23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

നിതീഷ്‌കുമാര്‍ കൂടുമാറുമ്പോൾ

എം കെ നാരായണമൂര്‍ത്തി
August 11, 2022 5:30 am

ബിഹാർ രാഷ്ട്രീയത്തിൽ അടുത്ത കൊട്ടാരവിപ്ലവം നടത്തിയിരിക്കുകയാണ് നിതീഷ് കുമാർ. ആർജെഡിയുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു സർക്കാരുണ്ടാക്കിയ ശേഷം അതിനെ അട്ടിമറിച്ച് ബിജെപിയോടൊപ്പം അടുത്ത സർക്കാർ രൂപീകരിക്കുമ്പോൾത്തെന്നെ നിതീഷ് ഇത്തരം ഒരു രാഷ്ട്രീയ നീക്കം മനസിൽ കണ്ടിരിക്കണം. വലതുപക്ഷ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ വിഷവിത്തുകൾ ഇന്ത്യയാകെ വിതറി രാഷ്ട്രീയത്തിൽ നിന്ന് നേരും നെറിയും നിഷ്ക്കാസനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും തങ്ങൾ വിതയ്ക്കുന്നത് തങ്ങൾ തന്നെ കൊയ്യേണ്ടിവരുമെന്ന് ചിന്തിക്കാൻ സാധിക്കാത്തത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള ഓരോ നേതാക്കളും തങ്ങളുടെ സാമ്രാജ്യങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് കാണാൻ ബിജെപിക്ക് സാധിക്കാതെ പോകുന്നതിന്റെ കാരണം വളരെ ലളിതമാണ്. ശരിയായ ഒരു രാഷ്ട്രീയ പാരമ്പര്യം അവർക്കില്ല. നാനാത്വത്തിൽ ഏകത്വം എന്ന് നെഹ്രു മനസിലാക്കിയത് പോലെ മനസിലാക്കാൻ കഴിവുള്ള ഒരു നേതാക്കളും സംഘ്പരിവാറിന്റെ മൂശയിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. മതാത്മകതയുടെ പേരിൽ അധികാരം ലഭിച്ചാൽപോലും അത് കക്കാനും മോഷ്ടിക്കാനും മേഘാലയയിലെ അവരുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ചെയ്തതുപോലെ വേശ്യാലയങ്ങൾ നടത്താനുള്ള അവസരമായി ഉപയോഗിക്കാനുമാണ് സംഘ്പരിവാർ നേതൃത്വത്തിനാവൂ. അത് സംഘരാഷ്ട്രീയത്തിന്റെ പാപ്പരത്തവും പരിമിതിയുമാണ്. ഇന്ത്യയെ മനസിലാക്കിയുള്ള രാഷ്ട്രീയ ചുവടുവയ്പല്ല.
മഹാരാഷ്ട്രയിലും ഗോവയിലും അവിടത്തെ പ്രാദേശിക പാർട്ടികളിൽ വിള്ളലുണ്ടാക്കി തിരശീലയ്ക്കു പിന്നിൽ നിന്ന് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുമ്പോഴും സിബിഐ, ഇഡി മുതലായ സംവിധാനങ്ങളുപയോഗിച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോഴും ഇതെല്ലാം തങ്ങൾക്ക് നേരെ വന്നാൽ എങ്ങനെ എതിരിടണമെന്ന് ബിജെപി നേതൃത്വങ്ങളെക്കാൾ നന്നായി അറിയുന്നവരാണ് നിതീഷിനെപോലെ ജയ്പ്രകാശ് നാരായൺ സ്കൂളിൽ നിന്നും രാഷ്ട്രീയം പഠിച്ചിറങ്ങിയവർ.


ഇതുകൂടി വായിക്കൂ:  ബീഹാറില്‍ കനത്തതിരിച്ചടിയില്‍ പതറി ബിജെപി


സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരും മഹാദളിതുകളും മുസ്‌ലിം ജനവിഭാഗത്തിലെ 80 ശതമാനം വരുന്ന പിന്നാക്ക മുസ്‌ലിങ്ങളായ പശ്മിന്ദ മുസ്‌ലിങ്ങളുമാണ് നിതീഷ് കുമാര്‍ ജനതാദളിന്റെ വോട്ടുബാങ്ക്. ഇതിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങിയത് ഈയടുത്താണ്. പശ്മിന്ദ മുസ്‌ലിങ്ങൾക്ക് വേണ്ടി അവർ അവരുടെ മുസ്‌ലിം മോർച്ചയിൽ വലിയ അഴിച്ചുപണി നടത്തി. അതിന് പ്രചുരപ്രചാരവും നൽകി. ദേശീയ മാധ്യമങ്ങളിൽ പോലും എ‍ഡിറ്റോറിയൽ പേജുകളിൽ ലേഖന പരമ്പരകൾ തന്നെ വന്നുകൊണ്ടേയിരിക്കുന്നു. മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ വിലകുറഞ്ഞ രാഷ്ട്രീയനാടകം കൂടിയായപ്പോൾ അപകടം മനസിലാക്കിയ നിതീഷ് കുമാറിന് ബിഹാറിൽ നിന്ന് ബിജെപിയെ തൂത്തെറിയണമെന്ന് തോന്നിയതിൽ അത്ഭുതമേയില്ല.
ലാലുപ്രസാദിന്റെ അഭാവത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദമായി ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് അക്ഷരാർത്ഥത്തിൽ നിതീഷ്‌കുമാർ തന്നെയാണ്. ലാലുവിന്റെ പിൻഗാമിയായ തേജസ്വി യാദവിനും നിതീഷ് എന്ന രാഷ്ട്രീയ അതികായനെ നന്നായി അറിയാം. പുതിയ മന്ത്രിസഭയിൽ നിതീഷിന്റെ ഉപമുഖ്യമന്ത്രിയാകാൻ അതുകൊണ്ട് തന്നെ തേജസ്വിക്ക് യാതൊരു മനഃപ്രയാസവും ഉണ്ടായില്ല. ജനതാദൾ‑യുവിൽ നിതീഷ് കാലത്തിന് ശേഷം അതേ നിലയിലുള്ള നേതാക്കൾ ഇല്ലെന്നത് തേജസ്വിയെപോലെ ചെറുപ്പക്കാരനായ ഒരു രാഷ്ട്രീയക്കാരന് പ്രതീക്ഷകൾ നൽകുന്നതുമാണ്. ബിഹാറിന്റെ മണമുള്ള നേതാവ് എന്ന ലാലുവിന്റെ ഇമേജ് തേജസ്വിക്ക് ഇപ്പോൾ തന്നെയുണ്ട്. നിതീഷിനെ പിണക്കാതെ മുന്നോട്ട് പോയാൽ തന്റെ രാഷ്ട്രീയ ജീവിതത്തിന് അതു വളമാകുമെന്ന് അറിയുന്ന തേജസ്വി യാദവ്, ആർജെഡി-ജനതാദൾ‑കോൺഗ്രസ്-ഇടതുപക്ഷ കൂട്ടുകെട്ടിന് മുൻകൈയെടുത്തതും അതിനുവേണ്ടിയാണ്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹിന്ദിബെൽറ്റിൽ ബിജെപിക്ക് കനത്ത ആഘാതം ഏല്പിക്കേണ്ടത് ബംഗാളിൽ മമതയ്ക്കെന്ന പോലെ ആവശ്യമാണ് ബിഹാറിൽ മേല്‍പ്പറഞ്ഞ സഖ്യത്തിനും.
ബിഹാറിലെ മേൽജാതിക്കാരായ ബിജെപി നേതാക്കൾക്ക് നിതീഷിന്റെ രാഷ്ട്രീയം ദഹിക്കുന്നതായിരുന്നില്ല. നരേന്ദ്രമോഡിയും അമിത്ഷായും ഡൽഹിയിലിരുന്ന് അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും പലപ്പോഴും താഴെത്തട്ടിൽ ആ ആജ്ഞകളൊന്നും ഏശിയിരുന്നില്ല. മന്ത്രിയാകുമെന്ന് കരുതി നിരാശരായിരുന്ന ബിജെപി എംഎൽഎമാർ ഒളിഞ്ഞും തെളിഞ്ഞും തന്റെ സർക്കാരിനെ ആക്രമിച്ച് പോന്നത് കാണാതെ പോകുന്ന ആളായിരുന്നില്ല നിതീഷ്. ആർസിപി സിങ്ങിനെ കേന്ദ്ര മന്ത്രിയായി നിതീഷ് അംഗീകരിക്കാത്തതും വെറുതെയല്ല.


ഇതുകൂടി വായിക്കൂ:  എന്‍ഡിഎ സ്ത്രീപ്രവേശനം ഔദാര്യമല്ല, അവകാശമാണ്


ആർസിപി സിങ്ങിനെ മറ്റൊരു ഏകനാഥ് ഷിൻഡെയാക്കാൻ ബിഹാറിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാൾ ചരടുവലി തുടങ്ങിയപ്പോൾ തന്നെ നിതീഷ് സ്വയം സുരക്ഷയൊരുക്കി. ജനതാദളിനെക്കാളും അംഗബലം ഉണ്ടായിട്ടും ഒരു പ്രധാനവകുപ്പും കയ്യാളാൻ ബിജെപിയെ നിതീഷ് കുമാർ അനുവദിച്ചിരുന്നില്ല. ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയെന്ന ബിജെപിക്കാരനാണ്. പലപ്പോഴും സർക്കാരിനെ അകാരണമായിപോലും കടന്നാക്രമിക്കുന്ന ശൈലിയായിരുന്നു സിൻഹയുടേത്. ഒടുവിൽ നിതീഷ് വളരെ രൂക്ഷമായ ഭാഷയിലാണ് സിൻഹയെ കടന്നാക്രമിച്ചത്. ഒരു സ്പീക്കർ എങ്ങനെയായിരിക്കണമെന്ന് സിൻഹയെ മുഖ്യമന്ത്രി തന്നെ ഓർമ്മിപ്പിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്ന് പറയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. നരേന്ദ്രമോഡി മുന്നോട്ടുവച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെയും നിതീഷ് കളിയാക്കി. അഗ്നിപഥ് പദ്ധതിക്കെതിരെയും നിതീഷ് രംഗത്തെത്തി. സംഘ്പരിവാറിന്റെ രാഷ്ട്രീയത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. അപ്പോഴും അധികാരത്തിന്റെ നെഗളിപ്പിൽ എല്ലാവരും തങ്ങളെപ്പോലെയായിരിക്കുമെന്ന് ചിന്തിച്ച അമിത് ഷായും ജെ പി നഡ്ഡയും നിതീഷിനെ കുറച്ച് കാണുകയായിരുന്നു. സെൻസസ് തന്നെ നടത്താതെ നടക്കുന്ന കേന്ദ്ര സർക്കാരിനോട് ജാതി തിരിച്ചുള്ള സെൻസസ് നടത്തണമെന്ന് തേജസ്വി യാദവിനെയും കൂട്ടി പ്രധാനമന്ത്രിയോട് നിതീഷ് ആവശ്യപ്പെടുമ്പോൾ പോലും അതൊക്കെ വെറും രാഷ്ട്രീയ നാടകമായി കാണാനാണ് സംഘ്പരിവാർ നേതൃത്വം ശ്രമിച്ചത്.
ബിഹാർ രാഷ്ട്രീയത്തിൽ കീഴ്ജാതി രാഷ്ട്രീയത്തിനുള്ള മേൽക്കോയ്മ തകർക്കാനാണ് ബിജെപി എപ്പോഴും ശ്രമിച്ച് പോന്നിട്ടുള്ളത്. നിയമസഭയിൽ വേണ്ടത്ര അംഗബലമില്ലെങ്കിലും ബിഹാർ രാഷ്ട്രീയ ശരീരത്തിൽ ഇപ്പോഴും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് പങ്കുണ്ട്. അതിദരിദ്രർ തിങ്ങിപ്പാർക്കുന്ന ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ബിഹാറിൽ ഇപ്പോഴുമുള്ളത്. സോഷ്യലിസ്റ്റാശയങ്ങൾക്ക് വലിയ സ്വാധീനവും ബിഹാറിലുണ്ട്.


ഇതുകൂടി വായിക്കൂ:  ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍


ലാലു പ്രസാദ് യാദവ് എന്ന യാദവരാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ ഇപ്പോഴും ബിഹാറികൾക്ക് ദൈവതുല്യനാണ്. യാദവസമുദായത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മുഖമുണ്ടാക്കി കൊടുക്കാൻ മുലായം സിങ്ങിനെക്കാൾ വിയർപ്പൊഴുക്കിയത് ലാലു പ്രസാദ് യാദവായിരുന്നു. സാമ്പത്തിക തിരിമറികൾ ആരോപിക്കപ്പെട്ട് ലാലു ജയിൽ ശിക്ഷ അനുഭവിച്ചെങ്കിലും അദ്ദേഹം ബിഹാറിൽ യാദവ സമൂഹത്തിന് നല്കിയ രാഷ്ട്രീയ മുന്നേറ്റത്തിന് ഇപ്പോഴും സമാനതകളില്ല. ആ രാഷ്ട്രീയ മുന്നേറ്റത്തിൽ നിതീഷിനും പങ്കുണ്ട്. അതൊക്കെ നിഷേധിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ സംസ്കാരം ബിഹാറിൽ സൃഷ്ടിച്ചെടുക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിട്ടുള്ളത്.
മലീമസമായ വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കപ്പെടുമ്പോൾ അതിനെ എതിർത്തുള്ള രാഷ്ട്രീയവും ഉല്പാദിപ്പിക്കപ്പെടും. അതുകൊണ്ടാണ് നിതീഷിന്റെ ചുവടുമാറ്റം ഒരു രാഷ്ട്രീയ ചൂണ്ടു പലകയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.