ഫാസിസ്റ്റ് പ്രവണതയുള്ള സർക്കാരുകളെല്ലാം നിജമായ സ്ഥിതിവിവര കണക്കുകളെ ഭയക്കും. സ്ഥിതിവിവര കണക്കുകൾ അവരുടെ പൊള്ളയായ അവകാശ വാദങ്ങളെ നിർദാക്ഷണ്യം പൊളിക്കുമെന്നത് തന്നെയാണ് ഈ ഭയത്തിന്റെ കാരണം. പെരും നുണകളുടെ അസ്തിവാരത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്ന വ്യാജനിർമ്മിതികൾ പൊതുജനമധ്യത്തിൽ തുറന്നു കാട്ടപ്പെടാൻ ഒരു സർക്കാരും ഇഷ്ടപ്പെടുകയില്ലല്ലോ. വലതുപക്ഷ സർക്കാരുകൾ പ്രത്യേകിച്ചും. ഈ ഭയം മൂലമാണ് കോവിഡ് തടസപ്പെടുത്തിയ ഇന്ത്യയിലെ സെൻസസ് പ്രവർത്തനങ്ങൾ ഇനിയും പുനരാരംഭിക്കാത്തത്. മൂന്നാംഘട്ട കോവിഡ് പ്രതിരോധ കുത്തിവയ്പ് തീർന്നു കഴിഞ്ഞാല്‍ പൗരത്വ നിയമ ഭേദഗതി ബിൽ നടപ്പിൽ വരുത്തുമെന്ന് പറഞ്ഞ അമിത് ഷാ സെൻസസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയേ പറഞ്ഞില്ല.
രാജ്യത്തിന്റെ ശരിയായ വികസനത്തിനാവശ്യമായ വിലപ്പെട്ട സൂചികകൾ തയാറാക്കുന്നതിനും അതിലൂടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ‑സാമ്പത്തിക‑വികസന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും വളരെ അത്യാവശ്യമായ കാര്യമാണ് ജനസംഖ്യാ കണക്കെടുപ്പ്. കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. ഇന്ത്യയിൽ എത്രപേർ ജീവിച്ചിരിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ കേന്ദ്ര സർക്കാരിന്റെ കയ്യിലില്ല. റേഷൻ വിഹിതം നിശ്ചയിക്കാൻ പോലും സാധ്യമല്ലാതിരുന്നിട്ടും കേന്ദ്ര സർക്കാർ പാലിക്കുന്ന കുറ്റകരമായ മൗനം ഈ മേഖലയെക്കുറിച്ച് പഠിക്കുന്നവരെ അമ്പരപ്പിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റാകട്ടെ മിക്കവാറും ദിവസങ്ങളിൽ സ്തംഭനാവസ്ഥയിലും. 2021ൽ നടക്കേണ്ട സെൻസസ് നടക്കാത്ത സാഹചര്യത്തിൽ 2031ലെ സെൻസസ് എങ്ങനെ നടക്കുമെന്ന ചോദ്യത്തിന് ആരുടെ കയ്യിലും കൃത്യമായ ഉത്തരമില്ല.
1881ലാണ് ഇന്ത്യയിൽ ആദ്യ സെൻസസ് നടക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1951ലും. ഏറ്റവും അവസാനം നടന്നത് 2011ലും. പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് നടന്ന സെൻസസിൽ നിന്നും ഇന്ന് വന്നിരിക്കുന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്താനുള്ള ഒരേയൊരു മാർഗം പുതിയ സെൻസസ് ആണെന്നിരിക്കേ അത് കൃത്യമായി നടപ്പാക്കാത്തതിന്റെ രാഷ്ട്രീയ കാരണങ്ങൾ തിരക്കുന്നത് ഇത്തരുണത്തിൽ വളരെയേറെ പ്രസക്തിയുള്ളതാണ്. രാജ്യത്ത് സെൻസസ് നടത്താനും ആ വിവരങ്ങൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ ഉദ്യോഗസ്ഥനാണ്. ഡോ.വിവേക് ജോഷിയെന്ന ഉദ്യാേഗസ്ഥനാണ് ഇപ്പോൾ കമ്മിഷണർ. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ വിശ്വസ്തൻ. 1948ലെ സെൻസസ് ആക്ടിന്റെയും 1990ലെ സെൻസസ് റൂളിന്റെയും പിൻബലത്തിൽ നടക്കുന്ന സെൻസസ് ഡാറ്റകൾ ബിജെപി സർക്കാർ ഇപ്പോൾ ഉയർത്തിക്കാണിക്കുന്ന പല പൊള്ളത്തരങ്ങളെയും പൊളിക്കുന്നതായിരിക്കും. പ്രത്യേകിച്ചും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും പാർശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളിലേക്ക് സെൻസസ് വെളിച്ചം വീശും. 2024ൽ നടക്കാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് കേന്ദ്ര സർക്കാരിന് അഹിതമായ പല ചോദ്യങ്ങളും ഉയർത്തും. മുസ്‌ലിം മതവിഭാഗത്തെപ്പറ്റി ഉത്തർപ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ സംഘ്പരിവാർ നടത്തുന്ന നുണപ്രചാരണങ്ങൾ സെൻസസ് ഡാറ്റാ ലഭ്യമായാൽ തകർന്നു പോകുമെന്ന് സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങൾക്കറിയാം.
സ്വന്തം രാജ്യത്തെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു, അവരുടെ താമസസൗകര്യങ്ങൾ എങ്ങനെ, അവർ ഏതൊക്കെ ഭാഷകൾ സംസാരിക്കുന്നു, രാജ്യത്തെ ആഭ്യന്തര കുടിയേറ്റം, ഓരോ പൗരന്റെയും ആസ്തി-ബാധ്യതകൾ എന്തൊക്കെ തുടങ്ങിയ പ്രധാന പ്രശ്നങ്ങളെയാണ് കേന്ദ്ര സർക്കാർ ഭയക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി പരിശോധിച്ചാൽ വ്യക്തമാകുന്നത്. ജിഎസ്‌ടിയും നോട്ടുനിരോധനവും തകർത്തെറിഞ്ഞ ജീവിതങ്ങളുടെ കൃത്യമായ കണക്കുകൾ സെൻസസിലൂടെ ലഭിക്കുമെന്നത് നരേന്ദ്ര മോഡിയുടെ പല അവകാശവാദങ്ങളെയും തകർക്കുന്നതാകും. ജിഡിപിയുടെ കണക്കുകളിൽ വലിയ തരത്തിലുള്ള കൃത്രിമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പലഘട്ടങ്ങളിലായി പുറത്തു പറഞ്ഞിട്ടുള്ള കണക്കുകളെ ക്രോഡീകരിച്ചാൽ ഇന്ത്യൻ ജനതയുടെ ദാരിദ്ര്യത്തെക്കുറിച്ചും അഡാനി-അംബാനിമാരുടെ സ്വത്ത് കേന്ദ്രീകരണത്തെക്കുറിച്ചും നാട്ടുകാർക്ക് ബോധ്യമാകും. രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്നിച്ചിതറിയ ധാരാളം കണക്കുകൾ നമുക്ക് ലഭ്യമാണ്. എന്നാൽ ഔദ്യോഗികമായ സെൻസസ് നടന്നാൽ മാത്രമെ ഇവരുടെ ജീവിതാവസ്ഥയുടെ നേർസാക്ഷ്യം ലഭ്യമാകുകയുള്ളൂ. ഒന്‍പത് മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന ഗുജറാത്ത്, കർണാടക തെരഞ്ഞെടുപ്പുകളിൽ ഈ കണക്കുകൾ തിരിച്ചടിയാകുമോയെന്ന് നരേന്ദ്രമോഡിയും കൂട്ടരും ഭയക്കുന്നുണ്ട്. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിക്കൊണ്ട് ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമം തുടക്കത്തിലേ ചീറ്റിയ അവസ്ഥയിലാണ്. രാഷ്ട്രീയമായി വകതിരിവുള്ള സാന്താൾ വംശത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയതിന്റെ രാഷ്ട്രീയ ഗുണലാഭങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ പരിശോധന പോലുമില്ലാതെ തള്ളിയിരിക്കുകയാണ്.
രാജ്യത്ത് നടക്കുന്ന നഗരവല്ക്കരണത്തിന്റെ തോത് അളക്കാൻ കാലാകാലങ്ങളായി വിദഗ്ധർ ഉപയോഗിക്കുന്ന ഡാറ്റാ സെൻസസിൽ നിന്നും ലഭിക്കുന്നതാണ്. വീടുവീടാന്തരം കയറിയുള്ള ഈ ഡാറ്റാശേഖരണത്തിന് കൃത്യത കൂടുതലാണ്. ഇത്തവണ ഡിജിറ്റൽ ഡാറ്റാ ശേഖരണമാണ് ഉദ്ദേശിക്കുന്നതെന്ന് വകുപ്പ് മന്ത്രിയെന്ന നിലയിൽ അമിത് ഷാ പറഞ്ഞു കഴിഞ്ഞു. തീരെ വ്യക്തതയില്ലാത്ത ഒരു പ്രസ്താവനയാണിത്. എന്താണ് ഡിജിറ്റൽ ഡാറ്റാ ശേഖരണമെന്നോ, അതിനുള്ള ഉപകരണങ്ങൾ എന്താണെന്നോ, അതിന്റെ ശേഖരണ രീതിയോ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിജിറ്റൽ ഡാറ്റാ ശേഖരണത്തിൽ കൃത്രിമം കാണിക്കാനുള്ള അവസരങ്ങൾ ധാരാളമാണ്. കണക്കിൽ കൃത്രിമം കാണിക്കാനുള്ള സംഘ്പരിവാർ ത്വര അവരുടെ ജന്മകാലം മുതൽ സുവിദിതവുമാണ്. തങ്ങൾക്ക് അനുകൂലമായ തരത്തിൽ ഡാറ്റായെ വളച്ചൊടിക്കാനുള്ള ശ്രമം ബിജെപി സർക്കാർ നടത്തും എന്നതുറപ്പാണ്. ഇപ്പോൾ സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ പ്രയോജനം ആർക്കാണ് ലഭിക്കുന്നതെന്ന് ആർക്കുമറിയാത്ത സ്ഥിതിയാണ്. ഇതിലൂടെ കേന്ദ്ര‑സംസ്ഥാന ഖജനാവുകൾക്ക് നഷ്ടപ്പെടുന്നത് കോടികളുടെ നികുതിപ്പണമാണ്. ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യജനസംഖ്യയുടെ 67 ശതമാനം പേർ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 2011 ലെ ജനസംഖ്യ അനുസരിച്ച് ഏകദേശം 81 കോടി പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാൽ രാജ്യത്തെ 60 കോടി ജനങ്ങൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ മറ്റ് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ പോലും അതിദരിദ്രരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. മിക്കവാറും എല്ലാ സൂചികകളിലും വളരെ മുന്നിലുള്ള കേരളത്തിൽ പോലും അതിദരിദ്രർ ഉണ്ടെങ്കിൽ ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിൽ എന്തായിരിക്കും സ്ഥിതി? സമയത്ത് സെൻസസ് നടന്നിരുന്നെങ്കിൽ ഈ സംസ്ഥാനങ്ങളിലെ നിത്യപട്ടിണിക്കാരനെയെങ്കിലും കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു.
അതുപോലെ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം തീരുമാനിക്കാനും സംസ്ഥാനങ്ങളിലെ ജനസംഖ്യയും ആ ജനതയുടെ ആവശ്യകതയെയും കുറിച്ച് അറിയേണ്ടതുണ്ട്. അതിനും ഉപോൽബലകമാകുന്ന വിവരം ലഭിക്കേണ്ടത് സെൻസസിലൂടെയാണ്. സമയത്ത് സെൻസസ് നടക്കാതിരിക്കുമ്പോൾ ഇക്കാര്യങ്ങളിലെല്ലാം അഴിമതിയും തിരിമറിയും നടത്താൻ കേന്ദ്ര സർക്കാരിനാകും.
മതാധിഷ്ഠിത ഭരണകൂടങ്ങളെ സൃഷ്ടിക്കാൻ ഭരണകൂടസംവിധാനങ്ങളെ അസ്ഥിരപ്പെടുത്തേണ്ടതും നിർവീര്യമാക്കേണ്ടതും ആ പ്രത്യയശാസ്ത്രത്തിന്റെ പ്രണേതാക്കൾക്ക് ആവശ്യമാണ്. പക്ഷേ ഇവിടെ ശിക്ഷിക്കപ്പെടുന്നത് അവർക്ക് വോട്ടു ചെയ്തവർ കൂടിയാണ്. ശാസ്ത്രീയമായി ചെയ്യേണ്ട കാര്യങ്ങൾ വോട്ടുബാങ്കിനെ പേടിച്ച് ചെയ്യാതിരിക്കുമ്പോൾ രാജ്യത്തിന്റെ ഘടന വല്ലാതെ മാറും. അത്തരം മാറ്റങ്ങൾ വെല്ലുവിളിയാകുന്നത് ഫെഡറൽ സംവിധാനത്തിന് മൊത്തമായാണ്. സെൻസസ് എന്ന പ്രക്രിയ ഒരു രാജ്യത്തിന്റെ സുഗമമായ മുന്നേറ്റത്തിന് എത്ര വലുതാണെന്ന് അറിയാവുന്നത് കൊണ്ടാണ് സ്വതന്ത്രമായി നാലാം വർഷം തന്നെ പരിമിതമായ റിസോഴ്സസ് ഉപയോഗിച്ച് 1951 ൽ തന്നെ സെൻസസ് നടത്താൻ നെഹ്രു തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.