17 May 2024, Friday

Related news

March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024
February 15, 2024
February 12, 2024
February 6, 2024
November 13, 2023
August 28, 2023

സംസ്ഥാനത്ത് 1000 കെ സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
May 28, 2022 11:02 pm

സംസ്ഥാനത്ത് റേഷന്‍ വിതരണത്തോടൊപ്പം മറ്റു നിത്യോപയോഗ സാധനങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി റേഷന്‍ കടകളെ ആധുനീകരിച്ച് കെ സ്റ്റോറുകളായി (കേരള സ്റ്റോറുകള്‍) ഉയര്‍ത്തുന്ന നടപടികള്‍ പൂര്‍ത്തിയായി. ഗ്രാമീണ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട 1,000 റേഷൻകടകളെയാണ് ആദ്യ ഘട്ടമെന്ന നിലയില്‍ കെ സ്റ്റോറുകളായി ഉയര്‍ത്തുന്നതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം അടുത്തമാസം നടക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരി ഉല്പന്നങ്ങൾ, ബാങ്കിങ് സേവനം (5,000 രൂപ വരെ), യൂട്ടിലിറ്റി സർവീസ്, ബിൽ പേമെന്റ്, ഇ സേവനങ്ങൾ, മിൽമാ ഉല്പന്നങ്ങൾ, കുക്കിങ് ഗ്യാസ് എന്നീ സാധനങ്ങളും സേവനങ്ങളും കെ സ്റ്റോറുകളിലൂടെ ലഭ്യമാക്കും. ആദ്യപടി എന്ന നിലയിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ കടകൾ വീതം ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ന്ന് 1,000 റേഷൻകടകളിൽ ഈ പദ്ധതി നിലവില്‍ വരും.

സംസ്ഥാന പൊതുവിതരണ വകുപ്പ് രൂപീകൃതമായിട്ട് 60 വർഷം പൂർത്തിയായി. കേരളത്തിന്റെ ഭക്ഷ്യ ഭദ്രത സംരക്ഷിക്കുന്നതിന് പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ജനക്ഷേമപരിപാടികൾ നടപ്പിലാക്കി നല്ല മാറ്റങ്ങളുടെ പുതിയ കാലം സൃഷ്ടിച്ചിരിക്കുകയാണ്. 93 ലക്ഷം റേഷൻകാർഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു ചടങ്ങില്‍ അധ്യക്ഷനായി. കവി പ്രഭാവർമ്മ വജ്രജൂബിലി ലോഗോ പ്രകാശനം ചെയ്തു. വജ്രജൂബിലി ഗാനത്തിന്റെ റിലീസ് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് നിർവഹിച്ചു. മികച്ച സപ്ലൈ ഓഫീസർമാരുടെ അവാർഡ് പ്രഖ്യാപനം സിനിമാതാരം നന്ദു നിർവഹിച്ചു. സിവിൽ സപ്ലൈസ്ദിന വീഡിയോ റിലീസും വനിതകൾക്കായുള്ള വീഡിയോ മത്സര പ്രഖ്യാപനവും സംഗീത സംവിധായകൻ റോണി റാഫേൽ നിർവഹിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. ഡി സജിത് ബാബു സ്വാഗതവും റേഷനിങ് കൺട്രോളർ ശ്രീലത നന്ദിയും പറഞ്ഞു. ഭക്ഷ്യ വകുപ്പു് സെക്രട്ടറി ടിങ്കു ബിസ്വാൾ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യേഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ മേയ് 28 മുതൽ 2023 മേയ് 28 വരെയാണ് നടക്കുന്നത്. 2021–22 ലെ മികച്ച ജില്ലാ സപ്ലൈ ഓഫീസായി ആലപ്പുഴയും, മികച്ച ജില്ലാ സപ്ലൈ ഓഫീസറായി ആലപ്പുഴ ജില്ലാ ഓഫീസർ എം എസ് ബീനയെയും, മികച്ച താലൂക്ക് സപ്ലൈ ഓഫീസായി മല്ലപ്പള്ളിയും, മികച്ച താലൂക്ക് സപ്ലൈ ഓഫീസറായി ഉടുമ്പൻചോല സപ്ലൈ ഓഫീസർ ടി സഹീറിനെയും മികച്ച റേഷനിങ് ഇൻസ്പെക്ടറായി പെരിന്തൽമണ്ണ റേഷനിങ് ഇൻസ്പെക്ടർ സതീഷ് എസ് നെയും തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: 1000K stores to be set up in state: Min­is­ter GR Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.