19 May 2024, Sunday

നരേന്ദ്ര മോഡി രാജ്യത്തെ വിറ്റ് തുലക്കുന്നു: കെ.വി.കൃഷ്ണന്‍

KASARAGOD BUREAU
 കാഞ്ഞങ്ങാട്
October 15, 2021 6:17 pm

നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് തുലക്കുന്ന സമീപനമാണ് കോവിഡ് മഹാമാരിയുടെ മറവില്‍ നടത്തുന്നതെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകളെ പാലൂട്ടി വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് പട്ടിണി പാവങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകദ്രോഹ നിയമ നിര്‍മ്മാണത്തിലൂടെ കര്‍ഷകരെ പാടത്ത് നിന്നും അകറ്റിയ സര്‍ക്കാര്‍ ഇപ്പോള്‍ അവരെ അരുംകൊല ചെയ്യുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ തൊഴിലാളി ഐക്യനിര കെട്ടിപ്പടുക്കാന്‍ വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ മുന്‍ കൈ എടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലാ പ്രസിഡണ്ട് ഇ.വി മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം നരേഷ് കുമാര്‍ കുന്നിയൂര്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബിജുരാജ് സി കെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പത്മനാഭന്‍, സുരേന്ദ്രന്‍ .ടി, സദര്‍ റിയാസ്, സി.വി.ബാബുരാജ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സജയന്‍ .എ രക്തസാക്ഷി പ്രമേയവും , പ്രീത. കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസാദ് കരുവളം നന്ദി പറഞ്ഞു.

നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കണം

കോവിഡ് ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിച്ചു കൊണ്ട് സാധാരണക്കാരുടെ യാത്രാദുരിതം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് കാഞ്ഞങ്ങാട് നടന്ന വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: ഇ വി മോഹനന്‍ (പ്രസിഡന്റ്)യമുന രാഘവന്‍, രാജേഷ് ഓള്‍നാടിയന്‍ (വൈസ് പ്രസിഡന്റ്), സി.കെ.ബിജു രാജ് (സെക്രട്ടറി) ‚അജയകുമാര്‍ ടി എ ‚പാമു ഷെമിര്‍ (ജോ. സെക്രട്ടറി) പി.രാജന്‍ (ട്രഷറര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.