കേരളത്തിന്റെ അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണനിലവാരത്തിൽ ആശങ്ക. പാലിൽ കൊഴുപ്പ് കൂട്ടാനായി യൂറിയ പോലുള്ള മാരക രാസവസ്തുക്കൾ ചേർത്ത് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന പാൽ പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ മൃഗസംരക്ഷണവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.
ഓണ സീസണായതോടെ പാലിന് ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് രാസവസ്തുക്കൾ ചേർന്ന പാല്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പാലുമായി എത്തുന്ന വണ്ടികൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച് കഴിഞ്ഞു.
അതിർത്തി കടന്ന് കേരളത്തിലെത്തുന്ന പാലില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ ഡയറി പ്ലാന്റുകളിലാണ് ഉല്പാദിപ്പിക്കുന്നത്. ഇവിടെ എത്തിക്കുന്നത് വരെ കേടാകാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കാനുള്ള സാധ്യതയും ഏറെയാണെന്നാണ് വിദഗ്ധ അഭിപ്രായം. ഇതിനും കൃത്യമായ പരിശോധന ആവശ്യമാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. പാലിൽ കൃത്രിമമായി കൊഴുപ്പ് കൂട്ടാനാണ് യൂറിയ ഉപയോഗിക്കുന്നത്.
യൂറിയ കലർന്ന പാൽ കുടിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഛർദിൽ, വയറിളക്കം തുടങ്ങിയവയ്ക്കു കാരണമാകും. ദീർഘനാളായി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയത്തിന്റെയും വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാക്കും. പാലിൽ മായം ചേർത്ത് വില്പന മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്നൊക്കെ യൂറിയ പോലുള്ളവയുടെ സാന്നിധ്യം കുറവായിരുന്നു. വൻകിട കമ്പനികളുടെ പാലിനെ പരീക്ഷണ വസ്തുവാക്കി സംസ്ഥാനത്തേക്ക് അയക്കുകയാണ്. പാലിന്റെ ഗുണനിലവാരം മറച്ച് പിടിച്ച് കുറഞ്ഞവിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതില്‍ വിലകയറ്റത്തിനും പങ്കുണ്ട്.
English Summary: Widespread adulteration in foreign milk
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.