യൂറോ ചാമ്പ്യന്‍മാരായ ഇറ്റലി തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് യോഗ്യത കാണാതെ പുറത്ത്. സെമിയില്‍ ദുര്‍ബലരായ നോർത്ത് മാസിഡോണിയയോട് 1–0ന് തോറ്റാണ് അസൂറിപ്പട പുറത്തായത്. ബോക്സിന് പുറത്ത് നിന്ന് ഒരു ലോ സ്ട്രൈക്കിലൂടെ അലക്സാണ്ടര്‍ ട്രാജ്കോവ്സ്‌കി മനോഹരമായ ആ വിജയ ഗോള്‍ നേടുകയായിരുന്നു. 92-ാം മിനിറ്റിലാണ് ട്രാജ്കോവ്സ്‌കി വിജയഗോള്‍ നേടിയത്.
2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും അസൂറികള്‍ക്ക് യോഗ്യത നേടാനായിരുന്നില്ല. ഇതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് പ്ലേ ഓഫ് കളിക്കേണ്ടിവരികയായിരുന്നു. ഇറ്റലിക്കൊപ്പം പോര്‍ച്ചുഗലും പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥ വന്നതോടെ ഇവരില്‍ ഒരാള്‍ മാത്രമേ യോഗ്യത നേടുകയുള്ളൂ എന്ന സ്ഥിതിയുണ്ടായിരുന്നു. ജീവൻമരണ പോരാട്ടത്തിൽ 65 ശതമാനം പന്തടക്കമുണ്ടായിട്ടും നിർഭാഗ്യം ഇറ്റലിയുടെ വഴിമുടക്കുകയായിരുന്നു. ലക്ഷ്യത്തിലേക്ക് അഞ്ച് തവണ തൊടുത്തെങ്കിലും തലവര മാറിയില്ല.
1958 ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. നാല് തവണ ഫുട്‌ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള രാജ്യമാണ് ഇറ്റലി. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകജേതാക്കളായിട്ടുള്ളത്. 1970, 1994 ലോകകപ്പുകളില്‍ ഇറ്റലി ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്.
ഇക്കൊല്ലം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഫുട്‌ബോള്‍ ലോകകപ്പ്.ആതിഥേയരായ ഖത്തര്‍, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 15 ടീമുകള്‍ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
English Summary:World Cup without italy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.