23 November 2024, Saturday
KSFE Galaxy Chits Banner 2

യാത്ര

നിബിൻ കള്ളിക്കാട്
July 21, 2024 3:20 am

ആത്മഹത്യക്കുള്ള നടത്തമാണ്, അല്ലെങ്കിലും എന്തിനു ഞാനിനി ജീവിക്കണമെന്ന ചിന്തയിലാണ്. തോറ്റു തോറ്റു മടുത്തു. പക്ഷെ ജീവിതത്തെ ജയിക്കാൻ ഇതല്ലാതെ മറ്റു വഴിയില്ല. റെയിൽവേ പാളത്തിലൂടെയുള്ള നടത്തത്തിൽ അനൂപ് ചിന്തിച്ചു നടന്നു. മരണവഴി പിഴക്കാത്ത റെയിൽവേ പാളം, ഇടയ്ക്കെപ്പോഴോ പരസ്പരം പുണർന്നു കിടക്കുന്നു. വഴി പിരിയുന്ന ഉരുക്കുപാളികൾ. ഹാ അന്തസ്. അതുപറഞ്ഞു കൊണ്ട് അനൂപ് അത്യാവശ്യം ഇരുട്ടുള്ള പാളത്തിൽ കയറി കിടന്നു. തല ശരിയായി തന്നെയെന്നുറപ്പിച്ചു. നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും നിമിഷങ്ങൾ അനുഭവിച്ചവർക്കു മാത്രമേ അറിയൂ എന്നൊരു ആശ്വാസം അനൂപിന്റെ മുഖത്തു പുഞ്ചിരി വിടർത്തി. സമയം രാത്രി പതിനൊന്നായി. കുറച്ചു നേരം കഴിഞ്ഞിട്ടും ട്രെയിൻ വരുന്നില്ല. അവൻ എണീറ്റു അല്പം മുന്നോട്ടു നടന്നു. അപ്പോഴേക്കും ട്രെയിനിനു കൊടിയും പച്ച വെളിച്ചവും കാണിക്കുന്ന ഒരാൾ ഉദ്ദേശം അമ്പതു വയസുവരും സിഗ്നലിന്റെ അടുത്തിരുന്നു കസേരയിൽ ചാരിയുറങ്ങുന്നു. ചേട്ടാ… ഇനി ട്രെയിൻ എപ്പോഴാ? ഉറങ്ങിയ അയാളെ തട്ടിയുണർത്തി അനൂപ് ചോദിച്ചു എന്താ കാര്യം…? ഇവിടെ നിർത്തില്ലല്ലോ വണ്ടി, അയാൾ ഉറക്കച്ചടവോടെ തിരിച്ചു ചോദിച്ചു. ചുമ്മാ… അറിയാനാ… ഇന്നിനി ട്രെയിനൊന്നുമില്ല, അയ്യോ… ഇല്ലെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും. ഞാൻ ഒരുങ്ങിയിറങ്ങിയതാണ്.

എവിടെ പോകാൻ? മറ്റൊരു സ്ഥലത്തേക്ക്. ഹ ഹ… എന്നിട്ട് പോണില്ലേ? പോണം. അതിന് ട്രെയിൻ വരണ്ടേ? വരും… നാളെ രാവിലെ ചിലപ്പോൾ, അതെന്താ ഇത്രയും ലേറ്റ്? യാത്രയിൽ ട്രെയിൻ പാളം തെറ്റി. അപകടമൊന്നുമില്ല. പക്ഷെ, ഇന്നിനി പ്രതീക്ഷിക്കണ്ട. പിന്നെ ചേട്ടനിന്തിനാ ഇവിടെ ഇരിക്കുന്നത്? വീട്ടിൽ പൊയ്ക്കൂടേ? എനിക്കു വീടില്ലല്ലോ പോകാൻ? അയ്യോ, അപ്പോ എവിടെയാ താമസം? ഇവിടെ തന്നെ… ജോലിയൊക്കെ ഉണ്ടായിട്ടും. ജോലിയുണ്ട്… ഈ ജോലി തനിക്കും ചെയ്യാം മനസുവച്ചാൽ. എന്നിട്ടുവേണം ട്രെയിൻ പാളം തെറ്റാൻ. വണ്ടി പാളം തെറ്റില്ല.. ജോലി ചെയ്താൽ മതി, ഒന്നുറങ്ങി പോയാൽ ജീവിതം തന്നെ തീർന്നുപോകും! ഒരു ദിവസത്തെ അശ്രദ്ധയിൽ ചിലപ്പോൾ ഒരു ആയുസിന്റെ ദുഃഖം ചുമക്കേണ്ടതായി വരും. മ്മ്… ചേട്ടന്റെ പേരെന്താ? ജബ്ബാർ… ഇവിടെ റെയിൽവേയിൽ തന്നെയാണോ? എന്റെ ജോലി റെയിൽവേയിൽ അല്ല. പിന്നെ? എനിക്കു സർക്കാർ ജോലിയില്ല. ഇതപ്പോൾ ഡെയിലി വേജസ് ആണോ! കൂലിക്കല്ല.… ഫ്രീയാണ് എന്റെ ജോലി. മനസിലായില്ല. അനൂപ് അമ്പരന്നു.

പത്തുവർഷം മുമ്പ് ഇവിടെയൊരു ട്രെയിൻ പാളം തെറ്റിയതോർക്കുന്നുണ്ടോ? അറിയാം… വായിച്ചിട്ടുണ്ട് വാർത്ത ട്രെയിൻ ദുരന്തത്തിന്റെ. മ്മ്… അതിൽ മൂന്നുപേർ മരിച്ചു. അതിലൊന്ന് എന്റെ മോളാണ്… ഒറ്റ മോൾ നാദിയ. അവളില്ലാത്ത ദുഃഖത്തിൽ വൈകാതെ അവളുടെ ഉമ്മയും അസുഖം വന്നു മരിച്ചു. ചികിത്സയ്ക്കായി ഉണ്ടായിരുന്ന വീട് അങ്ങുപോയി. അവളും കൂടി നഷ്ടപ്പെട്ടപ്പോൾ അവസാനം ആത്മഹത്യ ചെയ്യാനിറങ്ങിയതാണ് ഞാൻ. പക്ഷെ ഇവിടെയെത്തിയപ്പോൾ എങ്ങനെയോ മനസിൽ തോന്നി ഇനിയുള്ള ജീവിതങ്ങൾ സുരക്ഷിതമായിരിക്കാൻ മിച്ചമുള്ള സമയം അറിയാത്ത ആർക്കെങ്കിലും വേണ്ടിയുതകണമെന്ന്. അങ്ങനെ ഞാനിവിടെ ഇരുന്നു. എന്റെ ചെറിയ റാന്തൽ വെട്ടം മുന്നോട്ടുള്ള ദൂരമറിയാനും കയ്യിലെ തൂവാലയിൽ മറ്റുള്ളവരുടെ ജീവിതവുമാണെന്നും കരുതി ഞാൻ കാത്തിരിക്കുന്നു. എന്നും ഉറങ്ങാതെ… ഇനിയൊരു പാളം തെറ്റലിനു മുൻപ് ഞാൻ സിഗ്നൽ കാണിച്ചു അപകടം ഒഴിവാക്കി ശരിയാക്കിയിരിക്കും. അപകടം നടന്നില്ലെങ്കിലോ ചേട്ടാ? നടക്കരുത്. അതിനാ ഞാനിരിക്കുന്നത്. അപ്പോൾ, ചേട്ടന്റെ ജീവിതം തന്നെ മറ്റുള്ളവരുടെ യാത്രയിലാണോ? എല്ലാവരും അങ്ങനെയൊക്കെ തന്നെ. ആലോചിച്ചു നോക്കൂ. നഷ്ടപ്പെടുമ്പോൾ മാത്രമാണ് ഓരോ ശ്വാസത്തിനുപോലും വിലയുണ്ടാകുന്നത്. ഞാനോ നഷ്ടപ്പെട്ടവനാണ്. പക്ഷെ എനിക്കു കഴിയും മറ്റൊരാളുടെ നഷ്ടം കുറയ്ക്കാൻ. 

അതെങ്ങനെ? അനുഭവത്തിൽ നിന്നും പറ്റും. നമ്മൾ മറ്റൊരാൾക്കു വേണ്ടി ചിലവാക്കുന്ന സമയത്തിന്റെ പ്രതിഫലമാണ് നമ്മുടെ ജീവിതമെന്നു വെറുതെ ഓർമ്മിച്ചാൽ മതി. അയാളൊന്നു ചിരിച്ചു. പിന്നെ ചോദിച്ചു. മോന്റെ പേരെന്താ? അനൂപ്. എന്തിനാ ചാവാൻ നടക്കണെ? അത്… ചാവാനോ… ഞാനോ… അയ്യേ… ശേ, കാര്യം പറ. ഞാൻ ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെട്ടവനാണ് ചേട്ടാ. എന്നോളമോ? അല്ല… പിന്നെ? കുറച്ചു കാര്യങ്ങളിൽ മാത്രം. മ്മ്… കഴിച്ചോ വല്ലതും? വിശക്കുന്നുണ്ടോ? വിശപ്പില്ല. അല്പം വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു. അകത്തുണ്ട്. കുടിച്ചോളൂ എന്നു പറഞ്ഞയാൾ തൊട്ടടുത്തുള്ള ചെറിയ ഓലകൊണ്ടു മറച്ച ഷെഡിലേക്കു വിരൽ ചൂണ്ടി. അനൂപ് അകത്തുകയറി വെള്ളം കുടിക്കുന്നതിനിടയിൽ ഒരു മിന്നൽ വേഗത്തിൽ അലർച്ചയോടെ ഒരു ട്രെയിൻ തന്റെ മുന്നിലെ പാളത്തിലൂടെ പാഞ്ഞുപോയി. അവൻ പെട്ടെന്നു പുറത്തു വന്നു. ദേ… എന്തു പണിയാ കാണിച്ചത് നിങ്ങളെന്നോട്…! ഞാനെന്തു ചെയ്തു. ..? ട്രെയിൻ ഇല്ലെന്ന് പറഞ്ഞിട്ട്. 

പറഞ്ഞപ്പോൾ ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോ പോയി. അങ്ങനെയല്ല.. നാളെയേ ഉള്ളൂവെന്നു പറഞ്ഞിട്ട്.. നാളെ ആയല്ലോ.. സമയം നോക്കൂ.. നിങ്ങൾ ചോദിച്ചത്ഇ ന്നലെ രാത്രി പതിനൊന്നരക്കാണ്. ഇപ്പോൾ പന്ത്രണ്ടു മണികഴിഞ്ഞു അഞ്ചു മിനിറ്റായി. അപ്പോൾ നാളെ ആയില്ലേ! എന്തു കിട്ടി, എന്നോട് ഇങ്ങനെ ചെയ്തിട്ട്?
അയാളെന്നെ നോക്കി വെറുതെ ചിരിച്ചു.. എന്തെങ്കിലും കിട്ടാനാണെങ്കിൽ പിന്നെ ഇവിടെ ഇരിക്കണോ മോനെ. മോൻ എന്നോട് ചോദിച്ചത് സ്വയം ഒന്നൂടെ മനസിനോട് ചോദിച്ചു നോക്കൂ. ഒന്നും പ്രതീക്ഷിക്കാതെ വീട്ടിലേക്കു പോകൂ. ജീവിതമിപ്പോൾ പോയ ട്രെയിൻ പോലെയാണെന്നു വിശ്വസിക്ക്. ചിലപ്പോ പിടിച്ചിട്ടും, വൈകും, പാളം തെറ്റും. പക്ഷെ, ക്ഷമയോടെ സമാധാനത്തോടെ ഇരുന്നാൽ എത്തേണ്ട സ്ഥലം കൃത്യമായി എത്തിച്ചേരും. അവിടെ നിങ്ങൾക്കായി ഒരാളെങ്കിലും ചെറിയൊരു പുഞ്ചിരിയോടെ കാത്തുനിൽപ്പുണ്ടെങ്കിൽ അതാണ് നിങ്ങളുടെ ജീവിതയാത്രയുടെ വിജയം. ആയാളതു പറഞ്ഞു കണ്ണുകളടച്ചു പിന്നേം ഉറക്കം തുടങ്ങി. അനൂപ് തിരിച്ചു നടന്നു. വീട്ടിലേക്കു തിരിച്ചുള്ള യാത്രയിൽ കുറച്ചു ദൂരം കഴിഞ്ഞവൻ ജബ്ബാറിനെ ഒന്നു തിരിഞ്ഞുനോക്കി. അയാളുടെ വാക്കുകളപ്പോഴേക്കും മനസിൽ വെളിച്ചം പൊഴിച്ചു വീശിത്തുടങ്ങിയിരുന്നു ജീവിതത്തിന്റെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടു പോകാനുള്ള യാത്രയിൽ അതിജീവനത്തിന്റെ അണയാത്ത പച്ചവെളിച്ചം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.