17 May 2024, Friday

മെഡിക്കൽ കോളെജിലെ ആകാശപ്പാത അവസാന ഘട്ടത്തിൽ

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്:
December 16, 2021 5:30 pm
ഗവ. മെഡിക്കൽ കോളജിലെ മൂന്ന് ആശുപത്രികളെ ബന്ധിപ്പിക്കുന്ന ആകാശപ്പാത നിർമാണം ഈ മാസം പൂർത്തിയാകും. ജനുവരി ആദ്യവാരം സമർപ്പണം നടത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, പിഎംഎസ്എസ് വൈ ബ്ലോക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പാത. 13 അടി വീതിയിലും 172 മീറ്റർ നീളത്തിലുമാണ് ആകാശപ്പാത നിർമിക്കുന്നത്. 2.25 കോടി രൂപയ്ക്ക് പി ഡബ്യു ഡി ആണ് കരാർ എടുത്ത് പ്രവർത്തനം നടത്തുന്നത്. സ്റ്റീൽ സ്ട്രക്ചറിൽ നിർമിച്ച പാതയുടെ നിലം കോൺക്രീറ്റ് ചെയ്തു. ടൈലുകൾ വിരിക്കുന്ന പ്രവൃത്തിയും പൂർത്തിയായി.
മുൻ മന്ത്രി ടി പി രാമകൃഷ്ണന്റെ ശ്രമഫലമായി ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ ലഭ്യമാക്കിയത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒന്നാം നിലയുടെ വടക്കു ഭാഗത്ത് നിന്നു തുടങ്ങി സൂപ്പർ സ്പെഷ്യൽറ്റിയുടെ തെക്കു ഭാഗത്ത് എത്തുന്ന തരത്തിലാണ് പാത ഒരുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരുന്ന രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്കും പി എം എസ് വെെ ബ്ലോക്കിലേക്കും റോഡിലൂടെ സ്ട്രെക്ച്ചറിലും വാഹനങ്ങളിലുമായാണ് കൊണ്ടു പോകുന്നത്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമായാണ് ആകാശപ്പാത നിർമാണത്തിന് പദ്ധതി തയ്യാറാക്കിയത്. പി എം എസ് എസ് വൈ ബ്ലോക്കിൽ നിന്ന് എൻ എം സി എച്ചിലേക്ക് 250 മീറ്ററാണ് ആകാശപ്പാതയുടെ നീളം. ഇതിലൂടെ രോഗികളെ കൊണ്ടുപോകുന്നതിന് ബാറ്ററി കാറുകൾ ഉപയോഗിക്കും. എൻ ഐ ടി യി ലെ വിദഗ്ധരാണ് രൂപ രേഖ തയ്യാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.