ഇന്ത്യൻ രാഷ്ടീയം ഒരു വഴിത്തിരിവിലാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ആദർശങ്ങളും ഭരണഘടനാ മൂല്യങ്ങളും കനത്ത വെല്ലുവിളി നേരിടുന്നു. മതനിരപേക്ഷത നമ്മുടെ രാജ്യത്തിന്റെ തന്നെ അനിവാര്യമായ ഘടകമാണ്. എന്നാൽ മതാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള കാൽവയ്പ്പുകളാണ് സംഘ്പരിവാർ ശക്തികളുടെ നേതൃത്വത്തിൽ കേന്ദ്ര ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം നേരിടുന്ന ഈ വിപത്ത് മുൻകൂട്ടി കാണുവാനും ആശയതലത്തിലും തെരഞ്ഞെടുപ്പുകളിലും നിയമവേദികളിലും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കാനും ഇടതുപക്ഷം എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്.
ഡൽഹിയിൽ ബുൾഡോസറുകൾ ഉരുണ്ടപ്പോൾ അവയെ തെരുവിൽ പ്രതിരോധിക്കാൻ ഇടതുപക്ഷം ഉണ്ടായിരുന്നു. പൗരത്വത്തിന് മതാടിസ്ഥാനം നൽകാനുള്ള നീക്കം ഉണ്ടായപ്പോൾ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തും ജനകീയ പ്രതിരോധം സംഘടിപ്പിക്കാനും സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്താനും മുൻപന്തിയിൽ നിന്നത് ഇടതുപക്ഷമാണ്. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സമരത്തിലും ഇടതുപക്ഷത്തിന്റെ നിറസാന്നിധ്യമുണ്ടായി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കാനുള്ള നിയമയുദ്ധത്തിലും നേതൃത്വപരമായ പങ്കുവഹിച്ചത് ഇടതുപക്ഷമാണ്. ഇലക്ട്രറൽബോണ്ടിനെതിരെ സുപ്രീം കോടതിയിൽ വിജയകരമായ നിയമപോരാട്ടം നടത്തിയതും ഇടതുപക്ഷം തന്നെ.
നയങ്ങൾ തുറന്നു കാട്ടുന്നതിലും ജനവിരുദ്ധ നയങ്ങൾക്കെതിരായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചത് ഇടതുപക്ഷമാണ്. ഈ പ്രതിരോധമാണ് കേന്ദ്ര സർക്കാരിനെതിരായി ജനങ്ങൾ ചിന്തിക്കുന്നതിനിടയായത്. വസ്തുത ഇതായിരിക്കെ, സംഘ്പരിവാറിനെ പ്രതിരോധിക്കാൻ തങ്ങൾക്കു മാത്രമേ കഴിയുകയുള്ളൂവെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്താണു സത്യം? രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരെ ഉയർന്ന കർഷകരോഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയിൽ ബിജെപിക്കെതിരെ പ്രതിഫലിച്ചു.
എന്നിട്ടും അവിടങ്ങളിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസിന്റെ നയം തന്നെയാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാണിച്ച് മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോൺഗ്രസ് തടഞ്ഞു. അങ്ങനെ ബിജെപിയെ തോൽപ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകർക്കുന്ന റോളാണ് കോൺഗ്രസ് ഏറ്റെടുത്തത്. ബിജെപിക്ക് ജയമുണ്ടാക്കിക്കൊടുക്കുന്ന പ്രധാന ഘടകമായത് ഈ വിധത്തിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണ്.
ബിജെപിയെ എതിർക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്നത് ധാർഷ്ട്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്. 2015ലും 2020ലും കോൺഗ്രസിന് ഡൽഹി നിയമസഭയിൽ ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. എന്നിട്ടും ബിജെപിക്കെതിരെ നിൽക്കുന്ന ആംആദ്മി പാർട്ടിയെ തോൽപ്പിക്കുന്നത് മുഖ്യലക്ഷ്യമായി കോൺഗ്രസ് കണ്ടു.
ഡൽഹിയിൽ ബിജെപിക്ക് 48ഉം ആം ആദ്മി പാർട്ടിക്ക് 22ഉം സീറ്റുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചില കണക്കുകൾ പരിശോധിച്ചാൽ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപാടുകൊണ്ടുമാത്രം ബിജെപി 14 സീറ്റുകൾ നേടിയെന്നു കാണാം. ബിജെപിയാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന രാഷ്ടീയ ബോധ്യത്തോടെ തങ്ങളുടെ പരിമിതി മനസിലാക്കി മതനിരപേക്ഷ ഐക്യത്തിനുവേണ്ടി കോൺഗ്രസ് നിലപാട് എടുത്തിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാവുമായിരുന്നു. രാജ്യതലസ്ഥാനത്ത് മേധാവിത്വം ഉറപ്പിക്കാൻ ബിജെപിക്ക് അവസരമുണ്ടാക്കിയത് കോൺഗ്രസാണ് എന്ന് വ്യക്തം. ആം ആദ്മി പാർട്ടിയുമായി എന്തുതന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും അവ പരിഹരിക്കാനും ഒരുമിച്ചുനിന്ന് ബിജെപിയുടെ തോൽവി ഉറപ്പുവരുത്താനുമായിരുന്നു കോൺഗ്രസ് ശ്രമിക്കേണ്ടിയിരുന്നത്. കോൺഗ്രസിന്റെ തെറ്റായ സമീപനത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ ഒമർ അബ്ദുള്ള, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പല നേതാക്കളും പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുമ്പ്, ഹരിയാനയിലും പ്രാദേശിക കക്ഷികളോട് ഇതേ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അപ്പോൾ, ബിജെപിയെ തോൽപ്പിക്കുന്നതല്ല, അവരുടെ ജയം ഉറപ്പാക്കിക്കൊടുക്കുന്നതാണ് കോൺഗ്രസിന്റെ പണി എന്ന് അവർ തന്നെ ആവർത്തിച്ച് വ്യക്തമാക്കുന്നു. വാക്ക് ഒരു വഴിക്ക്. പ്രവൃത്തി മറ്റൊരു വഴിക്ക്. യഥാർത്ഥ മതനിരപേക്ഷ പാർട്ടികൾക്ക് ഇങ്ങനെയുള്ള കോൺഗ്രസിനെ വിശ്വസിക്കാനാവുമോ?
തങ്ങളാണ് ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പ്രാപ്തരായ പാർട്ടി എന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ ഈ സമീപനമാണോ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ സ്വീകരിക്കുക? നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗീയത എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബിജെപി കൂടുതൽ നിയമസഭകൾ കയ്യടക്കിയാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് തെല്ലും ആശങ്കയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ഇങ്ങനെയുള്ള കോൺഗ്രസിനെ നമ്മുടെ നാട്ടിലെ മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതനിരപേക്ഷതയിൽ ഉറച്ചുവിശ്വസിക്കുന്ന നാനാജാതി മതസ്ഥരും എങ്ങനെ വിശ്വസിക്കും? എല്ലാവരും ചിന്തിക്കേണ്ടതാണിത്.
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികൾ സംഘ്പരിവാർ ശക്തികൾ ഉയർത്തുന്ന വർഗീയവാദവും അവർ പിന്തുടരുന്ന കോർപറേറ്റ് പ്രീണന നയങ്ങളും രാജ്യത്തിന്റെ നാനാത്വത്തെ തുരങ്കംവയ്ക്കുന്ന ഫെഡറൽ വിരുദ്ധ നയങ്ങളുമാണ്. ഇവയ്ക്ക് എല്ലാമെതിരെ നടക്കുന്ന പോരാട്ടങ്ങളിൽ നിന്ന് മാറിനിൽക്കുകയും ചിലപ്പോൾ ഒളിച്ചോടുകയും ചെയ്യുന്ന കോൺഗ്രസിന്റെ സമീപനമാണ് ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ ഉയർത്തുന്നതിനുള്ള ഏറ്റവും വലിയ തടസം.
പ്രാദേശിക കക്ഷികളുമായും ഇടതുപക്ഷവുമായും പല അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസിനുണ്ടാകാം. പക്ഷെ കോൺഗ്രസിന് ഒരു നിയമസഭാ സീറ്റുപോലും നേടാൻ കഴിയാത്ത ഡൽഹി പോലുള്ള സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിച്ചത് ബിജെപിക്ക് കോൺഗ്രസ് ചെയ്ത എറ്റവും വലിയ സഹായമായി ചരിത്രം വിലയിരുത്തും. ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ബിജെപിക്കെതിരെ നിയമസഭയിൽ ഒരു സീറ്റുപോലുമില്ലാതിരുന്ന കോൺഗ്രസിനോട് ഇടതുപക്ഷം സ്വീകരിച്ച സമീപനം ഇതായിരുന്നില്ല. എന്നാൽ, കോൺഗ്രസിന് ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു. ആ മുഖ്യശത്രുവിനെ തകർക്കാൻ ബിജെപിയുമായി ചേരുന്നതാണ് കോൺഗ്രസിന്റെ നയം.
ഉത്തരേന്ത്യയിൽ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കാൻ അവിടുത്തെ വലിയ പ്രാദേശിക പാർട്ടികളായ സമാജ്‌വാദി പാർട്ടിക്കും ആർജെഡിക്കുമാണ് സാധിക്കുക. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. അല്ലാതെ ബിജെപിയെ ചെറുക്കാൻ തങ്ങൾക്ക് ഒറ്റയ്ക്ക് കഴിയും എന്നു പറഞ്ഞിരിക്കുന്നത് ആരെയാണ് സഹായിക്കുക എന്നത് കോൺഗ്രസ് തന്നെ ചിന്തിക്കട്ടെ.
ഇന്നത്തെ ദേശീയ രാഷ്ടീയ സാഹചര്യത്തിൽ മറ്റു കക്ഷികളെക്കൂടി ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ഡൽഹിയിലെ അനുഭവം ഇനിയും പല സ്ഥലങ്ങളിൽ ആവർത്തിക്കുന്നത് കണ്ട് കോൺഗ്രസിന് തകർന്നടിയേണ്ടിവരും. മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാൻ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ചുകൊണ്ട് കഴിയുന്നത്ര ഐക്യം ഉണ്ടാകണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.