27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 7, 2024
January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 24, 2023
July 19, 2023
July 14, 2023
July 11, 2023

തുടരുന്ന കലുഷിതകാലം…

Janayugom Webdesk
January 1, 2024 6:37 am

രാഷ്ട്രീയ നയതന്ത്ര ബന്ധങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക തകര്‍ച്ച, ഭരണാധികാരികളുടെ വീഴ്ച എന്നീ കാരണങ്ങളാല്‍ 2022ന്റെ തുടര്‍ച്ചയായിരുന്നു 2023. ഉക്രെയ‍്ന്‍ യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് കരകയറും മുമ്പേ ഇസ്രയേല്‍— ഹമാസ് യുദ്ധം ശക്തിപ്രാപിച്ചു. വര്‍ഷാവസാനത്തിലേയ്ക്കടുക്കുമ്പോഴും സംഘര്‍ഷങ്ങള്‍ വിട്ടുമാറിയിട്ടില്ലെന്നത് ആഗോള സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥകളില്‍ അസ്വസ്ഥത വര്‍ധിപ്പിക്കുന്നു…

ആഴങ്ങളില്‍ മറഞ്ഞ ടെെറ്റന്‍

അഞ്ച് പേരെ വഹിച്ചുകൊണ്ടുള്ള ടൈറ്റൻ സമുദ്രപേടകം ജൂൺ 18‑ന് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ പൊട്ടിത്തെറിച്ചു. 111 വര്‍ഷം പഴക്കമുള്ള ടെെറ്റാനിക്കിന്റെ 12,000അടിയിലധികം താഴ്ചയിലുള്ള അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഴക്കടല്‍ സമുദ്ര ടൂറിസത്തിന്റെ ഭാഗമായാണ് ഓഷ്യൻഗേറ്റിന്റെ ടെെറ്റന്‍ സമുദ്രപേടകം യാത്രതിരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനും രക്ഷാദൗത്യത്തിനും ശേഷം, ടെെറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് ഏകദേശം 500 മീറ്റര്‍ അകലെ 22 അടി താഴ്ചയില്‍ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഓഷ്യന്‍ഗേറ്റ് സിഇഒ സ്റ്റോക‍്ടണ്‍ റഷ്, ഫ്രഞ്ച് ആഴക്കടൽ പര്യവേക്ഷകനും ടൈറ്റാനിക് വിദഗ്ധനുമായ പോൾ‑ഹെൻറി നർജിയോലെറ്റ്, ബ്രിട്ടീഷ് വ്യവസായിയായ ഹാമിഷ് ഹാർഡിങ് പാകിസ്ഥാൻ‑ബ്രിട്ടീഷ് വ്യവസായിയായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലെെമാന്‍ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്.
ഇമ്രാന്റെ ഖാന്റെ അറസ്റ്റും നവാസ് ഷെരീഫിന്റെ തിരിച്ചുവരവും

2022–2023 ഇമ്രാൻ ഖാനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വർഷമായിരുന്നു. 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഇമ്രാന്‍ ഖാന്‍ 2023 ല്‍ തോഷഖാന കേസില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടു. റാവണ്‍പിണ്ടിയിലെ സെെനിക ആസ്ഥാനവും ലാഹോറിലെ കോര്‍പ്സ് കമാന്‍ഡറുടെ വസതിയും ആക്രമിച്ചതുള്‍പ്പെടെ ഖാന്റെ അറസ്റ്റിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പൊലീസുമായി ഏറ്റുമുട്ടി. കാവല്‍ സര്‍ക്കാരില്‍ അൻവർ-ഉൽ-ഹഖ് കാക്കർ പ്രധാനമന്ത്രിയായി. നാല് വര്‍ഷമായി ലണ്ടനില്‍ പ്രവാസത്തിലായിരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തിരിച്ചുവരവിന് ഈ സംഭവങ്ങള്‍ വഴിയൊരുക്കി. 

കാനഡ-ഇന്ത്യ ബന്ധത്തിൽ വിള്ളൽ

ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടായി. സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന്റെ തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനുമായ നിജ്ജറിനെ ജൂണിലാണ് അ‍ജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. അസംബന്ധവും പ്രചോദിതവും” എന്ന് ഇന്ത്യ നിഷേധിച്ച ട്രൂഡോയുടെ ആരോപണങ്ങൾ നിരവധി കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നതും കാനഡയിലെ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതും ഉൾപ്പെടെയുള്ള പ്രതികരണങ്ങളുടെ ഒരു ശൃംഖലയ്ക്ക് തുടക്കമിട്ടു. ഇതിനു മാസങ്ങൾക്ക് ശേഷം, യുഎസ് ആസ്ഥാനമായുള്ള ഖലിസ്ഥാൻ നേതാവ് ഗുരുപത്‌വന്ത് സിങ് പന്നൂ വധശ്രമവുമായി ബന്ധപ്പെട്ട് നിഖില്‍ ഗുപ്തയെന്ന ഇന്ത്യന്‍ പൗരനെ ചെക്ക് റിപ്പബ്ലിക്കില്‍ വച്ച് യുഎസ് നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തു. 

മസ്കിന്റെ എക്സ്

ജൂലായ് 23നാണ് ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുകയാണെന്ന് കമ്പനി ഉടമ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. പിന്നാലെ മുമ്പ് ട്വിറ്റര്‍ ലോഗോ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം പുതിയ ലോഗോയുടെ സ്ഥാനത്ത് എക്സ് എന്ന പുതിയ ലോഗോയും പേരും പ്രത്യക്ഷപ്പെട്ടു. ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റമായിരുന്നു ഇത്. 

യുഎസിലെ ചെെനീസ് ചാരബലൂണ്‍

യുഎസും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നിട്ട സംഭവമായിരുന്നു യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ ചാര ബലൂണ്‍. ചൈനീസ് ചാരബലൂണ്‍ സംബന്ധിച്ച വാർത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈന സന്ദര്‍ശനത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ ബിങ്കന്റെ ചെെനാ സന്ദര്‍ശനം മാറ്റിവച്ചു.
രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നായിരുന്നു യുഎസിന്റെ ആരോപണം‍. ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചത്. ബലൂണ്‍ ജനവാസ കേന്ദ്ര പരിധി പിന്നിട്ടതോടെ ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ പ്രസിഡന്റ് ജോ ബെെഡന്‍ ഉത്തരവിട്ടു. ലാറ്റിനമേരിക്കയിലും ചെെനീസ് ചാര ബലൂണിന്റെ സാന്നിധ്യം കണ്ടെത്തിയതായി പെന്റഗണ്‍ വെളിപ്പെടുത്തി. 

പര്‍വേസ് മുഷറഫ്

അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെയാണ് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സെെനിക ഭരണാധികാരിയുമായിരുന്ന പര്‍വേസ് മുഷറഫ് ഫെബ്രുവരി ആറിന് അന്തരിച്ചത്. യുഎഇയിലെ അമേരിക്ക ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 1943ൽ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. വിഭജനാനന്തരം മുഷറഫിന്റെ കുടുംബം പാകിസ്ഥാനിലെ കറാച്ചിയിലേക്ക് കുടിയേറുകയായിരുന്നു. 2001 ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് സൈനിക മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നടത്തിയ സൈനിക അട്ടിമറിയിലൂടെയാണ് പര്‍വേസ് മുഷറഫ് പാകിസ്ഥാന്റെ പത്താമത് പ്രസിഡന്റായി അധികാരത്തിലെത്തുന്നത്.

ഹെൻറി കിസിൻജർ

നൊബേല്‍ പുരസ്കാര ജേതാവും അമേരിക്കന്‍ നയതന്ത്രജ്ഞനുമായ ഹെൻറി കിസിൻജർ നവംബര്‍ 30 ന് അന്തരിച്ചു. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച പാരിസ് ഉടമ്പടി രൂപം നല്‍കുന്നതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ്. അമേരിക്കയുടെ ശീതയുദ്ധകാല തന്ത്രങ്ങളുടെ ശില്പി എന്നാണ് കിസിന്‍ജര്‍ അറിയപ്പെടുന്നത്. 1969 മുതല്‍ 1977 വരെയായിരുന്നു ഔദ്യോഗിക പ്രവര്‍ത്തനകാലം. ചൈനയുമായുള്ള നയതന്ത്രബന്ധത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം കാരണമായി. ഇതിന് പുറമെ, യുഎസ്-സോവിയറ്റ് ആയുധ നിയന്ത്രണ ചര്‍ച്ചകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. എന്നാല്‍ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയതിന് ഉത്തരവാദിയായും മനുഷ്യാവകാശങ്ങളെ മാനിക്കാത്ത സാമ്രാജ്യത്ത ഭരണാധികാരിയായും കിസിന്‍ജറെ ചരിത്രം വിലയിരുത്തുന്നുണ്ട്. യു
എസിന്റെ ഇസ്രയേലുമായുള്ള ബന്ധത്തിനും അറബ് രാജ്യങ്ങളുമായുള്ള സഹകരണത്തിനും അദ്ദേഹം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു.

ലീ കെ ക്വിയാങ്

ചൈനയുടെ മുൻ പ്രധാനമന്ത്രി ലീ കെ ക്വിയാങ് ഒക്ടോബര്‍ 26 നാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. 2013 മുതൽ പത്ത് വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. 2013ൽ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹു ജിന്റാവോയ്ക്ക് പകരം പരിഗണിക്കപ്പെട്ട പേരായിരുന്നു ലി കെക്വിയാങിന്റേത്. സാമ്പത്തിക പരിഷ്കരണത്തിന്റെ വക്താവെന്ന നിലയിലാണ് ലി അറിയപ്പെട്ടിരുന്നത്. ഷിയുടെ രാഷ്ട്രീയ വളർച്ചയുടെ ആദ്യനാളുകൾ മുതൽ ഒപ്പമുണ്ടായിരുന്ന ലി ചിയാങ്, ഷീ പാർട്ടി ഷെജിയാങ് പ്രവിശ്യാ സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു…

യെവ്ജെനി പ്രിഗോഷിന്‍

റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പുടിന്റെ കൂലിപ്പട്ടാളമായ വാഗ്‍നര്‍ തലവന്‍ യെവ്ജെനി പ്രിഗോഷിന്‍ കൊല്ലപ്പെടുന്നത്. റഷ്യന്‍ സെെന്യവുമായുള്ള ഏറെ നാളത്തെ അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു പ്രിഗോഷിന്റെ മരണം. അപകടത്തില്‍ പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒമ്പത് സഹയാത്രികരും കൊല്ലപ്പെട്ടു. ഉക്രെയ്ന്‍ യുദ്ധം കെെകാര്യം ചെയ്യുന്നതില്‍ സെെനിക നേതൃത്വം പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രിഗോഷിന്‍ വിമതനീക്കം നടത്തിയത്. എന്നാല്‍ മോസ്കോയിലെത്തിയ വാഗ്‍നര്‍ സംഘം വിമതനീക്കത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു. ഇതുപിന്നാലെ പ്രിഗോഷിന്‍ ദക്ഷിണാഫ്രിക്കയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പ്രിഗോഷിന്റെ വീഡിയോ സന്ദേശവും ഇതിനൊപ്പം പ്രചരിച്ചു. രണ്ട് ദിവസത്തിനു ശേഷമാണ് അപകടത്തില്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ടാകുന്നത്. 

ഷെയ്ഖ് അൽ ജാബർ അൽ സബാഹ്

അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്നാണ് കുവെെത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചത്. അർധസഹോദരൻ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ‑ജാബർ അൽ-സബാഹ് 91-ാം വയസ്സിൽ അമേരിക്കയിൽ മരിച്ചതിനെത്തുടർന്ന് 2020 സെപ്റ്റംബറിലാണ് ശൈഖ് നവാഫ് സ്ഥാനം ഏറ്റെടുത്തത്. കുവെെത്തിന്റെ 16-ാം അമീറായ അല്‍ സബാഹ് രാജ്യത്തിന്റെ ഏറെ പുരോഗതിക്കു കളമൊരുക്കിയ ഭരണാധികാരിയാണ്. ക്ഷമാപണങ്ങളുടെ അമീര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പൊതുമാപ്പ്, തടവുകാരുടെ മോചനം, പൗരത്വം എന്നിവയിലൂടെ ആധുനിക കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അനുരഞ്ജനത്തിന് നേതൃത്വം നല്‍കിയതിനാലാണ് ഇത്തരമൊരു വിശേഷണമുണ്ടായത്.

മാലദ്വീപില്‍ മുഹമ്മദ് മൊയിസു

മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊയ്സു തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റും എതിരാളിയുമായിരുന്ന മുഹമ്മദ് സാലിഹിനെ 54 ശതമാനം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന മൊയ്സു ​അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ ദ്വീപിലെ ഇന്ത്യന്‍ സെെന്യത്തെ പിന്‍വലിക്കണമെന്ന് മാലദ്വീപ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രിയായ കിരണ്‍ റിജിജുവായിരുന്നു. 

പോയ വേഗത്തില്‍ തിരിച്ചെത്തിയ ആള്‍ട്ട്‍മാന്‍

ചാറ്റ് ജിപിടി നിര്‍മ്മാണകമ്പനിയായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ പുറത്താക്കലും തിരിച്ചെടുക്കലുമായിരുന്നു സാങ്കേതിക ലോകത്ത് ഈ വര്‍ഷം ഏറെ ചര്‍ച്ചയായത്. ഓപ്പണ്‍ എഐയെ മുന്നോട്ട് നയിക്കാന്‍ ആള്‍ട്ട്മാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ‍ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടി. ആള്‍ട്ട്മാന്‍ മെെക്രോ സോഫ്റ്റിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ആള്‍ട്ട്മാനെ തിരിച്ചെടുത്തതായി ഓപ്പണ്‍ എഐ അറിയിച്ചു.
ആഭ്യന്തര സംഘര്‍ഷത്തിലമര്‍ന്ന് സുഡാന്‍

സുഡാനിലുണ്ടായ ആഭ്യന്തര കലാപത്തിൽ 97 പൗരൻമാരും മറ്റ് 595 പേരും കൊല്ലപ്പെട്ടതായാണ് കണക്ക്. സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള പ്രശ്നങ്ങളാണ് കലാപത്തിന് കാരണം. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സുഡാൻ സൈന്യവും അർധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്‌എഫ്) കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ അനന്തരഫലമായിരുന്നു ഏറ്റുമുട്ടലുകള്‍. 

തുലാസിലായ അര്‍ജന്റീനയുടെ ഭാവി

തീവ്ര വലതുപക്ഷ നേതാവ് ഹാവിയര്‍ മിലി അധികാരത്തിലെത്തിയതോടെ അര്‍ജന്റീനയുടെ സാമൂഹിക, സാമ്പത്തിക മേഖല ഭീഷണി നേരിടുകയാണ്. അധികാരത്തിലെത്തി 10 ദിവസത്തിനു ശേഷം രാജ്യത്തെ 11 സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ത്തലാക്കുന്നതിനെതിരെയും സമ്പദ‍്‍വ്യവസ്ഥയില്‍ വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നീക്കത്തിനുമെതിരെ ഹാവിയര്‍ മിലിക്കെതിരെ പ്രതിഷേധം ശക്തമായി. തനിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് സ്റ്റോക്ക്ഹോം സിന്‍ഡ്രം ബാധിച്ചിട്ടുണ്ടെന്നായിരുന്നു മിലി പ്രതികരിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെയും ജയ് ബൊള്‍സനാരോയുടെയും പിന്തുടര്‍ച്ചക്കാരനായാണ് മിലിയെ വിശേഷിപ്പിക്കുന്നത്. മിലി അധികാരത്തിലെത്തുന്നത് അര്‍ജന്റീനയുടെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്‍ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിടിച്ചുലച്ച പ്രകൃതി ദുരന്തങ്ങള്‍

തുര്‍ക്കി- സിറിയ ഭൂകമ്പം

ഫെബ്രുവരി ആറിന് തുര്‍ക്കിയുടെയും അയല്‍രാജ്യമായ സിറിയയുടെയും ചില ഭാഗങ്ങളിലുണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ 67,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. പതിനായിരത്തിലധികം ജനങ്ങളെ ദുരന്തം ബാധിച്ചു. ആദ്യ ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കകം അന്റാക്യയിലുണ്ടായ 7.8, 7.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ഭൂചലനങ്ങളാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്.
1939ന് ശേഷം തുർക്കിയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് കണക്കാക്കപ്പെടുന്നു. തെക്കന്‍ തുര്‍ക്കിയിലും മധ്യ തുര്‍ക്കിയിലുമായി 59,000 പേരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തര യുദ്ധം കലുഷിതമാക്കിയ സിറിയയിലാണ് ദുരന്തത്തിന്റെ ഭീകരമായ ആഘാതമുണ്ടായത്.

നേപ്പാൾ

നവംബർ മൂന്നിന് പടിഞ്ഞാറൻ നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് 157 ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള റമിദണ്ഡയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 2015 ന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ മാരകമാണിത്.
മൊറോക്കോ 

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ചരിത്രനഗരമായ മറാകിഷിൽ സെപ്റ്റംബർ എട്ടിന് ഉണ്ടായ ഭൂചലന ത്തില്‍ മൂവായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരക്കണക്കിന് ആളുകൾക്ക് സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. നിരവധി ബഹുനില കെട്ടിടങ്ങളുൾപ്പടെ ഭൂകമ്പത്തിൽ നാമാവശേഷമായി. 

രണ്ടാം വര്‍ഷത്തില്‍ റഷ്യ- ഉക്രെയ‍്ന്‍ യുദ്ധം

2022 ഫ്രെബുവരിയില്‍ ആരംഭിച്ച റഷ്യ- ഉക്രെയ‍്ന്‍ യുദ്ധം അന്ത്യമില്ലാതെ തുടരുന്നു. ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ കാരണം യൂറോപ്പും അമേരിക്കയും ധനസഹായം മന്ദഗതിയിലാക്കിയതിനാല്‍ സെെനികരുടെയും ആയുധങ്ങളുടെയും വിതരണം സമാഹരിക്കുകയായിരുന്നു ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിക്ക് മുന്നിലുള്ള വെല്ലുവിളി. കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, യുഎന്‍ കണക്കുകള്‍ പ്രകാരം 10,000 ഉക്രെയിന്‍കാരാണ് കൊല്ലപ്പെട്ടത്.
ഇതുവരെ അഞ്ച് ലക്ഷത്തിലധികം ഉക്രെയ‍്ന്‍, റഷ്യന്‍ സെെനികര്‍ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ടെെംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്കോയുടെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ടുള്ള കരാറിന് ഉക്രെയ‍്ന്‍ തയ്യാറാകുന്നതുവരെ യുദ്ധം തുടരുമെന്നാണ് റഷ്യന്‍ പ്രസി‍ഡന്റ് വ്ലാദിമിര്‍ പുടിന്‍ പറയുന്നത്. ഇതിനിടെ, സ്വകാര്യ സെെനിക സംഘമായ വാഗ്നര്‍ റഷ്യന്‍ സെെന്യത്തിനെതിരെ വിമത നീക്കം പ്രഖ്യാപിച്ചു.
ഗ്രൂപ്പ് തലവന്‍ യെവ്ജെനി പ്രിഗോഷിന്റെ നേതൃത്വത്തിലായിരുന്നു സെെനിക നീക്കം. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്. പ്രിഗോഷിന്‍ ബെലാറൂസിലേക്ക് പോകുമെന്നായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വ്യവസ്ഥ. ഷ്യൻ പ്രതിരോധമന്ത്രി സെ‍ർഗെയ് ഷൈഗു ഉൾപ്പെടെയുള്ള ഉന്നതരെ മാറ്റണമെന്ന പ്രിഗോഷിന്റെ ആവശ്യവും ഒത്തുതീർപ്പു വ്യവസ്ഥകളില്‍ ഉള്‍പ്പെട്ടിരിക്കാമെന്നായിരുന്നു ഉക്രെയ‍്ന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. 

അവശിഷ്ടങ്ങള്‍ക്കിടയിലെ ദെെവം…

2022ല്‍ ലോകത്തെ അലട്ടിയിരുന്നത് റഷ്യ- ഉക്രെയ‍്ന്‍ യുദ്ധമായിരുന്നു. 2023 അവസാനിക്കാറായപ്പോഴും സജീവമായുള്ള യൂറോപ്യന്‍ യുദ്ധമുഖത്തിന് ഇങ്ങ് പശ്ചിമേഷ്യയില്‍ മറ്റൊരു രൂപമുണ്ടായി. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ, മുഴുവൻ തലമുറകളെയും അധിനിവേശത്തിൻകീഴിൽ വളരാൻ നിർബന്ധിതരാക്കുകയോ, ആസന്നമായ ആക്രമണത്തിന്റെ നിരന്തര ഉത്കണ്ഠ സൃഷ്ടിക്കുകയോ ചെയ്ത പതിറ്റാണ്ടുകൾ നീണ്ട നിരന്തരവും മാരകവുമായ അടിച്ചമര്‍ത്തലിനോടുള്ള പ്രതികരണമായിരുന്നു ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. പക്ഷേ ഇസ്രയേല്‍ ഇതിനെതിരെ നടത്തിയ സെെനിക നീക്കം ക്രൂരതയുടെ എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ചു. വെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരങ്ങള്‍ക്കു സമീപം അലറിക്കരയുന്ന മുഖങ്ങള്‍ പുതുവര്‍ഷത്തിലും ആഗോള മനഃസാക്ഷിയെ അസ്വസ്ഥംമാക്കുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ 20,915 പലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ജീവിതത്തിനും നിലനില്പിനും സ്വന്തം മണ്ണിനും വേണ്ടിയുള്ള അവകാശ പോരാട്ടത്തിന്റെ നാള്‍വഴികളിലൂടെ .…

ഒക്‌ടോബർ ഏഴ്: ഹമാസ് പ്രവര്‍ത്തകര്‍ തെക്കന്‍ ഇസ്രയേലില്‍ അപ്രതീക്ഷിത ആക്രണം നടത്തി. ചെക്ക് പോയിന്റുകള്‍ ഭേദിച്ച് ഗാസയിലെത്തിയ ഹമാസ് സംഘം നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തുവെന്ന് ഇസ്രയേല്‍. ആക്രമണം ആരംഭിച്ചതായി ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് ഹമാസ് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഇസ്രയേല്‍ യുദ്ധത്തിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണം ആരംഭിച്ചു. മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു.
ഒക‍‍്ടോബര്‍ 11: ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ഗാസയിലും പരിസരങ്ങളിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി നിരവധി കെട്ടിടങ്ങൾ തകർത്തു. ഇസ്രയേലിന്റെ ഉപരോധത്തെത്തുടർന്ന് ഗാസയിലെ ഏക പവർ പ്ലാന്റ് ഇന്ധനം തീർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തി.
ഒക്‌ടോബർ 13: മുനമ്പിലെ 2.3 ദശലക്ഷത്തിലധികം ജനങ്ങളിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസ സിറ്റിയിലെ താമസക്കാരോട് തെക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു.
ഒക്‌ടോബർ 17: ഗാസ സിറ്റിയിലെ അൽ-അഹ്‌ലി അൽ-അറബി ബാപ്‌റ്റിസ്‌റ്റ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ കനത്ത നാശനഷ്‌ടങ്ങളുണ്ടായി. . 471 പേർ മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് ഹമാസും, ഹമാസിന്റെ റോക്കറ്റ് വിക്ഷേപണം തെറ്റായി പതിച്ചതാണെന്ന് ഇസ്രയേലും ആരോപിച്ചു
ഒക്‌ടോബർ 18: ഇസ്രയേലിന് പിന്തുണ നൽകാനും വിശാലമായ പ്രാദേശിക സംഘർഷം തടയാനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്നു. ഹമാസിന്റെ റോക്കറ്റാണ് ആശുപത്രി സ്ഫോടനത്തിന് കാരണമായതെന്ന് ബെെഡനും ആരോപിക്കുന്നു. പിന്നാലെ ജോര്‍ദാനില്‍ ബെെ‍ഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ച അറബ് നേതാക്കള്‍ റദ്ദാക്കി. ഇസ്രയേലിലേക്കുള്ള ആയുധക്കൈമാറ്റത്തിൽ പ്രതിഷേധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ബ്യൂറോ ഓഫ് പൊളിറ്റിക്കൽ‑മിലിറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജോഷ് പോള്‍ രാജിവച്ചു.
ഒക്‌ടോബർ 20: രണ്ട് അമേരിക്കന്‍ തടവുകാരായ നതാലി, അമ്മ ജൂഡിത്ത് തായ് റാനല്‍ എന്നിവരെ ഹമാസ് മോചിപ്പിച്ചു. തെക്കൻ ഇസ്രയേലിലെ നഹാൽ ഓസ് കിബ്ബട്ട്സിൽ നിന്നാണ് സ്ത്രീകളെ പിടികൂടിയത്.
ഒക്‌ടോബർ 21: ദിവസങ്ങൾ നീണ്ട നയതന്ത്ര തർക്കങ്ങൾക്ക് ശേഷം ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് റഫ അതിർത്തി കടന്ന് സഹായ ട്രക്കുകൾ അനുവദിച്ചു. ഭക്ഷണവും വെള്ളവും മരുന്നുകളും ഇന്ധനവും തീർന്നുകൊണ്ടിരിക്കുന്ന ഗാസയിൽ ആവശ്യമായതിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു ഇത്. 

ഒക്‌ടോബർ 23: മാനുഷികവും മോശം ആരോഗ്യപരവുമായ കാരണങ്ങളാൽ ഹമാസ് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു.
ഒക്‌ടോബർ 26: ടാങ്കുകളും കാലാൾപ്പടയും മിസൈൽ വിക്ഷേപണ പോസ്റ്റുകളും തകർത്തുകൊണ്ട് ഇസ്രയേലി സേന ഗാസയില്‍ ഏറ്റവും വലിയ സെെനിക വിന്യാസം നടത്തി.
ഒക്‌ടോബർ 27: കര ആക്രമണത്തിന്റെ തുടക്കത്തെ സൂചിപ്പിച്ചുകൊണ്ട് കരസേന ഗാസയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണെന്ന് ഇസ്രയേൽ മുഖ്യ സൈനിക വക്താവ് പറഞ്ഞു.
ഒക്‌ടോബർ 28: ഇസ്രയേലി സൈന്യം യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായും കര, വ്യോമാക്രമണങ്ങളിലൂടെ ഹമാസിനെ നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. ദീർഘവും കഠിനവുമായ സൈനിക നടപടി പ്രതീക്ഷിക്കണമെന്ന് അദ്ദേഹം ഇസ്രയേലികളോട് പറയുന്നു.
ഒക്‌ടോബർ 31: ഗാസയിലെ ജനസാന്ദ്രതയുള്ള ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രയേൽ പറയുന്നു. ആക്രമണത്തില്‍ 50 ഓളം പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബർ 1: ഗാസയിൽ നിന്നുള്ള 7,000 വിദേശ പാസ്‌പോർട്ട് ഉടമകൾ, ഇരട്ട പൗരന്മാർ, അവരുടെ ആശ്രിതർ, അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ള ആളുകൾ എന്നിവർക്കായി റാഫ ക്രോസിങ് വഴിയുള്ള ഒഴിപ്പിക്കൽ ആരംഭിക്കുന്നു.
നവംബർ 6: ഗാസ കുട്ടികളുടെ ശ്മശാനമായി മാറുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു, വെടിനിർത്തൽ ആവശ്യപ്പെടുന്നു. ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 10,000 കടന്നതായി പലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു.
നവംബർ 13: ഇസ്രയേൽ ടാങ്കുകൾ ഗാസ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ കടന്നുകയറി. ആശുപത്രി കെട്ടിടത്തിന് കീഴില്‍ ഹമാസിന്റെ തുരങ്കങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സെെന്യം ആശുപത്രിക്കുള്ളില്‍ കടന്നുകയറിയത്.
നവംബർ 15: ഇസ്രയേൽ പ്രത്യേക സേന അൽ ഷിഫ ഹോസ്പിറ്റലിൽ പ്രവേശിച്ച് പരിശോധന നടത്തുന്നു. ഹമാസിന്റെ ആയുധ ശേഖരം കണ്ടെത്തിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
നവംബർ 21: ഇസ്രയേലും ഹമാസും നാല് ദിവസത്തെ പോരാട്ടത്തിന് വിരാമമിട്ട് കരാർ പ്രഖ്യാപിച്ചു. 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും ഓരോ 10 ബന്ദികളേയും വിട്ടയക്കുമ്പോൾ വെടിനിര്‍ത്തല്‍ നീട്ടുമെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇസ്രയേലിൽ തടവിലാക്കപ്പെട്ട 150 പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരമായി 50 ബന്ദികളെ മോചിപ്പിക്കുമെന്നും മാനുഷിക, വൈദ്യ, ഇന്ധന സഹായങ്ങൾ ഗാസയിലേക്ക് അനുവദിക്കുമെന്നും ഹമാസ് പറയുന്നു. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഏകദേശം 14,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചു.
നവംബർ 24: ഹമാസ് 24 ബന്ദികളെ മോചിപ്പിച്ചു. കരാറിന്റെ ഭാഗമായി 39 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും തടവിലാക്കിയ ഇസ്രയേലി ജയിലുകളിൽ നിന്ന് മോചിപ്പിക്കുന്നു.
ഡിസംബര്‍ 9: ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യുഎന്‍ പ്രമേയം യുഎസ് വീറ്റോ ചെയ്തു.
ഡിസംബര്‍ 12: അടിയന്തര സമ്മേളനത്തില്‍ യുഎന്‍ പൊതുസഭ മാനുഷിക വെടിനിര്‍ത്തിലന് വലിയ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു. 153 അംഗങ്ങള്‍ അനുകൂലിച്ചും 10 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. 23 രാജ്യങ്ങള്‍ വിട്ടുനിന്നു.
ഡിസംബര്‍ 22: അറബ് യുദ്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഗാസയില്‍ രേഖപ്പെടുത്തി. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 20,257 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഡിസംബര്‍ 23: വെടിനിര്‍ത്തല്‍ വ്യവസ്ഥ ഒഴിവാക്കി, ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കി.
ഡിസംബര്‍ 26: യുദ്ധം അവസാനിക്കില്ലെന്നും ഗാസയിലെ പലസ്തീനികള്‍ പ്രദേശം വിട്ട് പോകണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ വിവിധ ഇടങ്ങളിലായി സെെന്യത്തിന്റെ റെയ്ഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.