ചടുലതാളത്തിനൊപ്പം ചുവടുവച്ച് ആട്ടവും പാട്ടുമായി ഓണക്കളിയിൽ പെൺപെരുമ. പതിറ്റാണ്ടുകള്‍ക്കുമുന്നേ തൃശൂരിന്റെ ഗ്രാമമേഖലയുടെ മനം കവര്‍ന്ന ഓണക്കളിയാണ് ഇന്ന് പെണ്‍പെരുമയാല്‍ കേരളത്തിനകത്തും പുറത്തുമെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്നത്. നാട്ടുനന്മയുടെ പാരമ്പര്യവും പൈതൃകവുമായ ഓണക്കളിയില്‍ ആദ്യകാലങ്ങളില്‍ പുരുഷന്മാരുടെ ആധിപത്യമായിരുന്നെങ്കില്‍ ഇന്നത് പൂര്‍ണമായും വനിതകള്‍ കയ്യടക്കി കഴിഞ്ഞു.
ഈ വര്‍ഷം ജില്ലയില്‍ ഇരുപതോളം വനിതാ ഓണംകളി സംഘങ്ങളാണ് പ്രൊഫഷണലായി പാടി ചുവട് വയ്ക്കാന്‍ പരിശീലനം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10ഓളം വനിതാ ഓണംകളി സംഘങ്ങളും 11 ഓളം പുരുഷ ഓണംകളി സംഘങ്ങളും മത്സരരംഗത്ത് ഉണ്ടായിരുന്നു. നാദം നെല്ലായി, നടന കാട്ടൂര്‍, നിസരി നടവരമ്പ്, ട്യൂണ്‍സ് ഇരിങ്ങാലക്കുട, തരംഗം തൃശൂര്‍, യുവധാര മാള തുടങ്ങിയ പുരുഷ ഓണംകളി സംഘങ്ങള്‍ സജീവമായി ഈ വര്‍ഷവും നില്‍ക്കുമ്പോഴും ചില പുരുഷ സംഘങ്ങള്‍ രംഗത്തില്ല. അതേസമയം വനിതകളുടെ ഓണംകളി സംഘങ്ങള്‍ ഈ വര്‍ഷം ഇരട്ടിയായി. പുതിയ തലമുറകളിലേക്ക് ഓണംകളിയെ ഇണക്കി ചേര്‍ക്കുന്നതില്‍ വനിതാ ഓണംകളി സംഘങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. വിസ്മയ മതിലകം, മൈഥിലി കുറ്റിച്ചിറ, ശ്രീഭദ്ര മതിലകം, മുരുകസേന പടിയൂര്‍, മിഥില അതിരപ്പിള്ളി, വൈദേഹി കുറ്റിച്ചിറ തുടങ്ങി 20 മുതല്‍ 30 പേരടങ്ങുന്ന 20ലധികം വനിതാ സംഘങ്ങള്‍ മത്സരക്കളിയിലും സൗഹൃദ കളിയിലും പാടി ചുവടുവയ്ക്കാന്‍ പരിശീലനം നേടിയിട്ടുണ്ട്.
അത്തം മുതൽ നാലാം ഓണം കഴിയുംവരെ നാടെങ്ങും ഓണക്കളി അരങ്ങേറും. ആദ്യമൊക്കെ വീട്ടുമുറ്റങ്ങളിലായിരുന്ന ഓണക്കളി പിന്നീട് പൊതുയിടങ്ങളിലേക്ക് മാറി. ഒടുവിൽ ടീമുകൾ തമ്മിലുള്ള മത്സരങ്ങളിലും സ്റ്റേജുകളിലും ഒതുങ്ങി. പൂക്കളമിട്ട് നിലവിളക്കുവച്ച് ഗണപതി വന്ദനവും സരസ്വതീ സ്തുതിയും നടത്തിയാണ് കളി തുടങ്ങുക. കൈകൾ പലരീതികളിൽ കൊട്ടുന്നതിനൊപ്പംപാദംകൊണ്ട് ആഞ്ഞുള്ള ചവിട്ടു താളവുമുണ്ട്. ഉപകരണസംഗീതത്തിന്റെ അകമ്പടിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കളിക്കാര്‍ തന്നെയാണ് ഗായകരും. ഒരാള്‍ നടുക്ക് നിന്നും പാടും. മറ്റുള്ളവർ അയാളുടെ ചുറ്റും നിന്ന് ചുവടുവച്ചു ഏറ്റുപാടി കളിക്കും. എന്നാൽ, ഇപ്പോൾ റെക്കോഡുവച്ചുള്ള കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. ഓണക്കളിയില്‍ പ്രധാനമായും രാമായണ കഥയാണ് പാടി ചുവടുവയ്ക്കുന്നത്. രാമ പക്ഷവും രാവണപക്ഷവും പറയുന്ന അതിഗംഭീര തെരളി പാട്ടുകളും രാമനും സീതയും തമ്മിലുള്ള സ്‌നേഹവും വിരഹവും കാവ്യാത്മകമായി പറയുന്ന ട്യൂണ്‍ പാട്ടുകളും അതിനനുസരിച്ചുള്ള ചുവടുകളും ഓണംകളി പ്രേമികളെ ഹരംകൊള്ളിക്കുന്നു. ഹനുമാന്‍, ഭരതന്‍, ഊര്‍മിള, ജടായു, യമന്‍ എന്നിവരെക്കുറിച്ചും താടക, ശൂര്‍പ്പണഖ, ശബരി, അഹല്യ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും വര്‍ണിക്കുന്ന പാട്ടുകളും ഓണംകളിയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.