വന്യമൃഗ ആക്രമണത്തെ തുടര്‍ന് ജീവഹാനി സംഭവിക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത വയനാട്ടിലെ പ്രശ്നങങള്‍ നേരിട്ടറിയുന്നതിനും മരിച്ചവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി മന്ത്രിതല സംഘം ജില്ലയില്‍. റവന്യു മന്ത്രി കെ രാജന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സര്‍വകക്ഷിയോഗത്തില്‍ രീഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രാങ്ങള്‍ കേള്‍ക്കുകയും പരിഹാര നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു മന്ത്രിമാര്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാനെത്തിയത്.
മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നൽകുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി 13 കോടി രൂപ അനുവദിച്ചതായി സർവകക്ഷി യോഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. യോഗത്തിനുശേഷമാണ് മന്ത്രിമാര്‍ മരിച്ചവരുടെ വീടുകളിലെത്തി ആശ്വസിപ്പിച്ചത്. ആക്രമണത്തിൽ മരണമടഞ്ഞ പടമല സ്വദേശി അജീഷ്, തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ, വെള്ളമുണ്ട പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ, പാക്കം-വെള്ളച്ചാലിൽ സ്വദേശി പോൾ എന്നിവരുടെ വീടുകളിൽ എത്തിയ മന്ത്രിമാർ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഒ ആർ കേളു എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, എല്‍ഡിഎഫ് നേതാക്കള്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ കളക്ടർ ഡോ രേണു രാജ്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം ‑കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളും മന്ത്രിമാർ സന്ദർശിച്ചു.
ജില്ലയിൽ വർധിച്ച് വരുന്ന വന്യജീവി ആക്രമണത്തിൽ മനുഷ്യരും മൃഗങ്ങളും കൊല്ലപ്പെടുകയും വൻതോതിൽ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേർത്ത യോഗത്തിൽ ജില്ലയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ കൈകൊണ്ട തീരുമാനങ്ങൾക്ക്പുറമെ ജനങ്ങളുന്നയിച്ച നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി തുടർ നടപടികൾ സ്വീകരിക്കും. ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്നതും ആക്രമിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, എം ബി രാജേഷ് എന്നിവര്‍ അറിയിച്ചു. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഫോറസ്റ്റ് സ്പെഷ്യൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെ ഉൾപ്പെടുത്തിയായിരിക്കും ജില്ലാതല മോണിറ്ററിങ് സമിതി. രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം. പഞ്ചായത്ത്, വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കും.
മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് നഷ്ടപരിഹാരം ഉയർത്തുന്നത് മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. നിലവിലുള്ള ഫെൻസിംഗ് സംവിധാനത്തിന് ജനകീയ മേൽനോട്ടം ഉണ്ടാകണം. ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലും വാർഡ് തലത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിലും ജനകീയ സമിതികൾ രൂപീകരിക്കണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ വനത്തിൽ സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. വനത്തിൽ ജല ലഭ്യത ഉറപ്പാക്കാൻ ജലസ്രോതസ്സുകളുടെ നവീകരണം, പുതിയ കുളങ്ങൾ നിർമ്മിക്കൽ, നീർച്ചാലുകളിൽ തടയണ നിർമാണം, അടിക്കാട് വെട്ടൽ, ട്രഞ്ച് നിർമ്മാണം എന്നിവയ്ക്ക് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രൈബൽ പ്ലസിന്റെ ഫണ്ട് വിനിയോഗിക്കും.
റവന്യു, പൊലീസ്, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് എന്നിവർ സംയുക്തമായി കമാൻഡ് കൺട്രോൾ സെന്റർ ജില്ലയിൽ പ്രാവർത്തികമാക്കാൻ തീരുമാനിച്ചതായി മന്ത്രിമാർ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് സർവ്വ കക്ഷി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
English Summary:13 crore for compensation; Ministerial team in Wayanad for problem solving and reconciliation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.