4 March 2024, Monday

Related news

March 4, 2024
March 1, 2024
February 16, 2024
February 15, 2024
February 12, 2024
February 6, 2024
November 13, 2023
August 28, 2023
August 28, 2023
August 24, 2023

ഭാരത് അരി വിതരണം: ഫെഡറൽ തത്വങ്ങളുടെ നേരെയുള്ള നഗ്നമായ കടന്നാക്രമണം

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
February 12, 2024 4:45 am

കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതും ഫെഡറൽ തത്വങ്ങളുടെ നേരെയുള്ള നഗ്നമായ കടന്നാക്രമണവുമാണ്. കേരളത്തിലെ 57 ശതമാനം വരുന്ന ജനങ്ങളെ റേഷൻ സംവിധാനത്തിന് പുറത്താക്കുകയും ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തത് കേന്ദ്രസർക്കാരുകളാണ്. പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് സംസ്ഥാന സർക്കാർ റേഷൻ ഉറപ്പാക്കുന്നത്. എഫ്‌സിഐയിൽ അധികമുള്ള ഭക്ഷ്യധാന്യ സ്റ്റോക്ക്, ഓപ്പൺമാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം ന്യായവിലയ്ക്ക് വിൽക്കുന്ന സംവിധാനത്തിൽ സ്വകാര്യ വ്യാപാരികൾക്ക് പോലും ലേലത്തിൽ പങ്കെടുക്കാമെന്നിരിക്കെ സംസ്ഥാനസർക്കാരിന്റെ ഏജൻസികളെ ബോധപൂർവം കേന്ദ്രം വിലക്കിയിരിക്കുന്നു. കേരളത്തിൽ ഈ വിലക്ക് സപ്ലൈകോയെയാണ് ബാധിക്കുക. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഈ കേന്ദ്രനയം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനിടയുണ്ട്. ഈ സാഹചര്യത്തിൽ ബോധപൂർവം വിലക്കയറ്റം സൃഷ്ടിക്കുകയും ആ സ്ഥിതി രാഷ്ട്രീയമായി മുതലെടുപ്പിന് ഉപയോഗിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

സാർവത്രിക റേഷൻ അട്ടിമറിച്ചതാര്? 

1965 മുതൽ വരുമാനപരിധി നോക്കാതെ സാർവത്രികമായ സ്റ്റാറ്റ്യൂട്ടറി റേഷൻ എല്ലാവർക്കും ലഭ്യമായിരുന്ന സംസ്ഥാനമാണ് കേരളം. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി പൊരുതി നേടിയതാണ് ഈ ഭക്ഷ്യാവകാശം. ഇത് തികച്ചും ന്യായമായിരുന്നു. 1956ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയോടെ തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാട് തമിഴ്‌നാടിന്റെ ഭാഗമായി. സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ള നാണ്യവിളകളുടെ കൃഷിയിലേക്ക് കൂടുതലായി തിരിഞ്ഞതിനാൽ മലയാളികൾ പൊതുവെ ഭക്ഷ്യക്കൃഷിയിൽ നിന്ന് അകന്നുപോയി. രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരാൻ നാണ്യവിളകൃഷിക്ക് കഴിഞ്ഞെങ്കിലും കേരളം ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമായി മാറി. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതി വിവിധ തൊഴിൽ മേഖലകളിലുള്ള പ്രാവീണ്യത്തിലേക്ക് നയിച്ചതും പരമ്പരാഗത കാർഷികവൃത്തിയിൽ നിന്ന് പുതുതലമുറയെ അകറ്റി. ഭക്ഷ്യധാന്യങ്ങൾക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമായി. ഈ സാഹചര്യത്തിൽ പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടഞ്ഞുനിർത്താൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടത് ആവശ്യമായിരുന്നു. ദരിദ്രർക്കു മാത്രമല്ല ഇടത്തരക്കാർക്കും റേഷൻ നൽകിക്കൊണ്ടാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളം ഭക്ഷ്യക്ഷാമത്തെ തടഞ്ഞുനിർത്തിയിരുന്നത്.
1990കളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹറാവു സര്‍ക്കാര്‍ ഉദാര‑സ്വകാര്യവല്‍ക്കരണനയങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന എല്ലാ നയങ്ങളിൽ നിന്നും കടുത്ത വ്യതിയാനമായിരുന്നു അത്. സബ്സിഡികളും ആനുകൂല്യങ്ങളും ഏറ്റവും ദരിദ്രർക്കും ദുർബലർക്കുമായി പരിമിതപ്പെടുത്തുക എന്നത് ആ നയത്തിന്റെ ഘടകങ്ങളിലൊന്നായിരുന്നു. അങ്ങനെയാണ് ലക്ഷ്യാധിഷ്ഠിത പൊതുവിതരണം നടപ്പിലാക്കിയതും റേഷൻകാർഡുകളെ എപിഎൽ‑ബിപിഎൽ എന്ന് തരംതിരിച്ചതും. 2013ൽ രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമം (എൻഎഫ്എസ്എ) ഈ വേർതിരിവിന് നിയമപരമായ ചട്ടക്കൂട് നൽകി. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) വിഭാഗക്കാർക്കായി റേഷൻ പരിമിതപ്പെടുത്തപ്പെട്ടു. കേരളത്തിൽ ഈ രണ്ടു വിഭാഗങ്ങളും ചേർന്നാൽ ജനസംഖ്യയുടെ 43 ശതമാനമേ വരൂ. ബാക്കി വരുന്ന 57ശതമാനം മലയാളികൾ റേഷനിങ്ങിന് പുറത്തായി. കൂടാതെ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിരുന്ന ഭക്ഷ്യധാന്യ വിഹിതം രണ്ട് ലക്ഷം മെട്രിക് ടൺ കുറവുവരുത്തി.


ഇതുകൂടി വായിക്കൂ;   അഴിമതിക്ക് കുട ചൂടാൻ ബിജെപിയുടെ തന്ത്രങ്ങൾ


ഈ സാഹചര്യത്തിലും ജനങ്ങളെ കൈവിടാത്ത ഒരു നയം സംസ്ഥാനസർക്കാർ കൈക്കൊണ്ടു. എൻഎഫ്എസ്എ പ്രകാരം റേഷൻ അർഹതയില്ലാത്ത മുൻഗണനേതര വിഭാഗത്തെ എൻപിഎസ് (നീല കാർഡ്), എൻപിഎൻഎസ് (വെള്ള കാർഡ്) എന്നിങ്ങനെ തരംതിരിച്ച് ലഭ്യമായ പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നും റേഷൻ നൽകിവരുന്നു. കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതമായ 14.25 ലക്ഷം മെട്രിക് ടണ്ണിൽ 10.26 ലക്ഷം മെട്രിക് ടണ്ണും 43 ശതമാനം വരുന്ന മുൻഗണനാവിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്കി വരുന്ന 3.99 ലക്ഷം മെട്രിക് ടൺ അരിയാണ് എട്ട് രൂപ 30 പൈസ വില നല്‍കി സംസ്ഥാന സർക്കാർ എഫ്‌സിഐയിൽ നിന്ന് എടുത്ത് നീല കാർഡുകാർക്ക് നാല് രൂപയ്ക്കും വെള്ള കാർഡുകാർക്ക് 10 രൂപ 90 പൈസയ്ക്കും റേഷൻകടകളിലൂടെ നൽകുന്നത്. പൊതുവിപണിയിൽ അരിവില കുതിച്ചുയരാതിരിക്കാൻ ഒരു പരിധിവരെ ഇത് സഹായകരമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ മേഖലകളിലുമെന്നതുപോലെ സംസ്ഥാനത്തോട് ശത്രുതാപരമായ നിലപാടാണ് ബിജെപിയുടെ കേന്ദ്രസർക്കാർ ഇക്കാര്യത്തിലും കൈക്കൊണ്ടുവരുന്നത്.

ഭക്ഷ്യധാന്യവിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം കേന്ദ്രം കേട്ടതായിപ്പോലും നടിച്ചില്ല. ഉത്സവകാലങ്ങളിൽ വിലക്കയറ്റ സാധ്യത പരിഗണിച്ചുകൊണ്ട് സംസ്ഥാനത്തിനുള്ള വാർഷിക അലോട്ട്മെന്റ് പരിധി കവിയാതെ തന്നെ പ്രതിമാസവിഹിതം വർധിപ്പിച്ച് ക്രമീകരിക്കുന്നതിനു പോലും കേന്ദ്രത്തിന്റെ നിരോധനമുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ മാസങ്ങളിൽ പ്രതിമാസ അലോട്ട്മെന്റിൽ അല്പം വർധിപ്പിച്ചു നൽകിയാൽ അതിനു പിഴയായി നെല്ലുസംഭരണ പദ്ധതി പ്രകാരം നൽകേണ്ട താങ്ങുവില വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വാസ്തവത്തിൽ 8.30രൂപയ്ക്ക് വാങ്ങി സംസ്ഥാനസർക്കാരിന് റേഷൻകടകൾ വഴി നാല് രൂപയ്ക്കോ 10 രൂപ 90 പൈസയ്ക്കോ ജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന അരിയാണ് 29 രൂപ വിലയ്ക്ക് വിറ്റ് രാഷ്ട്രീയ നാടകം നടത്താൻ കേന്ദ്രസർക്കാർ സംസ്ഥാനത്ത് ഇറക്കിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ;  കെ-സ്റ്റോർ: നവകേരളത്തിന്റെ പുത്തന്‍ റേഷൻ ഷോപ്പ്


ഒഎംഎസ്എസ് വിലക്ക് എന്ന പ്രതികാരം

പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും എഫ്‌സിഐയുടെ പക്കലുള്ള അരിയുടെയും ഗോതമ്പിന്റെയും അധികസ്റ്റോക്ക് വില്പന നടത്തുന്നതിനും വേണ്ടിയാണ് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജൻസികൾ, സ്വകാര്യ ഏജൻസികൾ, വ്യാപാരികൾ എന്നിവർക്കെല്ലാം ലേലത്തിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാവുന്നതാണ് എന്നതായിരുന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ. എഫ്‌സിഐ ഡിപ്പോതലത്തിലാണ് ഇ‑ലേലം നടത്തുന്നത്. ‍ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര‑ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയമാണ്. അരിക്ക് നിലവിൽ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില ക്വിന്റലിന് 2,900 രൂപയും ഫോർട്ടി ഫൈഡ് അരിക്ക് ക്വിന്റലിന് 2,973 രൂപയുമാണ്. ഗോതമ്പിന്റെ അടിസ്ഥാന വില ക്വിന്റലിന് 2,150 രൂപയാണ്. എം-ജങ്ഷൻ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഇ‑ലേലം പ്രവർത്തനങ്ങൾ എഫ്‌സിഐ നടത്തുന്നത്. അടിസ്ഥാനവിലയിൽ നിന്നും കാര്യമായ വർധനവില്ലാതെ തന്നെ ഭക്ഷ്യധാന്യങ്ങൾ ഈ സംവിധാനത്തിൽ ലഭ്യമായിവന്നിരുന്നു. എന്നാൽ നിലവിൽ സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ ഒഎംഎസ്എസിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയില്ല എന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാനസർക്കാരിനോ സർക്കാർ ഏജൻസികൾക്കോ സഹകരണ സംഘങ്ങൾക്കോ ഭക്ഷ്യധാന്യം മറിച്ചുവിൽക്കാൻ പാടില്ലെന്ന് കൂടി വ്യവസ്ഥ ചെയ്തു. സ്വകാര്യ വ്യാപാരികൾക്ക് പങ്കെടുക്കാം, സർക്കാർ ഏജൻസികൾക്ക് പാടില്ല. എന്തൊരു വിരോധാഭാസം!


ഇതുകൂടി വായിക്കൂ;  നവകേരള സ്റ്റോര്‍ ഒരു ലോകമാതൃക


ഇപ്പോൾ ഈ പദ്ധതിക്ക് കീഴിൽ എന്‍എ
എഫ്ഇഡി, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ കേന്ദ്രസർക്കാർ ഏജൻസികൾ ഭാരത് അരി എന്ന പേരിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അരങ്ങേറ്റമാണ് തൃശൂരിൽ നടന്നത്. അതേസമയം സപ്ലൈകോയ്ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നു. സർക്കാരിന്റെ ഏജൻസി എന്ന നിലയിൽ 2022–23 വരെ സപ്ലൈകോ സ്ഥിരമായി ഇ- ലേലത്തിൽ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നു. 2016 മുതൽ 13 ഇനം അവശ്യവസ്തുക്കൾ വിലവർധന വില്ലാതെയാണല്ലോ സിവിൽ സപ്ലൈസ് കോർപറേഷൻ വിതരണം ചെയ്തിരുന്നത്. ഉപഭോക്തൃ സംസ്ഥാനമായിട്ടുകൂടി രാജ്യത്ത് ഏറ്റവും താഴ്ന്ന പണപ്പെരുപ്പ–വിലക്കയറ്റ നിരക്കുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നു. ഭക്ഷ്യോല്പാദക സംസ്ഥാനങ്ങളിലെല്ലാം കേരളത്തെക്കാളുയർന്ന നിരക്കാണ്. സപ്ലൈകോ വഴി നടത്തിവരുന്ന സുശക്തമായ വിപണി ഇടപെടൽ ശൃംഖലയാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനം. ഈ 13 ഇനങ്ങളിൽ യഥാക്രമം 23, 24, 25 രൂപയ്ക്ക് നാലിനം അരി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ഈ സബ്സിഡി വിലയ്ക്കെങ്കിലും അരി കിട്ടാതെ വിലക്ക് ഏർപ്പെടുത്തിയവരാണ് ഇപ്പോൾ ഭാരത് അരിയുമായി ഇറങ്ങിയിരിക്കുന്നത്.

ഫെഡറൽ തത്വങ്ങളുടെ ലംഘനം

രാജ്യത്തിന്റെ ഭരണഘടന കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ചുമതലകൾ വേർതിരിച്ച് നിശ്ചയിച്ചുകൊണ്ട് സഹകരിച്ച് പ്രവർത്തിക്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്, പരസ്പരം അതിക്രമിച്ചുകയറാനല്ല. ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റേഷൻകടകളിലൂടെയാണ് ഭക്ഷ്യധാന്യവിതരണം നടത്തേണ്ടത്. സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താനും ഈ രംഗത്ത് മുൻകാലങ്ങളിൽ നിലനിന്ന ദുഷ്പ്രവണതകൾ ഇല്ലാതാക്കാനും കഴിയുംവിധം ഇ‑പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് ഗുണഭോക്താവിനെ തിരിച്ചറിഞ്ഞ് റേഷൻവിതരണം നടത്തുന്ന രീതിയാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇത്തരത്തിൽ ഗ്രാമഗ്രാമാന്തരങ്ങളിൽ സുശക്തമായ പൊതുവിതരണസംവിധാനമുള്ള കേരളത്തിൽ റേഷൻകാർഡുപോലും ബാധകമാക്കാതെ അരി വിതരണം ചെയ്യാൻ കേന്ദ്രഏ‍ജൻസികൾ വണ്ടിയുമായി വരുന്നത് എന്തിനാണ്?
വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങുന്നുണ്ടോ എന്നും അർഹരായവർക്ക് ലഭിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്താന്‍ എന്ത് സംവിധാനമാണുള്ളത്? നീല, വെള്ള കാർഡുകൾക്ക് റേഷൻ നൽകാൻ കഴിയുംവിധം ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? സപ്ലൈകോ വഴി 23, 24, 25 രൂപ നിരക്കിൽ നൽകാനുള്ള സാധ്യത ഇല്ലാതാക്കി ഒഎംഎസ്എസിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നില്ലേ? ഇങ്ങനെ കുറഞ്ഞവിലയ്ക്ക് കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ട അരി തടഞ്ഞുവച്ച് അതുതന്നെ ഒരു മഹാകാര്യം പോലെ 29 രൂപയ്ക്ക് വിൽക്കുന്ന നടപടി എത്രവലിയ ജനവഞ്ചനയാണ്?
ഭാരത് അരി വിതരണത്തിന് തിരഞ്ഞെടുത്ത സ്ഥലവും സമയവും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു. വിഭജനരാഷ്ട്രീയത്തിന് താരപ്പൊലിമയിലൂടെ നേട്ടമുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്ന തൃശൂരിൽത്തന്നെ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന സന്ദർഭത്തിൽ ഈ നാടകവുമായി ഇറങ്ങിയതിന്റെ ഉദ്ദേശം ജനങ്ങള്‍ക്ക് മനസിലാകും. പ്രബുദ്ധരായ ജനങ്ങൾ ഈ വഞ്ചനയെ അർഹിക്കുന്നവിധം തള്ളിക്കളയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.