7 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 5, 2024
October 5, 2024
October 4, 2024
October 2, 2024
October 1, 2024
September 26, 2024
July 6, 2024
May 21, 2024
May 21, 2024

തെക്കന്‍ ലബനനില്‍ വ്യാപക ആക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇറാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2024 11:03 am

ഇറാനിലേക്ക് ഇസ്രയേല്‍ ഏതു നിമിഷവും നേരിട്ട് ആക്രമണം നടത്തുമെന്ന അഭ്യൂഹം പരന്നതോടെ പശ്ചിമേഷ്യന്‍ മേഖലയാകെ മുള്‍മുനയില്‍. സുരക്ഷ ശക്തമാക്കാന്‍ വിവിധ രാജ്യങ്ങള്‍ സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാന നഗരങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കി. ഇസ്രയേലിന്റെ ആക്രമണ സാധ്യത മുന്നില്‍കണ്ട് ഇറാന്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.തെക്കൻ ലെബനനിൽ ഇസ്രയേല്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു.
ശനി രാത്രി ബെയ്‌റൂട്ടിലെ ദഹിയേയിലേക്ക്‌ നടത്തിയ തുടർ ആക്രമണങ്ങൾക്ക്‌ പിന്നാലെയാണിത്‌. സെപ്തംബർ 23ന്‌ ലബനനിലേക്ക്‌ വ്യോമാക്രമണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഭീകര മിസൈൽ, ബോംബ്‌വർഷമായിരുന്നു ശനിയാഴ്ചത്തേത്‌. ഒറ്റ രാത്രിയിൽ 30 തവണയാണ്‌ ബെയ്‌റൂട്ട്‌ ആക്രമിക്കപ്പെട്ടത്‌. 23 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക്‌ പരിക്കേറ്റു. തെക്കൻ ലബനനിലെ ജനങ്ങളോട്‌ ഒഴിഞ്ഞുപോകാൻ വീണ്ടും ഇസ്രയേൽ ആവശ്യപ്പെട്ടു. 

ഹിസ്‌ബുള്ള കമാൻഡർ ഖാദർ അലി തിവാലിനെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഹിസ്‌ബുള്ള സ്ഥിരീകരിച്ചിട്ടില്ല.യുനെസ്‍കോയുടെ പൈതൃകസ്ഥലങ്ങളുടെ പട്ടികയിലുള്ള ബാൽബെക്കിലേക്കും വ്യാപക ആക്രമണങ്ങളുണ്ടായി. ലോകപ്രസിദ്ധമായ റോമൻ ക്ഷേത്രങ്ങളുള്ള പുരാതന പ്രദേശമാണ്‌. സിറിയൻ അതിർത്തിയിലെ ബെകാ താഴ്‌വരയിലേക്കും കനത്ത ആക്രമണമുണ്ടായി. അതേസമയം, ഇസ്രയേലിലെ ഹൈഫയിലേക്ക്‌ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്‌ബുള്ളയും അറിയിച്ചു. ഗാസ കടന്നാക്രമണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലും ജാ​ഗ്രതാനിര്‍ദേശം നല്‍കി.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വന്‍ജനപങ്കാളിത്തമുണ്ട്. ഫ്രാന്‍സിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.പലസ്‌തീൻ ജനതയ്‌ക്കുനേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യാ യുദ്ധം ഒരാണ്ട് പിന്നിടുമ്പോൾ, ലോകത്തിന്റെ മറുഭാ​ഗത്ത് ഉക്രയ്നിൽ യുദ്ധത്തിന് ആയിരം ​ദിവസം പൂർത്തിയാക്കാൻ ആഴ്ചകൾ മാത്രം. രണ്ടിടത്തും മനുഷ്യവിലാപം കെട്ടടങ്ങാൻ അനുവദിക്കാതെ എരിതീയിൽ എണ്ണയൊഴിക്കുന്നത് അമേരിക്ക എന്ന ലോകത്തെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തി. ഇസ്രയേലിനും ഉക്രയ്നും ആയുധം നൽകുമ്പോൾ തന്നെ സമാധാനത്തിനായി വായ്ത്താരി ചൊല്ലാനും അമേരിക്ക മുന്നിലുണ്ട്.

പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളെ ആക്രമിക്കാൻ ഇസ്രയേലിന് എല്ലാ സഹായവും നൽകുന്നത് അമേരിക്കയാണ്. ഇസ്രയേലിനുവേണ്ടി നേരിട്ടുതന്നെ അമേരിക്ക രം​ഗത്തുവരുമ്പോൾ ഉക്രയ്നിൽ പാശ്ചാത്യസൈനിക ശക്തിയായ നാറ്റോയുടെ മറവിൽ നിഴൽയുദ്ധമാണ് നടത്തുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വ തന്ത്രങ്ങളും സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളുമാണ് ലോകത്തിന്റെ രണ്ടറ്റങ്ങളെ ഉണങ്ങാമുറിവായ് മാറ്റിയത്. ഹിസ്ബുള്ളയെയും ഹമാസിനെയും ഹൂതിവിമതസേനയെയും നിലംപരിശാക്കി ഇസ്രയേൽ അതിർത്തി പ്രദേശങ്ങളിൽനിന്നും അവരെ ആട്ടിപ്പായിച്ച് മേഖലയിൽ സമ​​ഗ്രാധിപത്യം സ്ഥാപിക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യം.

ഉറ്റ പങ്കാളിയായ ഇസ്രയേലിനുവേണ്ടി അതിനൊപ്പം ആളും അർഥവും ആയുധവും നൽകി സഹായിക്കുകയാണ് അമേരിക്ക. മറുഭാ​ഗത്ത് റഷ്യയെ പാപ്പരാക്കുകയെന്ന തന്ത്രമാണ് അമേരിക്കയ്ക്ക്. നാറ്റോ വിപുലീകരണമെന്ന പാശ്ചാത്യരാഷ്ട്രങ്ങളുടെ ദുഷ്ടലാക്കാണ് ഉക്രയ്നിൽ റഷ്യൻ ഇടപെടലിന് വഴിവെച്ചത്. കിഴക്കൻ യൂറോപ്പിലെ അതിർത്തികളിൽ മിസൈലുകൾ വിന്യസിച്ച് നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുകയായിരുന്നു. നാറ്റോയെ ലോകമെങ്ങുമെത്തുന്ന യുദ്ധസഖ്യമാക്കാനുള്ള അമേരിക്കൻ നീക്കം ലോകസമാധാനത്തിന് ഭീഷണിയായി. ഉക്രയ്ന്റെ പേരിൽ നാറ്റോയുടെ ആയുധങ്ങളാണ് റഷ്യൻ മണ്ണിൽ ഇപ്പോൾ പതിക്കുന്നത്. സമാധാനം സ്ഥാപിക്കാനായി ആക്രമണം’ എന്നതാണ് അമേരിക്ക എക്കാലവും പുറത്തെടുക്കുന്ന തന്ത്രം. 

അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സിറിയയിലും ഈ തന്ത്രം പ്രയോ​ഗിച്ചു. ഇതേ തന്ത്രമാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ ഇസ്രയേൽ പയറ്റുന്നത്. ഐക്യരാഷ്ട്രസംഘടനയെയും അന്താരാഷ്‌ട്ര നീതിന്യായ കോടതിയെയും ഇസ്രയേൽ മാനിക്കുന്നില്ല. എന്നാൽ ഇന്ത്യയോ, അറിഞ്ഞുകൊണ്ടുതന്നെ അമേരിക്കയുടെ ഭൗമരാഷ്ട്രീയആക്രമണോത്സുക നയങ്ങൾക്ക് പിന്തുണ നൽകുന്നു. ഇന്ത്യ ദീർഘകാലമായി പിന്തുടർന്നുവന്ന, പലസ്‌തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയെന്ന നയം മോദിസർക്കാർ ഉപേക്ഷിച്ചിരിക്കുന്നു. അധിനിവേശ മേഖലകളിൽനിന്ന്‌ പിന്മാറാൻ ഇസ്രയേലിനോട്‌ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ പൊതുസഭയിൽ വോട്ടിനിട്ടപ്പോൾ ഇന്ത്യ വിട്ടു നിന്നു.

ഇന്ത്യയിൽ നിർമിച്ച ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും ഇസ്രയേൽ പലസ്തീൻ ജനതയ്ക്കെതിരെ പ്രയോ​ഗിക്കുന്നു.ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ നിർത്തണമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. പശ്ചിമേഷ്യയിലെ മറ്റ്‌ മേഖലകളിലേക്കും സംഘർഷം വ്യാപിക്കാതെ നോക്കുകയാണ്‌ പ്രധാനം–- അദ്ദേഹം ഫ്രഞ്ച്‌ മാധ്യമത്തോട്‌ പറഞ്ഞു.ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ലോകമാകെ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. ഇത്‌ മേഖലയുടെയാകെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകും. ലബനനിലേക്ക്‌ ഇസ്രയേൽ കരയാക്രമണം നടത്തുന്നതിനെയും മാക്രോൺ വിമർശിച്ചു.

ലബനനെ അടുത്ത ഗാസയാക്കരുതെന്നും അവിടുത്തെ ജനങ്ങളെ ബലികൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാക്രോണിന്റെ പരാമർശം അപമാനകരമാണെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. എന്നാൽ, ഫ്രാൻസ്‌ ഇസ്രയേലിന്റെ മിത്രരാജ്യമായി തുടരുമെന്നും ഇരുരാജ്യങ്ങളുടെയും സൗഹൃദം പരിഗണിക്കാതെയാണ്‌ നെതന്യാഹു പ്രതികരിച്ചതെന്നും മാക്രോണിന്റെ ഓഫീസ്‌ അറിയിച്ചു.

TOP NEWS

October 7, 2024
October 7, 2024
October 7, 2024
October 6, 2024
October 6, 2024
October 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.