23 December 2024, Monday
KSFE Galaxy Chits Banner 2

മലയാള സാഹിത്യകുലപതി സി വി രാമൻപിള്ള ഓർമ്മയായിട്ട് 100 വർഷം

കെ ആനന്ദൻ
March 21, 2022 6:00 am

“കാലം കലിയുഗമല്ലയോ? എല്ലാക്കൊമ്പനേയും ഗാംഗുറാംചെട്ടിയുടെ ചക്രപ്പെരുമ പുലർത്തുന്നു, പമ്പരം കറക്കുന്നു. അതുകൊണ്ട് നമുക്കും നമ്മുടെ അധികാരത്തിനും തടമാറ്റില്ല — അമ്പടാ!എന്തെല്ലാം കണ്ടു, കൊണ്ടു, എന്തെല്ലാം തീണ്ടാടി? ആൺപിറന്ന ടിപ്പു ലോകം വിഴുങ്ങട്ടെ. എങ്കിലും കാര്യസ്ഥന്മാർ നമ്മെ ധിക്കരിക്കുന്നത് മോശം, മോശം, വന്മോശം — ഹേയ്! വീടും നാടും വെറുത്ത ഈ ദേശാന്തരിക്ക് മുടിമന്നന്മാരുടെ കുടിമുടിക്കു കടിപാടുകളിൽ സംബന്ധമെന്ത്?” ‘ധർമ്മരാജ’യിൽ എല്ലാ തന്ത്രങ്ങളും പിഴച്ചപ്പോൾ ‘എടാ ഇരുള വിഴുങ്ങ്, വാ തുറന്നു’ എന്ന് ഗർജ്ജിച്ച ഇരുട്ടിലേക്കു മറയുന്ന ചിലമ്പിനഴികത്ത് ചന്ത്രക്കാരൻ രാമരാജബഹദൂറിന്റെ തുടക്കത്തിൽ കാളിപ്രഭാവഭട്ടൻ എന്ന പുണ്യവാനായി ഗാംഗുറാംപ്രഭുവിന്റെ മന്ദിരത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭട്ടന് അവിടെ കങ്കന്റെ പദവിയും ഉദ്യാനാദികാര്യങ്ങളിൽ മാണിരവസ്ഥാനവും സിദ്ധമായി. ഈ ഭട്ടന്റെ ആത്മഗതവും ശൗര്യപ്രകടനവുമാണ് മുകളിൽ ചേർത്തിട്ടുള്ളത്. സി വിയുടെ ചരിത്രനോവൽത്രയങ്ങളിൽ മൂന്നാമത്തേതാണ് രാമരാജബഹദൂർ. മാർത്താണ്ഡവർമ്മയും ധർമ്മരാജയുമാണ് മറ്റ് രണ്ട് കൃതികൾ. ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണത്തെ പശ്ചാത്തലമാക്കി സ്തോഭജനകങ്ങളായ നിരവധി രംഗങ്ങൾ രാമരാജബഹദൂറിൽ സി വി ആവിഷ്കരിച്ചിട്ടുണ്ട്. സി വിയുടെ ദൃഷ്ടിയിൽ ടിപ്പു സ്നേഹവും കാരുണ്യവും നീതിബോധവും അന്യമതസ്ഥരോട് ബഹുമാനവും ആദരവും കാട്ടുന്ന പ്രതാപശാലിയാണ്. വായനക്കാരിൽ ആകാംക്ഷയും ഉൽക്കണ്ഠയും നിലനിർത്തുംവിധം അനന്യമായ പാടവത്തോടെയാണ് സി വി തന്റെ ചരിത്രനോവലുകളിൽ പാത്രരചന നടത്തിയിട്ടുള്ളത്. കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണത്തിലെ ആഴവും പരപ്പും അത്ഭുതകരമാണ്. സി വിയുടെ സ്ത്രീകഥാപാത്രങ്ങൾ തികഞ്ഞ വ്യക്തിത്വമുള്ളവരാണ്. സുഭദ്രയും കാർത്ത്യായനി അമ്മയും ത്രിപുരസുന്ദരിക്കുഞ്ഞമ്മയും ദേവകിയും സാവിത്രിയും സി വിയുടെ ഭിന്നസ്വഭാവ ചിത്രീകരണസാമർത്ഥ്യത്തിന് ഉദാഹരണങ്ങളാണ്. കേരളീയ സംസ്കാരത്തിന്റെ സംരക്ഷക സ്ത്രീയാണെന്ന സങ്കല്പം സി വിക്കുണ്ടായിരുന്നു. “നമ്മുടെ സ്ത്രീകൾ സ്ഥിരചിത്തകളും, ദൃഢബുദ്ധികളും ആയിരിക്കണം. സ്വൈരമധുരസല്ലാപത്തിനായി മാത്രമാണ് അവരുടെ ജന്മമെന്ന് അവർ വിചാരിക്കരുത്. പുരുഷനെ ആനന്ദിപ്പിക്കുവാനും അതേ സമയം തന്നെ അവന്റെ ചാപല്യങ്ങളെ വിദ്വേഷിപ്പിച്ച് അവന്റെ പ്രവൃത്തികളെ നിയന്ത്രിക്കുവാനുമാണ് സ്ത്രീയുടെ സൃഷ്ടി’ ഇതായിരുന്നു സി വിയുടെ സ്ത്രീസങ്കല്പം. പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പർക്കംകൊണ്ട് ഭാരതത്തിൽ വിവിധ ഭാഷകളിലെ സാഹിത്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തുണ്ടായ നവോത്ഥാനം മലയാളത്തിലും പ്രകടമായി. ബംഗാളിൽ ആരംഭിച്ച ഈ ഉണർവ് മലയാളം അറിഞ്ഞത് കേരളവർമ്മ വലിയകോയിതമ്പുരാൻ, എ ആർ രാജരാജവർമ്മ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, കണ്ടത്തിൽ വർഗീസ് മാപ്പിള, സി വി രാമൻപിള്ള, ഒ ചന്തുമേനോൻ തുടങ്ങിയവരിലൂടെയാണ്. ഇവരിൽ സി വിയാകട്ടെ വർത്തമാനകാലത്തിൽ ഉറച്ചുനിന്ന് ഭൂതകാലത്തെ സൃഷ്ടിക്കുകയായിരുന്നു. വെറുതെ കുറെ ചരിത്രവസ്തുതകളെ പകർത്തിവയ്ക്കുകയായിരുന്നില്ല. ചരിത്രനായകന്മാരെയും സംഭവങ്ങളെയും അവയുടെ പ്രാധാന്യത്തെയും ഉള്ളുകൊണ്ടറിഞ്ഞ് ബുദ്ധികൊണ്ടപഗ്രഥിച്ച്, ഭാവനകൊണ്ട് വികസിപ്പിച്ച് യുക്തമായി ബന്ധപ്പെടുത്തുകയാണ് ചെയ്തത്. ഭൂതകാല ചരിത്രത്തെ വർത്തമാനകാലപ്രസക്തിയോടെ പുനഃസൃഷ്ടിക്കുക എന്ന നവോത്ഥാന ധർമ്മമാണ് സി വി ഏറ്റെടുത്തത്. ചരിത്രവസ്തുക്കളിൽ പ്രസക്തമായ മാറ്റം വരുത്താനും വ്യാഖ്യാനിക്കുന്നതിനും സി വിക്ക് മടിയുണ്ടായില്ല.


ഇതുകൂടി വായിക്കാം; വികസന ലക്ഷ്യങ്ങൾക്കായി പുതിയ കാലത്തിന്റെ പ്രമോട്ടർമാർ


സി വിയുടെ കഥാപാത്രങ്ങൾ സ്വയം വളർന്ന് വികസിച്ച് കഥാകാരന്റെ നിയന്ത്രണങ്ങൾക്കും വെളിയിൽ കടന്ന് സ്വന്തം ആധിപത്യം സ്ഥാപിക്കുന്നു. മാർത്താണ്ഡവർമ്മയിലെ സുഭദ്ര, ധർമ്മരാജയിലെ ഹരിപഞ്ചാനനൻ, രാമരാജ ബഹദൂറിലെ ചിലമ്പിനഴികത്ത് കാളിയുടയാൻ ചന്ത്രക്കാരൻ തുടങ്ങിയവർ ഉദാഹരണങ്ങൾ. ഇത്തരം കഥാപാത്രങ്ങൾ സി വിയെ സൃഷ്ടിക്കുന്നു. ഇതൊരപൂർവ സൗഭാഗ്യമാണ്. പ്രത്യേകിച്ച് മലയാളത്തിൽ. ഇത്രയേറെ വൈജാത്യവും വൈചിത്യ്രവും പുലർത്തുന്ന കഥാപാത്രങ്ങളെ മലയാളത്തിൽ മറ്റൊരു നോവലിസ്റ്റും സൃഷ്ടിച്ചിട്ടില്ല. പ്രൊഫ. എൻ കൃഷ്ണപിള്ള എഴുതുന്നു: സങ്കല്പവിഭൂത്വത്തിന്റെ ഗൗരീശങ്കരത്തിനുപരി വിജയപതാക പാറിച്ച ആ പ്രതിഭാശാലിയോട് കിടനിൽക്കാൻ അന്യസാഹിത്യങ്ങളിലും അധികംപേർ കാണുകയില്ല. ചാന്നാങ്കര വേലായുധൻപിള്ള രാമൻപിള്ള എന്ന സി വി രാമൻപിള്ള 1858 മെയ് 19 ന് തിരുവനന്തപുരത്ത് പടിഞ്ഞാറെകോട്ടയ്ക്കു സമീപം പുന്നപുരത്ത് ജനിച്ചു. അമ്മവീട് ചാന്നാങ്കര ആറയൂർ. തിരുവനന്തപുരം മഹാരാജാസ് കോളജിൽ (യൂണിവേഴ്സിറ്റി കോളജിൽ) ബിരുദപഠനം. സ്കോട്ട്‌ലന്റുകാരൻ ജോൺറോസ്, യുകെ സ്വദേശി റോബർട്ട് ഹാർവി എന്നിവരുടെ പ്രിയശിഷ്യൻ. ഭാര്യ ഭാഗീരഥിയമ്മ. ആറ് മക്കൾ. മകൾ മഹേശ്വരിയെ കല്യാണം കഴിച്ചത് മലയാള ഹാസ്യസാഹിത്യസമ്രാട്ട് ഇ വി കൃഷ്ണപിള്ള. 1922 മാർച്ച് 21 ന് സി വി അന്തരിച്ചു. മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ എന്നീ ചരിത്രനോവലുകൾ, പ്രേമാമൃതം, പ്രേമാരിഷ്ടം നോവലുകൾ. ചന്ദ്രമുഖി വിലാസം, കുറുപ്പില്ലാ കളരി, പണ്ടത്തെ പാച്ചൻ തുടങ്ങിയ പ്രഹസനങ്ങൾ എന്നിവ ലേഖനങ്ങൾ. കുറുപ്പില്ലാകളരി എന്ന പ്രഹസനത്തിലാണ് മലയാളത്തിൽ ആദ്യമായി ഒരു ഭിന്നലിംഗ കഥാപാത്രം — മീനാക്ഷിയമ്മ മേനവൻ പ്രത്യക്ഷപ്പെടുന്നത്. ആത്മഗതത്തിലൂടെ “എന്റെ ഹൃദയം പുരുഷ ഹൃദയം — സ്ത്രീജന്മവും പുരുഷഹൃദയവുമായപ്പോൾ പ്രേമത്തിനും ദാമ്പത്യത്തിനും കൊള്ളാതെയായി’ എന്ന് തന്റെ സ്വത്വം വെളിപ്പെടുത്തി മീനാക്ഷി ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി. കേരള പേട്രിയറ്റ്, മലയാളി, വഞ്ചിനാട് മിതഭാഷി എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു. നിരവധി കീർത്തിമുദ്രകൾക്കർഹനായി. അനായാസപരായണം സാധ്യമാകാത്ത ആഖ്യാനശൈലിയാണ് സി വിയുടേത്. അർഹതയുള്ള അനുവാചകരെ തെരഞ്ഞെടുക്കാനും അല്ലാത്തവരെ ആട്ടിയകറ്റാനും സി വിയുടെ ത്രിമാനഗദ്യം സഹായിക്കുന്നുവെന്നാണ് അയ്യപ്പപ്പണിക്കർ വിലയിരുത്തുന്നത്. സി വിയുടെ നോവലുകളിലെ സംഭാഷണത്തിന്റെ സവിശേഷത ഓരോ കഥാപാത്രത്തിനും ഓരോ ഭാഷണശൈലി എന്നതാണ്. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെ പൂർണമായി പ്രകാശിപ്പിക്കുന്ന വൈവിധ്യം നിറഞ്ഞ സംഭാഷണങ്ങൾ പ്രൊഫ. എൻ കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദത്തിൽ ഇത് വിശദമായി ചർച്ചചെയ്യപ്പെടുന്നു. ആകാരംകൊണ്ടും ആജ്ഞാശക്തികൊണ്ടും സി വിയെ ഒരു പുരുഷകേസരിയായാണ് ജനങ്ങൾ കണ്ടത്. ജാതിമതചിന്തകൾക്കതീതമായ വിശ്വമാനവികതയുടെ വക്താവായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിനോട് തികഞ്ഞ ഭക്തിബഹുമാനങ്ങൾ അദ്ദേഹം പുലർത്തിയിരുന്നു. ധീരമനോജ്ഞമാമാകാര ധാടിയും വീരകരുണാദിനാനാരസോൽക്കരം പാരം തിരതല്ലിയാസ്യഭൂവിൽ രണ്ടു വാരിധിപോലെ വിലസും മിഴികളും എന്ന് മഹാകവി കുമാരനാശാൻ വർണിച്ച ആകാരഗൗരവം ധ്വനിപ്പിക്കുന്ന വ്യക്തി മഹത്വത്തിന് ഉടമയായിരുന്ന സി വി രാമൻപിള്ള എന്ന മലയാള സാഹിത്യകുലപതിയുടെ നൂറാം ചരമദിനത്തോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയുടെ അക്ഷരതിരുമുറ്റത്ത് സി വി പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നു എന്നത് തികച്ചും സന്തോഷകരവും അഭിമാനകരവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.