29 March 2024, Friday

വന്യജീവി കേന്ദ്രങ്ങളില്‍ അഡാനിക്ക് ക്വാറികള്‍; ജനവാസ കേന്ദ്രങ്ങള്‍ക്കും ഭീഷണി

കെ രംഗനാഥ്
തിരുവനന്തപുരം
October 25, 2022 9:45 pm

നിയമങ്ങളാകെ കാറ്റില്‍പറത്തി അഡാനി വിഴി‍ഞ്ഞം തുറമുഖ കമ്പനിക്കുവേണ്ടി പതിനാറു ക്വാറികള്‍ അനുവദിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഉത്തരവ്. നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്കരികെയും മൂന്ന് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളിലും കരിങ്കല്‍ ഖനനം നടത്താനാണ് അനുമതി. ദേശീയ വന്യജീവി ബോര്‍ഡ് യോഗം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപിന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സംസ്ഥാനത്തിന്റെ പരിസ്ഥിതി തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടിക്ക് പച്ചക്കൊടി വിശീയത്. മലബാര്‍ കടുവാ സങ്കേതം, പീച്ചി — വാഴാതി, പെരിയാര്‍ കടുവാ സങ്കേതങ്ങള്‍ക്കു സമീപം ക്വാറികള്‍ തുടങ്ങാന്‍ ചില സ്വകാര്യ വ്യക്തികള്‍ നല്കിയ അപേക്ഷകളിന്മേല്‍ അനുമതി നിഷേധിച്ചതും ഇതേ യോഗമാണ്. പേപ്പാറയിലാണ് കടുവാ സങ്കേതം. നെയ്യാറിലെ മണ്ണൂര്‍ക്കോണത്താണ് സംസ്ഥാന വനംവകുപ്പിന്റെ ആന പരിപാലന കേന്ദ്രം. കള്ളിക്കാട്, അമ്പൂരി, വാഴിച്ചല്‍, മണ്ണൂര്‍ക്കോണം പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലകളാക്കി പ്രഖ്യാപിച്ചതിനിടെയാണ് ഈ മേഖലകളില്‍ ക്വാറികള്‍ നടത്താനുള്ള അനുമതി.

റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം പോലും നേടാതെയാണ് അഡാനിയും കേന്ദ്രവും തമ്മിലുള്ള ഈ പരിസ്ഥിതിഹത്യാ ഇടപാട്. 16 കേന്ദ്രങ്ങളിലെ പാറ ഖനനത്തിന് അനുമതി സമ്പാദിച്ചുകഴിഞ്ഞ അഡാനി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ക്വാറികളും വിലയ്ക്കെടുത്തുകഴിഞ്ഞു. കിളിമാനൂര്‍, നഗരൂര്‍ മേഖലകളിലെ ഏഴോളം ക്വാറികളില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേക്കുള്ള പാറനീക്കം തുടങ്ങി. ടോറസ് ലോറികളില്‍ കടത്തുന്ന കരിങ്കല്‍ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിനു സമീപം അഡാനി ഗ്രൂപ്പ് തരപ്പെടുത്തിയ ഏക്കര്‍കണക്കിന് തീരമേഖലയിലാണ് സംഭരിക്കുന്നത്. നേരിട്ട് വിഴിഞ്ഞത്തേക്ക് പാറയെത്തിക്കുന്നത് തടസപ്പെടുമെന്ന ഭയത്തിലാണ് മുതലപ്പൊഴിയിലെ കരിങ്കല്‍ സംഭരണം.  മുതലപ്പൊഴിയിലെ പൊഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണല്‍ നീക്കം ചെയ്യാനുള്ള കരാര്‍ നല്കിയിരിക്കുന്നത് അഡാനി ഗ്രൂപ്പിനാണ്. ഇതു ചെയ്യാതെ അഡാനി കമ്പനി കരിങ്കല്‍ ശേഖരണത്തില്‍ മാത്രമാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മണല്‍ അടിഞ്ഞുകൂടുന്നതിനാല്‍ മത്സ്യബന്ധന യാനങ്ങള്‍ കരയിലേക്ക് അടുപ്പിക്കുമ്പോള്‍ വള്ളങ്ങള്‍ മറിഞ്ഞ് ജീവഹാനിയുണ്ടാകുന്നതും തുടര്‍ക്കഥ. മുതലപ്പൊഴിയെ ഒരു മരണമുഖമാക്കിയതിനാല്‍ ഇതിനകം 60 മത്സ്യത്തൊഴിലാളികളാണ് മരണമടഞ്ഞത്.

കിളിമാനൂരിലും നഗരൂരിലും നിന്നുള്ള പാറ ഇപ്പോള്‍ കനത്ത പൊലീസ് സുരക്ഷയിലാണ് മുതലപ്പൊഴിയിലെത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അഡാനിക്ക് 16 പാറമടകള്‍ അനുവദിച്ചിട്ടുള്ളത്. ഇവയെല്ലാം ജനവാസ കേന്ദ്രങ്ങളിലാണ്. ഇവിടെ ജനകീയ പ്രക്ഷോഭങ്ങള്‍ കനക്കുമെന്നതിനാല്‍ സമീപത്തെ ഭൂമി മോഹവില നല്കി വാങ്ങിക്കൂട്ടാനും അഡാനി നീക്കമാരംഭിച്ചിട്ടുണ്ട്. മോഹവിലയ്ക്കു പുറമെ തങ്ങള്‍ വാങ്ങുന്ന ഭൂമിയില്‍ റിസോര്‍ട്ടുകളും നക്ഷത്ര ഹോട്ടലുകളും സ്ഥാപിക്കുമ്പോള്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അവിടെ ജോലി നല്കാമെന്ന വാഗ്ദാനവുമുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് 87 ലക്ഷം ടണ്‍ പാറയാണ് ആവശ്യം. ഇനിയും സംഭരിക്കേണ്ടത് 48 ലക്ഷം ടണ്‍. ഇത്രയും പാറ കേരളത്തില്‍ നിന്നു ഖനനം ചെയ്യുന്നതോടെ വന്‍ പരിസ്ഥിതി നാശമാണ് സംസ്ഥാനത്ത് സംഭവിക്കാന്‍ പോകുന്നതെന്ന ആശങ്കയും പടരുന്നു.

Eng­lish Sum­ma­ry: 16 qur­rey allowed for vizhin­jam project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.