ലോകത്ത് 193 ദശലക്ഷം പേര്‍ പട്ടിണിയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനാ (എഫ്എഒ) റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ ജനങ്ങളുടെ ജീവനോപാധികള്‍ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2021ല്‍ മാത്രം 40 ദശലക്ഷം പേര്‍ കൊടുംപട്ടിണിയിലേക്ക് തള്ളപ്പെട്ടു. റഷ്യ‑ഉക്രെയ്ന്‍ വിഷയത്തില്‍ തുടരുന്ന അനിശ്ചിതാവസ്ഥ കൂടുതല്‍ പേരെ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തളളിവിടുമെന്നും എഫ്എഒ മുന്നറിയിപ്പ് നല്‍കുന്നു.
കോഗോ, എത്യോപ്യ, യെമന്‍ ഉള്‍പ്പെടെ 53 രാജ്യങ്ങളാണ് കൊടും പട്ടിണി നേരിടുന്നത്. താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക് വീണു.
ഒരാളുടെ ജീവനോപാധി അപകടത്തിലാവുകയും വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തെയാണ് യുഎന്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയായി കണക്കാക്കുന്നത്. 2016 മുതല്‍ പട്ടിണിക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നെന്നും എന്നാല്‍ 2021ല്‍ ഇത് മൂന്നിരട്ടിയായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യ‑ഉക്രെയ്ന്‍ യുദ്ധം ഭക്ഷ്യപ്രതിസന്ധിയുള്ള രാജ്യങ്ങളിലും പട്ടിണിയുടെ വക്കിലുള്ള രാജ്യങ്ങളിലും ഏറ്റവും വിനാശകരമായ സ്വാധീനം ചെലുത്തി. ഗോതമ്പ്, സൂര്യകാന്തി എണ്ണ, രാസവളം ഉള്‍പ്പെടെ അവശ്യ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രധാന കയറ്റുമതിക്കാരാണ് റഷ്യയും ഉക്രെയ്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യോല്പന്നങ്ങളുടെ വില മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. റഷ്യ, ഉക്രെയ്ന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഗോതമ്പ് വാങ്ങുന്ന സൊമാലിയ, കോംഗോ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടു.
54ല്‍ 24 രാജ്യങ്ങളെയും ഭക്ഷ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് യുദ്ധങ്ങളും അരക്ഷിതാവസ്ഥയുമാണ്. 139 ദശലക്ഷം ജനങ്ങളെയാണ് ഇത് ബാധിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ച 21 രാജ്യങ്ങളിലെ 30.2 ദശലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിട്ടു.
അതിതീവ്ര കാലാവസ്ഥകള്‍ എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലെ 23.5 ദശലക്ഷം പേരെയാണ് പട്ടിണിയിലാക്കിയത്. നിലവിലെ സാഹചര്യങ്ങള്‍ ശുഭസൂചകമല്ലെന്നും വലിയൊരു ഭക്ഷ്യ അരക്ഷിതാവസ്ഥ ഒഴിവാക്കാന്‍ ലോക രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും യുഎന്‍ നിര്‍ദേശിക്കുന്നു.
English summary; 193 million people in the world are starving
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.