23 December 2024, Monday
KSFE Galaxy Chits Banner 2

രൂപ നിലം പൊത്തുമ്പോൾ

വി എസ് ജയനാരായണൻ
August 2, 2022 9:50 pm

രിത്രത്തിലെ തന്നെ ഏറ്റവും വലിയ താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു നിൽക്കുകയാണ്. ഈ വർഷം മൂന്നാമത്തെ ആഴ്ചയിൽ അത് ഡോളറിനെതിരെ 80 രൂപയിലെത്തി നിൽക്കുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ വർഷം ഇതുവരെ ഏകദേശം ഏഴു ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനെ തുടർന്ന് 2020 മാർച്ചിലാണ് രൂപയുടെ മൂല്യം ആദ്യമായി ഡോളറിനെതിരെ 75 പിന്നിട്ടത്. ഇപ്പോഴത് 80 രൂപയെത്തി നിൽക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 80 രൂപ കവിയുന്നതിലേക്കാണ് കാര്യങ്ങളെത്തി നിൽക്കുന്നത്. ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പം, ചൈനയിൽ ഈയിടെ ഏർപ്പെടുത്തിയ ലോക്ഡൗൺ, റഷ്യ- ഉക്രെയ്ന്‍ യുദ്ധം ഉണ്ടാക്കിയ വിതരണ ശൃംഖലയിലെ തടസങ്ങൾ, അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന വില, അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെ ലോകത്തിലെ എല്ലാ കേന്ദ്ര ബാങ്കുകളും പലിശ നിരക്ക് ഉയർത്തിയ നടപടി എന്നിവയെല്ലാം തന്നെ രൂപയെ സമ്മർദ്ദത്തിലാക്കി. ഡോളറിന്റെ മൂല്യം ദിവസേന കൂടുകയും രൂപയ്ക്ക് തുടർച്ചയായി റെക്കോർഡ് മൂല്യശോഷണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ ചില നടപടികളുമായി റിസർവ് ബാങ്ക് രംഗത്തു വന്നിട്ടുണ്ടെങ്കിലും അതൊന്നും ഈ പ്രശ്നത്തിന് പരിഹാരമാവാനിടയില്ല.
ആഗോളതലത്തിൽ ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പവും, അതിനെ പിടിച്ച് നിര്‍ത്താൻ അമേരിക്കൻ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള ലോക കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർത്തുന്നതും ആണ് ഇപ്പോഴത്തെ രൂപയുടെ ഇടിവിന് കാരണമായി തീർന്നിട്ടുള്ളത്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ മൂല്യശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: അടിത്തറയിളകുന്ന ഇന്ത്യന്‍ സമ്പദ്ഘടന


കയറ്റുമതി വരുമാനത്തെക്കാൾ ഇറക്കുമതി ചെലവ് കൂടുതലുള്ള രാജ്യമാണ് നമ്മുടേത്. 2022 സാമ്പത്തിക വർഷത്തിൽ മെച്ചപ്പെട്ട കയറ്റുമതി ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഏകദേശം 43.18 ശതമാനത്തിന്റെ വളർച്ച കയറ്റുമതിയിൽ ഉണ്ടായി. എന്നാൽ ഇറക്കുമതിയിൽ 2022 സാമ്പത്തിക വർഷത്തിൽ വലിയ ചെലവാണ് നമുക്ക് നേരിടേണ്ടി വന്നത്. ഇറക്കുമതി ചെലവിൽ 2022 സാമ്പത്തിക വർഷത്തിൽ 52 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഇതിനെ തുടർന്ന് ഏകദേശം 192.41 ബില്യൺ ഡോളർ വരുന്ന വളരെ വലിയ ഒരു വ്യാപാരകമ്മിയിലേക്ക് നമ്മെ എത്തിച്ചു. ആഗോളതലത്തിൽ മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ കയറ്റുമതി ഇന്നത്തെ നിലയിൽ തുടരാൻ കഴിയുകയില്ല എന്ന് മാത്രമല്ല ഇത് കൂടുതൽ മെച്ചപ്പെടാനുമുള്ള സാധ്യതയും കുറവാണ്. കയറ്റുമതി വരുമാനം കുറയുകയും ഇറക്കുമതി ചെലവ് കൂടുന്നതിന്റെയും ഫലമായി വ്യാപാരക്കമ്മി ഇനിയും വർധിക്കും. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് വലിയ വെല്ലുവിളിയാണ് വരുത്തിവയ്ക്കുക.
സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ പണം നൽകുന്നത് ഡോളറിലാണ്. രൂപയുടെ മൂല്യം കുറയുമ്പോൾ ഒരേ അളവും നിരക്കുമുളള സാധനങ്ങൾക്ക് കൂടുതൽ രൂപ ചെലവഴിക്കേണ്ടിവന്നു. അസംസ്കൃത എണ്ണ, കൽക്കരി, പ്ലാസ്റ്റിക് സാധനങ്ങൾ, വളം, സ്വർണം, സ്റ്റീൽ, രാസവസ്തുക്കൾ തുടങ്ങിയ ഇറക്കുമതി ചെയ്യുമ്പോൾ ഇറക്കുമതി ചെലവ് വൻതോതിൽ വർധിക്കുന്നു. ഇറക്കുമതി ചെലവ് കൂടുകയും കയറ്റുമതി വരവ് കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യം വ്യാപാരക്കമ്മിയിലാകുന്നു. ഇത് നമ്മുടെ വിദേശനാണ്യ ശേഖരത്തിൽ നിന്നും കൂടുതൽ ഡോളർ ചെലവഴിക്കാനിടയാക്കുന്ന ഇവയെല്ലാം തന്നെ നമ്മുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഭാരത്തിന് 100 ഡോളറായെങ്കിലും സമ്പദ്ഘടനയ്ക്ക് ആശ്വാസം കിട്ടണമെങ്കിൽ അതിനിയും കുറഞ്ഞ് 90 ഡോളറിനോടടുക്കണം. ഇറക്കുമതി സാധനങ്ങൾക്ക് വിലകൂടുന്നത് മൊത്തത്തിലുളള വിലക്കയറ്റത്തിലേക്ക് എത്തിക്കും.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്റ്റാഗ്ഫ്ലേഷന്റെ പിടിയില്‍


ആഗോളതലത്തിൽ തന്നെ പണപ്പെരുപ്പം ഉയർന്ന് നിൽക്കുകയാണ്. അമേരിക്കയിൽ ജൂണിലെ പണപ്പെരുപ്പം കഴിഞ്ഞ 41 വർഷത്തെ ഉയർന്ന നിലയായ 9.1 ശതമാനത്തിലെത്തിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നതുമൂലം ഡോളർ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഇത് പ്രതികൂലമായി ബാധിക്കുന്നത് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെയാണ്. വിദേശ നിക്ഷേപകർ അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നും കടമെടുക്കുകയും കൂടുതൽ ലാഭത്തിനായി ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലെ വിപണികളിൽ നിക്ഷേപിക്കുകയുമാണ് പതിവ്. എന്നാൽ ഡോളർ കരുത്താർജിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുമ്പോൾ ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രങ്ങളിൽ നിന്നും വിദേശനിഷേപകർ നിക്ഷേപം പിൻവലിക്കുകയും കൂടുതൽ മെച്ചപ്പെട്ട വിപണികളുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വിപണികൾ ഇടിയുമെന്ന ഭീതിയുള്ളതിനാൽ പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യം തുടങ്ങിയ സാമ്പത്തിക അസ്വസ്ഥതകൾ ഉളള രാജ്യങ്ങളിൽ നിക്ഷേപം നടത്താൻ വിദേശനിക്ഷേപകർ താല്പര്യം കാണിക്കാറില്ല. അമേരിക്കയിൽ പലിശ ഉയരുമ്പോൾ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലെയും കടപത്രങ്ങളിലെയും നിക്ഷേപം ഡോളറിലേക്ക് മാറ്റുന്നു. ഇതാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനുളള പ്രധാനകാരണങ്ങളിലൊന്ന്.
ഈ വർഷം ജനുവരിക്ക് ശേഷം ഓഹരി വിപണിയിൽ നിന്നും 2.24 ലക്ഷം കോടി രൂപയും കടപത്രത്തിൽ നിന്നും 15,749 കോടി രൂപയും വിദേശനിക്ഷേപകസ്ഥാപനങ്ങൾ പിൻവലിക്കുകയുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനായി റിസർവ് ബാങ്ക് ഇടപെടുന്നതിനെ തുടർന്ന് വിദേശനാണ്യ കരുതല്‍ ശേഖരത്തിൽ വൻ ഇടിവുണ്ടായി. ഡോളറിന്റെ ആവശ്യം വർധിക്കുമ്പോൾ ഇത് കരുതൽ ശേഖരത്തിൽ നിന്നും എടുക്കുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. വർധിച്ചുവരുന്ന വ്യാപാരക്കമ്മിയും, വിദേശനിക്ഷപം പിൻവലിക്കലും രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുന്നു. ഇവയെല്ലാം തന്നെ രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് വസ്തുത.
രൂപ തുടർച്ചയായി മൂല്യശോഷണം നേരിടുന്ന സാഹചര്യത്തിൽ രൂപയെ ശക്തിപ്പെടുത്താനുളള നീക്കങ്ങൾ റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര ബാങ്കുകൾക്ക് അധികം എൻആർഐ നിക്ഷേപം സ്വീകരിക്കത്തക്കവിധത്തിൽ നിബന്ധനകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. എൻആർഐ നിക്ഷേപത്തിനുളള പലിശനിരക്ക് വർധിപ്പിക്കാനുളള അനുമതി നൽകി. വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് ആഭ്യന്തര കടപത്രങ്ങളിൽ നിക്ഷേപം നടത്താനുളള നിബന്ധനകൾ എളുപ്പമാക്കി. വിദേശത്ത് നിന്ന് അനുമതി കൂടാതെയുളള കടമെടുപ്പ് പരിധി ഇരട്ടിയാക്കി. വിദേശത്തുളളവർക്ക് സർക്കാരിനെ അറിയിക്കാതെ പത്ത് ലക്ഷം രുപ വരെ രാജ്യത്തുളള ബന്ധുക്കൾക്ക് അയയ്ക്കാം. ഇങ്ങനെ വിദേശ നിക്ഷപം ആകർഷിക്കാനായി നിരവധി നടപടികൾ റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ഇവ എത്രകണ്ട് ഫലം ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


വാണിജ്യ ഇടപെടലുകൾക്കുളള വിനിമയ ഉപാധിയായി രൂപ ഉപയോഗിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം അനുമതി നൽകുകയുണ്ടായി. ഇത് ആഗോള വ്യാപാര മേഖലയിൽ ഇന്ത്യയുടെ കയറ്റുമതിയും വ്യാപാരവും വർധിപ്പിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. റഷ്യ, ഇറാൻ തുടങ്ങി ഉപരോധം.
നേരിടുന്ന രാജ്യങ്ങൾ ഇക്കാര്യത്തിൽ സഹകരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിശ്വാസം. ഉയർന്ന വിലയുളള അസംസ്കൃത എണ്ണയുടെയും സ്വർണത്തിന്റെയും വ്യാപാരത്തിൽ വില രൂപയിൽ നൽകാൻ കഴിഞ്ഞാൽ ഇപ്പോഴുളള വൻവ്യാപാരകമ്മിയിൽ ഗണ്യമായ കുറവുവരുത്താൻ സഹായിക്കും. ഇറക്കുമതി കൂടിയ രാജ്യമെന്ന നിലയിൽ വിദേശനാണ്യം സംരക്ഷിക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. വ്യാപാരത്തിലെ പങ്കാളി രാജ്യം രൂപയിൽ വിനിമയം നടത്താൻ സമ്മതിച്ചാൽ മാത്രമെ ഈ ശ്രമം വിജയിക്കുകയുളളു. പങ്കാളി രാജ്യം അവരുടെ നാണ്യത്തിൻ വിനിമയം നടത്താൻ നിർബന്ധം പിടിച്ചാൽ കാര്യങ്ങൾ അവതാളത്തിലാകും.
രൂപയുടെ മൂല്യം അടിക്കടി താഴുകയും നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം കൂടുകയും ചെയ്യുന്ന ഒരു ദുരവസ്ഥയിലാണ് നമ്മുടെ രാജ്യം എത്തിച്ചേർന്നിരിക്കുന്നത്. പുതിയ നികുതികൾ അടിക്കടി ഏർപ്പെടുത്തി രാജ്യത്തെ ജനങ്ങളെ വലയ്ക്കുകയാണ് കേന്ദ്രസർക്കർ. കോവിഡ് മഹാമാരിയിൽ നിന്നും മുക്തയായ ലോകത്തെ വരവേറ്റത് റഷ്യ- ഉക്രെയ്ന്‍ യുദ്ധമാണ്. ഇതിനെ തുടർന്ന് അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത് ഉണ്ടായത്. പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധനവ് ജനജീവിതത്തെ ദുരിതക്കയത്തിലാക്കി. ഡോളറുമായി രൂപയുടെ വിനിമയമൂല്യം ഈ വർഷത്തിൽ 74 രൂപയായിരുന്നത് 88 രൂപയിലെത്തി. ഈ വർഷം അവസാനിക്കുമ്പോഴെക്കും ഇത് 81 രൂപയിലധികമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിദേശ നിക്ഷപകർ വൻതോതിൽ നമ്മുടെ സമ്പദ് ഘടനയിൽ നിന്നും നിക്ഷേപം പിൻവലിക്കുകയാണ്. വ്യാപാര കമ്മിയും നാണ്യ പ്രതിസന്ധിയും രൂക്ഷമാവുകയാണ്. തുടർച്ചയായ ആറാം മാസവും ഉപഭോക്തൃ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിക്കപ്പുറം നിലനിൽക്കുന്നു. അന്താരാഷ്ട്രതലത്തിലെ വിലക്കയറ്റം മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ എന്നിവമൂലം ഡോളർ കരുത്താർജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുകയാണ്. കേന്ദ്രസർക്കർ ഗൗരവപൂർവം ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും അനുഭവമായിരിക്കും നമ്മെകാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.