10 January 2026, Saturday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

ബാങ്കിങ് മേഖലയിൽ നിന്ന് ആശങ്കപ്പെടുത്തുന്ന കണക്കുകൾ

Janayugom Webdesk
June 2, 2025 5:00 am

രാജ്യത്തിന്റെ വളർച്ചയിൽ ബാങ്കുകൾക്ക് സുപ്രധാനമായ പങ്കുണ്ട്. വ്യാവസായിക വളർച്ചയിലും സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിലും ബാങ്കുകൾ നൽകുന്ന വായ്പകൾ നിർണായക സ്വാധീനം ചെലുത്തുന്നു. വായ്പയും നിക്ഷേപവുമാണ് ബാങ്ക് നിലനിൽക്കുന്നതിന്റെ ചാലക ശക്തി. എന്നാൽ വായ്പകളും അതിന്റെ പേരിൽ വർധിച്ചുവരുന്ന തട്ടിപ്പുകളും ബാങ്കുകളുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്. ഉദാരവൽക്കരണ നയങ്ങളുടെ ആവിർഭാവത്തോടെ ഇത് കൂടുതൽ വർധിച്ചു. വലതുപക്ഷ ഭരണസംവിധാനങ്ങൾ കോർപറേറ്റുകളെയും വൻകിട മുതലാളിമാരെയും കൈവിട്ട് സഹായിക്കുന്ന സമീപനമെടുത്തതോടെ ആക്കംകൂടുകയും ചെയ്തു. നിയതമായ സംവിധാനങ്ങളുണ്ടെങ്കിലും ഭരണതലത്തിലും മറ്റുമുള്ള സമ്മർദങ്ങളെ തുടർന്ന് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടുത്ത ദിവസങ്ങളിൽ വന്ന രണ്ട് റിപ്പോർട്ടുകൾ ആശങ്കാജനകമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് തട്ടിപ്പുകളുടെ ഫലമായി നഷ്ടമായ തുകയുടെ തോത് മൂന്ന് മടങ്ങായി ഉയർന്നിരിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റേതാണ്. മുൻ വർഷം തട്ടിപ്പുകളുടെ എണ്ണം 36,060 ആയിരുന്നുവെങ്കിൽ 2024–25ൽ 23,963 ആയി കുറഞ്ഞു. എന്നാൽ തട്ടിപ്പിൽ ഉൾപ്പെട്ട തുക 12,230 കോടിയിൽ നിന്ന് 36,014 കോടിയായി ഉയരുകയാണുണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നവ ഉദാരീകരണത്തിന്റെ ഭാഗമായി വ്യാപകമായ സ്വകാര്യ ബാങ്കുകൾതന്നെയാണ് തട്ടിപ്പുകളുടെ എണ്ണത്തിൽ മുന്നിലെ (14,233 കേസുകൾ) ങ്കിൽ ഇതിലുൾപ്പെട്ടിരിക്കുന്ന തുക 28 ശതമാനം (ഏകദേശം 10, 083 കോടി) മാത്രമാണ്. അതേസമയം പൊതുമേഖലാ ബാങ്കുകളിൽ 6,935 കേസുകളേ ഉണ്ടായുള്ളൂവെങ്കിലും തുക 25,000ത്തിലധികം കോടിയാണ്, ആകെ നഷ്ടമായ തുകയുടെ 71 ശതമാനത്തോളം. 

ഇതിന്റെ കൂടെത്തന്നെയാണ് പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ നിന്ന് എഴുതിത്തള്ളിയ വായ്പാ തുക കുത്തനെ ഉയർന്നിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. 10 സാമ്പത്തിക വർഷങ്ങളിലായി 16.35 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തികൾ അല്ലെങ്കിൽ കിട്ടാക്കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളിയതായി മാർച്ച് മാസത്തിൽ പാർലമെന്റിൽ വെളിപ്പെടുത്തുകയുണ്ടായി. 2018–19 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക (2.36 ലക്ഷം കോടി രൂപ) എഴുതിത്തള്ളിയത്. 2022–23ൽ 2.16 ലക്ഷം, 2023–24ൽ 1.70 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയെന്നായിരുന്നു പാർലമെന്റിലെ മറുപടിയിലുണ്ടായിരുന്നത്. 2023–24 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷവും തുകയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുിയെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിലുണ്ട്. അതനുസരിച്ച് ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2024–25 സാമ്പത്തിക വർഷം എഴുതിത്തള്ളിയത് 26,542 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബറിലെ ആർബിഐയുടെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലും എഴുതിത്തള്ളൽ കുത്തനെ കൂടിയെന്ന് സമ്മതിക്കുന്നുണ്ട്. 

വിവിധ സ്വാധീനങ്ങളുടെയും സമ്മർദത്തിന്റെയും അടിസ്ഥാനത്തിൽ നൽകേണ്ടിവരുന്ന വായ്പകളാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കപ്പെടാതെ പോകുന്നതെന്ന് ബാങ്കിങ് ജീവനക്കാരുടെ സംഘടനകളും വിദഗ്ധരും കുറ്റപ്പെടുത്താറുണ്ടായിരുന്നു. ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യക്തികൾക്ക് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്ന വേളയിൽ കേന്ദ്ര സർക്കാരിലെ ഉന്നതരിൽ നിന്ന് സഹായം ലഭിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളും മുന്നിലുണ്ട്. വായ്പാ തട്ടിപ്പ് നടത്തുകയും ഉന്നതരുടെ ഒത്താശയോടെ രാജ്യം വിടുകയും ചെയ്ത വിജയ് മല്യ, നീരവ് മോഡി, മെഹുൽ ചോക്സി എന്നിവരെ നമുക്ക് മറക്കാറായിട്ടില്ല. വിവിധ ബാങ്കുകളിൽ നിന്ന് 22,586 കോടി രൂപ വായ്പയെടുത്ത തട്ടിപ്പിൽ ഉൾപ്പെട്ട ഇവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉൾപ്പെടെ ഏജൻസികളുടെ അന്വേഷണം നേരിടുമ്പോഴും രാജ്യം വിടുന്നതിന് ഒരു തടസവുമുണ്ടായില്ല. മദ്യ വ്യവസായിയും ബിജെപി എംപിയുമായിരുന്ന വിജയ് മല്യക്കെതിരെ 9,000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നും വജ്രവ്യവസായി നീരവ് മോഡി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയെന്നുമായിരുന്നു കേസ്. നീരവ് മോഡിയും ബന്ധു മെഹുൽ ചോക്സിയും ചേർന്ന് 14,000ത്തോളം കോടി രൂപയാണ് വായ്പയെന്ന പേരിൽ തട്ടിയത്. ഈ പട്ടിക മൂന്നുപേരിലൊതുങ്ങുന്നില്ല. വൻകിടക്കാർ ഉന്നത ഒത്താശകളോടെ രക്ഷപ്പെടുകയും സമ്മർദം കാരണം വായ്പ അനുവദിക്കാൻ നിർബന്ധിതമാകുന്ന ജീവനക്കാർ കുറ്റവാളികളായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ് ഇതിലൂടെയുണ്ടാകുന്നത്. ബിജെപി അധികാരത്തിലേറിയ 2014–15 ൽ 58,786 കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയ സ്ഥാനത്താണ് പിന്നീടുള്ള ഓരോ വർഷവും തുകയിൽ ഗണ്യമായി വർധനയുണ്ടായിട്ടുള്ളത്. ഇത് കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ കൂടി പ്രതിഫലനം തന്നെയാണ്. നമ്മുടെ സമ്പദ്ഘടനയുടെ അവിഭാജ്യ ഘടകമായ ബാങ്കുകളെ സംരക്ഷിക്കേണ്ടത് സാധാരണ ജനങ്ങളുടെ കൂടി അനിവാര്യതയാണ്. അതുകൊണ്ടുതന്നെ ബാങ്കിങ് മേഖലയുടെ നിലനില്പിന് ഭീഷണിയാകുന്ന ഇത്തരം നയസമീപനങ്ങൾ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.