മേഖലയെ ദേശസാൽക്കരിച്ചത്. 1956 സെപ്റ്റംബർ ഒന്നിന് രാജ്യത്തെ 154 ദേശീയ ഇൻഷുറൻസ് കമ്പനികളും 16 വിദേശ ഇൻഷുറൻസ് കമ്പനികളും കൂടാതെ 75 പ്രോവിഡന്റ് ഫണ്ട് സഹകരണ സംഘങ്ങളും കേന്ദ്ര നിയമപ്രകാരം ദേശസാല്ക്കരിച്ചു. കഴിഞ്ഞ 66 സംവത്സരങ്ങളായി ഇന്ത്യൻ സമ്പദ്ഘടനയിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ സ്ഥാപനത്തിനുകഴിഞ്ഞു. വ്യാവസായിക‑കാർഷികമേഖലകളിൽ എൽഐസി നടത്തിയ ഇടപെടലുകളും നല്കിയ സേവനവും ലോകത്തിനുതന്നെ മാതൃകയായി മാറി. വ്യക്തികളും സംഘങ്ങളും അടക്കം 40 കോടി ജനങ്ങളുടെ ഒരു മഹാപ്രസ്ഥാനമായി എൽഐസി വളർന്നു. രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടുന്നതിലും ഈ സ്ഥാപനം ഇതര ഇൻഷുറൻസ് സ്ഥാപനങ്ങളെ ബഹുദൂരം പിന്നിലാക്കി. ലോകത്തെ തന്നെ രണ്ടാമത്തെ ഇൻഷുറൻസ് സ്ഥാപനമെന്ന പ്രശസ്തിയും നേടിയെടുത്ത് എൽഐസി അതിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്ന് എൽഐസി 38 ലക്ഷം കോടിരൂപയുടെ ആസ്തിയുള്ള ഒരു സ്ഥാപനമാണ്. പ്രസ്തുത ആസ്തിയുടെ സിംഹഭാഗവും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമപദ്ധതികൾക്കും കാർഷിക‑വ്യവസായ മേഖലകളിലും നിക്ഷേപിച്ചിരിക്കുന്നു.
“ജനങ്ങളുടെ പണം ജനങ്ങൾക്കായി” എന്നതാണ് എൽഐസിയുടെ നയം. ദേശസാല്ക്കരണവേളയിൽ പല കേന്ദ്രങ്ങളിൽനിന്ന് ഉയർന്നുവന്ന ആക്ഷേപം ഈ സ്ഥാപനത്തിന് നിലനില്ക്കാൻ കഴിയില്ല, പ്രത്യേകിച്ച് സ്വകാര്യ ഇൻഷുറൻസ് കമ്പനിയുമായിട്ടുള്ള മത്സരത്തിൽ. എന്നാൽ എൽഐസി നിലവിൽവന്ന ഏതാനും വർഷങ്ങൾകൊണ്ട് എൽഐസി വളർച്ചയുടെ പാതയിലെത്തി. ജനങ്ങൾ എൽഐസി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സംരക്ഷകരായി കുടിവെള്ളപദ്ധതികൾ, കാർഷികരംഗം, ഗ്രാമീണവികസനം, സാമൂഹ്യസുരക്ഷാപദ്ധതികൾ തുടങ്ങി എൽഐസി രാജ്യത്തിന്റെ മഹാനഗരങ്ങൾ മുതൽ അനന്തമായ ഗ്രാമപ്രദേശങ്ങളിലേക്ക് പടർന്നുകയറി. രാജ്യത്തെ 23 സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായി കഴിഞ്ഞ 22 വർഷങ്ങളായി എൽഐസി കടുത്ത മത്സരത്തിലാണ്. ഇന്ന് രംഗത്തെ 72 ശതമാനം ഓഹരികൾ എൽഐസിയുടെ നിയന്ത്രണത്തിലാണ്. കൂടാതെ വിവിധയിനങ്ങളിലായി 64 ശതമാനം പ്രീമിയം വരുമാനവും നേടുന്നു. ലോകരാജ്യങ്ങളിലൊരിടത്തും ഇപ്രകാരം ഉയർന്നനിരക്കിലുള്ള പ്രീമിയം വരുമാനത്തിലും കമ്പോളം നിയന്ത്രിക്കുന്നതിലും മറ്റൊരു ഇൻഷുറൻസ് കമ്പനി നിലവിലില്ല. നമ്മുടെ എൽഐസി ലോകത്തിനു തന്നെ മാതൃകയായി വളർന്നു. 2020–21ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഗ്രാമീണമേഖലകളിൽ അതിശക്തമായ സാന്നിധ്യമാണ് എൽഐസി തെളിയിച്ചിരിക്കുന്നത്. സാധാരണ ജനങ്ങളുടെ ജീവിതമായി എൽഐസി താദാത്മ്യം പ്രാപിക്കുമ്പോൾ സ്വകാര്യ ഏജൻസികൾ സമ്പന്നവർഗത്തെ സഹായിക്കുന്നതിൽ മാത്രം താല്പര്യം പ്രകടിപ്പിക്കുന്നു. രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഈ മഹത്തായ ധനകാര്യസ്ഥാപനത്തിന്റെ നേർക്ക് നിർമ്മലാ സീതാരാമൻ എന്ന പുതിയ ധനകാര്യമന്ത്രിയും അവർ നടപ്പിലാക്കുന്ന സംഘപരിവാർ നയങ്ങളും ക്രൂരമായ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നു. 2020–23ലെ ധനകാര്യ ബില്ല് അവതരിപ്പിച്ചുകൊണ്ട് എൽഐസിയുടെ നിലവിലുള്ള നിയമം ഭേദഗതിചെയ്തുകൊണ്ട് രണ്ടുനിയമഭേദഗതികൾ കൊണ്ടുവന്നു. ചർച്ചകളും വോട്ടെടുപ്പു കൂടാതെ ഭേദഗതികൾ പാസായി. പുതിയ ഭേദഗതി പ്രകാരം എൽഐസിയുടെ പോളിസി അംഗങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനങ്ങളെ പൂർണമായും നിരോധിക്കുന്നു. വിവിധ രംഗങ്ങളിൽ രാജ്യത്തിന്റെ പുരോഗതിക്കായി എൽഐസി നിക്ഷേപിച്ചിട്ടുള്ള നിക്ഷേപങ്ങളെല്ലാം എൽഐസിയിൽനിന്ന് സർക്കാർ ഏറ്റെടുക്കുന്നു. ചുരുക്കത്തിൽ എൽഐസിയുടെ പ്രവർത്തനങ്ങൾ പൂർണമായും നിശ്ചലമാക്കുക, ഇതാണ് നിയമഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. 1956ൽ പാർലമെന്റ് പാസാക്കിയ നിയമം ഭേദഗതി നടത്തിയത് ജനാധിപത്യവിരുദ്ധമായിട്ടാണ്. രണ്ടാമത്തെ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് സർക്കാർ എൽഐസി പോളിസിയിൽപ്പെട്ടവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഈ രണ്ടു പ്രശ്നങ്ങളും ദേശവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. പിന്നിട്ട 65 സംവത്സരങ്ങളായി എൽഐസിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നതും എൽഐസിയുടെ സഹായങ്ങൾ ചെന്നെത്തിയതും ഗ്രാമീണ ജനതയുടെയും പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷ പ്രവർത്തനങ്ങൾക്കായിരുന്നു. എൽഐസി സ്വതന്ത്ര ഭാരതത്തിലെ സാധാരണ ജനകോടികളുടെ പ്രതീക്ഷയായിരുന്നു. ബിജെപി സർക്കാരിന്റെയും സംഘപരിവാറിന്റെയും നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലമായി “പൊൻമുട്ടയിടുന്ന മറ്റൊരു താറാവിനെക്കൂടി കശാപ്പുചെയ്യുന്നു”.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.