ഒരു കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറെ സ്ഥാനമുണ്ടായിരുന്ന ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പരിചിതമായ താളം നിലയ്ക്കുമോ? ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലോവറും ഹയറും പരീക്ഷ ഓരോ വർഷവും എഴുതിയിരുന്നത് ആയിരങ്ങളാണ്. ഒപ്പം ഷോർട് ഹാൻഡ് പഠനവും പരീക്ഷയും സജീവമായിരുന്നു. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞാൽ ടൈപ്പിങ് പഠനവും പ്രധാനമായിരുന്നു. ടൈപ്പ് റൈറ്റിംഗ് കോഴ്സുകൾ പാസ്സാകുന്നവർക്ക് എളുപ്പത്തിൽ ജോലി സാധ്യത ഉണ്ടായിരുന്നതാണ് ഇതിലേക്ക് കുട്ടികളെ ആകർഷിച്ചിരുന്നത്. എന്നാൽ വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ കമ്പ്യൂട്ടറും ലാപ്ടോപ്പുമെല്ലാം സർവ്വസാധാരണയായപ്പോൾ ടൈപ്പ് റൈറ്റിങ് പഠനത്തിൽ നിന്നും പുതിയ തലമുറ ക്രമേണ പിറകോട്ടു പോകാൻ തുടങ്ങിയതോടെ ഈ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകാൻ തുടങ്ങി. ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സിലബസ് പരിഷ്കരണം ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സ്ഥാപന ഉടമകളും വിദ്യാർത്ഥികളും. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ ക്ലാർക്കുകൾ, സ്‌റ്റെനോഗ്രാഫർ തസ്തികകളിൽ ഇപ്പോഴും ടൈപ്പിങ്ങിൽ 35 വേർഡ്‌സ് സ്പീഡ് ആവശ്യപ്പെടുന്നുണ്ട്. പിഎസ്സി യോഗ്യതയും കെജിടി സർട്ടിഫിക്കറ്റിനുണ്ട് .
നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. ജില്ലകളിൽ ടൈപ്പ് റൈറ്റിംഗ് പരീക്ഷകൾ നടക്കുകയാണ്. ഇനി അടുത്ത പരീക്ഷകൾക്ക് ടൈപ്പ് റൈറ്റിംഗ് മെഷീനുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സ്ഥാപനങ്ങൾ. കാരണം ടൈപ്പ് റൈറ്ററുകൾ ഒഴിവാക്കി കമ്പ്യൂട്ടറിൽ പരീക്ഷ നടത്തിയാൽ മതിയെന്നാണ് പുതിയ ഉത്തരവ് വന്നിട്ടുള്ളത്. ഉത്തരവിൽ വ്യക്തത ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ടു പരീക്ഷകളും പഴയ സ്‌കീമിൽ തന്നെയാണ് നടന്നിട്ടുള്ളത്. പരീക്ഷയിൽ നിന്നും ടൈപ്പ് റൈറ്ററുകളെ ഒഴിവാക്കുന്നത് ഈ ഒരു തൊഴിൽ മേഖലയും സ്ഥാപനങ്ങളും ഓർമ്മയാകുന്നതിന് ഇടയാക്കുമെന്ന് ഓൾ കേരള ടൈപ്പ് റൈറ്റിങ് ആൻഡ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിജയകുമാർ എ പി പറഞ്ഞു. അതിനാൽ സിലബസ് പരിഷ്‌കരണത്തിൽ കെജിടി പരീക്ഷക്ക് ആറുമാസത്തെ ടൈപ്പ് റൈറ്റിംഗ് പരിശീലനം നിർബദ്ധമാക്കുന്ന ഭേദഗതി കൊണ്ടുവരണമെന്നാണ് സംഘടനയുടെ ആവശ്യമെന്ന് അദ്ദേഹം ജനയുഗത്തോട് പറഞ്ഞു.
സംസ്ഥാനത്ത് ടൈപ്പ് റൈറ്റിങ് പഠിപ്പിച്ചിരുന്ന ചെറുതും വലുതുമായ അയ്യായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടായിരുന്നതാണ്. ഇതിൽ മിക്കതും അടച്ചുപൂട്ടി. പലതും കമ്പ്യൂട്ടർ പരിശീലന കേന്ദ്രങ്ങളായി മാറി. നിലവിൽ സർക്കാരിന്റെ കണക്ക് പ്രകാരം 737 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഏറെയും ചെറിയ സ്ഥാപനങ്ങളാണ്. കൂട്ടത്തിൽ ഡിടിപി യും ഫോട്ടോ സ്റ്റാറ്റും പ്രിന്റിങ്ങും ഒക്കെയായാണ് പിടിച്ചുനിൽക്കുന്നത്. ഉടമകളും അധ്യാപരും ജീവനക്കാരും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും ഉൾപ്പെടെ പതിനായിരത്തോളം പേരുടെ ജീവിതോപാധിയാണ് പ്രതിസന്ധിയിലായിട്ടുള്ളത്. ജോലിസ്ഥിരതയുടെ പര്യായമായിരുന്ന ടൈപ്പ്‌റൈറ്റിങ് പഠനത്തെ പൂർണമായും തഴയുന്ന പരിഷ്കരണം ഒഴിവാക്കണമെന്ന് വർഷങ്ങളായി ടൈപ്പ് റൈറ്റിങ് സ്ഥാപനം നടത്തുകയും ടൈപ്പ് റൈറ്റിംഗ് ‚ഷോർട് ഹാൻഡ് അധ്യാപികയുമായ ഇടപ്പള്ളി സ്വദേശി ഉഷ ശശി പറഞ്ഞു. തൊഴിൽ പരമായ ആവശ്യങ്ങൾക്കായി ഇപ്പോഴും ധാരാളം പേർ ടൈപ്പ് റൈറ്റിങ് പടിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. തലമുറകളുടെ കൈവിരലുകൾ പതിഞ്ഞ പഴയ ടൈപ്പറൈറ്റിംഗ് മെഷീനുകളുടെ ടക് ടക് ശബ്ദം ഓർമ്മകളിലേക്ക് മായാതിരിക്കാൻ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ടൈപ്പ് റൈറ്റിങ് സ്ഥാപന ഉടമകൾ. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ജൂൺ രണ്ടിന് കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ഭാവി കാര്യങ്ങൾ ആ യോഗത്തിൽ തീരുമാനിക്കുമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
English Summary:Will typewriters stop being: Firm goes to crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.