22 December 2024, Sunday
KSFE Galaxy Chits Banner 2

ഗാന്ധിജിയെ വീണ്ടും നിഗ്രഹിക്കുകയും സവര്‍ക്കര്‍മാരെ വാഴ്ത്തുകയും ചെയ്യുമ്പോള്‍

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
August 30, 2024 4:45 am

ണ്ട് വിചാരണകള്‍. ഒന്ന് അടിയുറച്ച രാജ്യസ്നേഹിയും സ്വാതന്ത്ര്യ സമ്പാദന പോരാട്ടഭൂമിയിലെ വിട്ടുവീഴ്ചയില്ലാത്ത പടനായകനുമായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടേത്. മറ്റൊന്ന് വര്‍ഗീയ ഫാസിസത്തിന്റെ വിഷവിത്തുകള്‍ ഇന്ത്യന്‍ മണ്ണില്‍ വിതച്ച, സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് മേലാളന്‍മാരുടെ കാല്‍ക്കല്‍ അടിയറവച്ച രാഷ്ട്രതാല്പര്യ വിരുദ്ധനായ വിനായക് ദാമോദര്‍ സവര്‍ക്കറുടേതും. ഗാന്ധിജി പലവട്ടം ബ്രിട്ടീഷ് മേധാവിത്വത്തിന്റെ ചാട്ടുളിയായി പ്രവര്‍ത്തിച്ചിരുന്ന കോടതികള്‍ക്ക് മുന്നില്‍ അന്യായമായി വിചാരണ ചെയ്യപ്പെട്ടു. ‘യങ് ഇന്ത്യ’യില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ലേഖനങ്ങള്‍ എഴുതിയതിന്റെ പേരില്‍ 1922ല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 124‑എ വകുപ്പ് പ്രകാരം ഗാന്ധിജി ശിക്ഷിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ വികാരം ആളിക്കത്തിക്കുവാന്‍ ലേഖനങ്ങളിലൂടെ യത്നിച്ചുവെന്നതായിരുന്നു കുറ്റം. ഭാരതീയ നിസഹകരണ പ്രസ്ഥാനത്തിന്റെ നിയമസാധുതയും ധാര്‍മ്മികതയും ഉള്‍പ്പെട്ട ആദ്യത്തെ വിചാരണ ഗണത്തില്‍പ്പെടുന്നു ഈ കേസ്. ഗാന്ധിജിയുടെ ഈ വിചാരണയെക്കുറിച്ച് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ എം ഷെലാത്ത് ഇങ്ങനെ കുറിച്ചു:

‘സോക്രട്ടീസിന്റെ വിചാരണ മാറ്റിവച്ചാല്‍, ഇത്രയും താല്പര്യം സൃഷ്ടിക്കുകയും മനുഷ്യരാശിയുടെ ജീവിതത്തെ ഇത്രയും അഗാധമായി സ്പര്‍ശിക്കുകയും ചെയ്ത ഗാന്ധിജിയുടെ വിചാരണയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു വിചാരണ മനുഷ്യവര്‍ഗ ചരിത്രത്തില്‍ ഒരുപക്ഷേ ഉണ്ടായെന്ന് വരില്ല. സോക്രട്ടീസും ഗാന്ധിജിയും തങ്ങളെ വിചാരണ ചെയ്ത ട്രൈബ്യൂണലുകളോട് സ്വീകരിച്ച നിലപാടുകളിലെ സമാനസ്വഭാവം തുടക്കത്തിലെ പ്രത്യക്ഷമാണ്. എന്തെന്നാല്‍ രണ്ടുപേരും സത്യത്തെ നിയമത്തിനുമുകളില്‍ പ്രതിഷ്ഠിക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷ ആവശ്യപ്പെടുകയും ചെയ്തു-’
സത്യത്തെ നിയമത്തിനു മുകളില്‍ പ്രതിഷ്ഠിച്ച കര്‍മ്മയോഗിയായ ഗാന്ധിജിയെ ആറുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. 1921 ജൂണ്‍ 13ന് ‘യങ് ഇന്ത്യ’യില്‍ പ്രസിദ്ധീകരിച്ച ‘നീരസം — ഒരു നന്മ’, 1921 സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച ‘വിശ്വസ്തതയെ താറുമാറാക്കല്‍’, 1921 ഡിസംബര്‍ 15ന് പ്രസിദ്ധീകരിച്ച ഒരു ‘പ്രഹേളികയും പ്രതിവിധിയും’ എന്നീ ലേഖനങ്ങളാണ് ഗാന്ധിജിയെ കാരാഗൃഹത്തിലെത്തിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ബ്രിട്ടീഷുകാര്‍ ഏതുവിധത്തില്‍ കയ്യാമം വച്ചുവെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.

സ്വാതന്ത്ര്യലബ്ധിയുടെ 78-ാം വാര്‍ഷിക ദിനവേളയില്‍ നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ദൃശ്യ–അച്ചടി മാധ്യമങ്ങളില്‍ വമ്പന്‍ പരസ്യം നല്‍കി. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്ത, ബ്രിട്ടീഷ് ചാരന്‍മാരായി വര്‍ത്തിച്ച സ്വാതന്ത്ര്യദാഹത്തെ ഉന്മൂലനം ചെയ്യാന്‍ വഞ്ചകവേഷമണിഞ്ഞ സംഘപരിവാരനായകരെ സ്വാതന്ത്ര്യസമര പോരാളികളായി ബഹുവര്‍ണ ചിത്രങ്ങളാല്‍ അവതരിപ്പിച്ചു. സവര്‍ക്കര്‍, ഹെഡ്ഗേവാര്‍, ഗോള്‍‍വാല്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെയെല്ലാം മോഡി സര്‍ക്കാര്‍ സ്വാതന്ത്ര്യ സമരനായകരായി പ്രച്ഛന്നവേഷം ധരിപ്പിച്ചു. ആര്‍എസ്എസിന്റെ സ്ഥാപക സര്‍സംഘചാലക് ആയ ഹെഡ്ഗേവാര്‍ പറഞ്ഞത് ‘നിങ്ങള്‍ എന്തിന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഊര്‍ജം പാഴാക്കു‌ന്നു, ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കട്ടെ, അവരെ സേവിക്കുകയാണ് ഭാരതീയരുടെ കടമ’ എന്നാണ്. രണ്ടാമത്തെ സര്‍സംഘചാലക് മാധവ് സദാശിവ് ഗോള്‍‍വാല്‍ക്കറും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയും ഗാന്ധിജിയെ പുച്ഛിക്കുകയും ചെയ്തു. ഗാന്ധിജിയുടെ നിറമാറിലേക്ക് വെടിയുണ്ടവര്‍ഷം നടത്തിയ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ സര്‍സംഘചാലകായിരുന്നു ഗോള്‍‍വാള്‍ക്കര്‍. ഹിന്ദുമഹാസഭയിലൂടെയും സംഘ്പരിവാറിലൂടെയും വംശവിദ്വേഷത്തിന്റേയും മതവൈരത്തിന്റേയും കൊടുംവിഷാണുക്കള്‍ വമിപ്പിച്ച, ഗാന്ധിവധത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ആര്‍എസ്എസിന്റെ ‘വീര്‍’ സവര്‍ക്കര്‍. ഇവരുടെയെല്ലാം വര്‍ണാഭചിത്രങ്ങളില്‍ ഏറ്റവും ഒടുവിലായി ഗാന്ധിജിയുടെ ചിത്രം ഭൂതക്കണ്ണാടി വച്ച് നോക്കിയാല്‍ മാത്രം കാണുന്ന നിലയിലും. ഗാന്ധിഹത്യയില്‍ ഇപ്പോഴും രോമഹര്‍ഷം കൊള്ളുന്നവര്‍, ഗാന്ധിജിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുണ്ട വര്‍ഷിച്ച് അഭിരമിക്കുന്നവര്‍, ഗാന്ധി ഇകഴ്ത്തപ്പെടേണ്ടവനാണെന്നും ഗോഡ്സെ വാഴ്ത്തപ്പെടേണ്ടവനാണെന്നും പുലമ്പുന്നവര്‍, ഇത്തരത്തില്‍ ചരിത്രത്തെ വക്രീകരിച്ചില്ലെങ്കിലേ അതിശയിക്കുവാനുള്ളൂ. ആറ്റന്‍ബറോയുടെ ‘ഗാന്ധി’ ചലച്ചിത്രം പുറത്തുവന്നതുകൊണ്ടുമാത്രമാണ് ഗാന്ധിയെ ലോകമറിഞ്ഞതെന്ന് പമ്പരവിഡ്ഢിത്തം വിളമ്പിയ നരേന്ദ്രമോഡി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഗാന്ധി തമസ്ക്കരിക്കപ്പെടുന്നതില്‍ യാദൃച്ഛികതയില്ല.

സംഘകുടുംബത്തിന്റെ ‘വീര’നായ സവര്‍ക്കര്‍ ബ്രിട്ടീഷ് സായിപ്പന്‍മാരുടെ മുന്നില്‍ എത്രമേല്‍ ഭീരുവായിരുന്നുവെന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ബോംബെയിലെ ഡോംഗ്രി ജയിലിലും, ബെക്കുള ജയിലിലും അവിടെ നിന്ന് ആന്തമാന്‍ സെല്ലുലാര്‍ ജയിലിലേക്കും താനെയിലേക്കും മാറ്റപ്പെട്ട സവര്‍ക്കര്‍ ബ്രിട്ടീഷ് സായിപ്പന്‍മാരുടെ ചെരുപ്പ് നക്കി മാപ്പപേക്ഷ എഴുതി നല്‍കി ജയില്‍ വിമോചിതനായ കളങ്കിത ചരിത്രം ആര്‍എസ്എസിന്റെ പുത്തന്‍ ചരിത്രരചനകൊണ്ട് തിരുത്താനാവില്ല.
1924 ജനുവരി ആറാം തീയതി യെര്‍വാഡാ ജയിലില്‍ നിന്ന് സോപാധികമായി മോചനം നേടിയ സവര്‍ക്കറുടെ മാപ്പപേക്ഷ ചരിത്രത്താളുകളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. ബോംബെ ഗവര്‍ണര്‍ ജോര്‍ജ് ലോയിഡും ആന്തമാന്‍ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന കേണല്‍ ജെ എച്ച് മുറേയുമായി (അദ്ദേഹം സവര്‍ക്കര്‍ ജയില്‍ മോചിതനാകുമ്പോള്‍ യെര്‍വാഡ ജയില്‍ സൂപ്രണ്ടായിരുന്നു) സന്ധി സംഭാഷണം നടത്തി അടിമത്തത്തിന്റെ വ്യവസ്ഥകളില്‍ കയ്യൊപ്പു ചാര്‍ത്തി.
‘അഞ്ചുവര്‍ഷക്കാലം സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വിധത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പരസ്യമായോ രഹസ്യമായോ ഏര്‍പ്പെടുന്നതല്ല. ഈ കാലാവധിക്കുശേഷം ഇത്തരം നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ ഇഷ്ടാനുസരണം പുതുക്കാവുന്നതാണ്. രത്നഗിരി ജില്ലയില്‍ തന്നെ താമസിക്കും. സര്‍ക്കാരിന്റെയോ ജില്ലാ മജിസ്ട്രേറ്റിന്റെയോ അനുമതി ഇല്ലാതെ അടിയന്തിരഘട്ടങ്ങളില്‍ പോലും ജില്ല വിട്ട് പുറത്തു പോവുകയില്ല.’ ഈ വിധം ബ്രിട്ടീഷ് മേലാളന്‍മാരുടെ ശാസനയ്ക്കു വഴങ്ങി രാജ്യത്തെ ഒറ്റിക്കൊടുത്ത് വിധേയത്വം പ്രകടിപ്പിച്ച സവര്‍ക്കറാണ് നരേന്ദ്രമോഡിയുടെയും സംഘകുടുംബത്തിന്റെയും വീര സ്വാതന്ത്ര്യ സമരനായകന്‍.
കോടതിയില്‍ ഗാന്ധിജിയെ ഹാജരാക്കുമ്പോഴുള്ള രംഗാനുഭവം സരോജിനി നായിഡു ഈ വിധം കുറിച്ചിട്ടുണ്ട്;- ‘നിയമത്തിന്റെ മുന്നില്‍ അപരാധിയും കുറ്റവാളിയും എന്നിരുന്നാലും കൃശഗാത്രനും പ്രശാന്തനും ഒരു കൗപീന വസ്ത്രം മാത്രം ധരിച്ച അജയ്യനായ മഹാത്മാ ഗാന്ധി സമര്‍പ്പിതസേവകരായ ശിഷ്യന്മാരും സഹകാരാഗ്രഹവാസി ശങ്കര്‍ലാല്‍ ബാങ്കറുമൊന്നിച്ച് പ്രവേശിച്ച നിമിഷം മുഴുവന്‍ കോടതിയാകെ സ്വാഭാവികമായ ആദരപ്രകടനമെന്നോണം എഴുന്നേറ്റു നിന്നുപോയി.

‘ഒരു പക്ഷേ ഞാന്‍ വീഴുകയാണെങ്കില്‍ എന്നെ സഹായിക്കാനായിരിക്കും എന്റെയടുത്തു തന്നെ നിങ്ങള്‍ ഇരിക്കുന്നതല്ലേ?’ എന്ന് ബാല്യത്തിന്റെ ഒട്ടും മങ്ങലേല്‍ക്കാത്ത തിളക്കം മുഴുവന്‍ പ്രകടമാക്കുന്ന ആനന്ദകരമായ മന്ദഹാസത്തോടെ അദ്ദേഹം തമാശപൊട്ടിച്ചു.-’ തന്നെ കാണാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലുമെത്തിയ സ്ത്രീപുരുഷന്‍മാരെ അഭിവാദ്യം ചെയ്ത് ഗാന്ധിജി പറഞ്ഞു. ഇത് നിയമ കോടതിയല്ല. കുടുംബാംഗങ്ങളുടെ ഒത്തുചേരലാണ്-’ കോടതിമുറിയില്‍ സവര്‍ക്കറെപ്പോലെ മാപ്പിരക്കുകയായിരുന്നില്ല ഗാന്ധിജി‌. അദ്ദേഹം തന്റെ സ്വാതന്ത്ര്യ ദാഹം ഉജ്ജ്വലതയോടെ ഉദ്ഘോഷിച്ചു-’ ഞാന്‍ തീ കൊണ്ട് കളിക്കുകയായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ സ്വതന്ത്രനാക്കപ്പെടുകയാണെങ്കില്‍ അങ്ങനെ തന്നെ ഞാന്‍ വീണ്ടും ചെയ്യും. ‍ഞാനിത് ചെയ്യേണ്ടത് എന്റെ ജനങ്ങളോടുള്ള കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു ദയാദാക്ഷിണ്യവും ചോദിക്കുന്നില്ല-‘ദയാദാക്ഷിണ്യം വേണ്ടെന്ന് നിര്‍ഭയത്വത്തോടെ പറഞ്ഞ, കോടതി നല്‍കുന്ന ഏതു ശിക്ഷയും സ്വീകരിക്കുവാന്‍ സന്നദ്ധമെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെവിടെ, മാപ്പിരന്ന ഭീരുവായ സവര്‍ക്കറെവിടെ?’ പരസ്യങ്ങളിലും ഇതര പ്രചരണവേദികളിലും ഗാന്ധിജിയെ ചെറുകള്ളിയില്‍ ഒതുക്കിയതുകൊണ്ടും ഇകഴ്ത്തിയതുകൊണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യസമ്പാദനത്തിന് ആത്മസമര്‍പ്പണം ചെയ്ത മഹാത്മാവിനെ അന്ധകാരത്തിന്റെ മറവില്‍ തളയ്ക്കാനാവില്ല.
-‘തനിയേ നടന്നു നീ പോവുക,
തളര്‍ന്നാലും അരുതേ
പരാശ്രയവും ഇളവും
അനുഗാമിയില്ലാത്ത പഥികാ
തുടര്‍ന്നാലുമിടറാതെ
നിന്‍ ധീരഗാനം ’
കവി കുറിച്ചതുപോലെ ഗാന്ധിജി ഉയര്‍ത്തിയ ധീരഗാനം ദിഗന്തങ്ങളെ ഭേദിച്ചുകൊണ്ട് ഇന്നും മുഴങ്ങുന്നു. രാജ്യം വര്‍ഗീയഭ്രാന്തില്‍ പെട്ട് ചോരപ്പുഴകളൊഴുക്കിയപ്പോള്‍, സവര്‍ക്കര്‍മാരും ഗോ­ള്‍‍വാല്‍ക്കര്‍മാരും ഗോഡ്സെമാരും അതില്‍ ആനന്ദം കൊണ്ടപ്പോള്‍ മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത് മുട്ടന്‍വടിയും പിടിച്ച് കലാപകലുഷിത മണ്ണില്‍ ‘ഈശ്വര അള്ളാ തേരാ നാം’ ‘സബ്കോ സന്‍മതി ദേ ഭഗവാന്‍’ പാടിനടന്ന, ഇരകളുടെ കണ്ണുനീരൊപ്പാന്‍ ഹൃദയവ്യഥയോടെ അലഞ്ഞ ഗാന്ധിജിയുടെ മഹത്വം ഗാന്ധിഘാതകര്‍ക്ക് തിരിച്ചറിയാനാവില്ല. അര്‍ദ്ധരാത്രിയില്‍ പുലര്‍ന്ന സ്വാതന്ത്ര്യ പ്രഭാതത്തിന്റെ നാളുകളില്‍ ആഘോഷങ്ങളിലൊന്നും പങ്കുചേരാതെ നവഖാലിയിലെ ചോരപ്പുഴകള്‍ക്കു നടുവില്‍ സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും കരസ്പര്‍ശവുമായി ഗാന്ധിജി അലയുകയായിരുന്നു. ഇന്നും ഏകമത മേധാവിത്തത്തിന്റെയും പൗരോഹിത്യത്തിന്റെയും വര്‍ണവെറിയുടെയും പതാകവാഹകരായി ഭാരതത്തിന്റെ മഹത്വത്തെ ഹനിക്കുന്നവര്‍ വീണ്ടും വീണ്ടും ചരിത്ര വക്രീകരണത്തിലൂടെ ഗാന്ധിവധം അരങ്ങേറ്റുകയാണ്. വര്‍ഗീയ ഫാസിസത്തിന്റെ കുളമ്പടിയൊച്ചകള്‍ ആര്‍ത്തിരമ്പുമ്പോള്‍ ഗാന്ധിസന്ദേശങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. സംഘപരിവാരത്തിന്റെ ചരിത്രവക്രീകരണത്തില്‍ ഗാന്ധിജി മാത്രമല്ല സ്വാതന്ത്ര്യ സമരാധ്യായങ്ങളില്‍ നിന്ന് പുറംതള്ളപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന, നിരോധനങ്ങളുടെ പരമ്പരകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരും വിപ്ലവബോധമുണ്ടായിരുന്ന പോരാളികളും തമസ്കരിക്കപ്പെടുന്നു. പക്ഷേ കാലം കൊത്തിവച്ച രക്തരേണുക്കളുടെ പ്രൗഢോജ്വല ചരിത്രം സംഘപരിവാരഗണങ്ങള്‍ക്ക് മായ്ക്കുവാനോ മറയ്ക്കുവാനോ കഴിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.