ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ കോടതികള്‍ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുന്നതിനായി ഇന്ത്യന്‍ ഭരണഘടന ചില പ്രത്യേക പരിരക്ഷകള്‍ നല്‍കുന്നുണ്ട്. കോടതികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടത് ജനാധിപത്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഒരുപോലെ അത്യാവശ്യമായതുകൊണ്ടുതന്നെ അത്തരം പരിരക്ഷ ഭരണഘടന തന്നെ ഉറപ്പാക്കിയിട്ടുണ്ട്. കേശവാനന്ദ ഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിധിന്യായത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള കോടതിയുടെ അവകാശത്തെ ഭരണഘടനയുടെ അടിസ്ഥാനശിലയായി അംഗീകരിച്ചിട്ടുണ്ട്. ഈ അവകാശത്തിന്റെകൂടി ഭാഗമായിട്ടാണ് കോടതിയിലെ ന്യായാധിപന്മാരെ നിയമിക്കുവാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കാതെ ഭരണഘടന, സുപ്രീം കോടതി കൊളീജിയത്തിന് നല്‍കിയിരിക്കുന്നത്.
കൊളീജിയത്തിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് ന്യായാധിപന്മാരെ നിയമിക്കുന്നത്. രാജ്യത്തെ ഹൈ ക്കോടതികളിലെ മുഖ്യന്യായാധിപന്മാരെയും മറ്റ് ന്യായാധിപന്മാരെയും നിയമിക്കുന്നത് കോളീജിയം ശുപാര്‍ശയനുസരിച്ച് രാഷ്ട്രപതിയാണ്. ഹൈക്കോടതികളിലെ ന്യായാധിപന്മാരെ മറ്റൊരു സംസ്ഥാനത്തെ ഹൈ ക്കോടതിയിലേക്ക് സ്ഥലംമാറ്റുന്നതും കൊളീജിയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്. ഇക്കാര്യം എസ്‌പി ഗുപ്ത വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ കോടതികളുടെ ഈ കവചകുണ്ഡലങ്ങള്‍ അഴിച്ചുമാറ്റുന്നതിന്റെ ഭാഗമായി ന്യായാധിപന്മാരെ നിയമിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തിനുതകുന്ന നാഷണല്‍ ജ്യുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷന്‍ ആക്ട് 99-ാം ഭരണഘടനാ ഭേദഗതി 2014ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു.
കേന്ദ്രത്തിന്റെ ഈ നടപടി സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്ക് എതിരെ വിധി പ്രഖ്യാപിച്ചിട്ടുള്ള ന്യായാധിപന്മാരെ തിരഞ്ഞുപിടിച്ച് അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുവാനോ ദുര്‍ബലപ്പെടുത്തുവാനോ ഉള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശ്രമത്തിന്റെ അവസാനത്തെ ഇരയാണ് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് മുരളീധര്‍. ജസ്റ്റിസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റണമെന്ന സുപ്രീം കോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. അതേസമയം ഇതിനോടൊപ്പം കൊളീജിയം നിര്‍ദ്ദേശിച്ച ജമ്മു കശ്മീര്‍ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാരെ മറ്റൊരു ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റണമെന്ന കൊളീജിയത്തിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയത്.
ജസ്റ്റിസ് മുരളീധറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ സമീപനം എടുക്കുവാന്‍ കാരണമെന്താണ്? ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി ഹൈക്കോടതിയിലെ ന്യായാധിപനായിരുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിയായ കേസില്‍ വാദം കേട്ട ജഡ്ജി ബി എച്ച് ലോധയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. സത്യസന്ധനായ ഒരു ന്യായാധിപന്‍ എന്നതിലുപരി ജസ്റ്റിസ് മുരളീധര്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചെറുക്കുന്നതിനുവേണ്ടിയുള്ള വിധിന്യായങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റിസ് മുരളീധറിനോട് കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതിയുടെ വിധിന്യായങ്ങളുടെ ലംഘനവുമാണ് എന്ന വസ്തുത മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് മദന്‍ ലോകൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്കെതിരെ വിധിന്യായം എഴുതുന്ന ന്യായാധിപന്മാര്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അനുഭവം തികച്ചും നിരാശാജനകമാണ്. ഇതിനോട് എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കേണ്ട സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.