25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

മതത്തിന്റെ പേരില്‍ നമ്മള്‍ എങ്ങോട്ട്?

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 11:30 pm

രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. മതത്തിന്റെ പേരില്‍ നമ്മള്‍ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് ചോദിച്ച കോടതി ഇത് 21-ാം നൂറ്റാണ്ടാണെന്നും ഓര്‍മ്മിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതര്‍ ഉടനടി നടപടി എടുക്കണം. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഷഹീന്‍ അബ്ദുള്ള നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ അതിശക്തമായ ഇടപെടല്‍. അടുത്തിടെ മതസമ്മേളനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. എല്ലാ മതവിഭാഗങ്ങളും ഐക്യത്തോടെ ജീവിച്ചാല്‍ മാത്രമേ രാജ്യത്ത് സാഹോദര്യം ഉണ്ടാകൂ. മതം നോക്കാതെ നടപടി എടുത്താല്‍ മാത്രമേ ഭരണഘടന അനുശാസിക്കുന്ന മതേതര സ്വഭാവം സംരക്ഷിക്കാനാകൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കഴിഞ്ഞദിവസം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. ഡല്‍ഹിയില്‍ ബിജെപി എംപി പര്‍വേഷ് വര്‍മ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ മുസ്‌ലിങ്ങളെ പൂര്‍ണമായി ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം ചെയ്തതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
“നമ്മുടെ ക്ഷേത്രങ്ങൾക്ക് നേരെ വിരൽ ഉയർത്തുന്ന” ആരുടെയും കഴുത്ത് വെട്ടാന്‍ മടിയ്ക്കരുതെന്ന് ഇതേ മതസമ്മേളനത്തില്‍ ഹിന്ദു സന്യാസി യോഗേശ്വര്‍ ആചാര്യ നടത്തിയ പരാമര്‍ശവും കോടതി വായിച്ചു.
ശിക്ഷാ നിയമത്തിൽ ഉചിതമായ വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് യുഎപിഎ അടക്കമുള്ള കർശന വ്യവസ്ഥകള്‍ ഉപയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണകക്ഷിയിലെ അംഗങ്ങൾ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളിലും ശാരീരിക അക്രമങ്ങളിലും ഏര്‍പ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നും 19നും ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും മതസമ്മേളനങ്ങളില്‍ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് നടന്നത്. ഈ വര്‍ഷം ആദ്യം അലഹബാദിലും മേയില്‍ ഡല്‍ഹിയിലും സെപ്റ്റംബറില്‍ ഹരിയാനയിലും സമാനസംഭവങ്ങള്‍ ഉണ്ടായി. ഭരണകക്ഷിയുടെ സജീവവും നിശബ്ദവുമായ പിന്തുണയുണ്ടെന്നതിനാല്‍ വിദ്വേഷ പ്രാസംഗികര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഭയമില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
എല്ലാ മതങ്ങളില്‍ നിന്നുമുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കുമെന്ന് അറിയിച്ച കോടതി ഇത്തരം കേസുകളിൽ കർശന നടപടി വേണമെന്നും പറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു.

സ്വമേധയാ കേസെടുക്കണം

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പരാതി ലഭിക്കാന്‍ കാത്തിരിക്കാതെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരും പൊലീസും മതമേതെന്നോ പ്രാസംഗികന്‍ ആരെന്നോ നോക്കാതെ സ്വമേധയാ കേസെടുക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Where are we going in the name of religion?

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.