22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 15, 2024
December 14, 2024
December 13, 2024
December 12, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024

കുട്ടികളുടെ പോഷകാഹാരക്കുറവ് വെല്ലുവിളിയാകുമോ?

ഡോ. കെ പി വിപിന്‍ചന്ദ്രന്‍, ഡോ. ജെ രത്നകുമാര്‍
October 9, 2021 4:15 am

കോവിഡാനന്തര കേരളം സാമൂഹികസാമ്പത്തിക രംഗത്തെ വെല്ലുവിളികൾ നേരിടാൻ സജ്ജമാകുമ്പോൾ അഞ്ചമാത് ദേശീയ കുടുംബാരോഗ്യ സർവേ (2019–20) പ്രകാരം പുറത്തുവരുന്ന ആരോഗ്യരംഗത്തെ കണക്കുകൾ മിക്കതും സംസ്ഥാനത്തിന് ആശ്വാസകരമല്ല. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കുട്ടികളുടെയിടയിൽ വർധിച്ചുവരുന്ന പോഷകാഹാരക്കുറവാണ്. പല സംസ്ഥാനങ്ങളും കുട്ടികൾക്കിടയിലുള്ള പോഷകാഹാര നില ചിട്ടയായ പരിശ്രമത്തിലൂടെ മെച്ചപ്പെടുത്തിയപ്പോൾ കേരളം ഈ മേഖലയിൽ പിന്നാക്കം പോയത് ആശങ്കാജനകമാണ്. ശൈശവ പോഷകാഹാര സൂചിക എന്നതിലുപരിയായി, സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല ആരോഗ്യ‑മാനവിക വികസന സൂചികകളെപ്പോലും പിന്നോട്ടടിക്കാൻ പോഷകക്കുറവിന് ശേഷിയുണ്ടന്നുള്ളതാണ് യാഥാർഥ്യം.

ദേശീയ കുടുംബാരോഗ്യ സർവേയിൽ കുട്ടികളുടെ പോഷകാഹാര നില അളക്കുന്നതിനായി മൂന്ന് സൂചകങ്ങളാണ് പ്രധാനമായി ഉപയോഗിക്കുന്നത്. അഞ്ചു വയസിന് താഴെയുള്ള കൂട്ടികളിൽ കാണപ്പെടുന്ന വയസിന് ആനുപാതികമായ ഉയരമില്ലാതെ മുരടിക്കുന്ന അവസ്ഥ, യഥാർത്ഥ ഭാരനഷ്ടം, തൂക്കക്കുറവ് എന്നിവയാണ് ഈ സൂചികകൾ. ആദ്യത്തെ സൂചികയായ കുട്ടികളിലെ മുരടിപ്പിൽ നേരിയ വർധനവ് ദൃശ്യമാണെങ്കിൽപോലും, 23.4 ശതമാനം കുട്ടികൾ ഈ ഗണത്തിൽപ്പെടുന്നു എന്നുള്ളത് ഗൗരവമേറിയ വിഷയമാണ്. പതിനാറ് ശതമാന൦ കുട്ടികൾ യഥാർത്ഥ ഭാരനഷ്ടം അനുഭവിക്കുന്നവരാണ്. ഇത് കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുവാനും, അവരുടെ ജീവനുപോലും ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കാവുന്നതുമാണ്. അഞ്ചിലൊന്ന് കുട്ടികൾ തൂക്കക്കുറവ് അനുഭവിക്കുന്നവരാണ്.
പോഷകാഹാര നില അളക്കുന്ന ഈ സൂചികകളിലെല്ലാം കുറച്ചുകാലങ്ങളായി കേരളത്തിന് നേരിയ പുരോഗതിപോലും കൈവരിക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. നാലാം റൗണ്ട് സർവ്വേയിൽ (2015–16) നിന്നും അഞ്ചാം റൗണ്ടിലേക്ക് (2019–20) എത്തുമ്പോൾ പോഷകാഹാര നിലയിൽ സംസ്ഥാനം പിന്നാക്കം പോയതിന്റെ കാരണങ്ങൾ ഗഹനമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്.


ഇതുകൂടി വായിക്കു: കോവിഡ് കുട്ടികളിൽ വർഷങ്ങൾ നീളുന്ന മാനസികാഘാതം സൃഷ്ടിക്കും: യുണിസെഫ്


പോഷകാഹാര നില അളക്കുന്ന മൂന്ന് സൂചികകളിലും സ്പഷ്ടമായ അന്തർജില്ലാ വ്യതിയാനം പ്രകടമാണ്. ഉദാഹരണമായി, വയസിന് ആനുപാതികമായ ഉയരമില്ലാത്ത കുട്ടികൾ വയനാട് (31.3 ശതമാനം), പാലക്കാട് (29.7 ശതമാനം), മലപ്പുറം (29.4 ശതമാനം), കാസർകോട് (25.3 ശതമാനം) എന്നീ ജില്ലകളിൽ കൂടുതലാണ്. യഥാർത്ഥ ഭാരനഷ്ടം കൂടുതലായി അനുഭവിക്കുന്ന കുട്ടികൾ പാലക്കാട് (21.7 ശതമാനം), കൊല്ലം (21.4 ശതമാനം), മലപ്പുറം (18.2 ശതമാനം), തിരുവനന്തപുരം (17.4 ശതമാനം), എറണാകുളം (17.1 ശതമാനം), വയനാട് (16.1 ശതമാനം) എന്നീ ജില്ലകളിലാണ് കൂടുതലും അധിവസിക്കുന്നത്. വയസിന് ആനുപാതികമായ ഭാരക്കുറവിന്റെ കാര്യത്തിൽ പാലക്കാട് (27.7 ശതമാനം), ഇടുക്കി (23.5 ശതമാനം), വയനാട് (22.5 ശതമാനം), മലപ്പുറം (21.4 ശതമാനം), കാസർകോട് (21.4 ശതമാനം), ആലപ്പുഴ (20.4 ശതമാനം) എന്നീ ജില്ലകൾ മുൻപിൽ നിൽക്കുന്നു. ചുരുക്കത്തിൽ, മുകളിൽ സൂചിപ്പിച്ച ജില്ലകളെല്ലാം വ്യത്യസ്ത പോഷകാഹാര സൂചികകളിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. പൊതുവിൽ ആദിവാസി കോളനികൾ, തോട്ടംമേഖല, തീരദേശ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളിൽ പോഷകാഹാര കുറവിന്റെ തോത് മറ്റു പ്രദേശങ്ങളെക്കാൾ ഉയർന്നുനിൽക്കാനുള്ള സാധ്യത കൂടുതലാണ്. മൂന്നു സൂചികകളിലും അട്ടപ്പാടി മേഖല ഉൾപ്പെടുന്ന പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശൈശവ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നത് എന്നതാണ് വാസ്തവം.

പോഷകാഹാരത്തിലുള്ള കുറവ് പ്രതിഫലിക്കുന്ന മറ്റൊരു പ്രധാന സൂചികയാണ് വിളർച്ച. സംസ്ഥാനത്ത് അഞ്ച് വയസിൽ താഴെയുള്ള അഞ്ച് കുട്ടികളിൽ രണ്ട് പേരിലെങ്കിലും (39.4 ശതമാനം) വിളർച്ച പ്രകടമാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനുള്ളിൽ സമാന പ്രായത്തിലുള്ളവരിൽ വിളർച്ചയുടെ തോത് 10 ശതമാനത്തിനു മുകളിൽ വളർന്നുവെന്നത് ശിശുക്ഷേമ രംഗത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയാണ് വിദഗ്ധർ ഉന്നയിക്കുന്നത്. ഇതോടൊപ്പം, 15 നും 49 നും ഇടയിലുള്ള എല്ലാ വിഭാഗം സ്ത്രീകൾക്കിടയിലും വിളർച്ചാനിരക്ക് വർധിക്കുന്നതായി സർവേ ഫലം സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയ നിരീക്ഷണം 15 നും 49 നും ഇടയിലുള്ള ഗർഭിണികളായ സ്ത്രീകളിൽ നാലാമത് കുടുംബാരോഗ്യ സർവെയിൽനിന്നു അഞ്ചിലേക്ക് എത്തുമ്പോൾ വിളർച്ചാനിരക്ക് ഏകദേശം 39 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അമ്മമാരിൽ കാണപ്പെടുന്ന വിളർച്ചാനിരക്ക് അതേ രൂപത്തിൽ ശിശുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന അനുമാനത്തിലെത്താൻ ബുദ്ധിമുട്ടില്ല. കുട്ടികൾക്കിടയിലുള്ള വിളർച്ചയുടെ നിരക്ക് സംസ്ഥാന ശരാശരിയായ 39.4 ശതമാനത്തിന് വളരെ മുകളിലാണ് പാലക്കാട് (51.9 ശതമാനം), തൃശൂർ (48.7ശതമാനം), മലപ്പുറം (47.2 ശതമാനം), പത്തനംതിട്ട (44.2 ശതമാനം) എന്നിങ്ങനെയാണ് ജില്ലകളുടെ സ്ഥാനം.


ഇതുകൂടി വായിക്കു:കോവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍ ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം


ഒരു ഭാഗത്ത് കേരളത്തിലെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കിടയിൽ പോഷകാഹാര നിലയിൽ പിന്നാക്കം പോകുമ്പോൾ മറുഭാഗത്ത് ഇതേ പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ അമിതഭാരം ക്രമാതീതമായി വർധിക്കുന്നതായി സർവേ ഫലം വെളിപ്പെടുത്തുന്നു. നാല് ശതമാനം കുട്ടികൾ അമിതഭാരത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നതായി അഞ്ചാം കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു. ഇത് യഥാർത്ഥത്തിൽ നിലവിൽ കേരളത്തെ പോഷകാഹാര രംഗത്തെ വൈരുധ്യത്തിലേക്കാണ് നയിക്കുന്നതെന്ന സൂചനയായിട്ടാണ് കാണേണ്ടത്. കേരള സമൂഹത്തിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും, വ്യാപകമായ ഫാസ്റ്റ് ഫുഡ് സംസ്കാരവും വരും വർഷങ്ങളിൽ കൂടുതൽ പൊണ്ണതടിയൻമാരെ സൃഷ്ടിക്കാൻ പര്യാപ്തമായ സാഹചര്യം സംസ്ഥാനത്ത് സംജാതമായിരിക്കുന്നു എന്ന് വേണം കരുതാൻ.

നിലവിൽ അങ്കണവാടികളും, സ്കൂളുകളും കോവിഡ് സാഹചര്യംമൂലം അടഞ്ഞുകിടക്കുന്നത് കു­ട്ടികൾക്ക് ലഭിച്ചിരുന്ന പ്രഭാത‑ഉച്ചഭക്ഷണ ലഭ്യതയെ ബാധിച്ചിരിക്കും. ഈ അവസ്ഥാ വിശേഷം കുട്ടികളിലെ പോഷകാഹാരതോത് ഗണ്യമായി കുറച്ചേക്കാനുള്ള സാധ്യത വളരെയേറെയാണ്. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിൽ കൂടി അവ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കൂടി വീതം വെയ്ക്കേണ്ട സ്ഥിതി വരുമ്പോൾ കുട്ടികളുടെ പ്രതിശീർഷ ഭക്ഷ്യധാന്യ ലഭ്യതയിൽ കുറവ് വരുത്തിയേക്കാം. കോവിഡ് കാലത്ത് മതിയായ വ്യായാമത്തിനും കളികൾക്കും നിയന്ത്രണം ഉണ്ടാകുന്നത് കുട്ടികൾക്കിടയിൽ ശാരീരിക — മാനസിക ഉല്ലാസത്തിലുള്ള കുറവും പൊണ്ണത്തടിക്ക് ഹേതുവാകാം. കുട്ടികളിൽ കാണുന്ന അമിതവണ്ണം ശിശുരോഗ ചികിത്സാരംഗത്ത് കേട്ടുകേൾവി പോലുമില്ലാത്ത ഹൃദയാഘാതത്തിനും, കാൻസറിനും മറ്റു ജീവിതശൈലിരോഗങ്ങൾക്കും കാരണമായി മാറാം. ശൈശവ കാലയളവിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്ന കുട്ടികൾക്ക് ഭാവി ജീവിതം ദുഷ്കരമാകാനുള്ള സാഹചര്യവും സൃഷ്ടിക്കും. അപ്പോഴും മറ്റൊരു വിഭാഗം കുട്ടികൾ പോഷകാഹാരക്കുറവിനാൽ ദുരിതമനുഭവിക്കും.

കോവിഡ് സൃഷ്ടിച്ച ലോക്ഡൗണും തൊഴിൽനഷ്ടവും പോഷകാഹാര പ്രതിസന്ധി വർധിപ്പിക്കാൻ സാധ്യതയേറെയാണ്. കേരളത്തിലെ മാറിവരുന്ന ഭക്ഷ്യസംസ്കാരം ഈ പ്രതിസന്ധിയ്ക്ക് ഉത്തേജനമായി മാറുകയാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പുതുതലമുറയെ ബോധവത്കരിക്കുകയും, ആഹാരത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക വഴി പോഷകാഹാര കുറവിന്റെ തോത് ഒരു പരിധി വരെ കുറയ്ക്കാമെന്ന അവബോധം സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. ഒന്നര വർഷത്തിനു ശേഷം സ്കൂളുകൾ തുറക്കുമ്പോൾ സംസ്ഥാനത്ത് ഉയർന്ന നിരക്കിലുള്ള പോഷകാഹാര കുറവ് കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പ്രാദേശികതലത്തിൽ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുട്ടികളുടെ പോഷകാഹാര സുരക്ഷയ്ക്ക് കോവിഡാനന്തര കേരളം മതിയായ ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനുതകുന്ന തരത്തിലുള്ള ബോധവൽക്കരണം സ്കൂൾതലത്തിൽ തുടങ്ങി പൊതുമണ്ഡലത്തിൽ വരെ എത്തിക്കേണ്ടതായുണ്ട്.

(ഡോ. കെ പി വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, ഡോ. ജെ രത്നകുമാർ ന്യൂഡൽഹി സ്പീക്കേഴ്സ് റിസേർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസർച്ച് ഫെലോയുമാണ്)

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.