14 November 2024, Thursday
KSFE Galaxy Chits Banner 2

വനിതാ സംരംഭകര്‍ക്ക് ജാമ്യമില്ലാ വായ്പകളുമായി സ്ത്രീ മിഷന്‍: 25 ലക്ഷം രൂപ വരെ ലഭിക്കും, 40 ശതമാനം സബ്സിഡിയും

Janayugom Webdesk
January 17, 2022 9:53 am

എം.എസ്.എം.ഇ സെക്ടറുകള്‍ക്ക് വലിയ പ്രാധാന്യമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്കിവരുന്നത്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക ഇല്ലാതെ സംരംഭമേഖലയിലേക്ക് കടന്നുവരുവാന്‍ കഴിയുന്ന ധാരാളം സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നിലവിലുണ്ട്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ വായ്പ നല്കുന്നതിന് വ്യവസ്ഥയുണ്ട്. തുടങ്ങുന്ന സ്ഥാപനം മാത്രമാണ് ഇവിടെ ജാമ്യം. എല്ലാ വാണിജ്യബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ജാമ്യം ഇല്ലാതെ മാത്രമേ നല്കാവൂ എന്നാണ് നിര്‍ദേശം. നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉത്പന്നങ്ങള്‍ക്ക് ഇത് 25 ലക്ഷം രൂപ വരെയാണ്. ഒരുകോടി രൂപ വരെയുള്ള പദ്ധതികള്‍ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി പ്രകാരവും മറ്റ് ജാമ്യങ്ങള്‍ ഇല്ലാതെ വായ്പ അനുവദിക്കണം. ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്. വ്യവസായ വാണിജ്യവകുപ്പ്, തൊഴില്‍വകുപ്പ്, ഖാദി ബോര്‍ഡ്/കമ്മീഷന്‍, ഫിഷറീസ് വകുപ്പ്, കൃഷിവകുപ്പ് എന്നിവയില്‍നിന്നും സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കും. ജില്ലാ വ്യവസായകേന്ദ്രം, ഖാദിബോര്‍ഡ്/കമ്മീഷന്‍ എന്നിവ വഴി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതി പ്രകാരം 15 ശതമാനം മുതല്‍ 35 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാണ്. പി.എം.ഇ.ജി.പി പ്രകാരം വനിതാസംരംഭകരെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന പരിഗണനയും ഗ്രാന്റും നല്കിവരുന്നു. 25 ലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്ക് ഇത് പ്രകാരം വായ്പക്ക് അപേക്ഷിക്കാവുന്നതാണ്. (സേവനസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വരയേ വായ്പ ലഭിക്കൂ) മൊത്തം പ്രോജക്ട് കോസ്റ്റ് കണക്കിലെടുത്താണ് ഗ്രാന്റ് നല്കുന്നത്.

സ്വയംതൊഴില്‍ വായ്പ പദ്ധതി പ്രകാരം അല്ലാതെ ബാങ്ക് വായ്പ എടുക്കുന്നവര്‍ക്കും വായ്പ എടുക്കാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സബ്‌സിഡി നല്കാന്‍ പദ്ധതിയുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്ന എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം പ്രകാരമാണ് ഈ രീതിയില്‍ സബ്‌സിഡി ലഭിക്കുന്നുത്. ഉത്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്ഥാപനം ആരംഭിക്കുന്നതിനും, നിലവിലുള്ളവ വികസിപ്പിക്കുന്നതിനും സബ്‌സിഡി ലഭിക്കും. ഭൂമി, കെട്ടിടം, മെഷിനറികള്‍ മറ്റ് ആസ്തികള്‍ എന്നിവയില്‍ വന്നിട്ടുള്ള സ്ഥിര നിക്ഷേപത്തെ കണക്കിലെടുത്താണ് സബ്‌സിഡി അനുവദിക്കുന്നത്.

സ്ഥിര നിക്ഷേപത്തിന്റെ 15 മുതല്‍ 40% വരെയാണ് സബ്‌സിഡി. 30 ലക്ഷം രൂപ വരെ ഇത് പ്രകാരം സബ്‌സിഡി ലഭിക്കും. ഉത്പാദനം/വികസനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷകള്‍ ജില്ലാ വ്യവസായകേന്ദ്രത്തിലോ, സബ് ഓഫീസുകളിലോ സമര്‍പ്പിക്കണം. ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ട്അപ് സബ്‌സിഡിയായി ഈ പദ്ധതി പ്രകാരം അനുവദിക്കും. സംരംഭം ആരംഭിക്കുന്നതിന് സാങ്കേതികപരിജ്ഞാനം ലഭ്യമാക്കുവാന്‍ എംഎസ്എംഇ ഡവലപ്‌മെന്റ് യൂണിറ്റ് തൃശൂര്‍, ഏറ്റുമാനൂര്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധിയായ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകളും, ക്ലിയറന്‍സുകളും ലഭ്യമാക്കുന്നതിന് വ്യവസായവകുപ്പില്‍ നിന്നും കൈത്താങ്ങ് സഹായവും ലഭിക്കുന്നതാണ്. ഒരു സംരംഭം എന്ന ആശയവുമായി മുന്നോട്ടുവരുന്നവര്‍ക്ക് സാങ്കേതിക സാമ്പത്തിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയുന്ന എല്ലാ ഭൗതിക സാഹചര്യവും നിലവിലുണ്ട്. പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ (മതന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ) വനിതാവികസന കോര്‍പറേഷന്‍, എസ്.സി/എസ്.ടി വികസന കോര്‍പറേഷന്‍, 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍, കൃഷി, മത്സ്യവകുപ്പുകള്‍ തുടങ്ങിയ ഏജന്‍സികളും വളരെ കുറഞ്ഞ പലിശനിരക്കില്‍ വ്യവസായ വായ്പകള്‍ നല്കിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സംരംഭവികസന മിഷന്‍ പ്രകാരം പലിശ ഇല്ലാതെ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കേരളത്തിലെ ധനകാര്യവകുപ്പ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കെ.എഫ്.സിയുടെ വെബ്‌സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യാം. ‘ഖാദിബോര്‍ഡ്’ എന്റെ ഗ്രാമം എന്ന പേരില്‍ ഒരു സ്വയം തൊഴില്‍ വായ്പ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം 5 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് വായ്പ ലഭിക്കും. 35 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡിയും ലഭ്യമാണ്.

കെ.എഫ്.സി വഴി നടപ്പാക്കുന്ന സംരംഭവികസന മിഷന്‍ പദ്ധതി പ്രകാരം പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് പാര്‍ട്ണര്‍ഷിപ്പായി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ വായ്പ ലഭിക്കും.5 പേര്‍ വരെ ചേര്‍ന്നുള്ള പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. രണ്ടുപേര്‍ ചേര്‍ന്നും അപേക്ഷ സമര്‍പ്പിക്കാം. സ്വന്തം നിലയില്‍ സംരംഭം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വായ്പ ലഭിക്കും. പലിശരഹിതവായ്പയാണ് നല്കുന്നത് എന്നതും ആദ്യത്തെ ഒരുവര്‍ഷത്തേക്ക് വായ്പാതിരിച്ചടവിന് മോറട്ടോറിയം ഉണ്ട് എന്നതും പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

എംപ്ലോയ്‌മെന്റ് വകുപ്പ്

സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുവാന്‍ എംപ്ലോയ്‌മെന്റ് വകുപ്പ് വഴി മൂന്ന് വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. ഒരുലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്ക് വായ്പയും 20 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്റും നല്‍കുന്ന പദ്ധതിയാണിത്.

 

മര്‍ട്ടിപര്‍പസ് ജോബ് ക്ലബ്

അഞ്ചു പേര്‍ ചേര്‍ന്നുള്ള കൂട്ട് സംരംഭങ്ങള്‍ക്കാണ് ഇതുപ്രകാരം വായ്പ. മിനിമം രണ്ട് പേര്‍ ചേര്‍ന്ന് ഈ പദ്ധതിപ്രകാരം വായ്പക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് പരമാവധി വായ്പ. 25% സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. (പരമാവധി 2 ലക്ഷം രൂപ വരെ).

ശരണ്യ

സ്ത്രീകള്‍ക്കായി മാത്രം നടപ്പാക്കിവരുന്ന സാമൂഹ്യപദ്ധതിയാണിത്. വിധവകള്‍, വിവാഹമോചനം നേടിയ വനിതകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുക. ഒരുലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത ബാധകമല്ലാതെ ഇത് പ്രകാരമുള്ള വായ്പയും സബ്‌സിഡിയും ലഭിക്കും. 30 വയസ് പൂര്‍ത്തിയായിട്ടും അവിവാഹിതരായി കഴിയുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. 50,000 രൂപ വരെയുള്ള ഈ സംരംഭങ്ങള്‍ ആരംഭിക്കാം. 50 ശതമാനം പരമാവധി 25,000 രൂപ വരെ സബ്‌സിഡിയും ഇത് പ്രകാരം ലഭിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം.

 

Eng­lish Sum­ma­ry: Wom­en’s Mis­sion with Non- Loans for Women Entre­pre­neurs with out Guaranty

You may like this video also

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.