15 November 2024, Friday
KSFE Galaxy Chits Banner 2

തൊഴില്‍ തട്ടിപ്പിനെതിരായ യുവതയുടെ പ്രതിഷേധം

Janayugom Webdesk
January 28, 2022 4:28 am

രാജ്യം റിപ്പബ്ലിക്കായതിന്റെ വാര്‍ഷികം കൊണ്ടാടുമ്പോള്‍ ബിഹാറിലെയും യുപിയിലെയും പരിസരങ്ങളിലെയും തൊഴില്‍ രഹിത യുവത്വം കേന്ദ്ര റയില്‍വേ ബോര്‍ഡിന്റെ വഞ്ചനയ്ക്കെതിരെ സമരമുഖത്താണ്. ബിഹാറിന്റെ തലസ്ഥാനമായ പട്നയില്‍ രാജേന്ദ്ര നഗര്‍ ടെര്‍മിനലില്‍ തിങ്കളാഴ്ച ആരംഭിച്ച സമരം ഭോജ്പുരിലെ ആര റയില്‍വേ സ്റ്റേഷന്‍, നളന്ദ, നവാദ, മുസഫര്‍പുര്‍, സിതാമഡി, ബക്സര്‍, തുടങ്ങിയ കേന്ദ്രങ്ങളിലേക്കും ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. ആദ്യഘട്ടത്തില്‍ നൂറോളം പേരാണ് പ്രക്ഷോഭത്തിനെത്തിയതെങ്കിലും പിന്നീട് വിവരം കൈമാറിക്കൈമാറി പ്രക്ഷോഭകരുടെ എണ്ണം രണ്ടായിരത്തിലധികമായി. പട്നയില്‍ ഒമ്പതു മണിക്കൂറിലധികമാണ് തീവണ്ടികള്‍ തടഞ്ഞിട്ടത്. 25 ഓളം തീവണ്ടികളുടെ യാത്ര പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ തടസപ്പെട്ടു. റയില്‍വേസ്റ്റേഷനുകള്‍ പിടിച്ചടക്കിയ പ്രക്ഷോഭകരായ യുവാക്കള്‍ ഉന്നയിച്ച വിഷയത്തെ സംയമനത്തോടെ പരിഹരിക്കുന്നതിനു പകരം പ്രകോപനം സൃഷ്ടിക്കുവാനുള്ള ശ്രമം ചില ഇടങ്ങളില്‍ പ്രക്ഷോഭം അക്രമാസക്തമാകുന്നതിന് കാരണമായി. തീവണ്ടികള്‍ തടയുകയും തീയിടുകയും ചെയ്ത സംഭവവും ഉണ്ടായി. രാജ്ഗിര്‍ — ന്യൂഡല്‍ഹി ശ്രംജീവി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള യാത്രാവണ്ടികളാണ് തടയപ്പെട്ടത്.


ഇതുകൂടി വായിക്കൂ:  ‘ഇരട്ട എന്‍ജിന്‍ യുപി’യില്‍ തൊഴിലില്ലായ്മയും കുതിച്ചുയര്‍ന്നു


2019ല്‍ റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരീക്ഷയ്ക്കുശേഷം വീണ്ടും പരീക്ഷ നടത്തുന്നതിനുള്ള പ്രഖ്യാപനമാണ് പ്രക്ഷോഭത്തിന് വഴിവച്ചത്. റയില്‍വേയിലെ സാങ്കേതികേതര പ്രമുഖ വിഭാഗങ്ങളി(നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് — എന്‍ടിപിസി)ലേക്കുള്ള 2019ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ആര്‍ബി ഒരുവര്‍ഷം മുമ്പ് പരീക്ഷ നടത്തിയിരുന്നു. ഇതിന്റെ ഫലം ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചതിനുശേഷം രണ്ടാമത് ഒരു പരീക്ഷ കൂടി നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇത് വിജ്ഞാപനത്തില്‍ ഇ­ല്ലാത്തതാണെന്നും നിയമനത്തില്‍ ക്രമക്കേട് നടത്തുന്നതിനാണെന്നും ആരോപിച്ചായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. യുവാക്കള്‍ ഉന്നയിക്കുന്ന ആവശ്യം അ­നുഭാവപൂര്‍വം പരിഗണിക്കുന്നതിനു പകരം സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും എ­ന്നുള്‍പ്പെടെയുള്ള ഭീഷണിയാണ് അധികൃതരില്‍ നിന്നുണ്ടായത്. ഇതിനായി പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന മുന്നറിയിപ്പും നല്കിയെങ്കിലും റിപ്പബ്ലിക് ദിനത്തിലും യുവാക്കള്‍ പ്രക്ഷോഭം തുടരുകയായിരുന്നു. ഒടുവില്‍ ഫെബ്രുവരി 15ന് നിശ്ചയിച്ച രണ്ടാംഘട്ട പരീക്ഷ മാറ്റിവയ്ക്കുവാനും ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിശോധിക്കുന്നതിന് സമിതിയെ നിയമിക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:  കോവിഡ് നിര്‍ണായക ഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ


വിവിധ സംസ്ഥാനങ്ങളില്‍ സുതാര്യവും നിഷ്പക്ഷവുമായി നടക്കുന്നുവെന്ന് വിശ്വസിച്ചു പോരുന്ന തൊഴില്‍ നിയമനരീതിയില്‍ നടക്കുന്ന ക്രമക്കേടുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ആര്‍ആര്‍ബിയിലെ ഇപ്പോഴത്തെ വിവാദം. ആദ്യ വിജ്ഞാപനത്തില്‍ ഒരു പരീക്ഷ മാത്രം പ്രഖ്യാപിച്ചശേഷം രണ്ടാമതൊരു പരീക്ഷ കൂടി നടത്തുവാനുള്ള തീരുമാനമാണ് പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണമെങ്കിലും ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളോട് അനുഭാവം പുലര്‍ത്തുന്ന സമീപനമുണ്ടായെന്ന ഗുരുതരമായ ആരോപണവും ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള തസ്തികയില്‍ കൂടിയ യോഗ്യതയുള്ളവരെ തിരുകിക്കയറ്റിയെന്നും ആരോപിക്കുന്നുണ്ട്. രണ്ടുവര്‍ഷത്തിലധികമായി കാത്തിരിക്കുന്ന യുവാക്കളുടെ പ്രതീക്ഷകളെ വീണ്ടും നീട്ടിക്കൊണ്ടുപോകുന്നതിനും അതിനിടയില്‍ കോഴ വാങ്ങിയും ക്രമക്കേടുകള്‍ നടത്തിയും വേണ്ടപ്പെട്ടവരെയും അനര്‍ഹരെയും തിരുകിക്കയറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രണ്ടാമതൊരു പരീക്ഷ നടത്തുവാനുമുള്ള തീരുമാനമെന്നും ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. യുവാക്കളുടെ പ്രക്ഷോഭത്തെ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കുകയുണ്ടായി. രാജ്യം അഭിമുഖീകരിക്കുന്ന വളരെ ഭീഷണമായ സാമൂഹ്യ പ്രശ്നങ്ങളില്‍ ഒന്നാണ് തൊഴിലില്ലായ്മ. രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങളില്‍ പ്രമുഖമാണ് ബിഹാര്‍, യുപി പോലുള്ള സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് ബിഹാറില്‍ തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന 16 ശതമാനമാണ്. മാത്രവുമല്ല നിയമനത്തിലെ ക്രമക്കേടുകളും കോഴയും ബിഹാര്‍ പോലുള്ള സംസ്ഥാനത്ത് പതിവുമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍മിയിലേക്കുള്ള നിയമനത്തിന് മൂന്നു ലക്ഷം രൂപവീതം കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയരുകയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കേസെടുക്കുകയും ചെയ്തിരുന്നതാണ്. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് ബിഹാറിലെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ അധ്യക്ഷന്‍തന്നെ കുറ്റാരോപിതനാവുകയും അറസ്റ്റിലാവുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലഭ്യമായേക്കാവുന്ന പരിമിതമായ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ പോലും ക്രമ വിരുദ്ധമായും പക്ഷപാതപരമായും മാറ്റപ്പെടുന്നതിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായത്. റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നിയമന നടപടികള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുയര്‍ന്നിരുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിയമന നടപടികളിലെ സുതാര്യതയില്ലായ്മയ്ക്കും ക്രമക്കേടുകള്‍ക്കും എതിരെ കഴിഞ്ഞ വര്‍ഷങ്ങളിലും വിവിധ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭത്തിനിറങ്ങുകയുണ്ടായി. അതുകൊണ്ട് തൊഴില്‍ രഹിത യുവാക്കളുടെ ക്ഷമ പരീക്ഷിക്കാതെ സുതാര്യവും നിഷ്പക്ഷവുമായ നിയമന നടപടികള്‍ ഉറപ്പുവരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.