25 December 2024, Wednesday
KSFE Galaxy Chits Banner 2

പണ്ട് സത്യക്രിസ്ത്യാനി കമ്മ്യൂണിസ്റ്റായപ്പോള്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
September 9, 2024 4:45 am

പണ്ട് കമ്മ്യൂണിസവും ക്രിസ്തുമതവും വിപരീത ധ്രുവങ്ങളില്‍ നിന്ന് പോരടിച്ചിരുന്നു. സത്യക്രിസ്ത്യാനി കമ്മ്യൂണിസ്റ്റായാല്‍ അവരെ മഹറോണ്‍ ചൊല്ലി സഭയില്‍നിന്ന് പുറത്താക്കും. മരിച്ചാല്‍ ശവപ്പറമ്പിലെ തെമ്മാടിക്കുഴിയിലേ അടക്കൂ. പിന്നീട് കാലം മാറി വൈദിക സഭകളില്‍ത്തന്നെ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളുണ്ടായി. സൈപ്രസ് ഭരണാധികാരിയായിരുന്ന കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മക്കാറിയോസ് അറിയപ്പെട്ടിരുന്നത് ചുവപ്പ് ബിഷപ്പ് എന്നായിരുന്നു. കേരളത്തിലും ഇപ്പോള്‍ ചുവപ്പ് ബിഷപ്പുമാരും വൈദികരും ധാരാളം. കമ്മ്യൂണിസ്റ്റ് — ക്രൈസ്തവ ദര്‍ശനങ്ങള്‍ ഒന്നെന്ന് അവര്‍ സമീകരിക്കുന്ന മനോഹരമായ അവസ്ഥയിലേക്ക് കാലം മാറി. എങ്കിലും പണ്ട് കമ്മ്യൂണിസ്റ്റുകളായി മാറിയ സത്യക്രിസ്ത്യാനികള്‍ ഉണ്ടാക്കിവച്ച പൊല്ലാപ്പുകള്‍ ചില്ലറയല്ല. എതിരാളികളുടെ വീട്ടില്‍ ചാണകമെറിയും. വീട്ടുവാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തും. തക്കത്തിന് കയ്യില്‍ക്കിട്ടിയാല്‍ ചുറ്റികകൊണ്ട് തല്ലി കട്‌ലറ്റ് പരുവമാക്കും. അരിവാളും ചുറ്റികയുമാണ് തന്റെ പാര്‍ട്ടിയുടെ സമരായുധങ്ങള്‍ എന്ന തോന്നലില്‍ നടത്തുന്ന കലാപരിപാടികള്‍. എല്ലാം തന്റെ നേതൃത്വത്തെ സുഖിപ്പിക്കാനാണെന്ന ഭാവം. ഗത്യന്തരമില്ലാതെ സത്യക്രിസ്ത്യാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മാനം രക്ഷിക്കേണ്ടിവന്നു. 

ഇപ്പോഴിതാ സര്‍ക്കാരിലും ഒരു പുതിയ സത്യക്രിസ്ത്യാനി അവതരിച്ചിരിക്കുന്നു. സാക്ഷാല്‍ എഡിജിപി അജിത് കുമാര്‍. സര്‍ക്കാരിനെ പ്രീണിപ്പിക്കാനെന്ന ഭാവത്തില്‍ ഓരോരോ പുലിവാലുകള്‍ പിടിക്കുന്നു. പണ്ട് സ്വര്‍ണക്കടത്തുകാരി സ്വപ്നാ സുരേഷിനെ മലമ്പാതകള്‍ വഴി ബംഗളൂരുവിലേക്ക് പലായനം ചെയ്യാന്‍ വഴികാട്ടിക്കൊടുക്കുന്നു. സ്വപ്ന പിടിയിലായപ്പോള്‍ ദൂതന്‍ വഴി സ്വര്‍ണക്കടത്തുകാരിയെ വശത്താക്കാന്‍ ചുക്കാന്‍ പിടിക്കുന്നു. സോളാര്‍ തട്ടിപ്പുകാരി സരിതയെ സര്‍ക്കാരിന്റെ എതിരാളികള്‍ക്കുവേണ്ടി വശത്താക്കാന്‍ നടത്തിയ കളികള്‍ സരിത തന്നെ കഴിഞ്ഞ ദിവസം പുറത്തുപറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ ഫോണ്‍ തട്ടിയെടുക്കുന്നു. ഫോണില്‍ ഒരു തെളിവുമില്ലെന്നറിഞ്ഞിട്ടും ഫോണ്‍ തിരിച്ചുനല്‍കാതെ അല്പത്തരം കാട്ടുന്നു. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും പുഞ്ചിരിമട്ടത്തും ഭീകരമായ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ വിശന്നുവലയുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സന്നദ്ധസംഘടനകളെ വിലക്കിയ കഠിനഹൃദയനാണ് ഈ എഡിജിപി. കേരളത്തിന്റെ മഹോത്സവമായ തൃശൂര്‍പ്പൂരം കലക്കിയിട്ട് ആരാണ് പൂരം കലക്കിയതെന്ന് അന്വേഷണം നടത്താനുള്ള ചുമതല സ്വയം ഏറ്റെടുക്കുന്നു. പൂരം കലക്കിയത് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനാണെന്ന ആരോപണം പുറത്തുവന്നിട്ടും അന്വേഷണം പോലും നടത്താതെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയും ഉരുണ്ടുകളിക്കുന്ന എഡിജിപി. 

നാനൂറോളം സിപിഐ(എം) പ്രവര്‍ത്തകരെ കൊന്നുതള്ളിയവരാണ് കേരളത്തിലെ ആര്‍എസ്എസ് എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍. ആ ഭീകര സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയെയും ആര്‍എസ്എസിന്റെ ദേശീയ നേതാവായ റാം മാധവിനെയും സാഷ്ടാംഗം പ്രണമിക്കുന്നതും ഇടതു സര്‍ക്കാരിനെ സുഖിപ്പിക്കാനാണോ! അത് സ്വകാര്യ സന്ദര്‍ശനമെന്നാണ് അജിത് കുമാറിന്റെ വാദം. സര്‍ക്കാരിന്റെ ഭാഗമായിരിക്കേ, സര്‍ക്കാരിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആര്‍എസ്എസിന്റെ പ്രമാണിമാരെ കണ്ട് നമസ്കരിക്കാന്‍ സ്വകാര്യ സന്ദര്‍ശനമായാലും എന്തവകാശമാണ് എഡിജിപിക്കുള്ളത്? മാറിമാറി വരുന്ന സര്‍ക്കാരുകളെ സേവിക്കുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടമയെന്നിരിക്കെ ആരാണ് ഈ ബാധ്യത ലംഘിക്കാന്‍ അജിത് കുമാറിന് അധികാരം നല്‍കിയതെന്ന് ചോദിക്കരുത്. കാരണം അത് തന്റെ ജന്മാവകാശമെന്ന് മേല്പടിയാന്‍ പറഞ്ഞുകളയും. അവധിയെടുത്ത് തെളിവുകള്‍ നശിപ്പിക്കാന്‍ പോകുകയാണ് എഡിജിപിയെന്ന് പി വി അന്‍വര്‍ ഇന്നലെ പറഞ്ഞുകഴിഞ്ഞു. ആര്‍എസ്എസും അജിത് കമാറും തമ്മിലുള്ള ചങ്ങാത്തത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും സത്യക്രിസ്ത്യാനിക്ക് ഉരിയാട്ടമില്ല. ഇനിയും വൈകരുത് ഈ പുഴുക്കുത്തിന്റെ കസേര തെറിപ്പിക്കാന്‍. ഇല്ലെങ്കില്‍ ഇയാള്‍ ഇടതു സര്‍ക്കാരിനെയും അതിന്റെ കാവലാളുകളായ ജനകോടികളെയും നാണംകെടുത്തിക്കൊണ്ടേയിരിക്കും. 

കഴിഞ്ഞദിവസം പ്രധാനമന്ത്രി മോഡി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ യോഗത്തില്‍ പ്രഖ്യാപിച്ചത് സംസ്ഥാനത്ത്‍ ഒന്നര ലക്ഷം പേര്‍ക്ക് അടിയന്തരമായി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നായിരുന്നു. 45ലക്ഷം പേര്‍ക്ക് താല്‍ക്കാലിക ജോലിയും. ഈ പ്രഖ്യാപനം വന്നദിവസം തന്നെ ഹരിയാനാ പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഒരു വെളിപ്പെടുത്തലുണ്ടായി. പ്രതിമാസം 10,000 രൂപ ശമ്പളമുള്ള 1,800 തൂപ്പുജോലി തസ്തികകള്‍ക്ക് ആകെ അപേക്ഷകര്‍ മൂന്നു ലക്ഷം. ഇവരില്‍ 87,000പേര്‍ ബിരുദധാരികള്‍. 6,000പേര്‍ ബിരുദാനന്തര ബിരുദമുള്ളവര്‍. മൂന്ന് എന്‍ജിനീയറിങ് ബിരുദധാരികള്‍. എട്ടുപേര്‍ ഡോക്ടറേറ്റുള്ളവര്‍. എന്തുപറയാന്‍, മോഡിയുടെ ഇന്ത്യ അങ്ങ് തിളങ്ങുകയല്ലേ! 

ഇനി മറ്റൊരു കണക്ക്. ഇന്ത്യന്‍ കുട്ടികളിലെ കാന്‍സര്‍ ബാധിതരില്‍‍ 67ശതമാനത്തോളം പോഷകാഹാരക്കുറവു മൂലം പ്രതിരോധശേഷിയില്ലാതെ രോഗത്തിന് അടിമപ്പെടുന്നവര്‍. 72,000കുട്ടികളില്‍ നടത്തിയ സര്‍വേയിലാണ് ദാരുണമായ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. എന്നിട്ടും മോഡി പറയുന്നു ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നുവെന്ന്. പട്ടിണിയില്‍ ഒന്നാം സ്ഥാനം നേടാനാണോ ഈ കുതിപ്പ്. 

ദുരൂഹ മരണങ്ങളും ആത്മഹത്യകളും അന്വേഷിക്കാന്‍ കാലഹരണ സിദ്ധാന്തം ബാധകമല്ല. ചലച്ചിത്രരംഗത്തെ നടികളുടെ ആത്മഹത്യകള്‍ അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ പീഡനങ്ങളുടെ കൊടും വേലിയേറ്റമാണുണ്ടാവുക. മലയാളത്തിലും തമിഴിലും തിളങ്ങിനിന്ന താരങ്ങളായ വിജയശ്രീയും മയൂരിയും സില്‍ക്ക് സ്മിതയും ശോഭയും തുടങ്ങി ആത്മഹത്യ ചെയ്ത നടികളുടെ എണ്ണം നീണ്ടതാണ്. എല്ലാ ആത്മഹത്യാ കേസുകളും ഒതുക്കിത്തീര്‍ത്തവ. ഇവയ്ക്കും തുടരന്വേഷണം വേണ്ടേ? അതുമാത്രം പോര. രാഷ്ട്രീയക്കാരിലെ ലൈംഗിക അരാജകത്വത്തിനും വേണം ഒരു ഹേമ കമ്മിറ്റി‍. കഴിഞ്ഞ ദിവസം മുന്‍ ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെക്കുറിച്ച് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കേട്ടപ്പോഴാണ് രാഷ്ട്രീയരംഗവും ശുദ്ധീകരിക്കാന്‍ ഒരു കമ്മിറ്റി വേണമെന്ന് തോന്നിപ്പോയത്. പൊതുവേയുള്ള നമ്മുടെ അറിവ് വാജ്പേയ് കല്യാണം കഴിക്കാത്ത ബ്രഹ്മചാരിയാണെന്നാണ്. യുവാവായിരുന്ന വാജ്പേയിക്ക് ഒന്നിലെറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. രാഷ്ട്രീയത്തിലും വേണ്ടേ ഒരു ഹേമ കമ്മിറ്റി! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.