28 December 2024, Saturday
KSFE Galaxy Chits Banner 2

സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ കാല്‍വയ്പ്

Janayugom Webdesk
August 21, 2023 5:00 am

സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക നിലപാടുകള്‍ പൊളിച്ചെഴുതുകയാണ് സുപ്രീം കോടതി പുറത്തിറക്കിയ ലിംഗവിവേചനത്തിന് എതിരായ കൈപ്പുസ്തകം. അതിവൈകാരിക സ്വഭാവമുള്ളവരാണ് സ്ത്രീകളെന്ന കാഴ്ചപ്പാടിന്റെ വിവരക്കേട് പുസ്തകത്തില്‍ എടുത്തു പറയുന്നു. സ്ത്രീയാണോ പുരുഷനാണോ എന്ന വസ്തുതയും യുക്തിസഹമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും തമ്മില്‍ ബന്ധമില്ലെന്ന യാഥാര്‍ത്ഥ്യം വ്യക്തമായി വിശദീകരിക്കുന്നുമുണ്ട്. കോടതിവിധികളിലും രേഖകളിലും ആവര്‍ത്തിക്കുന്ന സ്ത്രീവിരുദ്ധ പ്രയോഗങ്ങളും വിശേഷണങ്ങളും ഒഴിവാക്കാനുമുള്ള വഴികാട്ടിയാണ് സുപ്രീംകോടതിയുടെ കൈപ്പുസ്തകം. സ്ത്രീകളെ രണ്ടാംതരം പൗരരായി ചിത്രീകരിക്കുന്ന പ്രയോഗങ്ങളും വിശേഷണങ്ങളും സമൂഹത്തില്‍ സാധാരണമാണ് എന്നത് വസ്തുതയാണ്. കാലങ്ങളായി രൂപപ്പെട്ടിട്ടുള്ള പുരുഷമേധാവിത്വപരമായ ആശയങ്ങളില്‍നിന്ന് രൂപംകൊണ്ടതാണ് സമൂഹത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. രാജ്യത്തിന്റെ കോടതികളും നിയമജ്ഞരും അതില്‍നിന്ന് മുക്തമാകുന്നില്ലെന്ന തിരിച്ചറിവാണ് കൈപ്പുസ്തകം ഇറക്കുന്നതിലേക്ക് സുപ്രീം കോടതിയെ നയിച്ചത്. കല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി മൗഷ്മി ഭട്ടാചാര്യ അധ്യക്ഷയായ സമിതിയാണ് കൈപ്പുസ്തകം തയ്യാറാക്കിയത്.


ഇത് കൂടി വായിക്കൂ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് | JANAYUGOM EDITORIAL


സ്ത്രീകള്‍ വീട്ടമ്മമാരാണെന്നും വീട്ടുജോലികള്‍ അവരുടെ കടമയാണെന്നും അവര്‍ ദുര്‍ബലകളാണെന്നും തുടങ്ങിയ സങ്കല്പങ്ങള്‍ വര്‍ത്തമാനകാലത്തിന് ചേരുന്നതല്ല എന്ന് സമൂഹത്തിന് ബോധ്യപ്പെടണം. ഭാര്യയെക്കുറിച്ച് പറയുമ്പോള്‍ കര്‍ത്തവ്യനിരതയായ, വിശ്വസ്തയായ, നല്ലവളായ, പതിവ്രത തുടങ്ങിയ വിശേഷണങ്ങളൊന്നും ആവശ്യമില്ല. ഭാര്യ എന്ന് മതി. അഭിസാരിക, കീപ്പ്, ഹൗസ് വൈഫ്, അവിവാഹിതയായ അമ്മ തുടങ്ങിയ വിശേഷണങ്ങളും പാടില്ല. ലൈംഗികത്തൊഴിലാളി, വിവാഹേതര ബന്ധമുള്ള സ്ത്രീ, ഹോം മേക്കര്‍, അമ്മ എന്നിങ്ങനെ മതിയാകും. ലൈംഗികാതിക്രമം നേരിട്ട സ്ത്രീയെ ഇരയെന്നോ അതിജീവിത എന്നോ വിളിക്കാം. അതും അവരുടെ ഇഷ്ടംകൂടി പരിഗണിച്ച് മാത്രം. സ്ത്രീ ദുര്‍ബല, തുടങ്ങിയ പരാമര്‍ശങ്ങളും പാടില്ലെന്ന് കൈപ്പുസ്തകം വ്യക്തമാക്കുന്നു. സ്ത്രീയും പുരുഷനും ശാരീരികമായി വ്യത്യസ്തരാണ്. എന്നാല്‍ സ്ത്രീ പുരുഷനെക്കാള്‍ ദുര്‍ബലയെന്ന് പറയാന്‍ കഴിയില്ല. അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പീഡനം തന്നെയാണ്. അതുപോലെ, സ്ത്രീകളെ മോശക്കാരായി കാണുന്ന പ്രയോഗങ്ങളൊന്നും പാടില്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു സുപ്രീം കോടതിയുടെ മാര്‍ഗരേഖ. ഇതര യാഥാസ്ഥിതിക കാഴ്ചപ്പാടുകളും അതിന് കൈപ്പുസ്തകത്തിലുള്ള വിശദീകരണങ്ങളും ഇങ്ങനെ: സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ ശാരീരികമായി ദുര്‍ബലരാണ്: ശാരീരികമായി സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. എന്നാല്‍, എല്ലാ സ്ത്രീകളും പുരുഷന്‍മാരെക്കാള്‍ ദുര്‍ബലരാണെന്ന വാദം ശരിയല്ല. ജോലി, ജനിതകസ്വഭാവം, ശാരീരികമായ പ്രവൃത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്ക് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല: തീരുമാനങ്ങള്‍ എടുക്കാനുള്ള ഒരാളുടെ കഴിവും വിവാഹം കഴിച്ചോ ഇല്ലയോ എന്ന വസ്തുതയും തമ്മില്‍ ബന്ധമില്ല.


ഇത് കൂടി വായിക്കൂ:ഒരു ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല | JANAYUGOM EDITORIAL


എല്ലാവീട്ടുജോലികളും സ്ത്രീകള്‍ നിര്‍വഹിക്കണം: ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യാന്‍ എല്ലാവര്‍ക്കും കഴിവുണ്ട്. സ്ത്രീകളാണ് വീട്ടുജോലികള്‍ ചെയ്യേണ്ടതെന്ന ചിന്താഗതി പുരുഷന്‍മാരാല്‍ സൃഷ്ടിക്കപ്പെടുന്നതാണ്. കുട്ടികളെ നോക്കേണ്ട സ്ത്രീകള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പിന്നിലാണ്: കുട്ടികളെ പരിപാലിക്കുന്ന സ്ത്രീകള്‍ ഔദ്യോഗികരംഗത്ത് ഏത് കര്‍ത്തവ്യങ്ങളും നിറവേറ്റാന്‍ പ്രാപ്തിയുള്ളവരാണ്. മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് എളുപ്പം വഴങ്ങും: മദ്യപിക്കാനും സിഗരറ്റ് വലിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുമുണ്ട്. ആ ശീലങ്ങള്‍ എളുപ്പത്തില്‍ പുരുഷന് വഴങ്ങുമെന്നതിന്റെ സൂചനയല്ല. മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തുവെന്ന കാര്യം സ്ത്രീകളെ അനുവാദമില്ലാതെ സ്പര്‍ശിക്കാനുള്ള ന്യായീകരണമല്ല. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ ഉടനടി പരാതിപ്പെടും. അതല്ലെങ്കില്‍ അവര്‍ നുണ പറയുകയാണ്: ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അസാമാന്യമായ ധൈര്യവും കരുത്തും സംഭരിക്കേണ്ടതുണ്ട്. സാമൂഹ്യമായ വിലക്കുകള്‍ പേടിച്ചാണ് പലരും അതിന് മടിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട്, ലൈംഗികാതിക്രമം നേരിട്ട് കുറച്ച് കാലത്തിന് ശേഷം, പരാതികള്‍ നല്‍കുന്നതില്‍ വൈരുധ്യമില്ല. ലൈംഗികാതിക്രമങ്ങള്‍ നടത്തിയ കുറ്റവാളി ഇരയെ വിവാഹം ചെയ്താല്‍ ‘കളങ്കം’ മാറും: ബലാത്സംഗം ഒരിക്കലും ഇരയെയൊ അതിജീവിതയെയൊ ‘കളങ്കപ്പെടുത്തുന്നില്ല’. കുറ്റവാളി ഇരയെ വിവാഹം ചെയ്തതുകൊണ്ട് ഒരിക്കലും ‘കളങ്കം’ മാറുന്നില്ല. ഇരയ്ക്ക് കൂടുതല്‍ ആഘാതമാകും അത്തരം ബന്ധങ്ങള്‍ സമ്മാനിക്കുക. ശാരീരികബന്ധത്തിന് ഒരു സ്ത്രീ ‘അരുത്’ പറഞ്ഞാല്‍ അതിന് ‘വേണ്ട’ എന്ന് തന്നെയാണ് അര്‍ത്ഥം. വേറിട്ട വ്യാഖ്യാനങ്ങള്‍ ആവശ്യമില്ല. ഇരയുടെ അല്ലെങ്കില്‍ അതിജീവിതയുടെ വസ്ത്രധാരണം, കാഴ്ചപ്പാടുകള്‍, മുന്‍ ജീവിതശൈലി തുടങ്ങിയ കാര്യങ്ങള്‍ക്ക് ലൈംഗികാതിക്രമങ്ങളുമായി ഒരു ബന്ധവുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഇതര പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടപെടലിലൂടെ ജാതിവ്യവസ്ഥയും ജന്മി-നാടുവാഴി സംവിധാനങ്ങളും ഇല്ലാതായെങ്കിലും ചില കോടതികളില്‍നിന്ന് സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ കേരളത്തില്‍ പോലും കേട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ കൈപ്പുസ്തകത്തെ സ്ത്രീസ്വാതന്ത്ര്യത്തിനുള്ള വഴികാട്ടിയെന്ന് വിശേഷിപ്പിക്കാം.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.