21 April 2024, Sunday

Related news

April 20, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024

സംരംഭക സംഗമം കള്ള പ്രചാരകര്‍ക്കുള്ള മറുപടി: മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
January 21, 2023 11:03 pm

കേരളത്തിൽ വ്യവസായം വളരില്ലെന്ന് ആക്ഷേപിച്ചവർക്കുള്ള മറുപടിയാണ് സംരംഭക മഹാസംഗമമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. പത്ത് മാസങ്ങൾക്കുള്ളിൽ ആരംഭിച്ച 1,24,249 സംരംഭങ്ങൾ സംസ്ഥാനത്തിന്റെ പ്രശോഭനമായ വ്യവസായ ഭാവിയെയാണ് കാണിക്കുന്നതെന്നും സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിനായി ഒന്നിച്ചു നിൽക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്നത് വ്യാവസായികം മാത്രമല്ല. പക്ഷെ വ്യാവസായിക വികസനത്തെ മാറ്റിനിര്‍ത്തി ചിന്തിക്കാനാകില്ല. സമഗ്രവും സുസ്ഥിരവുമായി എല്ലാ ജനവിഭാഗങ്ങളിലേക്കുമെത്തുന്ന വികസനമെന്ന ശ്രമമാണ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി എടുത്ത നടപടികൾ. കേരള വിരുദ്ധ ശക്തികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും കള്ളപ്രചാരണത്തിനുമുള്ള. വായടിപ്പിക്കുന്ന മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

തെക്കനേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ ഹബ് നമ്മുടെ നാട്ടിലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം കേരളത്തിലാണ്. അഫോർഡബിൾ ടാലന്റ് റാങ്കിൽ ഏഷ്യയിൽ ഒന്നും ലോകത്ത് നാലാമതുമാണ് കേരളം. കഴിഞ്ഞ ആറ് വർഷത്തിൽ 3800 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിലൂടെ മാത്രം 40,000 തൊഴിലവസരങ്ങൾ ഉണ്ടായി. സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉൾപ്പെടെ 5000 കോടി രൂപയുടെ സഹായം ഇവയ്ക്ക് ലഭ്യമാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തിന്റെ പൊതുകടം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടുകൾ മന:പൂർവം പ്രചരിപ്പിക്കുകയാണ്. സംസ്ഥാനത്തേക്കാൾ വർധിച്ചതാണ് കേന്ദ്രസർക്കാരിന്റെ കടബാധ്യത. വർഷങ്ങളായി കേന്ദ്രസർക്കാരുകൾ അനുവർത്തിച്ചു പോന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ് ഈ ബാധ്യതയുടെ യഥാർത്ഥ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ പട്ടികയിൽ കേരളത്തെ ആദ്യ പത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമാണ് സംരംഭക മഹാസംഗമമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന വ്യവസായ‑നിയമ മന്ത്രി പി രാജീവ് പറഞ്ഞു. സാധാരണക്കാരന്റെ വികസനത്തെ മാനവികതയിലൂന്നി മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. സ്കെയിലപ്പ് സർവേ പദ്ധതികളുടെ ഉദ്ഘാടനവും സംരംഭകർക്കുള്ള കൈപ്പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. 

എംഎൽഎമാരായ പി വി ശ്രീനിജൻ, ആന്റണി ജോൺ, കെ എൻ ഉണ്ണികൃഷ്ണൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ സ്ഥിരം പ്രതിനിധി കെ വി തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, സൂരജ് എസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, ഫിക്കി കേരള കൗൺസിൽ മേധാവി സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Summary:Entrepreneur group Reply to false pro­pa­gan­dists: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.